ആ വയലറ്റ് മഷിയുടെ ഗുട്ടൻസ്...?

HIGHLIGHTS
  • ‘വിരലിലെ മഷി മായ്ക്കുന്നത് എങ്ങനെയാണ്?’
  • ഉത്തരങ്ങൾ തിരഞ്ഞെടുപ്പു ദിവസം ഗൂഗിൾ ബ്ലോക്ക് ചെയ്തിരുന്നു
hidden-secret-of-voting-ink
SHARE

ഇന്ത്യയിലെ തിരഞ്ഞെടുപ്പു രംഗത്തെ ഇതുവരെ ചോരാത്ത ഏറ്റവും വലിയ ആ ‘രഹസ്യം’ എന്താണ്? കള്ളവോട്ടു തടയാൻ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പുരട്ടി വിടുന്ന മഷിയുടെ രാസക്കൂട്ട്. തിരഞ്ഞെടുപ്പു കമ്മിഷനു പോലും അറിയാത്ത ആ രഹസ്യം 57 വർഷമായി സൂക്ഷിക്കുന്നതു മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിലാണ്.

1937 ൽ മൈസൂർ രാജാവ് നാലവഡി കൃഷ്ണരാജ വൊഡയാർ ആരംഭിച്ച പെയിന്റ് കമ്പനിക്കാണു തിരഞ്ഞെടുപ്പു മഷി നിർമാണത്തിന്റെ കുത്തക. ഇന്ത്യയ്ക്കു പുറമേ, സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനും അടക്കം 26 വിദേശരാജ്യങ്ങൾ തിരഞ്ഞെടുപ്പിൽ കള്ളവോട്ടു തടയാൻ മൈസൂരു കമ്പനിയിൽ നിന്ന് ഇതേ മഷി ഇറക്കുമതി ചെയ്യുന്നുണ്ട്.

മഷി ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ 1962 മുതൽ നാഷനൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണു കമ്പനിയുടെ പ്രവർത്തനം. വിരലിൽ പുരട്ടിയാൽ രണ്ടാഴ്ചയിൽ അധികം മായതെ നിലനിൽക്കുന്ന ഈ മാജിക് മഷിയുടെ രാസക്കൂട്ട് അറിയാൻ പല സ്വകാര്യ ലാബുകളിലും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ആകെ തിരിച്ചറിഞ്ഞ കാര്യം മഷിയിൽ ‘സിൽവർ നൈട്രേറ്റ്’ അടങ്ങിയിട്ടുണ്ടെന്നാണ്. സൂര്യപ്രകാശത്തിനൊപ്പം അൾട്രാ വയലറ്റ് (യുവി) രശ്മികൾ മഷിയിൽ പതിക്കുന്നതോടെ വയലറ്റ് നിറം കറുപ്പായി ത്വക്കിലും നഖത്തിലും കടിച്ചുപിടിക്കും. കേരളത്തിൽ ബൂത്ത് പിടിത്തത്തിനു വലിയ സാധ്യതയില്ലാത്തതിനാൽ മഷി പുരട്ടിവിട്ടാലും കള്ളവോട്ടു ചെയ്യാനുള്ള കൗശലം ഇവിടെ വളരെ നേരത്തെ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട്. മഷി മായ്ക്കാനുള്ള ‘ദ്രാവകം’ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നവരും ഇവിടെയുണ്ട്.

വോട്ടുചെയ്യുമ്പോൾ പുരട്ടുന്ന മഷി മായ്ക്കാൻ ശ്രമിക്കുന്നതു തന്നെ തിരഞ്ഞെടുപ്പു കുറ്റമാണെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഗൂഗിൾ പുറത്തുവിട്ട കണക്കു കൗതുകകരമാണ്.

തിരഞ്ഞെടുപ്പിനു തലേ ദിവസം മുതൽ ഇന്ത്യക്കാർ ഗൂഗിളിനോടു ചോദിച്ചത് ‘തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് എങ്ങനെയാണെന്നാണ്’. തിരഞ്ഞെടുപ്പു ദിവസം ഉച്ചയ്ക്കു ശേഷം ഗൂഗിളിനോടുള്ള ചോദ്യത്തിന്റെ സ്വഭാവം മാറി ‘വിരലിലെ മഷി മായ്ക്കുന്നത് എങ്ങനെയാണ്?’ എന്നായി. ഇതിനുള്ള ഉത്തരങ്ങൾ തിരഞ്ഞെടുപ്പു ദിവസം ഗൂഗിൾ ബ്ലോക്ക് ചെയ്തിരുന്നു.

എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും ഇതേ ചോദ്യം ഒട്ടേറെപ്പേർ തുടർന്നപ്പോഴാണു മനസ്സിലായത്, ചോദ്യം ഉന്നയിക്കുന്നതു മഷി മായ്ച്ചു കളഞ്ഞു കള്ളവോട്ടു ചെയ്യാനല്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അശ്രദ്ധമായി മഷി പുരട്ടി വികൃതമാക്കിയ ചൂണ്ടുവിരലിന്റെ ഭംഗി വീണ്ടെടുക്കുകയാണു ചോദ്യകർത്താക്കളുടെ ഉദ്ദേശ്യം. സ്വാഭാവികമായി ചെറുപ്പക്കാരാണ് ഈ ചോദ്യം കൂടുതൽ ഉന്നയിച്ചത്.

2003 ലെ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പു ദിവസം കള്ളവോട്ടു ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായ യുവാവിന്റെ പക്കൽനിന്നു പൊലീസ് ഒരു പൊതി സോഡാക്കാരവും ചെറുനാരങ്ങയും കണ്ടെത്തിയതു വാർത്തയായിരുന്നു.

മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാത്തതിനാൽ ഉപതിരഞ്ഞെടുപ്പുകളിൽ കള്ളവോട്ടു കൂടുതലായിരിക്കും.

എന്നാലും സാധാരണനിലയിൽ കള്ളവോട്ടു കുറഞ്ഞ മണ്ഡലമാണ് എറണാകുളം. അന്നത്തെ ഉപതിരഞ്ഞെടുപ്പിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണു വാശിയേറിയ കള്ളവോട്ടിനു വഴിയൊരുക്കിയത്. കേരളത്തിലെ സമുന്നതനായ രാഷ്ട്രീയ നേതാവിന്റെ മകൾ നഗരമധ്യത്തിലെ പോളിങ് ബൂത്തിൽ അതിരാവിലെ വോട്ടു ചെയ്യാനെത്തിയപ്പോളാണ് അറിയുന്നത്, പോളിങ് തുടങ്ങിയപ്പോൾ തന്നെ ആരോ കള്ളവോട്ടു ചെയ്തിരിക്കുന്നു.

കാലംമാറിയപ്പോൾ കള്ളവോട്ടിന്റെ രീതി മാറി. സ്ഥാനാർഥികളുടെ കിങ്കരന്മാർ തന്നെ ഒന്നിലധികം  പോളിങ് ബൂത്തുകളിൽ വേണ്ടപ്പെട്ടവരുടെ പേരുകൾ തിരുകിച്ചേർക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള വോട്ട് ഇരട്ടിപ്പിക്കലിലൂടെ പാർലമെന്റ് മണ്ഡലങ്ങളിൽ 50,000ൽ അധികം വോട്ടുകൾ വരെ വർധിപ്പിച്ച സംഭവങ്ങൾ കേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്തു.

ഇതു കേൾക്കുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യമുണ്ട്. അരലക്ഷം വോട്ടൊക്കെ ഇങ്ങനെ വ്യാജമായി പെരുപ്പിക്കാൻ കഴിയുമോ?

ഉത്തരം സിംപിളാണ്. സംഘടിത ശേഷിയുള്ള രാഷ്ട്രീയ പാർട്ടികൾക്കു കഴിയും. ഒരു പോളിങ് ബൂത്തിലെ 10 വോട്ടു വീതം ഇങ്ങനെ ഇരട്ടിപ്പിച്ചാൽ 5000 ബൂത്തിൽ അരലക്ഷം വോട്ടു വർധിപ്പിക്കാൻ കഴിയും.

മരിച്ചവർ, കിടപ്പുരോഗികൾ, പ്രവാസികൾ... ഇവരുടെ വോട്ടുകൾ പട്ടികയിൽ തുടർന്നാൽ പോളിങ് ദിവസം അതിരാവിലെ തന്നെ കള്ളവോട്ട് ചെയ്യപ്പെടാൻ സാധ്യത ഏറെ. വിവാഹം കഴിച്ചുപോകുന്ന യുവതികളുടെ പേരുകൾ സ്വന്തം നാട്ടിലും ഭർത്താവിന്റെ നാട്ടിലും വോട്ടർ പട്ടികയിൽ കടന്നുകൂടുക പതിവായിരുന്നു.

ഇത്തരം വോട്ട് ഇരട്ടിപ്പുകൾ കണ്ടെത്തി പട്ടികയിൽ നിന്നു നീക്കം ചെയ്യലാണ് ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥരുടെ പ്രധാനപ്പെട്ട ജോലി. പറവൂർ നിയോജക മണ്ഡലം 35 വർഷം മുൻപ് ഒരു ഉപതിരഞ്ഞെടുപ്പിനു വേദിയായി. 1982 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻ. ശിവൻപിള്ളയോടു 123 വോട്ടിനു പരാജയപ്പെട്ട എതിർ സ്ഥാനാർഥി എ.സി. ജോസ്, തിരഞ്ഞെടുപ്പു ഫലത്തെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ചതാണു 2 വർഷങ്ങൾക്കു ശേഷം ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. പല ബൂത്തുകളിലും വോട്ടുകൾ ‘ഇരട്ടിച്ചതായി’ പരാതി ഉയർന്നു എന്നാൽ കള്ളവോട്ടുകൾ ആരും ചെയ്തതായി പരാതിയില്ല.

ഇതായിരുന്നു ഈ കേസിന്റെ കൗതുകം. രാജ്യത്ത് ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പു നടത്തിയത് അന്നു പറവൂരിലായിരുന്നു. യന്ത്രത്തകരാർ മൂലം എതിർ സ്ഥാനാർഥിയുടെ വോട്ടുകൾ കൂടുതലായി രേഖപ്പെടുത്തിയെന്നും സ്വന്തം വോട്ടുകൾ രേഖപ്പെടുത്താതെ നഷ്ടപ്പെട്ടതായും എ.സി. ജോസ് വാദിച്ചു.

ഈ വാദം തള്ളിയെങ്കിലും ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പു രീതിക്കു മാറ്റം വരുത്തണമെങ്കിൽ പാർലമെന്റ് നിയമനിർമാണം നടത്തേണ്ടതായിരുന്നുവെന്ന പിഴവു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പറവൂരിലെ 50 പോളിങ് ബൂത്തുകളിലും ബാലറ്റ് പേപ്പർ ഉപയോഗിച്ചു പോളിങ് നടത്താൻ വിധിച്ചു. 1984 മേയ് 21നു നടത്തിയ തിരഞ്ഞെടുപ്പിൽ എ.സി. ജോസ് 1,449 വോട്ടുകൾക്കു വിജയിച്ചു.

∙∙∙

1977 ലെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കു വേണ്ടി കരുതിയ മഷി ബീഹാറിൽ കൊള്ളയടിക്കപ്പെട്ടു. എത്ര ഭീഷണിപ്പെടുത്തിയാലും എതിരാളികൾക്കു വോട്ടു ചെയ്യുമെന്ന് ഉറപ്പുള്ള പ്രവർത്തകരെ പോളിങ് ബൂത്തിൽ എത്തും മുൻപേ തടഞ്ഞു നിർത്തി ഇടതുചൂണ്ടുവിരലിൽ ബലം പ്രയോഗിച്ചു മഷി പുരട്ടിയതായുള്ള പരാതികൾ ആ വർഷം ബിഹാറിൽ ഉയർന്നു. ചൂണ്ടുവിരലിൽ മഷിയുമായെത്തിയ ഇത്തരം വോട്ടർമാരെ പല പോളിങ് സ്റ്റേഷനുകളിലും വോട്ടു ചെയ്യാൻ അനുവദിച്ചില്ല. അന്നൊക്കെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനപ്പുറമുള്ള തിരഞ്ഞെടുപ്പു കുറ്റകൃത്യങ്ങൾ നടക്കുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ