ഓർമകളുടെ മുറിയിൽ പെട്ടുപോയ ചെറുപ്പക്കാരൻ

HIGHLIGHTS
  • എന്തോ പന്തികേട്. എല്ലാവരും സംശയത്തോടെ നോക്കുന്നുണ്ടോ?
  • പുലർച്ചെ ചായയുമായി ചെന്നപ്പോൾ ആളെ കാണാനില്ല...
suicide-and-forensic-report
SHARE

കാളികാവിലെ യുവാവിനെ കാണാതായതു ചെറിയമ്മയുടെ മകളുടെ വിവാഹപ്പിറ്റേന്നാണ്. സമീപത്തെ ചോലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തുമ്പോൾ ചെറിയമ്മയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ യുവാവിനെ കാൺമാനില്ലെന്ന പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞ് അവർ വീട്ടിലേക്ക് ഓടിയെത്തി. ചുറ്റുപാടും ആളുകൾ നിറഞ്ഞിട്ടുണ്ട്. പൊലീസ് സംഘം തെളിവുകൾ ശേഖരിക്കുന്നുണ്ട്. അയൽവീടുകളിൽ കയറിയിറങ്ങി മൊഴിയെടുക്കുന്നു.

യുവാവിന്റെ ചെറിയമ്മയും കുടുംബവും വീട്ടിലേക്കു തിരിച്ചെത്തിയിട്ടും ആത്മബന്ധമുള്ള അയൽവാസികൾ പോലും അങ്ങോട്ടു വരുന്നില്ല. 20 വർഷം മുൻപാണു സംഭവം. മൊത്തം എന്തോ പന്തികേട്. എല്ലാവരും സംശയത്തോടെ നോക്കുന്നുണ്ടോ? അവർ സംശയിച്ചു, ചിലപ്പോൾ വെറുതെ തോന്നിയതാകും.

ആരും വീട്ടിലേക്ക് അടുക്കുന്നില്ല. ഇടവകപ്പള്ളിയിലെ വികാരിയച്ചൻ പോലും ഗേറ്റിനു പുറത്തു വരെ വന്നു പൊലീസിനോടു സംസാരിച്ചു വീട്ടിലേക്കൊന്ന് എത്തിനോക്കി മടങ്ങുന്നതു കണ്ടതോടെ അവർ പകച്ചു. ഈ അവസ്ഥ ഒന്നോർത്തു നോക്കൂ, തലേന്ന് അതൊരു  കല്ല്യാണവീടായിരുന്നു. എന്തു ചെയ്യണമെന്ന് അവർക്ക് എത്തും പിടിയും കിട്ടുന്നില്ല. യുവാവിനെ കാൺമാനില്ലെന്നു പരാതി നൽകിയതു തങ്ങളാണ്, എന്നിട്ടും പൊലീസും നാട്ടുകാരും ഒരു വാക്കുപോലും ചോദിക്കുന്നില്ല.

വീട്ടുജോലിയിൽ സഹായിക്കാൻ വരാറുള്ള മുതിർന്ന സ്ത്രീ, അവരാണു വീട്ടിലേക്ക് ആദ്യം കടന്നുവന്നത്. അവരുടെ മുഖത്തു പതിവില്ലാത്ത ഭീതി നിഴലിച്ചു. ‘‘നാട്ടുകാർ എന്തൊക്കയോ പറയുന്നുണ്ട്, പൊലീസ് വല്ലതും ചോദിച്ചോ?’

ഇല്ലെന്നു തലയാട്ടി, എന്താണു നാട്ടുകാർ പറയുന്നതെന്നു ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അവർ വീണ്ടും ചോദിച്ചു: ‘‘ ഇന്നലെ കല്യാണം കഴിഞ്ഞ ശേഷമാണോ ആ ചെറുക്കൻ ഇവിടെ വന്നത്? എന്തെങ്കിലും വഴക്കുണ്ടാക്കിയോ?’’

‘‘അതേ, രാത്രിയാണു വന്നത്. രാവിലെ പോയാൽ മതിയെന്നു ഞാനാണു പറഞ്ഞത്. മോളു പോയല്ലോ, അവളുടെ മുറിയിലാണ് ഉറങ്ങിയത്. പുലർച്ചെ ചായയുമായി ചെന്നപ്പോൾ ആളെ കാണാനില്ല...’’

‘‘എന്താണ് അതിരാവിലെ തന്നെ പൊലീസിൽ പരാതി പറഞ്ഞത്? ഒന്നന്വേഷിക്കാമായിരുന്നില്ലേ?’’

നാട്ടുകാർ ചോദിക്കുന്ന ചോദ്യങ്ങളാണു വീട്ടിലെ സഹായിയായ സ്ത്രീയും ചോദിക്കുന്നതെന്ന് അപ്പോൾ അവർക്കു മനസ്സിലായി. വൈകാതെ ഇതെല്ലാം പൊലീസും നേരിട്ടു ചോദിക്കാൻ തുടങ്ങും...

(സംഭവത്തിന്റെ പശ്ചാത്തലം ഇതാണ്: ചെറിയമ്മയുടെ സുന്ദരിയായ മകളോട് ആ യുവാവിനു പ്രണയമായിരുന്നു. നാട്ടുകാരും ബന്ധുക്കളും എതിർത്തതോടെ വീട്ടിൽ വഴക്കായി. അങ്ങനെയാണ് അനുയോജ്യനായ വരനെ കണ്ടെത്തി പെൺകുട്ടിയുടെ വിവാഹം വേഗം നടത്തിയത്. വിവാഹച്ചടങ്ങിൽ അയാൾ പങ്കെടുക്കേണ്ടതില്ലെന്നു ബന്ധുക്കളുടെ കൂട്ടായ തീരുമാനമായിരുന്നു.

അതുകൊണ്ടാണു ചടങ്ങുകൾ കഴിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മടങ്ങിയ ശേഷം മാത്രം യുവാവു ചെറിയമ്മയുടെ വീട്ടിലെത്തിയത്. പ്രണയത്തിന്റെ പേരിലുണ്ടായ ചില്ലറ അസ്വാരസ്യങ്ങൾ ഒഴിവാക്കിയാൽ ആ വീട്ടുകാരുമായി അയാൾക്കു ചെറുപ്പം മുതൽ നല്ല ബന്ധമായിരുന്നു. ചെറിയമ്മയ്ക്ക് അയാൾ സ്വന്തം മകനെ പോലെ തന്നെയായിരുന്നു. അതു കൊണ്ടാണ് അന്നു രാത്രി അയാളെ വീട്ടിൽ താമസിപ്പിച്ചത്. മകൾ വിവാഹം കഴിഞ്ഞു പോയതിനാൽ ആ മുറിയാണ് ഒരാൾക്ക് ഉറങ്ങാൻ പാകത്തിൽ സൗകര്യപ്പെട്ടിരുന്നത്. ആ മുറിയിൽ താമസിച്ച അന്നു രാത്രി അയാൾക്ക് എന്താണു സംഭവിച്ചതെന്നാണു പൊലീസിനു കണ്ടെത്തേണ്ടിയിരുന്നത്.)

പൊലീസ് നായ് മണം പിടിച്ചു രണ്ടു മൂന്നാവർത്തി ചോലയിൽ നിന്നു ചെറിയമ്മയുടെ വീടു വരെ അങ്ങോട്ടും ഇങ്ങോട്ടും കുരച്ചു കൊണ്ട് ഓടി. ഇത്തരമൊരു സാഹചര്യത്തിൽ നാട്ടുകാർക്കു യുവാവിന്റെ അസ്വാഭാവിക മരണത്തിൽ സംശയിക്കാൻ ഒരുപാടു കാരണങ്ങളുണ്ടായിരുന്നു. സമീപത്തെ ചോലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിൽ ഒരു മുണ്ട് 3 ചുറ്റിട്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.

കഥ പെട്ടെന്നു പ്രചരിക്കാൻ തുടങ്ങി, അടുത്ത ബന്ധുവായ യുവതിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതിനാൽ യുവതിയുടെ വിവാഹ ദിവസം രാത്രി മദ്യപിച്ചു വീട്ടിലെത്തി ബഹളമുണ്ടാക്കിയ അയാളെ ചെറിയമ്മയുടെ വീട്ടുകാർ കൊലപ്പെടുത്തി, ചിലപ്പോൾ യുവാവിനെ അടക്കി നിർത്താനുള്ള ശ്രമത്തിനിടയിൽ സംഭവിച്ച കയ്യബദ്ധമകാം മരണ കാരണം. ഇങ്ങനെ വിശ്വസിക്കാനായിരുന്നു എല്ലാവർക്കും ഇഷ്ടം.

പക്ഷേ, നിലമ്പൂർ പൊലീസ് മാത്രം അത്തരമൊരു നിഗമനത്തിലേക്ക് എത്തിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവാവു മദ്യപിച്ചിരുന്നതിനോ മരിക്കും മുൻപ് അടിപിടികൂടിയതിനോ തെളിവുകളുണ്ടായിരുന്നില്ല. എന്നാലും യുവാവ് ആത്മഹത്യ ചെയ്തതാണെന്നു വിശ്വസിക്കാൻ പൊലീസിനും കഴിഞ്ഞില്ല. നാട്ടുകാർക്ക് ഒട്ടും കഴിഞ്ഞില്ല.

∙ മുണ്ട് കഴുത്തിൽ 3 തവണ ചുറ്റി അതിൽ സ്വയം വലിച്ചു മുറുക്കി ആത്മഹത്യ ചെയ്യാൻ കഴിയുമോ? ഇതായിരുന്നു കാതലായ സംശയം.

∙ ചോലയിൽ മ‍ൃതദേഹം കണ്ടെത്തിയ ഭാഗത്തു യുവാവിന് എളുപ്പം കയറാവുന്ന മരങ്ങളുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാനാണെങ്കിൽ അതിൽ കയറി അതേ മുണ്ടിൽ തൂങ്ങി മരിക്കാനാണു സാധ്യത.

എന്നാൽ കൊലപാതകം സ്ഥിരീകരിക്കാൻ കഴിയുന്ന നേർത്ത തെളിവുപോലും ഈ കേസിൽ ഇല്ലാത്ത സാഹചര്യത്തിൽ ശാസ്ത്രീയ നിഗമനങ്ങളിൽ തന്നെ പൊലീസ് ശ്രദ്ധയൂന്നി. മരണകാരണം നേരിട്ടു ശ്വാസം മുട്ടിയതാണെന്നു മാത്രം പറയാൻ കഴിയില്ല. കഴുത്തിനു വശങ്ങളിലുള്ള ‘വീഗസ്’ നാഡികൾ ഹൃദയം, ശ്വസകോശം എന്നിവയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന പ്രധാന നാഡിയാണ്. വീഗസിൽ  ഏൽക്കുന്ന ക്ഷതം ഹൃദയാഘാതത്തിലേക്കും നയിക്കും. ജീവിതത്തിലെ താങ്ങാനാവാത്ത നഷ്ടബോധത്തിൽ മനുഷ്യൻ നിരാശയുടെ പടുകുഴിയിലേക്ക് ആഞ്ഞു പതിക്കും. മനസ്സിൽ വിഷാദം തിങ്ങിനിറയുന്ന ഇത്തരം ഘട്ടത്തിൽ അസാധാരണമായ രീതിയിൽ ചിലർ ജീവിതം അവസാനിപ്പിക്കാറുണ്ട്. സ്വയം കുത്തി മുറിവേൽപ്പിച്ചും സ്വയം കഴുത്തുമുറുക്കിയും ആത്മഹത്യ  ചെയ്ത സംഭവങ്ങൾ ലോകത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ചിന്തിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്ന ഫൊറൻസിക് റിപ്പോർട്ട് ഈ കേസിൽ ലഭിച്ചതു കൊണ്ടാണു മരിച്ച യുവാവിന്റെ ചെറിയമ്മയും കുടുംബവും ഈ കേസിൽ പ്രതിസ്ഥാനത്തു വരാതിരുന്നത്.

∙ ആ യുവാവിനെ വിഷാദത്തിൽ ആഴ്ത്തിയ സംഭവം എന്തായിരിക്കും?

പ്രണയിച്ച പെൺകുട്ടിയെ ബന്ധുക്കൾ നിർബന്ധിച്ചു മറ്റൊരാൾക്കു വിവാഹം ചെയ്തു കൊടുത്ത അതേ രാത്രി, പെൺകുട്ടി അതുവരെ ഉപയോഗിച്ചിരുന്ന മുറിയിൽ, അവളെക്കുറിച്ചുള്ള ഓർമകളുണർത്തുന്ന ഒട്ടേറെ വസ്തുക്കൾക്കു നടുവിൽ കഴിയേണ്ടിവന്ന അത്യപൂർവമായ സാഹചര്യമായിരിക്കണം യുവാവിനെ തകർത്തത്. ചില കേസുകൾ ഇങ്ങനെയാണ്. നമ്മൾ പ്രതികളെന്നു മുദ്രകുത്തുന്നവർ യഥാർഥത്തിൽ നിരപരാധികളായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ