ഇന്റർനെറ്റ് ഇല്ലാത്ത കാലമായിരുന്നു. ഇൻസ്പെക്ടർ ആർ.സി. വർമ ഗ്രന്ഥശാലകൾ കയറിയിറങ്ങി പരാജയപ്പെട്ടു. 2 കാര്യങ്ങളാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കേരള പൊലീസ് അതുവരെ അന്വേഷിച്ചിട്ടില്ലാത്ത 2 കാര്യങ്ങൾ. ‘‘എന്തിനാണു സാർ ഇതൊക്കെ അന്വേഷിക്കുന്നത്? ഇതെല്ലാം അന്ധവിശ്വാസങ്ങളല്ലേ?’’ പലരും ചോദിച്ചു. ഇൻസ്പെക്ടർ വർമ ഒന്നിരുത്തി മൂളി.
‘‘പക്ഷേ, ഇതേക്കുറിച്ചു പഠിച്ചാലേ കേസന്വേഷണം ശരിയായ ദിശയിൽ നീങ്ങൂ. തെക്കൻ കേരളത്തിലെ, നിലയും വിലയും വിദ്യാഭ്യാസവുമുള്ളവരാണു കൃത്യമായ ഇടവേളകളിൽ കൊല്ലപ്പെട്ടത്. അവരുടെ ഒരനുജൻ മാത്രം ജീവനോടെ ബാക്കിയുണ്ട്. കൊലയാളിയെ പിടികൂടാൻ അയാളെ കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്.’’
‘നെക്രോമാൻസി’, ‘സോംബി’ ഈ രണ്ടു കാര്യങ്ങളാണ് അദ്ദേഹം പഠിക്കാൻ ശ്രമിച്ചത്. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഗോത്രങ്ങളുടെ ഇടയിൽ പ്രചാരമുള്ള അസൽ ദുർമന്ത്രവാദം. പ്രേത വശീകരണം– ഇതാണു നെക്രോമാൻസി. രണ്ടാമത്തേതു ‘ശവജീവനം’.
ഈ ദുഷ്കർമങ്ങൾ പ്രയോഗിക്കുന്നവരുടെ പ്രകൃതം, ഭാവം, സ്വഭാവം എന്നിവയിലായിരുന്നു ഇൻസ്പെക്ടർ വർമയുടെ ഗവേഷണം.
വർഷങ്ങൾക്കു മുൻപാണ്, തറവാട്ടിലെ മൂത്ത സഹോദരൻ നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വൈദ്യരാണ്. ദൂര സഞ്ചാരം കഴിഞ്ഞ് ഒരു രാത്രി ഇടവഴിയിലൂടെ വരുമ്പോൾ തലയിൽ ശക്തമായ അടിയേറ്റു രക്തം വാർന്നു മരിച്ചു. മോഷണത്തിനു വേണ്ടിയുള്ള വഴിയോരക്കൊലപാതകം. ജന്മികളെയോ പ്രമാണിമാരെയോ ചികിത്സിച്ചാണു വൈദ്യരുടെ രാത്രിയിലെ വരവെങ്കിൽ കൈവശം ധാരാളം പണം കാണും. അതറിയാവുന്ന ഒരാളാവണം കൊലയാളി.
വൈദ്യരുടെ ദുർമരണത്തിൽ എല്ലാവരും ദുഃഖിച്ചു. രോഗികളുടെ ആശ്രയമായിരുന്നു അദ്ദേഹം. ഒരാഴ്ച പിന്നിട്ടു. വീടു സമാധാനത്തിലേക്കു മടങ്ങുന്നു. അതിനിടയിലാണു വൈദ്യരുടെ അനുജനും സമാന രീതിയിൽ അടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കത്തേക്കാൾ നാടിനെ ഉലച്ചത് അതിലെ നാടകീയതയാണ്. ഒരാഴ്ച മുൻപു കൊല്ലപ്പെട്ട വൈദ്യരാണ് ഇരുമ്പുവടി കൊണ്ടു സഹോദരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്ന് ഇളയ സഹോദരി മൊഴി നൽകി. തലേന്നു രാത്രി നായ്ക്കളുടെ ഓലി കേട്ടാണു പുറത്തേക്കു നോക്കിയത്. അപ്പോൾ മതിലിനു മുകളിലൂടെ മനുഷ്യരൂപം നീങ്ങുന്നു. കാലുകൾ അനങ്ങുന്നില്ല. തല തകർന്നു ചോരയൊലിക്കുന്നുണ്ട്. വെള്ള വസ്ത്രത്തിന്റെ മേൽഭാഗത്തു ചോര പടർന്നിട്ടുണ്ട്. വായുവിലൂടെ തെന്നി നീങ്ങുന്ന രൂപം പൂമുഖത്തെ റാന്തലിന്റെ വെളിച്ചത്തിലേക്കു മാറി നിന്നു. അതുകണ്ട സഹോദരി ബോധം നഷ്ടപ്പെട്ടു വീണു. കൊല്ലപ്പെട്ട മൂത്തസഹോദരൻ– വൈദ്യർ. കയ്യിൽ ഇരുമ്പുവടി.
അടുത്ത മുറിയിൽ നിന്നു ജോലിക്കാരിയുടെ അലമുറ കേട്ടാണു സഹോദരി ഉണർന്നത്. അവിടെ ഉറങ്ങിക്കിടന്ന രണ്ടാമത്തെ സഹോദരൻ തലതകർന്നു മരിച്ച നിലയിൽ കട്ടിലിൽ കിടക്കുന്നു. ഇൻസ്പെക്ടർ ആർ.സി. വർമ, കൊല്ലപ്പെട്ടവരുടെ സഹോദരി പറഞ്ഞ മൊഴികൾ വിശ്വസിച്ചില്ല. പക്ഷേ, അവർ ബോധപൂർവം കള്ളംപറയുന്നതല്ലെന്ന് അദ്ദേഹത്തിനു തോന്നി.
കൊല്ലപ്പെട്ട വൈദ്യർ തിരിച്ചെത്തി സഹോദരനെ കൊലപ്പെടുത്തിയെന്ന കഥ നാട്ടിൽ പ്രചരിച്ചു. ഉച്ചയോടെ കഥ വീണ്ടും മാറി. തന്റെ കൊലയാളിയായ സഹോദരനെ കൊലപ്പെടുത്താൻ വൈദ്യരുടെ പ്രേതം വീട്ടിലെത്തിയെന്നായി പറച്ചിൽ. പ്രേതദർശനമുണ്ടായ സഹോദരിയുടെ സമനില തെറ്റി. ശേഷിക്കുന്ന 4 സഹോദരന്മാരും തറവാട്ടിൽ തന്നെയാണു താമസം. ഒരുമാസം കഴിഞ്ഞപ്പോൾ രാത്രി ശബ്ദം കേട്ടു പുറത്തിറങ്ങിയ മൂന്നാമത്തെ സഹോദരനും തലയ്ക്ക് അടിയേറ്റു കൊല്ലപ്പെട്ടു. സ്റ്റേഷൻ പരിധിയിലെ ഒരേ വീട്ടിൽ ഒരേ തരത്തിൽ കൊലപാതകങ്ങൾ ആവർത്തിച്ചത് ഇൻസ്പെക്ടർ വർമയെ സമ്മർദത്തിലാക്കി. അന്വേഷണത്തിൽ മന്ത്രവാദിയുടെ സഹായം തേടാൻ സഹപ്രവർത്തകർ അദ്ദേഹത്തെ ഉപദേശിച്ചു.
മൂന്നാമത്തെ സഹോദരന്റെ സംസ്കാര കർമങ്ങൾക്കിടയിലാണു വെള്ളപ്പാന്റ്സും ഷർട്ടും ധരിച്ച അപരിചിതനെ ശ്രദ്ധിച്ചത്. ഈ സംഭവങ്ങളുടെ പൊരുൾ ശാസ്ത്രീയമായി വിശദീകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നെക്രോമാൻസി, സോംബി എന്നീ വാക്കുകൾ അദ്ദേഹത്തിൽ നിന്നാണു വർമ കേട്ടത്. അത് ആരാണ്? അദ്ദേഹം തിരക്കി.
വലിയ മനഃശാസ്ത്രജ്ഞനാണ്. സിലോണിലായിരുന്നു ജോലി. വിരമിച്ചപ്പോൾ ഈ നാട്ടിലൊരു വീടുവാങ്ങി. ഇൻസ്പെക്ടർ വർമ അദ്ദേഹത്തെ നേരിൽ കണ്ടു സംസാരിച്ചു. അതിസമ്പന്നനാണ്. ഉപയോഗിക്കുന്ന റിസ്റ്റ് വാച്ച്, പേന, മോട്ടോർ സൈക്കിൾ എല്ലാം വിലകൂടിയ ബ്രാൻഡുകളാണ്. ആധികാരികമായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
ദുർമന്ത്രവാദിയായ ആരോ വൈദ്യരെ കൊലപ്പെടുത്തി. എന്നിട്ടു വൈദ്യരുടെ പ്രേതത്തെ വശീകരിച്ചു സോംബിയാക്കി വീണ്ടും കൊല ചെയ്യിക്കുന്നു. ഇതാണു മനഃശാസ്ത്രജ്ഞന്റെ തിയറി. വിദേശ പുസ്തകങ്ങൾ കാണിച്ച് അദ്ദേഹം നാട്ടുകാരെ മുഴുവൻ അതു വിശ്വസിപ്പിച്ചു. വൈദ്യരുടെ അയൽവാസികൾ താമസം മാറി. ആരും ആ വഴി വരാതായി.
‘‘എന്ത് അസംബന്ധമാണു മിസ്റ്റർ നിങ്ങൾ ഈ നാട്ടിൽ പ്രചരിപ്പിക്കുന്നത്?’’ മനഃശാസ്ത്രജ്ഞന്റെ മുന്നിൽ നിന്ന് ഇൻസ്പെക്ടർ വർമ അലറി.
‘‘മിസ്റ്റർ ഓഫിസർ, സോംബികളെക്കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. മന്ത്രങ്ങൾ കൊണ്ടു മൃതശരീരങ്ങൾക്കു ജീവൻ കൊടുത്തു കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന രീതിയുണ്ട്. ഇതൊന്നും അറിയാതെ നിങ്ങൾ അലറാൻ നിൽക്കേണ്ട. വൈദ്യരുടെ ശേഷിക്കുന്ന സഹോദരങ്ങൾ കൂടി കൊല്ലപ്പെടുമ്പോൾ താൻ പഠിക്കും.’’ മനഃശാസ്ത്രജ്ഞനും തിരിച്ചടിച്ചു.
പറഞ്ഞതു പോലെ സംഭവിച്ചു. വൈദ്യരുടെ നാലാമത്തെ സഹോദരനും സമാനരീതിയിൽ കൊല്ലപ്പെട്ടു. മേലധികാരികളുടെ സമ്മർദം വർമയ്ക്കും തലവേദനയായി. അദ്ദേഹം അവധിയിൽ പ്രവേശിച്ചു. മരിക്കാതെ ശേഷിക്കുന്ന ഇളയ സഹോദരനെ വീട്ടിൽ നിന്നു മാറ്റി. 4 മാസം കഴിഞ്ഞു. പുതിയ കൊലപാതകങ്ങൾ നടക്കുന്നില്ല.
വൈദ്യരുടെ ‘സോംബി’ ഒഴിഞ്ഞുപോയതായി നാട്ടുകാരും വിശ്വസിച്ചു. എല്ലാം സാധാരണ മട്ടിലായി. പ്രേതവിഷയത്തിലെ ഗവേഷണം പൂർത്തിയാക്കി ഇൻസ്പെക്ടർ വർമ സ്റ്റേഷനിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ വൈദ്യരുടെ ഇളയ സഹോദരനും തിരിച്ചെത്തി. കൊൽക്കത്തയിൽ ജോലി കിട്ടിയെന്നും ഓണം കഴിഞ്ഞാൽ നാടുവിടുമെന്നും അദ്ദേഹം അയൽക്കാരോടും ബന്ധുക്കളോടും പറഞ്ഞു.
ആദ്യ ദിവസങ്ങളിൽ പകൽ മാത്രം വീട്ടിൽ കഴിച്ചു കൂട്ടി. പിന്നീടു രാത്രിയിലും ധൈര്യത്തോടെ അവിടെ കഴിയാൻ തുടങ്ങി.
ചിങ്ങം വെളുക്കുന്നു, ഓണത്തിന് അധികം ദിവസങ്ങളില്ല. ഒരു രാത്രി വീണ്ടും നായ്ക്കളുടെ ഓലി. മതിലിനു മുകളിൽ വീണ്ടും ‘സോംബി വൈദ്യർ’.
കട്ടിലിൽ കിടന്ന വൈദ്യരുടെ സഹോദരൻ ഭയന്നു, മുറിയിൽ പതുങ്ങിയ ഇൻസ്പെക്ടർ വർമ പറഞ്ഞു: ‘‘ നീ ഭയപ്പെടേണ്ട, ഞങ്ങളുണ്ടു കൂടെ.’’ അദ്ദേഹം തോക്കിൽ പിടിമുറുക്കി. നിമിഷങ്ങൾക്കുള്ളിൽ വാതിൽ തകർത്തു ‘സോംബി’ സഹോദരന്റെ കിടപ്പുമുറിയിൽ എത്തി. ഇരുമ്പുവടി ഉയർത്തിയ സോംബിയുടെ കൈപ്പത്തി നോക്കി വർമ തോക്കിന്റെ പാത്തി വീശി. കമ്പിവടി തെറിച്ചു. വലിയ അലർച്ചയോടെ സോംബി പുറത്തേക്കു കുതിച്ചു. വീടു വളഞ്ഞിരുന്ന പൊലീസുകാരെ കബളിപ്പിച്ച് അത് അപ്രത്യക്ഷമായി.
പിറ്റേന്നു രാവിലെ കൈവിലങ്ങുമായി ഇൻസ്പെക്ടർ വർമ മനഃശാസ്ത്രജ്ഞന്റെ വീട്ടിലെത്തി. മുഴുക്കൈ ജുബ്ബ ധരിച്ച അയാൾ ചാരു കസേരയിൽ വായിച്ചു കൊണ്ടു കിടക്കുകയാണ്. പൊലീസ് ജീപ്പ് മുറ്റത്തു നിന്നതും അദ്ദേഹം എത്തി നോക്കി. ഒറ്റവലിക്കു ചായ കുടിച്ചു തീർത്തു വർമയ്ക്കു വേണ്ടി കാത്തിരുന്നു. ഇൻസ്പെക്ടർ വർമ വിലങ്ങണിയിക്കാൻ മനഃശാസ്ത്രജ്ഞന്റെ കൈകളിൽ കടന്നു പിടിച്ചു. അതു തണുത്തിരുന്നു. അയാൾ ആത്മഹത്യ ചെയ്തു. ഇൻസ്പെക്ടറുടെ വിശ്വസ്തനായ ഓഫിസർ കെ. രമേശൻനായരുടെ ഓർമകളിലൂടെയാണ് ഈ കേസന്വേഷണത്തിന്റെ കഥ പുറംലോകം അറിഞ്ഞത്.
ഇൻസ്പെക്ടർ വർമ
കുറ്റവാളിയിലേക്ക്
എത്തിയ വഴി
ദുർമന്ത്രവാദത്തിൽ വിശ്വസിച്ചാൽ പോലും ചിതയിൽ ദഹിപ്പിച്ച മൃതദേഹത്തെ സോംബിയാക്കാൻ കഴിയില്ല.
വൈദ്യരുടെ മറ്റു സഹോദരങ്ങളും കൊല്ലപ്പെടുമെന്ന മനഃശാസ്ത്രജ്ഞന്റെ വെല്ലുവിളി. ആദ്യ സൂചനയായി.
ജീവനോടെ ശേഷിച്ച സഹോദരനെ വീട്ടിൽ നിന്നു മാറ്റിനിർത്തിയതോടെ അപ്രത്യക്ഷനായ സോംബി. കൊലയാളിയുടെ ലക്ഷ്യം വൈദ്യരുടെ കുടുംബം മാത്രമാണെന്നു വ്യക്തമാക്കി.
കൊല്ലപ്പെട്ട വൈദ്യരുടെ മൂന്നാമത്തെ സഹോദരനുമായി മനഃശാസ്ത്രജ്ഞനുണ്ടായിരുന്ന രൂപസാമ്യം.
സോംബിഗവേഷണത്തിനായി അവധിയെടുത്ത വർമ സിലോണിൽ നേരിട്ടു നടത്തിയ അന്വേഷണം. അവിടെ മനഃശാസ്ത്രജ്ഞന്റെ തൊഴിൽ രേഖകളിൽ പിതാവിന്റെ സ്ഥാനത്തു വൈദ്യരുടെ പിതാവിന്റെ പേരു കണ്ടത്.
വൈദ്യരുടെ പിതാവിന്റെ രഹസ്യ ഭാര്യയിലെ മകനാണു മനഃശാസ്ത്രജ്ഞനെന്ന തിരിച്ചറിവ്.
പിതാവിന്റെ സ്വത്തു നേടാൻ മനഃശാസ്ത്രജ്ഞൻ നിയമോപദേശം തേടി നിരാശപ്പെട്ട, സിലോണിലെ അഭിഭാഷകന്റെ മൊഴികൾ.
(അന്ന് ഡിഎൻഎ പരിശോധനയുണ്ടായിരുന്നില്ല)
ഇളയ സഹോരനെ നാട്ടിൽ നിന്നു മാറ്റിനിർത്തിയ പൊലീസ് മനഃശാസ്ത്രജ്ഞനെ അക്ഷമനാക്കി.
ഇളയ സഹോദരൻ ഓണം കഴിഞ്ഞു കൊൽക്കത്തയിലേക്കു പോകുമെന്ന കള്ളക്കഥ പ്രചരിപ്പിച്ചു. വേഗം കൊലപാതകത്തിനു ശ്രമിക്കാൻ മനഃശാസ്ത്രജ്ഞനെ നിർബന്ധിതനാക്കി.
തോക്കിൻപാത്തി കൊണ്ടുള്ള അടിയുടെ ആഘാതത്തിൽ കൈത്തണ്ടയിൽ നിന്നു തെറിച്ചു വീണ വില കൂടിയ റിസ്റ്റ് വാച്ച്.
അടികൊണ്ടു നീരുവന്ന കൈപ്പത്തി മറ്റാരും കാണാതിരിക്കാൻ ധരിച്ച മുഴുക്കൈ ജുബ്ബ.
മനഃശാസ്ത്രജ്ഞൻ കുടിച്ച ചായക്കോപ്പയിൽ കണ്ടെത്തിയ കൊടിയ വിഷം.