അഴിക്കുന്തോറും മുറുക്കമേറിയ കേസ്

HIGHLIGHTS
  • സ്രാവു കടിച്ച പാടുകൾ കയ്യിൽ കണ്ടെത്തിയില്ല.
  • ചിത്രം കണ്ട യുവതിയും സഹോദരനും പൊലീസിനെ സമീപിച്ചു
shark-arm-case-jimmy-smith-murder-case
SHARE

സ്രാവുകൾ 2 തരമുണ്ട്. ഇരയെ കടിച്ചു മുറിച്ച് അകത്താക്കുന്നതും ഉടലോടെ വിഴുങ്ങുന്നതും. കുറ്റവാളികൾ 2 തരമുണ്ട്. അവസാനം വരെ കൂട്ടുപ്രതികളെ സംരക്ഷിക്കുന്നവരും അവസരം കിട്ടിയാൽ പണത്തിനു വേണ്ടി ഒറ്റുന്നവരും. കൊലക്കേസുകളും 2 തരമുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയതും അല്ലാത്തതും. ഇതു മൂന്നും ഒത്തു വന്ന സംഭവം പറയാം. കുറ്റാന്വേഷകർക്ക് ഇതുവരെ ഉത്തരം കണ്ടെത്താൻ കഴിയാത്ത ഈ കേസ് റജിസ്റ്റർ ചെയ്തത് ഓസ്ട്രേലിയയിലെ കൂജി ബീച്ചിലാണ്.

കടലിൽ നിന്നു ജീവനോടെ പിടികൂടിയ 4 മീറ്റർ നീളം വരുന്ന ടൈഗർ സ്രാവിനെ ബീച്ചിനു സമീപത്തെ അക്വേറിയം ഉടമ വാങ്ങി. സ്രാവിനെ കാണാനും തീറ്റകൊടുക്കാനും ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കൂടി വന്നു. സ്രാവിന്റെ വലുപ്പം കാരണം നീന്തൽകുളത്തിലാണു സൂക്ഷിച്ചിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ സ്രാവ് തീറ്റ കഴിക്കാതായി. പിന്നീടൊരു ദിവസം അതു ഛർദിച്ചു. സ്രാവിന്റെ വയറ്റിൽ നിന്നു പുറത്തു ചാടിയത്  മനുഷ്യന്റെ വലതു കൈ. മുട്ടിനു മുകളിൽ മുറിഞ്ഞ നിലയിലാണതു കണ്ടത്.

1 മാസം മുൻപു ബീച്ചിൽ കുളിക്കാനിറങ്ങിയ 3 യുവാക്കളെ പല ദിവസങ്ങളിലായി സ്രാവു പിടിച്ചിരുന്നു. ഇതും സ്രാവു പിടിച്ച ആരുടെയൊ കൈ, എന്നാണ് എല്ലാവരും കരുതിയത്. ദൃഢമായ മാംസപേശികളുള്ള കൈ വെളുത്തവർഗക്കാരന്റേതായിരുന്നു. അതിൽ 2 ബോക്സിങ് പോരാളികളെ പച്ചകുത്തി (ടാറ്റു)യിരുന്നു.

ഓസ്ട്രേലിയൻ പൊലീസ് ‘ഷാർക് ആം കേസ്’ എന്നപേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ‘കൈ’ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. അതിനിടയിൽ അസുഖം ബാധിച്ച ടൈഗർ സ്രാവ് ചത്തു. അതിനുള്ളിൽ കൂടുതൽ മനുഷ്യഭാഗങ്ങളുണ്ടോയെന്നു കണ്ടെത്താൻ പോസ്റ്റ്മോർട്ടം ചെയ്തു. അത് അന്വേഷണത്തിനു നാടകീയ വഴിത്തിരിവുണ്ടാക്കി. ടൈഗർ സ്രാവിന്റെ ജഡത്തിനുള്ളിൽ മറ്റൊരു സ്രാവ്, കൈ വിഴുങ്ങിയ ചെറിയ സ്രാവിനെ പിന്നീട് ടൈഗർ സ്രാവ് തിന്നുകയായിരുന്നു.

ഫൊറൻസിക് പരിശോധനാ ഫലങ്ങൾ

 സ്രാവു കടിച്ച പാടുകൾ കയ്യിൽ കണ്ടെത്തിയില്ല. പകരം മൂർച്ചയുള്ള കത്തികൊണ്ടു മുറിച്ച പാടുകളുണ്ട്. ഇതോടെ കൊലപാതക സാധ്യതയേറി. (കൊലപാതകത്തിനു ശേഷം കൊലയാളി കടലിലേക്കു വലിച്ചെറിഞ്ഞ ‘കൈ’ വിഴുങ്ങിയ സ്രാവിനെ മറ്റൊരു സ്രാവ് തിന്നുകയായിരുന്നു.)

 മുറിച്ചു മാറ്റിയ കയ്യിലെ വിരലടയാളങ്ങൾ സർക്കാർ ഡേറ്റ ബാങ്കുമായി ഒത്തുനോക്കാൻ ശേഖരിച്ചു. (പണ്ടു മുതൽ ഓസ്ട്രേലിയയിൽ ഡ്രൈവിങ് ലൈസൻസ് നൽകുമ്പോൾ വിരലടയാളം ശേഖരിച്ചിരുന്നു.)

 മുറിച്ചുമാറ്റിയ കൈത്തണ്ടയിലെ, ബോക്സർമാരുടെ ടാറ്റു പതിഞ്ഞ ഭാഗത്തിന്റെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.

ഷാർക്ക് ആം കേസിന്റെ വാർത്തയ്ക്കൊപ്പം ടാറ്റു പതിച്ച കൈത്തണ്ടയുടെ ചിത്രം കണ്ട യുവതിയും സഹോദരനും പൊലീസിനെ സമീപിച്ചു.

ഗ്ലാഡ്സ്‌വിൽ പ്രവിശ്യയിലാണ് അവർ താമസിക്കുന്നത്. യുവതിയുടെ ഭർത്താവും ബോക്സറുമായ ജിമ്മി സ്മിത്തി (45)നെ ഒരാഴ്ചയായി കാൺമാനില്ല. ജിമ്മിയുടെ ഡ്രൈവിങ് ലൈസൻസ് രേഖകളുമായി സ്രാവു വഴുങ്ങിയ കയ്യിലെ വിരലടയാളങ്ങൾ പൊരുത്തപ്പെട്ടു.

ഇതോടെ അന്വേഷണം കൂജി ബീച്ചിൽ നിന്നു ഗ്ലാഡ്സ്‌വില്ലിലേക്കു നീങ്ങി. ദക്ഷിണ സിഡ്നിയിലെ ഒരു രണ്ടാംതരം ബാറിൽ ജിമ്മി സ്മിത്ത് മറ്റൊരാൾക്കൊപ്പം മദ്യപിച്ചു ചീട്ടുകളിക്കുന്നതു കണ്ടതായി ഒന്നിലധികം പേർ മൊഴി നൽകി. അടുപ്പക്കാരനായ പാട്രിക് ബ്രാഡിയാണു ജിമ്മിനൊപ്പം ചീട്ടുകളിച്ചതെന്നു കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടിയില്ല. ബ്രാഡി അത്രനല്ല പുള്ളിയല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ക്രിമിനൽ സംഘങ്ങളുമായി അടുപ്പമുള്ള മുൻ പട്ടാളക്കാരനാണു ബ്രാഡി. സംഭവ ദിവസം ബ്രാഡി ടാക്സിയിൽ ജിമ്മി സ്മിത്തിന്റെ ബിസിനസ് പങ്കാളിയായ റെജിനോൾഡ് ഹോംസിന്റെ താമസസ്ഥലത്ത് എത്തിയതായി പൊലീസ് കണ്ടെത്തി. ബ്രാഡി ജാക്കറ്റിനുള്ളിൽ എന്തോ മറച്ചു പിടിക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നു ടാക്സി ഡ്രൈവർ മൊഴി നൽകി. അതിനിടെ അയാൾ ഒളിവിൽപ്പോയി.

ഇതോടെ അന്വേഷണം റെജിനോൾഡിലെത്തി. അയാളെ പൊലീസ് ചോദ്യം ചെയ്തു. അല്ലറ ചില്ലറ സാമ്പത്തിക തട്ടിപ്പുകളും തരികിടകളുമായി ജീവിക്കുന്നയാളാണു റെജിനോൾഡ്. സമ്പന്ന കുടുംബത്തിലെ വളരെ നല്ലപേരുള്ള മാതാപിതാക്കളുടെ മകനാണ്.

തട്ടിപ്പുകൾ പുറത്തറിഞ്ഞാൽ ഒരുപാടു നഷ്ടപ്പെടാനുണ്ട്. ജിമ്മി സ്മിത്ത് അതു മുതലെടുക്കാൻ ശ്രമിച്ചിരുന്നു. റെജിനോൾഡിനെ ബ്ലാക്മെയിൽ ചെയ്ത് അയാൾ തുടർച്ചയായി പണം തട്ടി.

ഇത്രയും വിവരങ്ങൾ ശേഖരിച്ച ശേഷമാണു പൊലീസ് റെജിനോൾഡിനെ ചോദ്യം ചെയ്തത്. തട്ടിപ്പുകാര്യങ്ങൾ ഏറ്റുപറഞ്ഞ അയാൾ ജിമ്മിയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് ആണയിട്ടു. റെജിനോൾഡിന്റ അയൽവാസികളെ പൊലീസ് ചോദ്യം ചെയ്തു. പാട്രിക് ബ്രാഡി കാണാനെത്തിയതിന്റെ തൊട്ടുപിന്നാലെ റെജിനോൾഡ് സ്വന്തംകാറിൽ പുറത്തേക്കു പോയതായും വണ്ടി നീങ്ങിയതു കൂജി ബീച്ച് റൂട്ടിലാണെന്നും ബോധ്യപ്പെട്ടതോടെ അന്വേഷണം ശരിയായ ദിശയിലെത്തി.

ഒരാഴ്ച കഴിഞ്ഞപ്പോൾ റെജിനോൾഡിനെ കാറിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വൈകാതെ പാട്രിക് ബ്രാഡി അറസ്റ്റിലായി

തെളിവുകളുടെ അഭാവത്തിൽ കോടതി അയാളെ കുറ്റവിമുക്തനാക്കി. 68–ാം വയസ്സിൽ മരിക്കും വരെ ജിമ്മിയുടെയും റെജിനോൾഡിന്റെയും കൊലപാതകത്തിൽ പങ്കില്ലെന്ന് അയാൾ ആണയിട്ടു.

ഷാർക്ക് ആം കേസിന്റെ നിത്യഹരിത നിഗൂഢതകൾ:

ജിമ്മി സ്മിത്തിന് എന്താണു സംഭവിച്ചത്? 

ബ്ലാക്മെയിലിങ് സഹിക്കവയ്യാതെ ജിമ്മിയെ കൊലപ്പെടുത്താൻ പാട്രിക്ക് ബ്രാ‍‍‍ഡിയെ ചുമതലപ്പെടുത്തിയതു റെജിനോൾഡ് ഹോംസാണ്. കൊല നടത്തിയതിന്റെ തെളിവായി ജിമ്മിയുടെ ടാറ്റു പതിച്ച കൈ അറത്തുകൊണ്ടു വന്ന പാട്രിക്ക് അതു റെജിനോൾഡിന്റെ വീട്ടിൽ ഉപേക്ഷിച്ചു പോയി. റെജിനോൾഡ് അതു കടലിൽ എറിഞ്ഞു. ജിമ്മി മരിച്ചതിന്റെ തെളിവു ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. ‘വലതു കൈ’ അറ്റുപോകുന്നതു കൊണ്ടു മാത്രം ഒരാൾ മരിക്കണമെന്നില്ലല്ലോ? കൊലക്കുറ്റത്തിനു പ്രതിയെ ശിക്ഷിച്ച ശേഷം വലതു കൈ ഇല്ലാതെ ജിമ്മി പ്രത്യക്ഷപ്പെട്ടാൽ പൊലീസ് എന്തു പറയും?

വിചാരണക്കോടതിയുടെ ഈ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. (തല അറ്റുപോയ  ശരീരമോ  അറ്റുപോയ തലയോ കണ്ടെത്തിയാൽ മാത്രമ‌േ ഒരാൾ മരിച്ചതായി കണക്കാക്കാൻ കഴിയൂ എന്നതായിരുന്നു അപകടത്തിൽ കൈകാലുകൾ അറ്റുപോയിട്ടും ജീവിക്കുന്നവരെ ചൂണ്ടിക്കാട്ടി ഈ കേസിൽ കോടതി സ്വീകരിച്ച നിലപാട്)

റെജിനോൾഡ് ഹോംസ് എങ്ങനെ മരിച്ചു?

ജിമ്മിയെ കൊലപ്പെടുത്തിയതിനു പണം കൈപ്പറ്റിയ പാട്രിക്ക് ബ്രാഡി തുടർന്നും ജിമ്മിയുടെ അതേ മാതൃകയിൽ റെജിനോൾഡിനെ ബ്ലാക്മെയിൽ ചെയ്തു കൂടുതൽ പണം തട്ടി. പൊലീസ് ചോദ്യം ചെയ്തതോടെ പാട്രിക്ക് ബ്രാഡി ഒറ്റുക്കൊടുക്കുമെന്നു ഭയന്ന അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കാറിൽ തന്നെ വെടിവച്ചു കൊല്ലാൻ അയാൾ വാടകക്കൊലയാളിക്കു സ്വയം പണം നൽകി.

പാട്രിക് ബ്രാഡിയുടെ അടുപ്പക്കാരനായ വാടകക്കൊലയാളിയെത്തന്നെയാണ് അതിനു നിയോഗിച്ചത്. അതിലൂടെ തന്റെ മരണത്തിന്റെ യഥാർഥ കാരണക്കാരനായ  ബ്രാഡിയെ കുടുക്കാമെന്നും റെജിനോൾഡ് കരുതി.

 അപ്പോൾ ജിമ്മി സ്മിത്തിനെ കൊലപ്പെടുത്തിയതു പാട്രിക് ബ്രാഡിയാണോ? റെജിനോൾഡാണോ?

വ്യക്തമായ തെളിവില്ല. ചില കുറ്റകൃത്യങ്ങൾ ഇങ്ങനെയാണ്, അഴിക്കുന്തോറും മുറുകും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ