ലോക്കൽ പൊലീസ് പരാജയപ്പെട്ട കേസിൽ പക്ക ‘ലോക്കൽ ഡിറ്റക്ടീവ്സ്’ നേടിയ അന്വേഷണ വിജയമാണു കൊച്ചിയിൽ യുവാവിനെ സുഹൃത്തുക്കൾ തന്നെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ കേസിൽ കണ്ടത്. നെട്ടൂരിൽ നിന്നു നെടുങ്കണ്ടത്തേക്കു 120 കിലോമീറ്റർ ദൂരമുണ്ടെങ്കിലും നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ ‘ഇഫക്ട്’ നെട്ടൂർ പൊലീസിനെ ബാധിച്ചതാണു ലോക്കൽ പൊലീസിന്റെ പരാജയ കാരണമായി കുറ്റാന്വേഷണ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
സംശയിക്കുന്ന പ്രതികൾ കസ്റ്റഡിയിലുണ്ടായിട്ടും പതിവു രീതിയിൽ അവരെ ചോദ്യം ചെയ്യാൻ നെടുങ്കണ്ടത്തെ അനുഭവത്തോടെ കേരളാ പൊലീസിനു മടിയായി. കുറ്റവാളികളെന്നു സംശയിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കുറ്റം സമ്മതിപ്പിക്കാൻ ഫലപ്രദമായ മറ്റു രീതികൾ പരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ വളരെ കുറവാണ്. ഇടിമുറിയില്ലാതെ, യൂണിഫോമിന്റെ അധികാരമില്ലാതെ നെട്ടൂരിലെ 3 ചെറുപ്പക്കാർ കുറച്ചു നേരം കുറ്റാന്വേഷകരായപ്പോൾ അവരുടെ ചോദ്യം ചെയ്യലിൽ പ്രതികൾക്ക് ഉത്തരം മുട്ടി.
നെട്ടൂർ അർജുൻ കൊലക്കേസിന്റെ ചുരുക്കം (കേസ് ഡയറിയിൽ നിന്ന്): കേസിലെ ഒന്നാം പ്രതി നിബിന്റെ സഹോദരൻ എബിനും അർജുനും സുഹൃത്തുക്കളായിരുന്നു. ഇവർക്കു വഴിവിട്ട ലഹരി മരുന്നു ബന്ധങ്ങളുണ്ടായിരുന്നു. ഒരു വർഷം മുൻപ് അർജുനുമൊത്തു ബൈക്കിൽ പോകുമ്പോൾ കളമശേരിയിലുണ്ടായ അപകടത്തിൽ എബിൻ മരിച്ചു. അർജുന് ഗുരുതരമായി പരുക്കേറ്റു. ഇത് അർജുൻ ഒരുക്കിയ ആസൂത്രിത കൊലപാതകമാണെന്ന നിബിന്റെ സംശയങ്ങൾ അയാളെ പ്രതികാര ദാഹിയാക്കി. ഇതുമാത്രമാണോ കൊലപാതകത്തിനു കാരണമെന്ന് ഇനിയും കണ്ടെത്താനുണ്ട്.
∙ പ്രായപൂർത്തിയാകാത്ത ‘പ്രതി’യുടെ റോൾ കേസന്വേഷണത്തിൽ നിർണായകമായത് എങ്ങനെ?
ജൂലൈ 2 ചൊവ്വാഴ്ച രാത്രി 10 നു നെട്ടൂരിലെ ജനസഞ്ചാരമില്ലാത്ത ചതുപ്പു പ്രദേശത്തേക്ക് അർജുനെ കൂട്ടിക്കൊണ്ടു വരാൻ പ്രതികൾ നിയോഗിച്ചതു സമീപത്തെ വീട്ടിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണെന്നു പൊലീസ് കേസ്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ തീർന്നു. പമ്പിൽ പോകാൻ സഹായം വേണം. അർജുനെയും കൂട്ടി ചതുപ്പിലേക്കു വരണം ഇതാണു പയ്യനു ലഭിച്ച നിർദേശം. സൈക്കിളിലാണ് അർജുനെ ചതുപ്പിൽ എത്തിച്ചത്. അതിനു ശേഷം പയ്യൻ മടങ്ങി. കേസ് റജിസ്റ്റർ ചെയ്തപ്പോൾ കുറ്റകൃത്യത്തിൽ പ്രായപൂർത്തിയാകാത്ത പയ്യനും പ്രതിയായി.
അർജുൻ വധക്കേസിൽ ഈ പയ്യന്റെ റോൾ സംബന്ധിച്ച 3 വാദങ്ങളാണു നിലനിൽക്കുന്നത്
1. പ്രതികളുടെ പ്രലോഭനത്തിനു വഴങ്ങി (അല്ലെങ്കിൽ ഭയന്ന്) പയ്യൻ കൊലപാതകത്തിനു കൂട്ടുനിന്നു.
2. പ്രതികളുടെ ദുരുദ്ദേശ്യം മനസ്സിലാക്കാതെ അർജുനെ അവരുടെ അരികിൽ എത്തിച്ചു.
3. പ്രതികൾ വിളിച്ചതനുസരിച്ചു, ചതുപ്പിൽ അവരുടെ അടുത്തെത്താൻ അർജുൻ പയ്യന്റെ സഹായം തേടി. സൈക്കിളിൽ പോയി.
ഇതിൽ ഏതു വാദമാണു ‘കൂടുതൽ’ ശരിയെന്നു വ്യക്തമാകാൻ അന്വേഷണം പൂർത്തിയാക്കണം. എന്തായാലും ഒന്ന് ഉറപ്പാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ടു പ്രായപൂർത്തിയാകാത്ത പയ്യന്റെ പങ്കാളിത്തമാണു പ്രതികൾ വേഗത്തിൽ പിടിക്കപ്പെടാൻ വഴിയൊരുക്കിയത്.
പിറ്റേന്നു നേരം വെളുത്തിട്ടും അർജുനെ കാണാതായതോടെ തലേന്നു രാത്രി നടന്ന സംഭവങ്ങൾ നാട്ടുകാരോടും അർജുന്റെ ബന്ധുക്കളോടും വെളിപ്പെടുത്തിയതു പയ്യനാണ്. ഇക്കാര്യം നാട്ടുകാർ അപ്പോൾതന്നെ പൊലീസിനെ അറിയിച്ചു. അർജുൻ ചതുപ്പിൽ എത്തുമ്പോൾ അവിടെയുണ്ടായിരുന്നതായി പറയപ്പെടുന്ന 4 യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ വാൾ കേരളാ പൊലീസിന്റെ തലയ്ക്കുമീതെ തൂങ്ങി നിൽക്കുന്ന അവസരം. പതിവു പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലുണ്ടായില്ല.
തലേന്നു രാത്രി വൈകി അർജുൻ ചതുപ്പിൽ നിന്നു മടങ്ങിയെന്ന പ്രതികളുടെ മൊഴികൾ പൊലീസ് വിശ്വസിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. അർജുന്റെ മൊബൈൽ ഫോൺ പ്രതികൾ കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കു പോകുന്ന ഒരു ലോറിയിൽ ആരും അറിയാതെ ഒളിപ്പിച്ചിരുന്നു. മുട്ടം, കോതമംഗലം പ്രദേശങ്ങൾ വഴി അർജുന്റെ ഫോൺ തമിഴ്നാട്ടിലേക്കു സഞ്ചരിക്കുന്നതായി സൈബർ പൊലീസ് കണ്ടെത്തി. ലോക്കൽ പൊലീസ് അതു വിശ്വസിച്ചു.
ലഹരിമരുന്ന് ഇടപാടിന് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ മൊഴി നൽകി.
പനങ്ങാട്, മറയൂർ സ്റ്റേഷനുകളിലെ ചില കേസുകളിൽ അർജുൻ ഉൾപ്പെട്ടിരുന്നതിനാൽ ഈ മൊഴികൾ പൊലീസ് അവിശ്വസിച്ചില്ല.
നാട്ടുകാർ ചൂണ്ടിക്കാട്ടിയ 4 പ്രതികളെയും പൊലീസ് വിട്ടയച്ചു.
എന്നാൽ, ഇതൊന്നും വിശ്വസിക്കാത്ത 3 ചെറുപ്പക്കാർ നെട്ടൂരിലുണ്ടായിരുന്നു. അവർ അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു.
പ്രതികളെന്നു സംശയിച്ച നിബിൻ, സുഹൃത്ത് റോണി എന്നിവരെ അവർ നേരെ പൊക്കി.
എല്ലാവരും കാൺകെ പെരുവഴിയിൽ നിർത്തിയായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. അർജുനെ ജീവനോടെ അവസാനം കണ്ട പ്രായപൂർത്തിയാകാത്ത പയ്യനെയും അവർ അങ്ങോട്ടു വിളിപ്പിച്ചു. അവന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അർജുനുമായി ചതുപ്പിലെത്തുമ്പോൾ 5 പേർ അവിടെയുണ്ടായിരുന്നതായി പയ്യൻ പറഞ്ഞു. അപ്പോൾ ആ അഞ്ചാമൻ ആര്? കൂട്ടത്തിൽ നിബിനും റോണിയും ഉണ്ടായിരുന്നതായും അവൻ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ നിബിനും റോണിയും പയ്യനെതിരെ തിരിഞ്ഞു. എല്ലാം അവന്റെ ‘തോന്നലാ’ണെന്നും അവൻ ‘മരുന്നടിച്ചെന്നും’ അവർ കുറ്റപ്പെടുത്തിയതോടെ നാട്ടുകാരുടെ സംശയം കൂടി.
പയ്യനും തന്നോടുള്ള വൈരാഗ്യം കാരണം ‘കൊലപാതകക്കുറ്റം’ തന്റെ മേൽ ചുമത്താൻ ഒരുങ്ങുകയാണെന്ന റോണിയുടെ ദേഷ്യപ്രകടനം പ്രതികളെ കുടുക്കി.
‘കൊലപാതകം’ എന്ന വാക്കു പ്രതികളിൽ ഒരാളുടെ വായിൽ നിന്ന് അറിയാതെ പുറത്തു വന്നു. നിബിനും റോണിക്കും എതിരെ ബോധപൂർവം കള്ളം പറയേണ്ട ആവശ്യമോ, ധൈര്യമോ പ്രായപൂർത്തിയാകാത്ത പയ്യനില്ലെന്നു നാട്ടുകാർക്കു ബോധ്യപ്പെട്ടിരുന്നു. ഇതോടെ നിബിനെയും റോണിയെയും നാട്ടുകാർ രണ്ടിടത്തേക്കു മാറ്റി. പരസ്പരം കാണാനും സംസാരിക്കാനുമുള്ള അവസരം നൽകാതെ വീണ്ടും ചോദ്യം ചെയ്തു. ഇവരുടെ മറുപടികൾ മൊബൈൽ ഫോണിൽ റെക്കോർഡു ചെയ്തു.
നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ പ്രതികൾ സ്വയം കുടുങ്ങിയ പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ:
ചതുപ്പിൽ വന്ന ശേഷം അർജുൻ എപ്പോൾ മടങ്ങി?
റോണി: രാത്രി ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം.
എവിടെ നിന്നാണു ഭക്ഷണം കഴിച്ചത്?
റോണി: തമ്മനത്തു നിന്ന്.
നിങ്ങൾ തമ്മനത്തു പോയത് എന്തിനാണ്?
നിബിൻ: പെട്രോൾ അടിക്കാൻ.
അർജുൻ മടങ്ങിയത് എപ്പോഴാണ്?
നിബിൻ: പെട്രോൾ അടിച്ച ശേഷം.
നിബിനും റോണിയും നൽകിയ 4 ഉത്തരങ്ങൾ അവരുടെ അതുവരെയുള്ള മുഴുവൻ വാദങ്ങളും പൊളിച്ചു.
വണ്ടിയിലെ പെട്രോൾ തീർന്നിട്ടല്ലേ നിങ്ങൾ അർജുനെ ചതുപ്പിലേക്കു വിളിച്ചു വരുത്തിയത്?
നിബിൻ: അതെ.
നെട്ടൂരിൽ വച്ചു പെട്രോൾ തീർന്നു വണ്ടി ഓഫായിട്ടും നിങ്ങൾ അതേ വണ്ടിയിൽ എങ്ങനെ തമ്മനം വരെ പെട്രോൾ അടിക്കാൻ എത്തി?
റോണി: അർജുൻ വന്നു നോക്കിയപ്പോൾ അൽപം പെട്രോൾ ബാക്കിയുണ്ടെന്നു പറഞ്ഞു.
അങ്ങനെയാണെങ്കിൽ തൊട്ടടുത്തു നെട്ടൂരിലെ പെട്രോൾ പമ്പിൽ നിന്നല്ലേ നിങ്ങൾ പെട്രോൾ അടിക്കേണ്ടത്, എന്തുകൊണ്ടാണ് ടാങ്കിൽ അൽപം മാത്രം പെട്രോളുമായി തമ്മനം വരെ വണ്ടിയോടിച്ചത്?
ഇതോടെ ഉത്തരം മുട്ടിയ 2 പ്രതികളും ക്ഷുഭിതരായി സംസാരിക്കാൻ തുടങ്ങി. ചുറ്റും കൂടിയ നാട്ടുകാർ പ്രതികളെ മർദിക്കുമെന്നായതോടെ പന്തികേടു മനസ്സിലാക്കി വീണ്ടും പൊലീസിനെ വിളിച്ചു വരുത്തി. മൊബൈലിൽ പകർത്തിയ പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴികൾ കേൾപ്പിച്ചു, പ്രതികളെ പൊലീസ് ഏറ്റെടുത്തു. ശേഷം കാര്യം വളരെ എളുപ്പമായിരുന്നു.