ലഹരിയപകടങ്ങളുടെ നാനാർഥങ്ങൾ

HIGHLIGHTS
  • ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞാൽ ഇൻഷുറൻസ് കമ്പനി തുക നൽകില്ല
  • ശ്വാസം, രക്തം, മൂത്രം, മുടി, നഖം എന്നിവയാണു പരിശോധിക്കേണ്ടി വരുന്നത്.
accident-case-study
SHARE

1984 ജനുവരി 24, 2005 ജൂലൈ 20. വാഹനാപകടങ്ങളെ സംശയത്തോടെ മാത്രം കാണാൻ മലയാളികളെ പ്രേരിപ്പിക്കുന്ന 2 സംഭവങ്ങൾ നടന്ന തീയതികളാണിത്. മാവേലിക്കര കൊല്ലക്കടവ് റോ‍ഡിൽ വയലിലേക്കു മറിഞ്ഞു തീപിടിച്ച കാറിൽ ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ തീയതിയാണ് ആദ്യത്തേത്. ഫിലിം കമ്പനി പ്രതിനിധി ആലപ്പുഴ സ്വദേശി ചാക്കോയുടെ മൃതദേഹമാണു കാറിൽ കണ്ടത്.

സുകുമാരക്കുറുപ്പിന്റെ പേരിൽ അറിയപ്പെടുന്ന ഈ കേസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. 

ആലപ്പുഴയിലെ കണിച്ചുകുളങ്ങര ദേശീയ പാതയിൽ സഹോദരനും സഹോദരിയും അവരുടെ ഡ്രൈവറും കൊല്ലപ്പെടാൻ ഇടയായ വാഹനാപകടം നടന്ന തീയതിയാണു രണ്ടാമത്തേത്. കണിച്ചുകുളങ്ങര കൂട്ടക്കൊല അല്ലെങ്കിൽ ഹിമാലയ കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

സാധാരണ വാഹനാപകടങ്ങളായി കേരള പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസുകളാണു രണ്ടും. അങ്ങേയറ്റം അന്വേഷണ ബുദ്ധിയുണ്ടായിരുന്ന എസ്പി ഹരിദാസിനു തോന്നിയ സംശയങ്ങളാണു ചാക്കോ വധക്കേസിന്റെ സത്യം പുറത്തുകൊണ്ടുവന്നത്.

കണിച്ചുകുളങ്ങരയിൽ കൊല്ലപ്പെട്ട എവറസ്റ്റ് ചിട്ടിക്കമ്പനി ഉടമയുടെ സ്വകാര്യ അഭിഭാഷകന്റെ വെളിപ്പെടുത്തലാണു കണിച്ചുകുളങ്ങര അപകടത്തെ ആസൂത്രിത കൂട്ടക്കൊലയാക്കിയത്. ഇനിയും എത്രയോ വാഹനാപകടങ്ങളുടെ മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്തു വരാനിരിക്കുന്നു. മരിച്ചവരുടെ ബന്ധുക്കൾക്കു ലഭിക്കാനുള്ള ഇൻഷുറൻസ് തുകയുടെ കാര്യത്തിൽ ലഭിക്കുന്ന നിയമോപദേശങ്ങളാണു വാഹനാപകടങ്ങളിൽ സംശയം ഉന്നയിക്കാൻ അടുത്ത ബന്ധുക്കളെ നിരുത്സാഹപ്പെടുത്തുന്നത്.

‘പോയയാൾ എന്തായാലും പോയി ഇനി കുടുംബത്തിന് അർഹമായ ഇൻഷുറൻസ് തുക നഷ്ടപ്പെടുത്തേണ്ട...’’ ഇതാണ് ഇത്തരം കേസുകളിലെ സ്ഥിരം നിലപാട്. വാഹനാപകടം കൊലപാതകമായാൽ കേസും പ്രശ്നങ്ങളും കഴിഞ്ഞ് ഇൻഷുറൻസ് തുക കിട്ടാൻ വർഷങ്ങൾ കഴിയും.

ഇനി സാധാരണ അപകട മരണമാണെങ്കിൽ, ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞാൽ ഇൻഷുറൻസ് കമ്പനി തുക നൽകില്ല.

ഇത്തരം നിയമോപദേശങ്ങളാണു പലപ്പോഴും ബന്ധുക്കൾക്കു ലഭിക്കുക.

വാഹനാപകടം സംഭവിക്കുമ്പോൾ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിയിക്കണമെങ്കിൽ കേസന്വേഷിക്കുന്ന ലോക്കൽ പൊലീസ് നടപടി ക്രമങ്ങൾ കൃത്യതയോടെ പൂർത്തിയാക്കി  കുറ്റപത്രം നൽകണം. അപകടത്തിൽ മറ്റൊരാൾ കൊല്ലപ്പെടുന്ന സന്ദർഭങ്ങളിൽ കഴിവതും വേഗം ഡ്രൈവറുടെ വൈദ്യ പരിശോധന നടത്താനുള്ള അധികാരം എസ്ഐ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കുണ്ട്.

ശ്വാസം, രക്തം, മൂത്രം, മുടി, നഖം എന്നിവയാണു പരിശോധിക്കേണ്ടി വരുന്നത്. അപകടം വരുത്തിയ ഡ്രൈവർ അതിനു വിസമ്മതിച്ചാൽ അയാളെ അറസ്റ്റ് ചെയ്യണം. ഇതോടെ ഡ്രൈവറുടെ സമ്മതമില്ലാതെ പൊലീസിനു പരിശോധനയ്ക്കു നിർദേശം നൽകാൻ കഴിയും. ഈ ഘട്ടത്തിൽ ഡ്രൈവർ ബലപ്രയോഗത്തിലൂടെ പരിശോധനയെ എതിർത്താൽ അതു പ്രതിക്ക് എതിരായ ശക്തമായ തെളിവായി വിചാരണക്കോടതി കണക്കാക്കും.

വൈദ്യപരിശോധനാ ഫലമാണ് ഇത്തരം കേസുകളിൽ കൊല്ലപ്പെട്ടയാൾക്കു നീതി ഉറപ്പാക്കുന്ന ഏറ്റവും ശക്തമായ തെളിവ്.

അപകടം സംഭവിക്കുമ്പോൾ ഡ്രൈവറുടെ 100 മില്ലി ലീറ്റർ രക്തത്തിൽ 30 മില്ലിഗ്രാമെങ്കിലും മദ്യത്തിന്റെ അളവു കണ്ടെത്തിയാൽ മാത്രമേ, അയാളെ നിയമത്തിന്റെ കണ്ണിൽ മദ്യപിച്ചു വണ്ടിയോടിച്ച ഒരാളായി കണക്കാക്കാൻ കഴിയൂ. മദ്യപിച്ചു കഴിഞ്ഞ് ഒന്നര മുതൽ 2 മണിക്കൂർ വരെയാണ് ഒരാളുടെ ശരീരത്തിൽ മദ്യത്തിന്റെ അളവ് ഏറ്റവും കൂടിയ നിലയിൽ കാണപ്പെടുക.

തുടർന്നുള്ള ഒരോ മണിക്കൂറിലും 1 പെഗ് മദ്യം വീതം രക്തത്തിൽ നിന്ന് അപ്രത്യക്ഷമാകും. അതായത് അപകടം സംഭവിച്ചു 10 മണിക്കൂറിനു ശേഷമാണു ഡ്രൈവറുടെ രക്ത പരിശോധന നടക്കുന്നതെങ്കിൽ കുറഞ്ഞതു 8 പെഗ് മദ്യമെങ്കിലും അയാൾ കഴിച്ചിട്ടുണ്ടെങ്കിലേ മദ്യത്തിന്റെ സാന്നിധ്യമുണ്ടാകൂ.

മദ്യത്തിനൊപ്പം കഴിക്കുന്ന ഭക്ഷണം, വെള്ളം എന്നിവയുടെ അളവും രക്തത്തിലേക്കുള്ള മദ്യത്തിന്റെ ആഗിരണത്തെ സ്വാധീനിക്കും.

മൈദ കലർന്ന ഭക്ഷണത്തിനൊപ്പം കഴിക്കുന്ന മദ്യം സാവധാനത്തിലാണു രക്തത്തിൽ കലരുക. ആവശ്യത്തിനു വെള്ളം ചേർത്തു കഴിക്കുന്ന മദ്യമാണു വെള്ളം ചേരാത്ത മദ്യത്തെക്കാൾ വേഗത്തിൽ ചെറുകുടലിൽ നിന്നു രക്തത്തിലേക്കു കലരുക. ഡ്രൈവർ കുറഞ്ഞ അളവിൽ മാത്രം മദ്യപിക്കുകയും അമിതമായ ലഹരി പ്രകടിപ്പിക്കുകയും ചെയ്താൽ രക്തത്തിനു പുറമേ അയാളുടെ മൂത്രം, മുടി, നഖം എന്നിവ ശേഖരിച്ചു ലഹരി പരിശോധനയ്ക്ക് അയയ്ക്കുകയാണ് അന്വേഷണബുദ്ധിയുള്ള ഒരുദ്യോഗസ്ഥൻ ചെയ്യുക.

മദ്യത്തിന്റെ അളവു കുറവും ലഹരിയുടെ അളവു കൂടുതലുമാണെങ്കിൽ അതു നൽകുന്ന സൂചന മറ്റു രാസലഹരികളുടെ ഉപയോഗമാണ്. സ്ഥിരമായി ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്ന ഒരാളുടെ മുടിയുടെ അടിഭാഗത്തും നഖത്തിലും അതിന്റെ അംശങ്ങൾ കണ്ടെത്താൻ കഴിയും.

രക്തത്തിൽ മദ്യത്തിന്റെ അളവു കുറവാണെങ്കിലും മൂത്രത്തിലും മുടിയിലും നഖത്തിലും ലഹരി പദാർഥത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഡ്രൈവർ കുടുങ്ങും. ഒറ്റനോട്ടത്തിൽ ഇതു ഡ്രൈവർക്ക് എതിരായ നീക്കമായി തോന്നാമെങ്കിലും ചില സാഹചര്യങ്ങളിൽ ഇത്തരം പരിശോധനകൾ ഡ്രൈവർക്ക് അനുകൂലമാവും.

∙ സാഹചര്യം ഇതാണ്: ഡ്രൈവറുടെ രക്തത്തിൽ മദ്യത്തിന്റെ അളവു കുറവ്, മൂത്രത്തിൽ ലഹരിപദാർഥത്തിന്റെ അളവു വളരെ കൂടുതൽ. പക്ഷേ, മുടിയിലും നഖത്തിലും ലഹരിയുടെ സാന്നിധ്യമില്ല.

∙ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമാനം: കുറഞ്ഞ അളവിൽ മാത്രം മദ്യപിക്കുന്ന ശീലക്കാരനായ ഡ്രൈവർക്ക് അയാളുടെ അറിവില്ലാതെ മദ്യത്തിൽ ലഹരി കലർത്തി നൽകി. (സ്ഥിരമായി ലഹരി ഉപയോഗിക്കാത്ത ഡ്രൈവർ സംഭവ ദിവസം സ്വയം മദ്യത്തിൽ ലഹരി കലർത്തി ഉപയോഗിച്ചാലും ഇതേ പരിശോധനാ ഫലം ലഭിക്കും.)

വാഹനാപകടത്തിൽ സുകുമാരക്കുറുപ്പ് മരിച്ചതായി കേസ് റജിസ്റ്റർ ചെയ്ത ദിവസം മാവേലിക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ഹരിദാസ് 5 കാര്യങ്ങൾ ശ്രദ്ധിച്ചു.

1. വിദേശത്തുനിന്ന് അവധിക്കെത്തിയ സുകുമാരക്കുറുപ്പ് അപകടത്തിൽ മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങളിൽ ആർക്കും വലിയ സങ്കടം കാണുന്നില്ല. ആ വീട്ടിലെ ഒരാൾ പോലും കരയുന്നില്ല.

2. വീട്ടിലെ അടുക്കളയിൽ നിന്നു പുറത്തുവന്ന കോഴിയിറച്ചി വറുക്കുന്ന മണം.

3. കാർ ഷെഡിന്റെ മൂലയിൽ എന്തോ കത്തിച്ചതിന്റെ പാട്.

4. ഉപയോഗിക്കാതെ പുറത്തു കിടന്ന പുതിയ കാർ.

5. ബന്ധുവിന്റെ കൈത്തണ്ടയിലെ പൊള്ളലേറ്റ പാട്.

അഭിമാനിക്കാം, ഇത്തരം ചില അന്വേഷണ ഉദ്യോഗസ്ഥരും പണ്ടു കേരള പൊലീസിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ