പഠിച്ച കള്ളനെ കണ്ടു പഠിക്കാനും കണ്ടു പിടിക്കാനും

HIGHLIGHTS
  • കള്ളന്റെ ബുദ്ധിശക്തിയിൽ അന്വേഷണ ഉദ്യോഗസ്ഥനും ലേശം ബഹുമാനം തോന്നി
  • വൈകാതെ പണവുമായി രാമുവിന്റെ ബന്ധു എത്തി
tricks-to-catch-the-crooked-culprits
SHARE

ചില പാഠപുസ്തകങ്ങൾ മനുഷ്യരൂപത്തിൽ അവതരിക്കും. നെയ്യാറ്റിൻകര അമ്പൂരിക്കാരൻ രാമു കേരള പൊലീസിന്റെ കൈപ്പുസ്തകമായ കഥ ഇതാണ്. വർഷങ്ങൾക്കു മുൻപു മോഷണത്തിനായി മലപ്പുറത്ത് എത്തിയ രാമുവിനെ കുറ്റാന്വേഷണ വിദഗ്ധനായ ബി.സോമശേഖരൻ ഉണ്ണിത്താന്റെ പൊലീസ് സംഘം പൊക്കി.

തുടർന്നുള്ള 2 ദിവസം സ്റ്റേഷനിൽ കള്ളനും പൊലീസും തമ്മിലുള്ള ചെസ് മത്സരമായിരുന്നു.

അന്നു രാത്രി പട്രോളിങിന് ഇറങ്ങിയ ജീപ്പിന്റെ വെളിച്ചത്തിലാണ് ഒരു ചെറുപ്പക്കാരനെ പൊലീസ് സംഘം കണ്ടത്. രാത്രി 2 മണി കഴി‍ഞ്ഞു. കറുത്ത പാന്റ്സും നീല ഷർട്ടുമാണു വേഷം. വളവു തിരിഞ്ഞ ജീപ്പിന്റെ ഹെഡ് ലൈറ്റ് ദേഹത്തു വീണപ്പോൾ അയാൾ പരുങ്ങി. അതുകണ്ടാണു ജീപ്പ് നിറുത്തിയത്. കൈവശം ചെറിയ ബാഗുണ്ട്.

അസമയത്ത് എന്താണിവിടെ കറങ്ങുന്നത്?

‘എന്റെ കാർ കേടായി, അതുവഴി വന്ന ഒരാളാണു പറഞ്ഞത് ഈ ഭാഗത്ത് ഒരു മെക്കാനിക്കുണ്ടെന്ന്. അയാളെ തെരക്കി ഇറങ്ങിയതാണു സർ...’

ആ മെക്കാനിക്കിന്റെ വീട് ഏതാണ്?

‘അതറിയില്ല സർ, ഞാനും അതുതന്നെയാണു അന്വേഷിക്കുന്നത്...’

അന്നാട്ടിൽ പരിചയമില്ലാത്ത ആ ചെറുപ്പക്കാരനെ രാത്രിയിൽ അവിടെ ഒറ്റയ്ക്കു വിടേണ്ടന്നു പൊലീസ് കരുതി.

പാഠം– 1 അപരിചിതനോട് വിലാസം ചോദിക്കണം

‘എന്താണു നിന്റെ പേര്? എവിടെ നിന്നും വരുന്നു?’

‘പേര് മോഹനൻ, കാഞ്ഞിരപ്പിള്ളി സ്വദേശം’

അതു പറഞ്ഞതോടെ പൊലീസിന് അയാളെ സംശയമായി. കാഞ്ഞിരപ്പിള്ളിക്കാരന്റെ സംസാരത്തിന് അസ്സൽ തിരുവനന്തപുരം ശൈലിയോ? അതും കലർപ്പില്ലാത്ത തെക്കൻതിരുവിതാംകൂർ ശൈലി.

സംശയം തോന്നിയതിനാൽ കൈവശമുള്ള ബാഗ് തുറന്നു കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.

എല്ലാം മിന്നൽവേഗത്തിൽ കഴിഞ്ഞു, അയാൾ ചാടി ഇരുട്ടിലേക്കു മറഞ്ഞു. പിന്നാലെ പൊലീസും. പിടിവീഴുമെന്നായപ്പോൾ വെടി പൊട്ടി... കാഞ്ഞിരപ്പിള്ളിക്കാരൻ മോഹനന്റെ മട്ടും ഭാവവും മാറി.

ആകാശത്തേക്കായിരുന്നു ആദ്യ വെടി, തുടർന്നു പൊലീസിനു നേരെ തോക്കു ചൂണ്ടി. രണ്ടാമത്തെ വെടി പൊട്ടും മുൻപേ 4 വശത്തു നിന്നും പൊലീസ് അയാളുടെ മേൽ ചാടി വീണു തോക്കു പിടിച്ചു വാങ്ങി.

ആളെ നേരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും രണ്ടടി പൊട്ടിച്ചിട്ടും അയാളുടെ നിലപാടിൽ മാറ്റമില്ല. പേരു മോഹനൻ, സ്വദേശം കാഞ്ഞിരപ്പിള്ളി. പക്ഷെ അടികൊണ്ട ശേഷം നാവിൽ നിന്നു വീഴുന്നതു തനി തെക്കൻഭാഷയും.

പാഠം–2 ബാഗ് തുറന്ന് പരിശോധിക്കണം

മോഹനന്റെ ബാഗ് പൊലീസ് പരിശോധിച്ചു, അതിലുണ്ടാകും എന്തെങ്കിലും തുമ്പ്....

ഒരു വലിയ താക്കോൽക്കൂട്ടം, കട്ടിങ് പ്ലയർ, സ്ക്രൂ ഡ്രൈവർ, കയ്യുറ..... പിന്നെ നേരത്തെ കിട്ടിയ തോക്കും അയാൾ സൂക്ഷിച്ചിരുന്നത് ഇതേ ബാഗിലാണ്.

വിശദീകരണം ഉടൻ വന്നു, സർ ഞാനൊരു സ്പിരിറ്റ് കടത്തുകാരനാണ്, ലോഡുമായി വരുന്ന ലോറിക്കു വേണ്ടി കാത്തു നിന്നപ്പോളാണു സാറുമ്മാർ വന്നു പിടിച്ചോണ്ടു പോന്നത്. തോക്ക് സുരക്ഷയ്ക്കു വേണ്ടി കരുതുന്നതാണ്. 

അപ്പോഴേക്കും പൊലീസിനു മനസ്സിലായി ഇയാളൊരു മോഷ്ടാവാണന്ന്. നേരത്തെ പിടിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. അയാളുടെ 10 വിരലുകളുടെയും അടയാളങ്ങൾ ശേഖരിച്ചു. ഫിംഗർ പ്രിന്റ് ബ്യൂറോയിലേക്ക് അയച്ചു കൊടുത്തു.

പാഠം– 3 കള്ളനോടു തന്ത്രത്തിൽ അടുക്കണം

കൂട്ടത്തിൽ സോഫ്റ്റായ 2 ഉദ്യോഗസ്ഥരെ നിയോഗിച്ചു, അവരുടെ കടന്നു വരവിന് അവസരം ഒരുക്കി കൂട്ടത്തിലെ ഇടിയൻ പൊലീസിനെ ലോക്കപ്പിലേക്കു വിട്ട് ആദ്യ റൗണ്ട് പെരുമാറി.

‘വേണ്ട സർ അവനെ ഇനി തല്ലേണ്ട, സാറിന്റെ കൈവീണാൻ അവൻ ചാകും.’ 

അതു കേട്ട് ഇടിയൻ ദേഷ്യത്തിൽ പുറത്തിറങ്ങി.

‘എന്തിനാണു മോഹനാ ഇങ്ങനെ ഇടി കൊള്ളുന്നതു സത്യം പറഞ്ഞു കൂടെ? എന്തിനാ നീ ഇവിടെ വന്നത്?’

അപ്പോഴേക്കും രണ്ടാമൻ ഒരു ഗ്ലാസ് ചൂടു ചായയുമായി എത്തി. മോഹനനു കൊടുത്തു.

ചങ്ങാത്തം രണ്ടും മൂന്നും റൗണ്ട് കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണത്തിന്റെ സമയമായി. വൈകാതെ ചോറെത്തി. സ്റ്റേഷന്റെ പിൻവരാന്തയിൽ 2 പൊലീസുകാരും മോഹനനും ഒരു മേശയിൽ ഇരുന്നു ഭക്ഷണം കഴിച്ചു. വീട്ടിൽ നിന്നു കൊണ്ടുവന്ന മീൻവറുത്തത് ഒരു പൊലീസുകാരൻ മോഹനനു  കൊടുത്തു.

ഉച്ചയ്ക്കു ശേഷം ഇൻസ്പെക്ടർ സാർ വന്നു ചോദിക്കുമ്പോൾ ഉള്ള സത്യം പറഞ്ഞു, തടിയൂരാൻ നോക്കൂ മോഹനാ– അവർ ഉപദേശിച്ചു.

സമ്മതഭാവത്തിൽ അവൻ തലകുലുക്കി. ‘എനിക്കു സാറിനോട് ഒറ്റയ്ക്കു സംസാരിക്കണം...’

പാഠം–4 വാതോരാതെ സംസാരിപ്പിക്കണം

ഇൻസ്പെക്ടർ ഇരുന്ന മുറിയിലേക്കു പൊലീസുകാർ അയാളെ കയറ്റിവിട്ടു. ഇനി അയാൾ തുറന്നു സംസാരിക്കും, അവർ പ്രതീക്ഷിച്ചു.

വളരെ ശബ്ദം താഴ്ത്തിയാണ് അയാൾ സംസാരിച്ചു തുടങ്ങിയത്. ‘ എനിക്കു സാറിനോട് ഒരു കാര്യം പറയാനുണ്ട്. എന്നെ രക്ഷപ്പെടുത്തണം, സാറിനു ഞാൻ ഒരു ലക്ഷം രൂപ തരാം. മറ്റാരേയും എനിക്കിവിടെ വിശ്വാസമില്ല. സാറും ഇക്കാര്യം ആരോടും പറയേണ്ട.’ ദേക്ഷ്യവും നിരാശയും കടിച്ചമർത്തിയ ഓഫിസർ പക്ഷെ പിടിച്ചു നിന്നു, അയാളുടെ പ്രലോഭനത്തിനു വഴങ്ങുന്നതായി ഭാവിച്ചു.

പാഠം– 5 ചിലപ്പോൾ പൊട്ടൻകളിക്കണം

‘ ശരി മോഹനാ, ആദ്യം നീ പണം എത്തിക്ക്...’

‘സർ എനിക്കതിനൊരാളെ ഫോൺ ചെയ്യണം.’

ഇൻസ്പെക്ടർ മേശപ്പുറത്തിരുന്ന ഫോൺ അയാളുടെ നേരെ തള്ളി നീക്കി. അയാൾ ഒരു ബന്ധുവിന്റെ നമ്പർ ഡയൽ ചെയ്തു.

‘ഞാൻ കാഞ്ഞിരപ്പിള്ളിയിലെ മോഹനനാണ്, നമ്മുടെ കോൺട്രാക്ടറുടെ സ്പിരിറ്റിന് എസ്കോർട്ട് വരുമ്പോൾ പൊലീസ് പിടിച്ചു. നീ വേഗം ഒരു ലക്ഷം രൂപ അളിയന്റെ കൈവശം വളാഞ്ചേരി സ്റ്റേഷനിലേക്കു കൊടുത്തു വിടണം.’

കള്ളന്റെ ബുദ്ധിശക്തിയിൽ അന്വേഷണ ഉദ്യോഗസ്ഥനും ലേശം ബഹുമാനം തോന്നി. എത്ര വിദഗ്ധമായാണ് അയാൾ തന്നോടു പറഞ്ഞ കള്ളത്തരങ്ങൾ അടുത്ത ബന്ധുവിനു സൂത്രത്തിൽ കൈമാറിയത്. ഇനി പണവുമായി വരുന്നയാളെ ചോദ്യം ചെയ്താൽ അയാളും ആവർത്തിക്കും– കാഞ്ഞിരപ്പിള്ളി, മോഹനൻ, സ്പിരിറ്റ് എസ്കോർട്ട്...

പൊലീസിന്റെ ഭാഗ്യത്തിനു ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ കൃത്യമായി ആളെ തിരിച്ചറിഞ്ഞിരുന്നു– അംമ്പൂരി രാമു.

വൈകാതെ പണവുമായി രാമുവിന്റെ ബന്ധു എത്തി, ഇൻസ്പെക്ടർ അകത്തേക്കു നീട്ടി വിളിച്ചു ‘ എടാ രാമുവേ നിന്റെ ബന്ധു ഒരു ലക്ഷം രൂപയുമായി വന്നിരിക്കുന്നു.’

അകത്തെ മുറിയിൽ ‘ കാഞ്ഞിരപ്പിള്ളി മോഹനന്റെ’ മുഖംവാടി. തൊഴുകൈയ്യുമായി അയാൾ സ്റ്റേഷന്റെ മൂലയിലേക്കു മാറി നിന്നു. അതിസൂത്രക്കാരനായ ഒരു കള്ളന്റെ ടോട്ടൽ സറണ്ടർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ