കുട്ടികളോടു മിണ്ടൂ, ചിരിയും കരച്ചിലും പങ്കിടൂ..

HIGHLIGHTS
  • ഓരോരുത്തരായി അവളെ അനുകരിച്ചു മരണം വരിച്ചു.
  • കൗമാരം കഴിയാത്ത 22 പെൺകുട്ടികളുടെ കൂട്ടായ്മയാണത്
online-suicide-group
SHARE

വണ്ടിയൊന്നും അങ്ങോട്ടു പോകില്ല, കാട്ടിലൂടെ കുറച്ച് അകത്തേക്കു നടക്കണം. ലക്ഷ്യം തിരിച്ചറിയാൻ നടവഴി പോലും കാണാനില്ല. കുറെക്കാലമായി ആരും അതുവഴി സഞ്ചരിച്ചിട്ടില്ല. അവർ 10 പേരുണ്ട്, 8 പേരും പെൺകുട്ടികളാണ്. എല്ലാവരും 19 വയസ്സിനു താഴെ പ്രായമുള്ളവർ. ഇവർ കൂട്ടുകൂടി എങ്ങോട്ടാണു പോകുന്നതെന്നു വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല. ഈ യാത്രയെപ്പറ്റി അവർക്കല്ലാതെ മറ്റാർക്കും അറിയില്ല. നടന്നു നടന്ന് അവർ കരിങ്കല്ലു കൊണ്ടു നിർമിച്ച ഒറ്റമുറിക്കെട്ടിടത്തിനു മുന്നിലെത്തി. ഉള്ളിലേക്കു കടക്കാൻ വളരെ ഇടുങ്ങിയ വാതിലുണ്ട്. അതിന് ഇരുമ്പു കതകും. വായുവും വെളിച്ചവും കയറാൻ മേൽഭാഗത്തു 2 കിളിവാതിലുകൾ. കോൺക്രീറ്റ് മേൽക്കൂരയുടെ ഒത്തനടുക്കു വലിയൊരു കൊളുത്ത്.

അവിടെ എത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിതരായിരുന്നു. അകത്തു കയറി വാതിൽ അടച്ചു. ആരും പുറത്തില്ല. കെട്ടിടത്തിനുള്ളിൽ മഞ്ഞനിറമുള്ള പ്ലാസ്റ്റിക് കയർ കിടപ്പുണ്ട്, അതിൽ ഒരു കുരുക്കും. ഇരുമ്പുവാതിൽ അടച്ചതോടെ ഇരുട്ടിനു തണുപ്പു കൂടി. ആൺകുട്ടികൾ 2 പേരും കൈകളിൽ പരസ്പരം മുറുകെപ്പിടിച്ചു മുഖാമുഖം നിന്നു. അവരുടെ കൈത്തണ്ടകളിൽ ചവട്ടിനിന്ന് ഒരു പെൺകുട്ടി കോൺക്രീറ്റ് മേൽക്കൂരയിലെ കൊളുത്തിൽ കുരുക്കിട്ടു. ആദ്യം അവൾ തന്നെ ആ കുരുക്കിൽ ജീവിതം അവസാനിപ്പിച്ചു. ശേഷിക്കുന്ന 9 പേരും ചേർന്ന് അവളുടെ മൃതദേഹം താഴെ ഇറക്കിക്കിടത്തി. ആരും കരയുന്നില്ല അവരുടെ മുഖത്തു പരസ്പരം സഹായിക്കുന്നതിന്റെ സംതൃപ്തിയായിരുന്നു. നറുക്കിട്ടാണ് അവർ ഊഴം നിശ്ചയിച്ചത്. ഓരോരുത്തരായി അവളെ അനുകരിച്ചു മരണം വരിച്ചു. ആൾ കുറഞ്ഞുവന്നപ്പോൾ അവരുടെ അധ്വാനം വർധിച്ചുകൊണ്ടിരുന്നു. നറുക്കു വീഴാതെ അവശേഷിക്കുന്ന അവസാനത്തെയാളെക്കുറിച്ചോർത്ത് അവർ ദുഃഖിച്ചു.

യുവാക്കളുടെ കൂട്ട ആത്മഹത്യകളെ ഇങ്ങനെയാണു വിവരിക്കുന്നതെങ്കിൽ അതിന്റെ ഭീകരത നമുക്ക് എളുപ്പം മനസ്സിലാകും. പക്ഷേ, സ്വന്തം വീടിനുള്ളിൽ മനോഹരമായി അലങ്കരിച്ച കിടപ്പുമുറിയിൽ രക്ഷിതാക്കളുടെ കൺമുൻപിൽ അവരറിയാതെ ഇങ്ങനെയൊരു ആത്മഹത്യക്കൂട്ടായ്മ രൂപപ്പെട്ടാൽ എന്തും ചെയ്യും? ഇൻസ്റ്റഗ്രാമിൽ രൂപപ്പെട്ട അത്തരമൊരു രഹസ്യക്കൂട്ടായ്മയിലേക്കാണ് ആൻമാർതെ മോലന്റ് എന്ന സൈബർ ഡിറ്റക്ടീവ് നുഴഞ്ഞു കയറിയത്. യൂറോപ്പിലെ നോർവേയിലാണു സംഭവം.

കൗമാരം കഴിയാത്ത 22 പെൺകുട്ടികളുടെ കൂട്ടായ്മയാണത്. ആൻമാർതെ പരിചയപ്പെട്ട ഹെയ്തിയുടെ മകൾ ആൻഡ്രെയിനും ഈ കൂട്ടായ്മയിൽ അംഗമായിരുന്നു. 19–ാം ജന്മദിനത്തിലാണു ആൻഡ്രെയിൻ സ്വയം മുറിപ്പെടുത്തി ഇഞ്ചിഞ്ചായി മരിക്കുന്ന രംഗങ്ങൾ ആ കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തത്. അതിനു മുൻപുള്ള ദിവസങ്ങളിലും സ്വയം മുറിവേൽപ്പിക്കുന്ന ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തു മറ്റ് അംഗങ്ങളുടെ ‘പ്രശംസ’ പിടിച്ചുപറ്റിയിരുന്നു. ആൻഡ്രെയിന്റെ ഈ പോസ്റ്റുകളെ അനുമോദിക്കാൻ സമാന മുറിവുകൾ ശരീരത്തിൽ ഏൽപിച്ചു കൂട്ടായ്മയിലെ മറ്റു പെൺകുട്ടികളും രക്തമൊലിക്കുന്ന സ്വന്തം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

മകളുടെ മരണശേഷവും ഇതൊന്നും അറിയാതെ ആൻഡ്രെയിന്റെ ഓർമയ്ക്കായി ഹെയ്തി സൂക്ഷിച്ച മൊബൈൽ ഫോൺ സൈബർ വിദഗ്ധരുടെ സഹായത്തോടെ തുറന്നാണ് അതേ അക്കൗണ്ടിലൂടെ രഹസ്യക്കൂട്ടായ്മയിലെ മറ്റു പെൺകുട്ടികളെ ആൻമാർതെ നിരീക്ഷിക്കാൻ തുടങ്ങിയത്. 2 ദിവസം കൊണ്ടു ഞെട്ടിക്കുന്ന സത്യം ആൻമാർതെ തിരിച്ചറിഞ്ഞു. 22 പെൺകുട്ടികളുടെ ആ രഹസ്യക്കൂട്ടായ്മയിൽ 14 പേരാണ് അവശേഷിക്കുന്നത്. ആൻഡ്രെയിൻ അടക്കം 8 പേർ ഇതിനോടകം ആത്മഹത്യ ചെയ്തുകഴിഞ്ഞു.

ആത്മഹത്യാക്കൂട്ടായ്മയിലെ മുഴുവൻ പെൺകുട്ടികളെയും പൊലീസിന്റെ സഹായത്തോടെ ആൻമാർതെ നിരീക്ഷിച്ചു. എല്ലാവരും തന്നെ വിഷാദരോഗത്തിന് അടിമകളായിരുന്നു. ഇവർ ഓരോരുത്തരും സമാനമായ മറ്റ് ആത്മഹത്യാഗ്രൂപ്പുകളിലും അംഗങ്ങളായിരുന്നു.

ഇന്ത്യയടക്കം 20 രാജ്യങ്ങളിലേക്കു വിടർന്നു നിൽക്കുന്ന ഭീമാകാരമായ കറുത്ത എട്ടുകാലി വലയോടാണു പൊലീസ് ഈ കൂട്ടായ്മകളെ ഉപമിച്ചത്. 5000 യുവാക്കൾ ഇതിൽ അംഗങ്ങളാണ്.

ആത്മഹത്യാ പ്രേരണ നൽകുന്ന മുഴുവൻ ദൃശ്യങ്ങളും കഥകളും സൈബർ പൊലീസിന്റെ നിർദേശത്തെ തുടർന്ന് ഇൻസ്റ്റഗ്രാം നീക്കം ചെയ്തു.

ഇതിൽ അംഗമായിരുന്ന ഒരു പെൺകുട്ടി തുടർ ചികിത്സയ്ക്കു വിധേയയായി മനസ്സുമാറി. ഈ പെൺകുട്ടിയുടെ സഹായത്തോടെയാണു പൊലീസിന്റെ അന്വേഷണം മുന്നേറിയത്. ആത്മഹത്യാ പ്രവണത പുലർത്തുന്ന 450 പേരുടെ ഓൺലൈൻ ജീവിതം ഈ പെൺകുട്ടി ജീവിതദൗത്യം പോലെ പിൻതുടരുന്നുണ്ട്. ഇവരിൽ ആരെങ്കിലും ആത്മഹത്യയ്ക്കു തയാറാകുന്നതായി സംശയം തോന്നിയാൽ അപ്പോൾ തന്നെ പെൺകുട്ടി പൊലീസിനെ വിവരം അറിയിച്ച് ആത്മഹത്യ തടയാറുണ്ട്.

ആത്മഹത്യക്കൂട്ടായ്മകളുടെ വിവരങ്ങൾ പുറത്തു വരാൻ തുടങ്ങിയത് ഇതിൽ അകപ്പെട്ടു ജീവിതം പൊലിഞ്ഞ ആൻഡ്രെയിന്റെ അമ്മ ഹെയ്തിയുടെ ഓൺലൈൻ പോസ്റ്റിലൂടെയാണ്.

‘‘ആത്മഹത്യ ചെയ്ത ആൻഡ്രെയിന്റെ അമ്മയാണു ഞാൻ. എന്റെ മകളുടെ ഓൺലൈൻ ജീവിതത്തെക്കുറിച്ച് ഞാൻ അവളോടു ചോദിച്ചിരുന്നില്ല. ഫോണിനു മുൻപിൽ അവൾ സങ്കടപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടിരുന്നു. ചോദിച്ചാൽ അവൾ കൂടുതൽ വിഷമിക്കുമെന്നു കരുതി കാര്യം തിരക്കിയില്ല. അവളുടെ അമ്മയായ എനിക്കാണു തെറ്റുപറ്റിയത്. എന്റെ തെറ്റ് ആവർത്തിക്കരുതെന്നാണ് എനിക്ക് എല്ലാ അമ്മമാരോടും അഭ്യർഥിക്കാനുള്ളത്. മക്കളോട് സംസാരിക്കണം, അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾക്കൊപ്പം ദുഃഖങ്ങളും തിരിച്ചറിയാൻ ശ്രമിക്കണം. നിങ്ങൾക്കറിയാമോ എന്റെ മകൾ നല്ലകുട്ടിയായിരുന്നു.... ’’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ