പ്രണയദിനത്തിലെ കൊലപാതകം

detective-feb-14
SHARE

വാലന്റൈൻസ് ദിനങ്ങളിൽ മുടങ്ങാതെ വന്ന സജ്നി കൃഷ്ണന്റെ ചരമവാർഷിക പരസ്യങ്ങൾ അഹമ്മദാബാദ് പൊലീസിനെ ഏറെ അസ്വസ്ഥരാക്കി. അഞ്ചു വർഷം മുൻപ്, 2015 ഫെബ്രുവരി 14 നാണു പരസ്യം ഗുജറാത്ത് ക്രൈംബ്രാഞ്ച് ഡിസിപി ദീപൻ കൃഷ്ണഭദ്രന്റെ കണ്ണിൽപെട്ടത്. ഭോപ്പാലിലെ ഫ്ലാറ്റിൽ 2003 ലെ പ്രണയദിനത്തിൽ കൊല്ലപ്പെട്ട ഈ മലയാളി യുവതി ആരാണ്?

കൊല്ലം സ്വദേശിയായ ദീപന്റെ മനസ്സ് അസ്വസ്ഥമായി. അഹമ്മദാബാദിൽ താമസമാക്കിയ തൃശൂർ വിയൂർ സ്വദേശികളായ മാതാപിതാക്കളുടെ ഇളയമകൾ സജ്നി, മരിക്കുന്നതിനു 3 മാസം മുൻപായിരുന്നു  കോട്ടയം സ്വദേശിയായ കായികാധ്യാപകൻ തരുൺ ജിനരാജിനെ വിവാഹം കഴിച്ചത്. തരുണിന്റെ മാതാപിതാക്കൾ വളരെ നേരത്തെ മധ്യപ്രദേശിൽ സ്ഥിരതാമസമാക്കിയവരാണ്.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. പെണ്ണുകാണൽ ചടങ്ങു ദിവസം സജ്നി നൽകിയ ചായ ഗ്ലാസ് വലതു കയ്യിൽ പിടിച്ചപ്പോൾ മോതിര വിരൽ നിവർന്നു നിൽക്കുന്നു. പെണ്ണിന്റെ ബന്ധുക്കളതു ശ്രദ്ധിച്ചെന്നു മനസിലാക്കി തരുൺ പറഞ്ഞു:

‘‘ഞാൻ ബാസ്കറ്റ് ബോൾ കളിക്കാറുണ്ട്. ഒരിക്കൽ വലതു കയ്യിന്റെ മോതിരവിരൽ ഒടിഞ്ഞു. അതിനു ശേഷം  മടക്കാൻ ബുദ്ധിമുട്ടാണ്.’’ സുന്ദരിയായ പാഴ്സി പെൺകുട്ടിയെ തരുൺ പരിചയപ്പെട്ടതു കളിക്കളത്തിലാണ്. പല ടൂർണമെന്റുകളിലും അവർ നേരിൽകണ്ടു. ഒടുവിൽ പ്രണയമായി. കോർട്ടിലെ പ്രണയം. പഠനം കഴിഞ്ഞു കാമുകി റേഡിയോ ജോക്കിയായി. തരുൺ കായികാധ്യാപകനും. 

വിവാഹപ്രായമെത്തിയതോടെ തരുൺ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതരസമുദായക്കാരിയെ  വിവാഹം കഴിക്കുന്നതിനെ മാതാവ് എതി‍ർത്തു. അമ്മയെ ധിക്കരിച്ചൊരു വിവാഹത്തിനു  തരുൺ ഒരുക്കമായിരുന്നില്ല. കാമുകിയെ വിവരം ധരിപ്പിച്ചതോടെ അവളും മറ്റൊരു വിവാഹത്തിനു സമ്മതിച്ചു.

അങ്ങനെയാണു ഭോപ്പാലിലെ സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥയായ സജ്നിയെ പെണ്ണുകാണാൻ തരുണും ബന്ധുക്കളും എത്തിയത്. അവർ വിവാഹിതരായി. പൂർവകാമുകി വിവാഹത്തിൽ നിന്നു പിന്മാറി ഒറ്റയ്ക്കു താമസമാക്കിയ വിവരം തരുൺ അറിഞ്ഞു. അതൊടൊപ്പം സജ്നിയുടെ സ്ത്രീധനത്തെച്ചൊല്ലി  കുടുബത്തിൽ തർക്കം തുടങ്ങി. തരുണിന്റെ അമ്മയ്ക്കു സജ്നിയോടു ശത്രുതയായി. 

ഭോപ്പാലിലെ പാർപ്പിട സമുച്ചയത്തിലേക്കു തരുണും സജ്നിയും താമസം മാറി. 2003 ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പാർട്ടി നടത്താൻ തരുൺ തീരുമാനിച്ചു. സജ്നിക്കും സമ്മതം. രാവിലെ 7.30 നു  സഹോദരനെ ക്ഷണിക്കാൻ തരുൺ പോയി. ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു സജ്നി. 9 മണിയോടെ തിരിച്ചെത്തിയ തരുൺ കണ്ടതു കഴുത്തിൽ ദുപ്പട്ട ചുറ്റി മരിച്ചു കിടക്കുന്ന സജ്നിയെ. മുറി  അലങ്കോലം. അലമാരയുടെ വാതിൽ തുറന്നു കിടപ്പുണ്ട്. സഹോദരനെ  വിളിച്ചു വിവരം പറഞ്ഞ തരുൺ, അയൽവാസി കളെ കൂട്ടി തിരികെയെത്തി. സജ്നിയെ  ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെ തരുൺ കുഴഞ്ഞു വീണു. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ തരുൺ ആശുപത്രിയിലായിരുന്നു. 

ഭോപാലിലെ ജനവാസ മേഖലയിലാണു തരുണിന്റെ അപ്പാർട്മെന്റ്. ഫ്ലാറ്റിൽ 200 വീട്ടുകാർ താമസമുണ്ട്. രാവിലെ 8 മണി. എല്ലാവരും ഉണർന്നിട്ടുണ്ട്. കടകളും തുറന്നു. അവിടെ അതിക്രമിച്ചു കയറി കൊലയും കവർച്ചയും നടത്താൻ എളുപ്പമാണോ? പൊലീസ് സംശയിച്ചു. താമസക്കാരുടെ മൊഴിയെടുത്തു. സജ്നിയുടെ കരച്ചിലോ ബഹളമോ കേട്ടിട്ടില്ല. കവർച്ചക്കാരെയും കണ്ടിട്ടില്ല. തരുണിനെ സഹോദരന്റെ വീട്ടിൽ കണ്ടതായി മൊഴിയുണ്ട്. തരുൺ തിരികെ വരുന്നതും കണ്ടവരുണ്ട്. ആശുപത്രി വിട്ട തരുണിനോടു സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് പറഞ്ഞു. അതിനിടെ തരുൺ കാമുകിയെ വിളിച്ചു പറഞ്ഞു: ‘‘ നമ്മുടെ വഴിയിൽ വീണ ആ കല്ല് ഞാൻ എടുത്തുമാറ്റി...’’

തരുൺ തനിക്കു സമ്മാനിച്ച ‘വാലന്റൈൻ ഗിഫ്റ്റ്’ സ്വന്തം ഭാര്യയുടെ മൃതദേഹമാണെന്ന സത്യം കാമുകിയെ നടുക്കി. ‘‘ ഒരു കൊലയാളിയുടെ കൂടെ താമസിക്കാൻ എനിക്കാവില്ല.’’ ഈ പ്രതികരണം തരുൺ പ്രതീക്ഷിച്ചതല്ല. അന്നു രാത്രി അയാൾ മുങ്ങിയതാണ്.

12വർഷങ്ങൾക്കു ശേഷം.....

പത്രത്തിൽ വന്ന സജ്നിയുടെ ചരമപ്പരസ്യത്തിൽ നിന്നു ഡിസിപി ദീപൻ  കണ്ണെടുത്തു. യുവതി കൊല്ലപ്പെട്ടിട്ടു 12 വർഷം പിന്നിട്ടിരിക്കുന്നു, ഭർത്താവ് തരുൺ എവിടെ? പൊലീസ് രാജ്യം മുഴുവൻ തപ്പിയതാണ്. ഇരയും പ്രതിയും ബന്ധുക്കളും എല്ലാം മലയാളികൾ കേസ് പൊടിതട്ടിയെടുക്കാൻ ദീപൻ തീരുമാനിച്ചു. ഇൻസ്പെക്ടർ കിരൺ ചൗധരി, 4 സബ് ഇൻസ്പെക്ടർമാർ, 2 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, ഇവരാണു ദീപന്റെ സംഘം. സ്ഥിരം ജോലിക്കിടയിൽ സമയം കിട്ടുമ്പോൾ സജ്നി കൊലക്കേസ് അന്വേഷിക്കും. മാസത്തിൽ ഒരിക്കൽ യൂണിഫോം ഒഴിവാക്കി എവിടെയെങ്കിലും ഒത്തുകൂടും ഇതായിരുന്നു പദ്ധതി.

ഒരുമാസം കഴിഞ്ഞു. അന്വേഷണത്തിൽ പുരോഗതിയില്ല. എന്താണു ചെയ്യേണ്ടത്, ആരെയാണ് അന്വേഷിക്കേണ്ടത്? അന്വേഷിക്കേണ്ടതു തരുണിനെ– ആർക്കും സംശയമില്ല. അപ്പോൾ ദീപൻ പറഞ്ഞു. വേണ്ട, തരുണിനെ അന്വേഷിക്കേണ്ട. 12 വർഷം നമ്മളെക്കാൾ മികച്ച  ഉദ്യോഗസ്ഥർ തരുണിനെ അന്വേഷിച്ചു പരാജയപ്പെട്ടതാണ്. നമുക്കു ലക്ഷ്യം മാറ്റണം.  അയാളുമായി ഏറ്റവും അടുപ്പമുള്ളയാളെ അന്വേഷിക്കാം– അമ്മ.

ഒരു സഹായി കൂടി വേണം. സജ്നിയുടെ മാതാപിതാക്കൾക്കു പ്രായമായി. സഹോദരിയുടെ ഭർത്താവു പ്രമുഖ  മാനേജ്മെന്റ് വിദഗ്ധനാണ്.  കേസുമായി അടുത്തു സഹകരിക്കാൻ പ്രാപ്തനാണ്. അദ്ദേഹത്തെ സഹകരിപ്പിക്കാം. അതിനിടെ  തരുണിന്റെ പിതാവു മരിച്ചു, കേരളത്തിലെ ധ്യാനകേന്ദ്രത്തിൽ അദ്ദേഹം ഒരുദിവസം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ആ മരണത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. 

അമ്മയുടെ ‘നല്ല’ അയൽക്കാർ

അമ്മ ഒറ്റയ്ക്കു താമസിക്കുന്ന അപ്പാർട്മെന്റ് കണ്ടെത്തി. സംഘത്തിലെ ഉദ്യോഗസ്ഥനെയും കുടുംബത്തെ യും അതേ ഫ്ലാറ്റിലെ മറ്റൊരു അപ്പാർട്മെന്റിൽ വാടകയ്ക്കു താമസിപ്പിച്ചു. നിരീക്ഷണം മാത്രമായിരുന്നു ലക്ഷ്യം. അമ്മയുടെ സുഹൃത്തായ സ്ത്രീയെ കണ്ടെത്തി, അവരും അതേ ഫ്ലാറ്റിലുണ്ട്.‘‘ ഭർത്താവ് മരിച്ചു. 2 ആൺമക്കൾ, ഒരാൾ ഇടയ്ക്കു വരാറുണ്ട്. രണ്ടാമനെ ഇതുവരെ കണ്ടിട്ടില്ല. ഇടയ്ക്കു കേരളത്തിൽ ധ്യാനം കൂടാൻ പോകും. ബെംഗളൂരുവിൽ 2 ബന്ധുക്കളുണ്ട്.’’ ഇത്രയുമാണ് ആ സ്ത്രീക്ക് അറിയാവുന്നത്.

അമ്മയുടെ ഫോണിലേക്കുള്ള എല്ലാ കോളുകളും നിരീക്ഷിച്ചു. ഇളയ മകനും കുടുംബവും നിരീക്ഷണ ത്തിലായി. ബെംഗളൂരുവിലെ 2 കുടുംബങ്ങളെ അവർ ഇടയ്ക്കു സന്ദർശിക്കുന്നുണ്ട്. അതിലൊന്നു പ്രായമായ സ്ത്രീയാണ്. ധ്യാനകേന്ദ്രത്തിലെ അടുപ്പക്കാരി. രണ്ടാമത്തെ വീട്ടിൽ യുവകുടുംബമാണ്. അവർക്കു 2 മക്കളുണ്ട്. ഗൃഹനാഥന്റെ പേരു പ്രവീൺ ഭാട്ടലെ. 25 ലക്ഷം രൂപയോളം വാർഷിക ശമ്പളത്തിൽ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മനുഷ്യപ്പറ്റു കുറവാണ്. കുടുംബത്തോടൊപ്പം യാത്രയോ നേരം പോക്കോ ഇല്ല. വിവാഹച്ചടങ്ങുകൾക്കു പോലും ഭാര്യയും മക്കളും മാത്രമാണു പോകുന്നത്. ഇയാളുടെ കുടുംബ ചിത്രം പോലും കിട്ടാനില്ല.

ലാൻഡ് ലൈനിൽ ‘ദൈവത്തിന്റെ’ ഫോൺ വിളി

കേസന്വേഷണത്തിൽ ദൈവം ഇടപെട്ട നിമിഷം. 12 വർഷങ്ങളായി ഗുജറാത്ത് ക്രൈംബ്രാഞ്ച് കാത്തിരുന്ന ഫോൺ വിളി. ബെംഗളൂരുവിൽ നിന്ന് അമ്മയുടെ മൊബൈൽ നമ്പറിലേക്ക്; പ്രവീൺ ഭാട്ടലെ ജോലി ചെയ്യുന്ന അതേ ഐടി സ്ഥാപനത്തിന്റെ ലാൻഡ് ലൈനിൽ നിന്ന്. അതിനിടെ മറ്റൊരു പ്രവീൺ ഭാട്ടലെയെ പൊലീസ് അഹമ്മദാബാദിൽ കണ്ടെത്തി. അയാളും കായികാധ്യാപകനായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് അയാളുടെ ജനന സർട്ടിഫിക്കറ്റും യോഗ്യതാ സർട്ടിഫിക്കറ്റുകളും കോളജിലെ സീനിയർ കൈപ്പറ്റി. പിന്നീട് അയാളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ‘തരുൺ’ എന്നാണു സീനിയറുടെ പേരെന്നും പ്രവീൺ ഓർമിച്ചതോടെ ഡിസിപി ദീപൻ ചിരിച്ചു.

സജ്നിയുടെ കൊലയ്ക്കു ശേഷം മുങ്ങിയ തരുൺ സ്വന്തം ‘വ്യക്തിത്വ’ത്തെയും നിഷ്കരുണം ‘കൊലപ്പെടുത്തി’ ജൂനിയറായിരുന്ന പ്രവീൺ ഭാട്ടലയുടെ വ്യക്തിത്വം മോഷ്ടിച്ച് അതി‍ൽ‍ ജീവിച്ചു. ഈ കളി സുരക്ഷിതമാക്കാൻ തരുൺ എന്തുകൊണ്ടാണു യഥാർഥ പ്രവീണിനെ കൊലപ്പെടുത്താതിരുന്നത്? പ്രവീണിന്റെ ഭാഗ്യം കൊണ്ടു മാത്രം. 

2018 ഒക്ടോബർ 26 

‘സജ്നിയുടെ ആത്മാവിനു ശാന്തി ലഭിച്ച ദിവസം’’ അടുത്തബന്ധുക്കൾ പറഞ്ഞു. തരുണിന്റെ അമ്മയെ ഐടി സ്ഥാപനത്തിന്റെ ലാൻഡ് ഫോണിൽനിന്നു വിളിച്ചതു പ്രവീൺ തന്നെയാണെന്നു തിരിച്ചറിയാൻ ഒരുമാസം സമയമെടുത്തു. എല്ലാം ഉറപ്പിച്ച ശേഷമാണു തരുൺ മേധാവിയായ സ്ഥാപനത്തിന്റ റിസപ്ഷനിൽ ഇൻസ്പെക്ടർ കിരൺ ചൗധരി കാത്തിരുന്നത്.

ഇനി, ആളെങ്ങാൻ മാറിയട്ടുണ്ടാകുമോ? ഒരു സംശയം ബാക്കി.

‘‘ഹലോ ഓഫിസർ ഞാൻ പ്രവീൺ’’ സോഫയുടെ പിന്നിൽ നിന്നാണു വിളി. കാഴ്ചയിൽ പരമയോഗ്യനായ ആ മനുഷ്യൻ ചൗധരിക്കു നേരെ കൈനീട്ടി. ഹസ്തദാനത്തിനിടയിൽ ചൗധരി പ്രവീണിന്റെ മോതിര വിരലിലേക്കു തറപ്പിച്ചു നോക്കി. ‘‘ ഒകെ തരുൺ നമ്മൾക്കു പോകാം’’

15 വർഷം സ്വന്തം അമ്മയൊഴികെ എല്ലാവരെയും കബളിപ്പിച്ച കൊടും ക്രിമിനലിന്റെ മുഖത്തെ പതർച്ച കാണാനുള്ള ഭാഗ്യമുണ്ടായത് ഇൻസ്പെക്ടർ ചൗധരിക്കു മാത്രമാണ്. ഗുജറാത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ദിവസങ്ങൾ കൊണ്ടാണു കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തിയത്. ജയിലിലേക്കു പോകും മുൻപ് ഒരുകാര്യം മാത്രമാണു തരുൺ ചോദിച്ചത്:

‘‘ സർ, ആരാണ് എന്നെ ഒറ്റിയത്..’’

പാവം പിതാവ്

ധ്യാനകേന്ദ്രത്തിൽ പിതാവിനു ‘സർപ്രൈസ്’ കൊടുക്കാൻ അമ്മയും മകനും ചേർന്നൊരുക്കിയ കൂടിക്കാഴ്ചയിൽ ‘പ്രവീൺ ഭാട്ടലെ’യെ  കണ്ടു ഹൃദയാഘാതം വന്നാണ് ആ മനുഷ്യൻ കുഴഞ്ഞുവീണു മരിച്ചത്.

English Summary : Murder At Valentine's Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ