പീതാംബരന്റെ പതിമൂന്നാം മുറിവ്

detective-001
SHARE

ക്രൈം സീനിൽനിന്നു പറന്നുപോകുന്ന ഈച്ചയെയും പാറ്റയെയും മുതൽ ഇഴഞ്ഞു നീങ്ങുന്ന ഉറുമ്പിനെയും ഒച്ചിനെയും വരെ പിൻതുടരാൻ മടിയില്ലാത്ത ഫൊറൻസിക് ഉദ്യോഗസ്ഥൻ ഒരു വശത്ത്. നാട്ടിൻപുറത്തെ സ്വകാര്യ ബസിലെ പോക്കറ്റടിക്കേസ് പോലും സിബിഐ അന്വേഷിക്കണമെന്നു മലയാളിയെക്കൊണ്ടു നിർബന്ധം പിടിപ്പിച്ച അതിബുദ്ധിമാനായ കുറ്റാന്വേഷകൻ മറുവശത്ത്. മലയാളികളായ രണ്ടു പ്രതിഭകളുടെ പോരാട്ടത്തിൽ കേരളം ശ്വാസമടക്കി നിന്നു.

ഡോ. ബി. ഉമാദത്തനും രാധാവിനോദ് രാജുവും. ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകൾ പറഞ്ഞു തരാൻ രണ്ടുപേരും ഇന്നു നമ്മോടൊപ്പമില്ല.

1983 ഏപ്രിൽ 21 പുലർച്ചെ 4.30, കൊച്ചി പാലാരിവട്ടത്തെ 5 നില ടൂറിസ്റ്റ് ഹോമിന്റെ മുകളിൽനിന്നു റിസപ്ഷനിസ്റ്റ് പീതാംബരൻ താഴെ വീണു കൊല്ലപ്പെട്ടു. അതു പിന്നീടു കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രമായി; വിവാദവും.

പീതാംബരൻ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തിരിക്കാനാണു സാധ്യതയെന്ന നിലപാടിൽ ഡോ. ഉമാദത്തൻ ഉറച്ചുനിന്നു. കേസന്വേഷിച്ച കേരള പൊലീസും പീതാംബരൻ കൊലചെയ്യപ്പെടാനുള്ള സാഹചര്യം കണ്ടെത്തിയില്ല. ‘ആത്മഹത്യ’യെന്നു രേഖപ്പെടുത്തിയ അന്തിമ റിപ്പോർട്ടാണു പീതാംബരൻ കേസിൽ ആലുവ മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.

ഇതിനെതിരേ പീതാംബരന്റെ പിതാവു ഹൈക്കോടതിയെ സമീപിച്ചു. കേരള പൊലീസിന്റെ പുതിയ സംഘമോ സിബിഐയോ കേസ് അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. അതു പൊലീസിന്റെ മനോവീര്യം തകർക്കുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. അപ്പീൽ തള്ളിയ സുപ്രീംകോടതി കേസന്വേഷണം സിബിഐക്കു കൈമാറി.

മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ രാധാവിനോദ് രാജുവായിരുന്നു അന്നു സിബിഐയുടെ സൂപ്രണ്ട്. ഡപ്യൂട്ടി സൂപ്രണ്ട് വർഗീസ് തോമസും. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്നാണ് ഇവരുടെ കൂട്ടുകെട്ടിനെ സഹപ്രവർത്തകർ വിശേഷിപ്പിച്ചിരുന്നത്.

1986 ലെ കണ്ണമാലി പള്ളിയിലെ ഊട്ടുതിരുനാൾ ദിവസം പള്ളിമുറ്റത്തുനിന്നു വർഗീസ് തോമസിനെ വിളിച്ചു ജീപ്പിൽ കയറ്റിയ രാധാവിനോദ് രാജു നേരെപോയതു ഫോർട്ട്കൊച്ചി അമരാവതിയിലെ കുടുംബവീട്ടിലേക്കാണ്.

വരാന്തയിലിരുന്നു ചായകുടിക്കുന്നതിനിടെ പീതാംബരൻ കേസിന്റെ ഫയൽ അദ്ദേഹം വർഗീസ് തോമസിനു കൈമാറി. അതിന്റെ പുറംചട്ടയിൽ അദ്ദേഹം ‘കൊലപാതകം’ എന്നു തിരുത്തിയെഴുതിയിരുന്നു. ‘സിബിഐ ഡയറിക്കുറിപ്പ്’ എന്ന ജനപ്രിയ മലയാള സിനിമയ്ക്കു വഴിയൊരുക്കിയ കേരള പൊലീസ്– സിബിഐ പോരാട്ടത്തിനാണ് അന്നു പെരുമ്പറ മുഴങ്ങിയത്. കണ്ണും കാതും കൂർപ്പിച്ചു നാട്ടുകാർ കണ്ടതും കേട്ടതുമായ കുറ്റാന്വേഷണ ചരിത്രം.

ആരായിരുന്നു രാധാവിനോദ് രാജുവെന്നു സിബിഐയിലെ സഹപ്രവർത്തകരോടു ചോദിച്ചാൽ ഇന്നും അവർ പറയും: ‘‘സിനിമയിൽ നടൻ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ കഥാപാത്രത്തെ നൂറു കൊണ്ടു ഗുണിക്കുക, അതാണു ഞങ്ങളുടെ രാജു.’’

ഇന്ത്യയിലാദ്യമായി കൊലക്കേസ് തെളിയിക്കാൻ മരിച്ചയാളുടെ വലുപ്പത്തിലും തൂക്കത്തിലുമുള്ള ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണം സിബിഐ നടത്തിയത് ഈ കേസിലാണ്. പാനൂർ എസ്‌ഐ: സോമന്റെ മരണത്തിലും സിബിഐ ഇതാവർത്തിച്ചതോടെ ജനം ആർത്തുവിളിച്ചു. താരങ്ങളെ സ്വീകരിക്കുന്ന ആരാധനയോടെ സിബിഐ ഉദ്യോഗസ്ഥരെ സാധാരണ ജനങ്ങൾ വരവേറ്റു.

കേരള പൊലീസ് ആത്മഹത്യയെന്നു കണ്ടെത്തിയ 2 കേസുകളിലും കൊലക്കുറ്റത്തിനാണു സിബിഐ കുറ്റപത്രം സമർപ്പിച്ചത്. രണ്ടു കേസുകളിലും വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചു. കാലം പലതു കഴിഞ്ഞു, സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്നു ഡോ. ഉമാദത്തൻ പിന്നീടു വിരമിച്ചു.

ഇംഗ്ലണ്ടിലെ സ്‌കോട്‌ലൻഡ് യാഡ് പൊലീസിനെയും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിനെയും അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും പോലെ രാജ്യത്തിന് അഭിമാനിക്കാവുന്ന സേനയെ വാർത്തെടുക്കാനുള്ള ശ്രമത്തിനൊടുവിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ സ്ഥാപക ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നു രാധാ വിനോദ് രാജുവും വിരമിച്ചു.

ഇരുവരും നേർക്കുനേർ പോരാട്ടം നടത്തിയ പീതാംബരൻ കൊലക്കേസ് നടന്ന കൊച്ചിയിലാണു രണ്ടുപേരും വിശ്രമജീവിതം നയിച്ചത്.

 ഉപ്പൂറ്റിയിലെ, 13– ാം മുറിവ്

പീതാംബരനെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞതാണെന്നു സിബിഐ കണ്ടെത്തിയപ്പോഴും മരണം ആത്മഹത്യയാണെന്നു കേരള പൊലീസ് ഉറച്ചു വിശ്വസിക്കാൻ കാരണം മൃതദേഹത്തിന്റെ ഉപ്പൂറ്റിയിൽ കണ്ടെത്തിയ അസാധാരണ ആഴമുള്ള ഈ വലിയ മുറിവാണ്. വലിയ കെട്ടിടത്തിന്റെ മുകളിൽനിന്ന് ഒരാൾ സ്വയം ചാടുമ്പോൾ മാത്രമാണ് ഉപ്പൂറ്റി കുത്തി വീഴാനുള്ള നേരിയ സാധ്യതയുള്ളതെന്ന ഫൊറൻസിക് നിഗമനത്തിൽ കേരള പൊലീസ് വിശ്വസിച്ചു. ഒരാളെ കെട്ടിടത്തിന്റെ മുകളിൽ നിന്നു ജീവനോടെയോ അല്ലാതെയോ വലിച്ചെറിയുമ്പോൾ അയാൾ തലകീഴായോ അരക്കെട്ടു കുത്തിയോ വീഴാനാണു കൂടുതൽ സാധ്യതയെന്നും കണ്ടെത്തി.

എങ്ങനെ വലിച്ചെറിഞ്ഞാലും കാലുകുത്തി വീഴാനുള്ള പ്രത്യേക ശേഷിയുളളതു പൂച്ചയെപ്പോലുള്ള ജന്തുക്കൾക്കു മാത്രമാണ്. വായുവിലൂടെ താഴേക്കു വീഴുമ്പോളും ശരീരത്തിന്റെ സന്തുലിതാവസ്ഥ സ്വയം നിയന്ത്രിക്കാനുള്ള അവയുടെ ഉൾച്ചെവികളുടെയും തലച്ചോറിന്റെയും പ്രത്യേക കഴിവാണിതിനു കാരണം.

ഇത്തരം വീഴ്ചകളിൽ സന്തുലിതാവസ്ഥ വീണ്ടെടുത്തു കാലുകൾ കുത്തി സ്വയം വീഴാൻ മനുഷ്യനു കഴിയില്ല. അതിനുള്ള നേരിയ സാധ്യത നിലനിൽക്കുന്നതു മുകളിൽനിന്നു സ്വയം എടുത്തുചാടുമ്പോൾ മാത്രമാണ്. ജോലി ചെയ്തിരുന്ന ടൂറിസ്റ്റ് ഹോമിന്റെ തറയിൽനിന്നു 10 മീറ്റർ ദൂരെ മാറിയാണു പീതാംബരൻ വീണുകിടന്നത്. 10 മീറ്റർ ദൂരേക്ക് ഒരാൾ വീഴണമെങ്കിൽ ഒന്നിൽ കൂടുതൽപേർ ചേർന്ന് അയാളെ എടുത്തെറിയണമെന്ന നിഗമനത്തിലായിരുന്നു സിബിഐ.

എന്നാൽ 60 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽനിന്ന് ഒരാൾ ആഞ്ഞു ചാടിയാൽ 10 മീറ്ററിനപ്പുറം ദൂരത്തേക്കു വീഴാമെന്ന ഗവേഷണ വിവരങ്ങളിലാണു കേരള പൊലീസ് കൂടുതൽ വിശ്വസിച്ചത്. താഴെ സുരക്ഷാവലയും കട്ടികൂടിയ കിടക്കകളും നിരത്തി സൈനികരെയും മറ്റും ചാടിച്ചു വിദേശരാജ്യങ്ങളിൽ ഗവേഷകർ നടത്തിയ പരീക്ഷണവിവരങ്ങളെ വിശ്വസിച്ചാണു കേരള പൊലീസ് പീതാംബരൻ കേസിൽ ആത്മഹത്യയെന്ന നിലപാടു സ്വീകരിച്ചത്.

എന്നാൽ, ടൂറിസ്റ്റ് ഹോം ഉടമയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളും കച്ചവട രഹസ്യങ്ങളും അറിയാവുന്ന പീതാംബരൻ ശത്രുക്കൾക്കും സമ്പത്തിക അന്വേഷണ ഏജൻസികൾക്കും തന്നെ ഒറ്റുകൊടുക്കുമെന്ന് ഉടമ ഭയന്നതായി സിബിഐ അനുമാനിച്ചു.

ഈ ഭീതി ഒരുഘട്ടം കഴിഞ്ഞപ്പോൾ പീതാംബരനോടുള്ള പകയായി. ഇതോടെ വിശ്വസ്തരായ 2 കിങ്കരന്മാരെ നിയോഗിച്ചു ടൂറിസ്റ്റ് ഹോം ഉടമ പീതാംബരനെ മർദിച്ച് അവശനാക്കി. കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കുറ്റപത്രം.

കേരളത്തിലെ അറിയപ്പെടുന്ന അബ്കാരിയാണു കേസിലെ മുഖ്യപ്രതി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരേ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ശിക്ഷിച്ച 3 പ്രതികളിൽ ഒരാളെ ഹൈക്കോടതി വിട്ടയച്ചു. അബ്കാരിയുടെ ജീവനക്കാരനെയാണു വിട്ടയച്ചത്. അതോടെ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. അതോടെ സംഗതികൾ കീഴ്മേൽ മറിഞ്ഞു, വിചാരണക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കി. പീതാംബരനെ കൊലപ്പെടുത്തിയെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു സുപ്രീംകോടതി വിലയിരുത്തി. ആദ്യം കേസന്വേഷിച്ച കേരള പൊലീസിന്റെ ‘ആത്മഹത്യാ’തത്വത്തെ ഫലത്തിൽ അംഗീകരിക്കുന്ന നിലപാടാണു സുപ്രീംകോടതി സ്വീകരിച്ചത്. ജനശ്രദ്ധയാകർഷിച്ച പല കേസന്വേഷണങ്ങളിലും കേരള പൊലീസും സിബിഐയും തമ്മിലുളള ആരോഗ്യകരമായ ഈ മത്സരം ഇന്നും തുടരുന്നു.

English Summary: Peethambaran Murder Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ