ഒരു കുട്ടയോളം തെളിവ് വേണ്ട ഒരു കട്ട മതി

HIGHLIGHTS
  • കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവിന്റെ വീടാണത്
  • കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വാപൊത്തി.
role-of-clues-and-evidence-in-murder-cases
SHARE

ബുദ്ധിമാനായ അന്വേഷണ ഉദ്യോഗസ്ഥനു കേസ് തെളിയിക്കാൻ ഒരു കോൺക്രീറ്റ് കട്ട മതി. മാളയിൽ സംഭവിച്ചത് അതാണ്, പനങ്ങാട് സംഭവിക്കാത്തതും അതുതന്നെയാണ്. കൊച്ചി സിറ്റി പൊലീസിന്റെ പനങ്ങാട് സ്റ്റേഷൻ അതിർത്തിയിലാണു നെട്ടൂർ ഷാപ്പ് കടവ്. അവിടെ കണ്ടെത്തിയ ചാക്കിൽ പൊതിഞ്ഞ കോൺക്രീറ്റ് കട്ട വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. 2017 നവംബർ 8 നാണു 54 കിലോഗ്രാം തൂക്കം വരുന്ന ആ കോൺക്രീറ്റ് കട്ട ആദ്യം വാർത്തകളിൽ നിറഞ്ഞത്. സമാനമായ മറ്റൊരു കോൺക്രീറ്റ് കട്ട 2004 ൽ തൃശൂർ മാള പൊലീസും കണ്ടെത്തിയിരുന്നു.

നാട്ടുകാരും പൊലീസും ചേർന്നു കണ്ടെത്തിയ 2 കോൺക്രീറ്റ് കട്ടകൾക്കും ഒപ്പം ഓരോ മനുഷ്യ ശരീരങ്ങൾ കൂടിയുണ്ടായിരുന്നു.

നെട്ടൂരിൽ കൊല്ലപ്പെട്ടതു 30ൽ താഴെ പ്രായമുള്ള യുവാവാണ്. ഇയാളെ തിരിച്ചറിയാൻ പൊലീസിനോ നാട്ടുകാർക്കോ കഴിഞ്ഞിട്ടില്ല. യുവാവിനെ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കട്ടയോടു രൂപസാദൃശ്യമുള്ള കോൺക്രീറ്റ് തൂൺ കുമ്പളം മസ്ജിദ് റോഡിനു കിഴക്കു ഭാഗത്തു കായലോരത്തു കണ്ടെത്തിയതാണു കേസ് വീണ്ടും ചർച്ചയിൽ വരാൻ വഴിയൊരുക്കിയത്. 

വർഷങ്ങൾക്കു മുൻപു സമാനമായ കണ്ടെത്തലാണു മാളയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഘാതകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. 2004 ഓഗസ്റ്റിലാണ് 9 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പ്ലാസ്റ്റിക് ചാക്കിൽ കോൺക്രീറ്റ് കട്ടയ്ക്കൊപ്പം കെട്ടിത്താഴ്ത്തിയത്. കാണാതായ പെൺകുട്ടിയുടെ പൂർണ വിവരം പൊലീസിന്റെ പക്കലുണ്ടായിരുന്നതിനാൽ കുട്ടിയുടെ സഞ്ചാരവഴികൾ കണ്ടെത്തി അന്വേഷിക്കാൻ പൊലീസിനു കഴിഞ്ഞു.

നെട്ടൂർ കേസിൽ സ്ഥിതി മറിച്ചാണ്. കൊല്ലപ്പെട്ടത് ആര്? ഏതു നാട്ടുകാരൻ? ബന്ധുക്കൾ? ഇങ്ങനെയുള്ള വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

30 വയസ്സിൽ താഴെ പ്രായമുള്ള യുവാവ് അപ്രത്യക്ഷനായി. ഒന്നര വർഷം കഴിഞ്ഞിട്ടും അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ തൊഴിലുടമയോ ഇതുവരെ പരാതിപ്പെട്ടില്ലെന്നതാണ് ഏറ്റവും വലിയ അസ്വാഭാവികത. ഒരു പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥനു ലഭിക്കുന്ന നിർണായക ‘ക്ലൂ’വും ഇതുതന്നെയാകണം. ഒരാളെ കാണാതായിട്ടും അതുമായി ബന്ധപ്പെട്ടു ‘മാൻ മിസിങ്’ പരാതി ലഭിക്കുന്നില്ലെങ്കിൽ എന്തെല്ലാം നിഗമനങ്ങളിൽ പൊലീസിന് എത്തിച്ചേരാൻ കഴിയും?

∙ കൊല്ലപ്പെട്ട വ്യക്തി ഈ നാട്ടുകാരനല്ല, അയാളെ കാണാനില്ലെന്നു പരാതി നൽകാൻ ഉറ്റവരോ ഉടയവരോ നാട്ടിലില്ല. ഒരുപക്ഷേ, കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരനാകാം.

∙ കൊലപാതകം ദൂരെ എവിടെയെങ്കിലും നടത്തിയ ശേഷം മൃതദേഹം നെട്ടൂർ കായലിൽ കെട്ടിത്താഴ്ത്തി.

∙ യുവാവിനെ കൊലപ്പെടുത്തിയത് അടുത്ത ബന്ധുക്കൾ തന്നെയാണെങ്കിലും പരാതിപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്.

(അപ്പോഴും യുവാവിന്റെ അടുത്ത സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഒന്നര വർഷമായിട്ടും സംഭവം റിപ്പോർട്ട് ചെയ്യാത്തത് അതിശയിപ്പിക്കുന്ന കാര്യമാണ്.)

മാളയിലെ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചതു മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കട്ട നൽകിയ സൂചനകളാണ്.  കൊല്ലപ്പെട്ടതു സമീപത്തെ മദ്രസയിലേക്കു നടന്നു പോയ പെൺകുട്ടിയാണെന്നു ബോധ്യപ്പെട്ടതോടെ പെൺകുട്ടി സ്ഥിരമായി പോകുന്ന അതേ വഴിയിലൂടെ ‘നടക്കാൻ’ ഫൊറൻസിക് വിദഗ്ധയായ അന്നമ്മ ജോണാണ് അന്വേഷണ സംഘത്തെ ഉപദേശിച്ചത്.

ആ വഴിക്ക് ഇരുവശവുമുള്ള വീടുകൾ, അതിന്റെ പരിസരം, താമസക്കാർ, അവരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, സ്വഭാവ സവിശേഷതകൾ... എല്ലാം വിശദമായി പൊലീസ് സ്കെച്ച് ചെയ്തു. വിവരങ്ങൾ മുഴുവൻ ശേഖരിച്ചിട്ടും ആ നിർണായക സൂചന മാത്രം പൊലീസിനു ലഭിച്ചില്ല. അതോടെ 2–ാം ഘട്ടത്തിലേക്ക് അന്വേഷണം കടന്നു. 

പെൺകുട്ടിയെ കാണാതായ ദിവസം, മദ്രസയിലേക്കു കുട്ടി പുറപ്പെട്ട സമയം റോഡിനിരുവശവുമുള്ള ഏതെങ്കിലും വീട്ടിൽ സ്ത്രീകളുടെ അസാന്നിധ്യമുണ്ടായിരുന്നോ? അതാണു പൊലീസ് അന്വേഷിച്ചത്.

ഈ അന്വേഷണത്തിനൊപ്പം പെൺകുട്ടിയുടെ മൃതദേഹം പൊതിഞ്ഞ ചാക്കിൽ കണ്ടെത്തിയ കോൺക്രീറ്റ് കട്ട ഫൊറൻസിക് വിദഗ്ധർ സൂക്ഷ്മമായി പരിശോധിച്ചു.

അതിന്റെ മുന്നിൽ രണ്ടു ഭാഗത്തു പ്രത്യേക തരം പായൽ വളർന്നതായി കണ്ടെത്തി. മൃതദേഹത്തിനൊപ്പം വെള്ളത്തിൽ മുങ്ങിക്കിടന്നതിനാൽ പായൽ ചീഞ്ഞിട്ടുണ്ട്. ഇപ്പോൾ കരയിൽ കിടന്ന് ഉണങ്ങി ബ്രൗൺ നിറത്തിലായി. മൂന്നിൽ ഒരു ഭാഗം വളരെ വൃത്തിയായി കാണപ്പെട്ടു. അവിടെ പായലും പൂപ്പലും വളർന്നിട്ടില്ല. സംഭവ ദിവസം റോഡരികിലെ 3 വീടുകളിൽ സ്ത്രീകളുണ്ടായിരുന്നില്ലെന്നു പൊലീസിനു ബോധ്യപ്പെട്ടു.

അതിൽ ഒരു വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. മുറ്റത്തു സ്വർണനിറമുള്ള മണൽ കൂനകൂട്ടിയിരുന്നു. മണൽ ഇടിഞ്ഞു പോവാതിരിക്കാൻ ചുറ്റും കല്ലുകൾ അടുപ്പിച്ചു നിരത്തിയിട്ടുണ്ട്. ആ കല്ലുകളുടെ സ്വഭാവമാണു നിരീക്ഷണ പാടവമുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയാകർഷിച്ചത്. അദ്ദേഹം ആ കല്ലുകളിലേക്കു സൂക്ഷിച്ചു നോക്കി. ഒരു കല്ല് മെല്ലെ തള്ളി മറിച്ചു. മണ്ണിനടിയിലായിരുന്ന ഭാഗം ഒഴികെ വെൽവറ്റ് തിളക്കമുള്ള പച്ചപ്പായൽ വളർന്നിരിക്കുന്നു.

കല്ലി‍ലെ പൂപ്പൽ വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. കല്ല് സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ അദ്ദേഹം തീരുമാനിച്ചു.

മണൽക്കൂനയ്ക്കു ചുറ്റും അദ്ദേഹം നടന്നു. അപ്പോഴാണു മറ്റൊന്നു കൂടി ശ്രദ്ധിച്ചത്. മണൽ ഇടിഞ്ഞു പോകാതിരിക്കാൻ അടുപ്പിച്ചു നിരത്തിയ കല്ലുകൾക്കിടയിൽ വിടവ്. ഒരു കല്ലു നഷ്ടപ്പെട്ടിരിക്കുന്നു. കല്ലെടുത്തു മാറ്റിയ ഭാഗത്തു കുഴി.

അപ്പോൾതന്നെ സ്റ്റേഷനിൽ വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കട്ടയുമായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതിലെ പായൽ പിടിക്കാത്ത ഭാഗം മണൽക്കൂനയുടെ അരികിലുണ്ടായിരുന്ന വിടവിലെ കുഴിയിൽ കൃത്യമായി ഇരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവിന്റെ വീടാണത്. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ആ വീട്ടിലെ യുവാവു കുറ്റം ഏറ്റു പറഞ്ഞു.

അന്നു വീട്ടിൽ അയാളുടെ മാതാപിതാക്കളുണ്ടായിരുന്നില്ല. ബന്ധുവായ പെൺകുട്ടിയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി വാവിട്ടു കരഞ്ഞു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വാപൊത്തി. 

വെപ്രാളത്തിൽ മൂക്കും വായും ചേർത്താണു പൊത്തിയത്. പെൺകുട്ടി ശ്വാസം മുട്ടി മരിച്ചു. മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി. മുറ്റത്തെ കോൺക്രീറ്റ് കട്ടയും ചേർത്തു കെട്ടിയ കേബിളിന്റെ ശേഷിക്കുന്ന ഭാഗവും വീട്ടിനുള്ളിൽ കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കി.

നെട്ടൂർ ഷാപ്പു കടവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അജ്ഞാത യുവാവിനെ തിരിച്ചറിയാനും അന്വേഷണം കൊലയാളിയിലേക്ക് എത്താനും മാളയിലെ വീട്ടുമുറ്റത്തെ മണൽക്കൂന പോലെ ഒരു സൂചന ആരെങ്കിലും എപ്പോഴെങ്കിലും കണ്ടെത്തിയാൽ മതി. ഇടിഞ്ഞു വീണ ഒരു തൂൺ, പൊളിഞ്ഞു കിടക്കുന്ന മതിൽകെട്ട്, നിർമാണ മാലിന്യങ്ങളുടെ കൂമ്പാരം... അങ്ങനെ എവിടെയെങ്കിലും ആ നിർണായക തെളിവുണ്ടാകും.  അതു കണ്ടെത്തുന്നതു  പൊലീസുദ്യോഗസ്ഥൻ തന്നെയാകണമെന്നു നിർബന്ധവുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ