മരണദൂതുമായി പായുന്ന വണ്ടികൾ

detective-28
SHARE

വാഹനം ഒരായുധമാകുമ്പോൾ അപകടങ്ങൾ കൊലപാതകമാകും. ഇത്തരം കേസുകൾ അന്വേഷിക്കാൻ സാധാരണ പൊലീസ് ഉദ്യോഗസ്ഥർ ചില ഘട്ടങ്ങളിൽ മതിയാകാതെ വരും. ഫൊറൻസിക് എൻജിനീയറി ങ്ങിൽ ജ്ഞാനവും താൽപര്യവുമുള്ള വിദഗ്ധരുടെ സാന്നിധ്യം പൊലീസിനെ ശരിയായ ദിശയിൽ നയിക്കും. മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ഒരേ നിഗമനത്തിൽ എത്തിയ 2 വാഹനാപകടങ്ങളുടെ പിന്നിലെ യാഥാർഥ്യം എങ്ങനെയാണ് അന്വേഷിക്കുന്നതെന്നു പരിശോധിക്കാം.

അവിനാശി ബസ്– ട്രെയിലർ അപകടം.

കണിച്ചുകുളങ്ങര ‘അപകടം’.

നിഗമനം ഇതായിരുന്നു, അപകടത്തിനു വഴിയൊരുക്കിയ വണ്ടിയിലെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചില്ല. അപകടത്തിൽ അകപ്പെട്ട വാഹനങ്ങളാണ് ഇത്തരം കേസുകളിലെ പ്രധാന തെളിവ്. സുപ്രധാന ഫൊറൻസി ക് പരിശോധനകൾ അപകടം സംഭവിച്ച അതേ കിടപ്പിൽ പൂർത്തിയാക്കണം. വാഹനങ്ങൾ ഇടിച്ചു തകർന്ന ഭാഗം, ടയറുകളുടെ നില, റോഡിലെ ടയർ അടയാളം, സ്റ്റിയറിങ് വീൽ, ഗിയർ ലീവർ, വാതിൽ പിടി എന്നിവയിലെ വിരലടയാളങ്ങളുടെ പരിശോധന, ഇന്ധനച്ചോർച്ച... അന്വേഷണ പുരോഗതിക്കും വിചാരണയ്ക്കും ഇവയെല്ലാം നിർണായകമാകും.

അപകടത്തിൽ മരിച്ച അല്ലെങ്കിൽ പരുക്കേറ്റ ഡ്രൈവറുടെ ശാസ്ത്രീയ പരിശോധനകൾ കേസ് അപകടമാ ണോ കൊലപാതകമാണോയെന്നു തിരിച്ചറിയാൻ വഴികാട്ടും. ഡ്രൈവർക്കു ഗുരുതരമായ പരുക്കില്ലെങ്കിൽ അദ്ദേഹത്തിന്റെ മൊഴികൾ കൂടുതൽ പ്രധാനപ്പെട്ടതാകും.

ആസൂത്രിത കൊലപാതകങ്ങളിൽ വാടകക്കൊലയാളി അപകടത്തിനു സ്വാഭാവികത വരുത്താൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതും പതിവാണ്. അവിനാശി, കണിച്ചുകുളങ്ങര അപകടങ്ങളുടെ ആദ്യ നിഗമനം, അപകടത്തിനു മുൻപോ പിൻപോ അതിനു കാരണക്കാരനായ ഡ്രൈവർ വണ്ടി ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചില്ലെന്നതാണ്.

അതിനുള്ള കാരണങ്ങൾ രണ്ടാണ്.

1 വണ്ടി ഇടിച്ചുകയറ്റാൻ ഡ്രൈവർ ബോധപൂർവം ബ്രേക്ക് ചെയ്തില്ല.

2 ഡ്രൈവർ മയങ്ങിപ്പോയതിനാൽ വണ്ടി ഇടിക്കാൻ പോകുന്നത് അറിഞ്ഞില്ല.

ഡ്രൈവർ ബ്രേക്ക് ചെയ്യാതിരിക്കുന്നതിനൊപ്പം വണ്ടിയുടെ വേഗം കൂട്ടാൻ ആക്സിലറേറ്റർ ചവിട്ടിപ്പിടിക്കു കയും ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശ്യം വ്യക്തം– കൊലപാതകം. എൻജിന്റെ പരിശോധനകളിലൂടെ ഫൊറൻസിക് എൻജിനീയർക്ക് ഇക്കാര്യം മനസ്സിലാക്കാൻ കഴിയും. ഇടിയുടെ ആഘാത പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ അപകടം ആസൂത്രിതമാണോ എന്നു ബോധ്യപ്പെടും. 

പുതിയകാലത്തെ വാഹനങ്ങളിലുള്ള സോഫ്റ്റ്‌വെയറുകളുടെ പരിശോധനയും അപകടകാരണം സംബന്ധിച്ച കൃത്യമായ സൂചനകൾ നൽകും. ‍ഡ്രൈവറുടെ മയക്കമാണു കാരണമെങ്കിൽ ഇടിച്ച വാഹനത്തിന്റെ വേഗം താരതമ്യേന കുറവായിരിക്കും. ആക്സിലറേറ്റർ ചവിട്ടില്ല. അപകടത്തിനു ശേഷം വലിയ വാഹനങ്ങളിലെ ഡ്രൈവർമാർ ബ്രേക്ക് ചവിട്ടാൻ വിഫല ശ്രമം നടത്തുന്നതിന്റെ റിപ്പോർട്ടുകളുണ്ട്.

വണ്ടിയുടെ തകരാർ, കാഴ്ച മറയ്ക്കുന്ന വളവുകൾ, അമിതവേഗം, റോഡ് നിർമാണത്തിലെ അപാകത എന്നിവയാണു കാരണമെങ്കിൽ അപകടത്തിനു തൊട്ടുമുൻപു ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചിട്ടുണ്ടാകും. അതിന്റെ ഫലമായി റോഡിൽ ടയറിന്റെ കരിഞ്ഞ അടയാളവും കാണും. ബ്രേക്കിനെ വീലുകളുമായി ബന്ധിപ്പിക്കുന്ന ഡിസ്കുകൾ, ബ്രേക്ക് ഷൂ, ബ്രേക്ക് ഡ്രം എന്നിവയുടെ പരിശോധനയിലൂടെ ഫൊറൻസിക് എ‍ൻജിനീയർ ഇക്കാര്യത്തിൽ ശാസ്ത്രീയമായ റിപ്പോർട്ട് പൊലീസിനു കൈമാറും.

രക്ഷപ്പെട്ട യാത്രക്കാർ, മറ്റു ദൃക്സാക്ഷികൾ എന്നിവർ നൽകുന്ന മൊഴികളും അപകട കാരണം കണ്ടെത്താൻ നിർണായകമാണ്. ഡ്രൈവറുടെ മയക്കത്തിന്റെ കാരണങ്ങൾ മൂന്നാണ്:

മദ്യം, ലഹരിമരുന്ന്.

വിശ്രമം ലഭിക്കാത്ത ജോലി ഭാരം.

ആരോഗ്യപ്രശ്നങ്ങൾ.

ഡ്രൈവറുടെ ശ്വാസം, രക്തം, മൂത്രം എന്നിവയുടെ പരിശോധനകളിലൂടെ അപകടകാരണം ലഹരിയുടെ ഉപയോഗമാണെങ്കിൽ എളുപ്പം അറിയാം. വിശ്രമമില്ലാത്ത ജോലി എത്ര ആരോഗ്യവാനായ ഡ്രൈവറെയും മയക്കത്തിലേക്കു നയിക്കും. ആരോഗ്യ പ്രശ്നങ്ങളിൽ മുഖ്യം പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ ഡ്രൈവർ അറിയാതെ മയങ്ങിപ്പോകും. എസി വാഹനത്തിൽ അധികദൂരം യാത്ര ചെയ്യുമ്പോൾ നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കുന്നതു ഡ്രൈവർ അറിയാതെ പോകുന്നതും മയക്കത്തിനു വഴിയൊരുക്കും.

ഡ്രൈവറുടെ മയക്കം അപകടത്തിനു കാരണമാകുന്ന കേസുകളിൽ ഭൂരിഭാഗവും സംഭവിക്കുന്നതു വണ്ടി ലക്ഷ്യ സ്ഥാനത്ത് എത്താൻ 10 കിലോമീറ്ററിൽ താഴെ മാത്രം ദൂരം ശേഷിക്കുന്ന സാഹചര്യങ്ങളിലാണ്. എത്തേണ്ടിടത്ത് ഉടൻ എത്തുമെന്ന ചിന്ത മയക്കത്തെ അവഗണിക്കാൻ ഡ്രൈവറെ പ്രേരിപ്പിക്കുന്നതാണ് ഇതിനു കാരണം. കൂടുതൽ ദൂരമുണ്ടെങ്കിൽ വണ്ടി ഒതുക്കി അൽപ നേരം വിശ്രമിക്കാനോ കാപ്പിയോ ചായയോ കുടിച്ചു മുഖം കഴുകാനോ ഡ്രൈവർ ശ്രമിക്കും. അപകടം ഒഴിവാക്കാൻ അതു സഹായിക്കും.

പഴഞ്ചൻ വണ്ടി മതി

ആസൂത്രിത വാഹനാപകടത്തിന്റെ ഒന്നാം നമ്പർ ഉദാഹരണമാണു കണിച്ചുകുളങ്ങര കൂട്ടക്കൊല. കേസിലെ മുഖ്യപ്രതിയും ആസൂത്രിത അപകടം ഒരുക്കിയ ലോറി ഡ്രൈവറുമായ ഉണ്ണിയാണു കൊലപാതകത്തിനു ക്വട്ടേഷൻ എടുത്തത്. വൈപ്പിൻ ചെറായിയിലെ ഹിമാലയ ചിട്ടിക്കമ്പനി ഉടമകൾക്ക് അവരുടെ മുൻ മാനേജരും എവറസ്റ്റ് ചിട്ടിക്കമ്പനി ഉടമയുമായ രമേശിനോടു തോന്നിയ ബിസിനസ് വൈരമാണു കൊലപാതകത്തിനു വഴിയൊരുക്കിയത്.

കൊലപാതകം വാഹനാപകടമായി ആസൂത്രണം ചെയ്തതു ഹിമാലയ ചിട്ടിക്കമ്പനി ഉടമകളാണെന്നാണു കുറ്റപത്രം പറയുന്നത്. അതിനു ചുമതലപ്പെടുത്തിയത് ഉണ്ണിയെയും. ആലപ്പുഴ –കൊല്ലം റൂട്ടിൽ മാസത്തിൽ ഒരിക്കലെങ്കിലും രമേശും കുടുംബവും യാത്ര ചെയ്യാറുണ്ടെന്ന് അറിയാം. രമേശിന്റെ സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയാണ് അധികവും. 2005 ജൂലൈ 20 നായിരുന്നു കൊലപാതകം. കൊലപ്പണത്തിന്റെ ആദ്യ ഗഡുവായി 3 ലക്ഷം രൂപ ഉണ്ണിക്കു ലഭിച്ചു. അതു കൊണ്ടൊരു ലോറി വാങ്ങണമെന്നായിരുന്നു ഉണ്ണിക്കു ലഭിച്ച നിർദേശം. ഹിമാലയ കമ്പനിയുടെ ബസുകളോ ലോറികളോ കൊലപാതകത്തിന് ഉപയോഗിക്കരുതെന്നു തീരുമാനിച്ചിരുന്നു.

ലോറി വാങ്ങാൻ വാഹന ബ്രോക്കർമാരെ ഉണ്ണി സമീപിച്ചു. പല ലോറികൾ കണ്ടെങ്കിലും ആക്രി വിലയ്ക്ക് ഉടമ ഉപേക്ഷിക്കാൻ തയാറായ പഴഞ്ചൽ വണ്ടിയാണു ഉണ്ണി വാങ്ങിയത്. ഒരു ലക്ഷം രൂപയിൽ താഴെയാണു വില. അതു വാങ്ങി വർക്ക് ‌ഷോപ്പിൽ കയറ്റി ഓടിക്കാവുന്ന കണ്ടീഷനാക്കി. ലോറി വാങ്ങാൻ കിട്ടിയ 3 ലക്ഷം രൂപയിൽ പരമാവധി ലാഭിക്കാനാണ് ഉണ്ണി പഴഞ്ചൽ വണ്ടി വാങ്ങിയത്.

കൊല്ലം ഭാഗത്തു നിന്നു വരുന്ന രമേശിന്റെ കാർ ആലപ്പുഴ കഴിയുമ്പോൾ ഉണ്ണി ലോറിയുമായി അരൂരിൽ നിന്നു തിരിക്കും. ദേശീയപാതയിൽ മീഡിയൻ ഇല്ലാത്ത കണിച്ചുകുളങ്ങരഭാഗത്തു 2 വണ്ടികളും നേർക്കുനേർ വരുമ്പോൾ അമിതവേഗത്തിൽ ഉണ്ണിയുടെ ലോറി രമേശിന്റെ കാറിലേക്ക് ഇടിച്ചു കയറ്റണം. കൊലപാതക ഗൂഢാലോചനയുടെ ഇത്രവരെ ആസൂത്രണം ചെയ്ത പോലെ സംഭവിച്ചു.

ഇതിന്റെ രണ്ടാം ഘട്ടമാണു കണിച്ചുകുളങ്ങര കൂട്ടക്കൊലയ്ക്കു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുടെ കാതലായ ഭാഗം. കാറിനെ ഇടിച്ചു തകർത്ത ശേഷം കൊല വണ്ടിയായ ലോറി ആലപ്പുഴ മുഹമ്മ ഭാഗത്തുള്ള രഹസ്യകേന്ദ്രത്തിൽ എത്തിക്കണം. എന്നിട്ട് ഉണ്ണി പൊലീസിനു പിടികൊടുക്കാതെ കടന്നു കളയണം. മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം രഹസ്യകേന്ദ്രത്തിൽ ലോറി പൊളിച്ചു ഭാഗങ്ങളാക്കി ഏതെങ്കിലും ആക്രിത്താവളത്തിൽ തള്ളും. ഇതോടെ തെളിവു നശിക്കും.

‘‘അജ്ഞാത വാഹനം ഇടിച്ച് എവറസ്റ്റ് ചിട്ടിക്കമ്പനി ഉടമയും കുടുംബാംഗങ്ങളും മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.’’ സംഭവങ്ങൾ ഇതുപോലൊരു വാർത്തയിൽ ഒതുങ്ങും ഇതായിരുന്നു പദ്ധതി. പക്ഷേ, കൈവശം ആവശ്യത്തിനു പണമുണ്ടായിട്ടും പഴഞ്ചൻ ലോറി വാങ്ങാൻ ഉണ്ണി തീരുമാനിച്ച നിമിഷം തെളിവുകൾ പ്രതികൾക്ക് എതിരായി.

കൊലപാതകം നടന്ന ദിവസം രമേശ് പുതിയ ടാറ്റാ സഫാരി എസ്‌യുവി വണ്ടിയാണ് ഉപയോഗിച്ചത്. സാമാന്യം ഭാരവും ഉറച്ച ചട്ടക്കൂടുമുള്ള വണ്ടിയാണത്. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു തന്നെ ഉണ്ണിയുടെ ലോറിയുടെ ആക്സിൽ ഒടിഞ്ഞു. വണ്ടി ഉപേക്ഷിച്ച്, ആസൂത്രണം ചെയ്തതിനു വിരുദ്ധമായി ഉണ്ണിയും കൂട്ടാളിയും മറ്റൊരു വണ്ടിക്കു കൈകാണിച്ച് അതിൽ കയറി സ്ഥലംവിട്ടു.

കൊലയ്ക്ക് ഉപയോഗിച്ച ലോറി പൊലീസിന്റെ കസ്റ്റഡിയിലായി. രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദീൻ എന്നിവർ സംഭവ സ്ഥലത്തു കൊല്ലപ്പെട്ടതോടെ അതു വലിയ വാർത്തയായി. അപകടമുണ്ടാ ക്കിയ ലോറിയുടെ ചിത്രം പിറ്റേന്നു മുഴുവൻ പത്രങ്ങളിലും ഒന്നാം പേജിൽ വലുപ്പത്തിൽ അച്ചടിച്ചു.

ലോറി തിരിച്ചറിഞ്ഞ മുൻ ഉടമയും വാഹനബ്രോക്കറും പന്തികേടു മനസ്സിലാക്കി പൊലീസിനെ വിവരം അറിയിച്ചു. കുറഞ്ഞ തുകയ്ക്കു പഴഞ്ചൻ ലോറി തന്നെ ഉണ്ണി തേടി നടന്നുവെന്ന ബ്രോക്കറുടെ മൊഴി  കൊലപാതകത്തിന്റെ ആദ്യ സൂചനയായി. അതിനൊപ്പം ബ്രോക്കറോട് ഉണ്ണി പറഞ്ഞ ഒരുകാര്യം കൊലയ്ക്ക് അടിവരയിട്ടു.

‘‘ വില കുറഞ്ഞ പഴയ ലോറി മതി ഒറ്റ ദിവസത്തെ ആവശ്യത്തിനാണ്.’’ ഒറ്റ ദിവസത്തെ ആവശ്യത്തിനു വേണ്ടി ലോറി വാടകയ്ക്ക് എടുക്കാതെ ആരെങ്കിലും ലോറി പണം കൊടുത്തു വാങ്ങുമോ? എന്ന ചോദ്യം അന്വേഷണ സംഘത്തെ ശരിയായ ദിശയിലേക്കു നയിച്ചു. ആദ്യം ഉണ്ണിയും തുടർന്നു മറ്റു പ്രതികളും അറസ്റ്റിലായി. ഉണ്ണിക്കു വിചാരണക്കോടതി വിധിച്ച വധശിക്ഷ, മേൽക്കോടതി പരോളില്ലാത്ത 25 വർഷം കഠിനതടവായി കുറവു ചെയ്തു.

English Summary: Road Accident Turns Out Planned Contract Killing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ