പോസ്റ്റ്മോർട്ടം മേശയിലെ ജഡങ്ങൾ

HIGHLIGHTS
  • മനസ്സിൽ ഏറെ പ്രാർഥനയോടെ അയാൾ വീട്ടിലേക്കു മടങ്ങിപ്പോയി.
  • കേരളത്തെ നടുക്കിയ അപകടമായിരുന്നു പെരുമൺ ദുരന്തം.
evidence-from-postmortem-table
SHARE

മലയാള സിനിമയിലെ വീരനായകനായിരുന്ന നടൻ ജീവിതത്തിന്റെ അവസാന കാലത്തു സന്യാസവേഷധാരിയായി കഴിഞ്ഞതിനു കാരണം ഒരു വാഹനാപകടമായിരുന്നു; അദ്ദേഹത്തിന്റെ മകളുടെ അകാല മരണത്തിനു വഴിയൊരുക്കിയ അപകടം. സാരി ഗാർഡ് ഇല്ലാതിരുന്ന ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങിയാണ് അപകടമുണ്ടായതെന്നു സാക്ഷ്യപ്പെടുത്തിയതു ഫൊറൻസിക് മെഡിസിൻ അധ്യാപികയായ ഡോ. ഷേർലി വാസുവാണ്.

ഓരോ വാഹനാപകടങ്ങൾക്കും പിന്നിൽ ഇത്തരം ചില കുറ്റകരമായ അനാസ്ഥകൾ കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുന്ന പൊലീസ് സർജന്മാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും കഴിയാറുണ്ട്. മുടിയുടെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ ഹെൽമെറ്റ് ഊരി കയ്യിൽ തൂക്കിയ ജഡം, വീട്ടിൽ വഴക്കുണ്ടാക്കി വാങ്ങിയ ബൈക്കിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് അടച്ച രസീത് പോക്കറ്റിലിട്ടു പോസ്റ്റ്മോർട്ടം ടേബിളിൽ എത്തുന്ന ചെറുപ്പക്കാരൻ... വേദനിപ്പിക്കുന്ന ഇത്തരം സന്ദർഭങ്ങളുണ്ട്.

വർഷങ്ങൾക്കു മുൻപു പൊലീസ് സർജനെ കാണാനെത്തിയ കെഎസ്ആർടിസി ഡ്രൈവർ കൈകൂപ്പി നിന്നു: ‘‘ മാഡമാണെന്നെ രക്ഷിച്ചത്, കഴിഞ്ഞ ദിവസം വഴിയാത്രക്കാരൻ വണ്ടിയിടിച്ചു മരിച്ച കേസിൽ പൊലീസ് എന്നെയാണു പ്രതിയാക്കി കേസെടുത്തിരുന്നത്. അവർക്കു വേണ്ടപ്പെട്ട ആരയോ സംരക്ഷിക്കാനായിരുന്നു അത്. ഇന്നലെ എന്നെക്കണ്ട ഓഫിസർ പറഞ്ഞു: ‘താൻ രക്ഷപ്പെട്ടടോ, മൃതദേഹത്തിൽ കണ്ട ടയറിന്റെ മാർക്ക് കെഎസ്ആർടിസി ബസിന്റേതല്ലെന്ന നിലപാടിൽ ഫൊറൻസിക് സർജൻ ഉറച്ചു നിൽക്കുന്നു.’ ജീപ്പിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതാണു മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ നിഗമനം. 20 വർഷമായി ഞാൻ ഡ്രൈവറായി ജോലി ചെയ്യുന്നു. ഇതുവരെ ഒരപകടം പോലും ഉണ്ടാക്കിയിട്ടില്ല. അപ്പോഴായിരുന്നു ഈ കേസ്. മാഡത്തിന്റെ നിലപാടാണ് എന്നെ രക്ഷിച്ചത്... നന്ദിയുണ്ട്.’’

അപകട മരണക്കേസുകളിൽ ഇങ്ങനെയും ചില ചതികൾ കാണാം.

മലബാറിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകന്റെ അപകട മരണം പലരെയും ഞെട്ടിച്ചു. വീട്ടിൽ നിന്നു നടന്നു ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിനു പോകേണ്ടിയിരുന്ന ബസ് കടന്നു പോയി. പിന്നാലെ വന്ന ബൈക്കിനു കൈകാട്ടിയ അദ്ദേഹം അതിന്റെ പിന്നിൽ കയറി മുൻപേ പോയ ബസിനെ മറികടന്നു കൈകാട്ടി നിർത്തി അതിൽ കയറിപ്പോയി. അധികം വൈകാതെ ആ ബസ് അപകടത്തിൽപെട്ട് അദ്ദേഹം മരിച്ചു. അടുപ്പമുള്ളവർ ഇതിനെ ‘സമയം’ എന്നു പറഞ്ഞു സ്വയം ആശ്വസിക്കും.

കേരളത്തെ നടുക്കിയ അപകടമായിരുന്നു പെരുമൺ ദുരന്തം. അതു കഴി‍ഞ്ഞു വർഷങ്ങൾക്കു ശേഷം കേട്ട ഒരു കഥ പറയാം. അപകടത്തിൽ അകപ്പെട്ട ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിച്ചിരുന്ന ഒരാൾ തിരുവനന്തപുരത്തേക്കുള്ള യാത്ര എറണാകുളത്ത് അവസാനിപ്പിച്ചു.

മനസ്സിൽ ഏറെ പ്രാർഥനയോടെ അയാൾ വീട്ടിലേക്കു മടങ്ങിപ്പോയി. പെരുമണ്ണിൽ അഷ്ടമുടിക്കായലിലേക്കു പതിച്ച ബോഗികളിൽ ഒന്നിലാണു താനും സഞ്ചരിച്ചിരുന്നതെന്നു പിന്നീട് അയാൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

പെരുമൺ ദുരന്തത്തിനു പിന്നിൽ അട്ടിമറിയാണോ എന്ന് അന്വേഷിച്ച പൊലീസ് സംഘം യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച ചിലരെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്ത കൂട്ടത്തിൽ ഇയാളുടെയും മൊഴിയെടുത്തു. അന്നയാൾ നൽകിയ മൊഴികൾ അന്വേഷണോദ്യോഗസ്ഥരെ ഞെട്ടിച്ചെങ്കിലും അയാളുടെ മൊഴികൾ രേഖപ്പെടുത്തിയില്ല. അതു രേഖപ്പെടുത്തുന്നത് ‘അന്ധവിശ്വാസം’ പ്രചരിപ്പിക്കാൻ വഴിയൊരുക്കുമെന്ന കൂട്ടായ അഭിപ്രായത്തെ തുടർന്നാണു മൊഴി രേഖപ്പെടുത്താതിരുന്നത്.

തിരുവനന്തപുരത്തേക്കുള്ള യാത്ര എറണാകുളത്ത് അവസാനിപ്പിക്കാൻ കാരണമായി അയാൾ പറഞ്ഞ മൊഴി ഇതാണ്:

‘‘സർ, ഞാനൊരു കൈനോട്ടക്കാരനാണ്. അന്നു ഞാൻ സഞ്ചരിച്ച ബോഗിയിലുണ്ടായിരുന്ന പലരുടെയും കൈകൾ നോക്കി ഫലം പറഞ്ഞിരുന്നു. കൈരേഖാശാസ്‌ത്ര പ്രകാരം പലരുടെയും ആയുസ്സ് എത്തിയതായി കണ്ടു ഭയന്നാണു ഞാൻ എറണാകുളം എത്തിയപ്പോൾ ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയത്.’’

അബദ്ധത്തിൽ സംഭവിക്കുന്നതാണെങ്കിലും അപകടങ്ങൾ അതിനു കാരണക്കാരായവരെ ഒരു നിമിഷം ക്രിമിനലുകളെപ്പോലെ പെരുമാറാൻ പ്രേരിപ്പിക്കും. വഴിയാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇത്തരക്കാരാണ്. അപരിചിതർ മാത്രമല്ല പരിചയക്കാരും സുഹൃത്തുക്കളും കയ്യബദ്ധക്കുറ്റങ്ങളോട് ഇത്തരത്തിൽ പ്രതികരിക്കാറുണ്ട്. മുൻപൊരിക്കൽ കോഴിക്കോട് നല്ലളത്ത് ഒരു സംഭവമുണ്ടായി. സംസ്ഥാനാന്തര ചരക്ക് സർവീസ് നടത്തുന്ന ലോറി സന്ധ്യയോടെ റോഡിന്റെ വശം ചേർന്നു പാർക്ക് ചെയ്തു. ഡ്രൈവറും ക്ലീനറും ലോറിയുടെ പഞ്ചറായ ടയർ മാറ്റാനുള്ള തയാറെടുപ്പിലാണ്. കണ്ടാൽ അറിയും ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ക്ലീനർ ലോറിയുടെ അടിയിൽ കയറി യന്ത്രഭാഗങ്ങൾ പരിശോധിക്കുന്നുണ്ട്. പെട്ടന്നു ജാക്കി തെന്നി ലോറി താഴേക്ക് അമർന്നു. ഡ്രൈവർ ജാക്കി ഉപയോഗിച്ചു ലോറി വീണ്ടും പൊക്കിയപ്പോഴേക്കും ക്ലീനർ മരിച്ചിരുന്നു. 

കയ്യബദ്ധം മനസ്സിലാക്കിയ ഡ്രൈവർ ഇരുട്ടിന്റെ മറവിൽ ക്ലീനറുടെ മൃതദേഹം വലിച്ചു റോഡിലേക്കിട്ടു. കണ്ടാൽ രാത്രിയിൽ മറ്റേതൊ വാഹനം തട്ടി മരിച്ചെന്നേ കരുതൂ. സംഭവത്തിൽ തനിക്കുള്ള പങ്കും അറിവും  ഇല്ലെന്നു വരുത്താൻ  മറ്റുള്ളവരെ തെറ്റിധരിപ്പിക്കാനുള്ള നീക്കവും അയാൾ നടത്തി. 

സമീപത്തെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ഡ്രൈവർ, കൈകഴുകി ഇറങ്ങാൻ നേരം ഹോട്ടലുടമയെ പറഞ്ഞേൽപ്പിച്ചു. ലോറിയുടെ ക്ലീനർ അയാളെ അന്വേഷിച്ചു വന്നാൽ ഭക്ഷണം കഴിച്ച ശേഷം സിനിമയ്ക്കു പോയതായി അറിയിക്കണം. പറഞ്ഞതു പോലെതന്നെ അയാൾ ടിക്കറ്റെടുത്തു സിനിമയ്ക്കു കയറി. എന്തായാലും അന്വേഷണം വളരെ വേഗം ഡ്രൈവറിലേക്ക് എത്തി. ക്ലീനറുടെ ശരീരത്തിലെ മുറിവിന്റെ സ്വഭാവം, ലോറിയുടെ മാറ്റിയ ടയറിന്റെ അടയാളം മൃതദേഹത്തിൽ കണ്ടത്, ലോറി പാർക്ക് ചെയ്ത സ്ഥലത്തു നിന്നു ശേഖരിച്ച രക്തസാംപിൾ ക്ലീനറുടെതാണെന്നു തിരിച്ചറിഞ്ഞത്, ഇതെല്ലാം കേസ് വേഗം തെളിയാൻ സഹായിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ