ഒരു വേലിയൊപ്പിച്ച വയ്യാവേലി

HIGHLIGHTS
  • വേലിയെച്ചൊല്ലിയായിരുന്നു അതിർത്തിത്തർക്കം
  • ഏതാണ്ടു ലാത്തിയുടെ അതേ വണ്ണവും നീളവുമുണ്ടതിന്.
police-lathi-and-crime
SHARE

റേഡിയോ കേൾക്കാൻ ലൈസൻസ് വേണ്ടിയിരുന്ന കാലത്തെക്കുറിച്ച് അറിയാമോ? അതിനു മുൻപു സൈക്കിൾ ചവിട്ടാനും ലൈസൻസ് വേണ്ടിയിരുന്നു. 50 വയസ്സു പിന്നിട്ടവർക്കു രണ്ടും ഓർമ കാണും. പലരും മറന്നിരിക്കാൻ സാധ്യതയുള്ള ഒരു ലൈസൻസുണ്ട്, അതു തെരുവിലൂടെ മഴയത്തും വെയിലത്തും കുടചൂടി നടക്കാനുള്ള ലൈസൻസാണ്.

പണ്ട്, ‘ഛത്രപതി’യായ രാജാവിനു മാത്രമായിരുന്നു അധികാര ചിഹ്നമായിരുന്ന ‘കുട’ചൂടി നടക്കാനുള്ള അവകാശം. ബ്രിട്ടിഷ് ഭരണകാലത്താണ് അവരുടെ ഉദ്യോഗസ്ഥർക്കും പ്രമാണിമാർക്കും കുടചൂടി നടക്കാൻ ലൈസൻസ് സമ്പ്രദായം കൊണ്ടുവന്നത്.  കുട ലൈസൻസ് അനുവദിച്ചു തഹസിൽദാർ നൽകുന്ന കത്തുമായി കടയിൽ എത്തുന്നവർക്കു മാത്രമാണു വ്യാപാരികൾ കുട വിറ്റിരുന്നത്.

മറ്റൊരധികാരം കൂടി രാജാവിനുണ്ടായിരുന്നു ആരെയും കൊല്ലാനുള്ള ലൈസൻസ്. ജനാധിപത്യകാലത്തു കൊല്ലാനുള്ള ‘ലൈസൻസു’ള്ളതു പൊലീസിനും പട്ടാളത്തിനുമാണ്. മറ്റുള്ളവർക്കു തോക്കു സൂക്ഷിക്കാൻ ലൈസൻസ് കിട്ടിയാൽ അതിനർഥം അതുപയോഗിച്ചു ഒരാളെ കൊല്ലാമെന്നല്ല. സ്വയരക്ഷയ്ക്കു വേണ്ടി തോക്കു സൂക്ഷിക്കാനുള്ള അവകാശം മാത്രമാണത്.

ലൈസൻസുള്ള തോക്കു കൊണ്ടു വെടിവച്ച് ഒരാളെ കൊന്നാൽ അയാൾ വിചാരണ നേരിടേണ്ടതു കൊലക്കുറ്റത്തിനു തന്നെയാണ്. ആത്മരക്ഷയ്ക്കു വേണ്ടിയാണു വെടിവച്ചതെന്നു തെളിയിക്കാൻ കഴിഞ്ഞാൽ കടുത്ത ശിക്ഷയിൽ നേരിയ ഇളവു ലഭിച്ചേക്കാം. 

തോക്കു മാത്രമല്ല പൊലീസിന്റെ പക്കലുള്ള ആയുധം. നിരുപദ്രവമെന്നു തോന്നുന്ന ലാത്തിയും മാരകം തന്നെയാണ്. ലാത്തി കൊണ്ടു തലയ്ക്കും കഴുത്തിലുമുള്ള അടികളും വായിലേക്കുള്ള ശക്തമായ കുത്തും മരണകാരണമാകാം. കൊളോണിയൽ പൊലീസ് ഭരണകാലത്ത് ഇത്തരം മാരകമായ അടികളും കുത്തും പൊലീസിനെ പരിശീലിപ്പിക്കുമായിരുന്നു. അടുത്തകാലത്താണ് ഇത്തരം പരിശീലന മുറകളിൽ അധികാരികൾ മാറ്റം വരുത്തിയത്. അതോടെ അടിയുടെ മർമം അറിയാവുന്ന പൊലീസുകാരും ഇല്ലാതായി. അറിയാത്തവർ അടിക്കുമ്പോൾ അതു മർമത്തു കൊണ്ടാൽ ആളുടെ കഥ തീരും.

ഉത്തരമലബാറിലെ ഗ്രാമത്തിലാണു സംഭവം. പൂച്ചെടികൾ പടർന്ന വേലിക്ക് ഇരുവശത്തും നിന്നു രാവിലെ പല്ലു തേയ്ക്കുമ്പോൾ പരസ്പരം സംസാരിക്കുന്ന 2 സഹോദന്മാരുണ്ടായിരുന്നു. ഒരേ വിഷയം തന്നെയാണു ദിനചര്യ പോലെ ഇവർ സംസാരിച്ചിരുന്നത്– പുരയിടത്തിന്റെ അതിർത്തി പ്രശ്നം. ചിരിച്ചുകൊണ്ടാണ് ഇരുവരുടെയും തുടക്കം, സംസാരം ഒടുക്കം തെറിവിളിയിലും കയ്യേറ്റത്തിലും എത്തുമ്പോൾ ബന്ധുക്കളും അയൽക്കാരും ഇടപെട്ടു രണ്ടുപേരെയും കളം പിരിക്കും. ഈ സഹോദരങ്ങളിൽ ഒരാൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ്.

അങ്ങനെ ഒരുദിവസം തർക്കം അടിപിടിയിൽ കലാശിച്ചു. പൊലീസുകാരനല്ലാത്ത സഹോദരൻ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു.

ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ സംഭവിച്ച ഹൃദയസ്തംഭനമെന്നാണ് എല്ലാവരും കരുതിയത്.

പോസ്റ്റ്മോർട്ടം കഴിഞ്ഞു. റിപ്പോർട്ട് വിശദമായി പഠിക്കാൻ അന്നത്തെ ഡിവൈഎസ്പി ജനാർദ്ദനൻ ഫൊറൻസിക് വിദഗ്ധയായ ഡോ. ഷേർലി വാസുവിനെ കണ്ടു. ശാസ്ത്രീയ നിഗമനങ്ങൾ വിശദമായി കേട്ട അദ്ദേഹം  മരണം സംഭവിച്ച വീടിന്റെ പരിസരത്തെത്തി. അദ്ദേഹത്തെ കണ്ടു പൊലീസ് ഉദ്യോഗസ്ഥനായ സഹോദരൻ സല്യൂട്ട് ചെയ്ത് ഒപ്പം കൂടി.

സംഭവത്തിനു ദൃക്സാക്ഷികളില്ല, പൊലീസുകാരനായ സഹോദരൻ കൂടെ നിൽക്കുന്നതിനാൽ അയൽവാസികളും ബന്ധുക്കളും ഡിവൈഎസ്പിയോടു വാതുറന്നു മിണ്ടുന്നില്ല. എന്നാൽ ഒരുകാര്യം അദ്ദേഹം ശ്രദ്ധിച്ചു. സഹോദരന്മാരുടെ വീടുകൾക്കിടയിലെ വേലി കാണാനില്ല. പന്തലിടാനും സംസ്കാരച്ചടങ്ങിനെത്തുന്നവർക്കു നിൽക്കാൻ സ്ഥല സൗകര്യമൊരുക്കാനുമായി വേലി പൊളിച്ചു നീക്കിയിരുന്നു. അതിന്റെ പത്തലുകൾ ഒരിടത്തു കൂട്ടിയിട്ടിട്ടുണ്ട്.

പൊലീസുദ്യോഗസ്ഥനായ സഹോദരന്റെ നേതൃത്വത്തിലാണു വേലി പൊളിച്ചത്. എല്ലാവരും അത്ഭുതപ്പെട്ടു. ആ വേലിയെച്ചൊല്ലിയായിരുന്നു അതിർത്തിത്തർക്കം. അതു നേരത്തെ പൊളിച്ചിരുന്നെങ്കിൽ ഒരു മനുഷ്യന്റെ ജീവൻ രക്ഷപ്പെട്ടേനെ. അന്വേഷണ ഉദ്യോഗസ്ഥനായ ജനാർദ്ദനൻ വേലി പൊളിക്കലിനെ കണ്ടതു മറ്റൊരു കണ്ണിലൂടെയാണ്. സഹോദരന്റെ സംസ്കാരം കഴിയുമ്പോൾ പൊലീസുകാരൻ ഈ വേലി വീണ്ടും കെട്ടും. അതെവിടെയാകും കെട്ടുക? അതിർത്തി വീണ്ടും മാറിയാൽ അതിനെ ചോദ്യം ചെയ്യാൻ സഹോദരനും ജീവിച്ചിരിപ്പില്ല.

വേലിക്കാര്യം അവിടെ നിൽക്കട്ടെ, ജനാർദ്ദനൻ വേലിപ്പത്തലുകളെ ശ്രദ്ധിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരോടു പത്തലുകൾ വേർതിരിച്ചിടാൻ അദ്ദേഹം പറഞ്ഞു. പലതും മരണ ദിവസം വെട്ടിമാറ്റിയവയാണ്, ഉണങ്ങിയിട്ടില്ല. അതിനിടയിൽ നിന്ന് അദ്ദേഹം അന്വേഷിച്ച ഒരു മുളവടി കിട്ടി. ഏതാണ്ടു ലാത്തിയുടെ അതേ വണ്ണവും നീളവുമുണ്ടതിന്.

കൊല്ലപ്പെട്ടയാളുടെ കഴുത്തിന്റെ ഇടതുവശത്തേറ്റ അടിയെക്കുറിച്ചു ഫൊറൻസിക് റിപ്പോർട്ടിലുണ്ടായിരുന്ന വിവരങ്ങളാണു വീടും പരിസരങ്ങളും പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്.

കേരള പൊലീസിന്റെ അന്നത്തെ പരിശീലന മാനുവലിൽ വിവരിച്ച മരണകാരണമാവുന്ന 4 തരം ലാത്തിയടികളുണ്ട്. അതിൽ ഒന്നാമത്തെ (No. 1 Laathi Blow) പ്രയോഗമാണു പൊലീസുകാരൻ സഹോദരന്റെ കഴുത്തിൽ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അനുമാനിച്ചു. പ്രതിയെന്നു സംശയിക്കുന്നയാൾ പൊലീസുകാരനായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്താൻ മതിയെന്നും തീരുമാനിച്ചു.

ലാത്തിയടിയെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തിന്റെ മുൻകാല അനുഭവവും പ്രേരണയായി. ഡിവൈഎസ്പി ജനാർദ്ദനൻ സബ് ഇൻസ്പെക്ടറായിരുന്ന കാലത്ത് ഉത്തര മലബാറിലെ ഒരു പൊലീസുകാരൻ 2 ലോക്കപ്പ് പ്രതികളെ ഇങ്ങനെ മർദിച്ചിരുന്നു. അതിൽ ഒരാളെ സഹ പൊലീസുകാർ വേഗം ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസുകാരനെതിരായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നില്ല.

അന്നു നിയമത്തിന്റെ പിടിയിൽ നിന്നു തടിതപ്പിയ ആ പൊലീസ് ഉദ്യോഗസ്ഥന്റെ മുഴുവൻ വിശദാംശങ്ങളും ശേഖരിക്കാൻ ഏർപ്പാടാക്കിയ ശേഷമായിരുന്നു ജനാർദ്ദനൻ അന്വേഷണത്തിനിറങ്ങിയത്. വേലിപ്പത്തലുകൾക്കിടയിൽ കണ്ടെത്തിയ മുളവടിയുമായി അദ്ദേഹം സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ ലോക്കപ്പ് പ്രതികളെ മർദിച്ച പഴയ പൊലീസുകാരന്റെ വിവരങ്ങൾ മേശപ്പുറത്ത് എത്തിയിരുന്നു. സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാൻ അധികം വൈകിയില്ല. രണ്ടും ഒരാൾ തന്നെയായിരുന്നു.

തലച്ചോറിന്റെ താഴത്തെ ഭാഗത്തു നിന്നാരംഭിച്ചു കഴുത്തിന്റെ ഇരുവശങ്ങളിൽ കൂടി താഴേക്കു വന്നു ശ്വാസകോശം, ഹൃദയം, ആമാശയം, വൻകുടൽ, ചെറുകുടൽ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ചരകനാഡിയിൽ ഏൽക്കുന്ന ശക്തമായ ആഘാതം ആന്തരികാവയവങ്ങളെ നിശ്ചലമാക്കും. തൂങ്ങി മരിച്ചവരിൽ ഹൃദയസ്തംഭനമുണ്ടായതിന്റെ ലക്ഷണങ്ങൾ കാണുന്നതും ചരകനാഡിയിൽ കുരുക്കു മുറുകി ഹൃദയം നിശ്ചലമാകുന്നതിന്റെ ഫലമായാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ