കൊലക്കേസിൽ കുടുങ്ങിയ തസ്കരവീരൻ

detective-27
SHARE

കൂടുവിട്ടു കൂടുമാറാൻ ശേഷിയുള്ള ഇന്ദ്രജാലക്കാരനായിരുന്നു ‘രാജാ മാൻഡ്രേക്ക്’, ഒപ്പം അയാളൊരു കള്ളനുമായിരുന്നു. പിടിക്കപ്പെടുമ്പോൾ  കണ്ണൂർ മുതൽ കൊല്ലം പുനലൂർ വരെ 62 മോഷണക്കേസുകൾ അയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. സൈക്കിൾ യജ്ഞക്കാരന്റെ വേഷത്തിലാണു രാജാ മാൻഡ്രേക്കിന്റെ തസ്കരസഞ്ചാരം. ആ യാത്രയ്ക്കിടയിൽ അയാൾ കൊള്ളാവുന്ന വീടുകൾ  കണ്ടുവയ്ക്കും. പണവും സ്വർണവും മാത്രമാണു രാജാ മാൻഡ്രേക്കിനിഷ്ടം. 

ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോർജ് ജോസഫ്, ഹെഡ് കോൺസ്റ്റബിൾമാരായ സദാശിവൻ, കരുണാകരൻ നായർ എന്നിവരാണു രാജയെ പിടികൂടിയത്. ഇടുക്കിയിൽ അധ്യാപികയും കുഞ്ഞും കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ കള്ളൻ അകപ്പെട്ടത്. ഇത്രയധികം മോഷണങ്ങൾ നടത്തി പൊലീസിനെ കബളിപ്പിച്ചു നടന്ന രാജയെ പിടികൂടിയതിന്റെ സന്തോഷത്തേക്കാളേറെ ദുഖവും അപമാനവുമാണ് അന്വേഷണസംഘത്തിനു തോന്നിയത്. 

കേരളാ പൊലീസിന്റെ ചരിത്രത്തിലെ അത്യപൂർവമായ ഒരു സംഗതിയാണ് അവരെ അപമാനിതരാക്കിയത്.രാത്രി ഓടുപൊളിച്ചും ജനൽക്കമ്പി അറുത്തും മോഷണം നടത്തി തിരികെ ഇറങ്ങുമ്പോൾ കള്ളൻ കയറിയതിന്റെ ലക്ഷണം വീട്ടിൽ അവശേഷിപ്പിക്കരുതെന്ന നിർബന്ധം രാജാ മാൻഡ്രേക്കിനുണ്ടായിരുന്നു. കേസന്വേഷണത്തിൽ പൊലീസിനെ കുഴക്കിയതും അതായിരുന്നു. 

വളരെ ലളിതമായ ടെക്നിക്കാണ് അതിനയാൾ ഉപയോഗിച്ചിരുന്നത്. ഇലക്ട്രിക്കൽ ജോലികൾക്ക് ഉപയോഗിക്കുന്ന വെള്ള, കറുപ്പ് ഇൻസുലേഷൻ ടേപ്പുകളായിരുന്നു അതിലൊന്ന്. ഉറക്കത്തിൽ, കിടക്കുന്ന കട്ടിലോടെ പൊക്കിയാലും  സാധാരണ മനുഷ്യർ അറിയാത്ത രാത്രിയുടെ മൂന്നാം യാമത്തിലാണ് (പുലർച്ചെ 2നും 3നും ഇടയിൽ) ഇയാളുടെ മോഷണങ്ങൾ. 

ജനൽക്കമ്പി അറുത്ത് അകത്തുകയറി മോഷ്ടിച്ച ശേഷം ചുവരിൽ കാൽപാടുകൾ പതിയാതെ അതേ ജനൽ വഴി രാജ പുറത്തിറങ്ങും. പിന്നീടാണു കളി.  ഇന്നും കറുപ്പ്, വെളുപ്പ് പെയിന്റുകളാണല്ലോ ജനലഴികളിൽ അടിക്കാറുള്ളത്. അറുത്ത കമ്പികൾ അതേസ്ഥലത്തു ചേർത്തുവച്ചു കമ്പിയുടെ അതേ നിറമുള്ള ഇൻസുലേഷൻ ടേപ്പ് ചുറ്റി സ്ഥാനത്ത് ഉറപ്പിക്കും. കള്ളൻ കയറിയതും ഇറങ്ങിയതും അതുവഴിയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. 

പിറ്റേന്നു മോഷണ വിവരം അറിയുമ്പോൾ വീട്ടുകാർ അമ്പരക്കും, വീടിന്റെ വാതിലുകൾ പൊളിക്കാതെ ആരാണു മോഷണം നടത്തിയത്? കുടുംബാംഗങ്ങൾ  പരസ്പരം സംശയിക്കും. അതാണു കള്ളന്റെ തന്ത്രം. 

ഓടിളക്കി അകത്തു കയറാനും  രാജയ്ക്കൊരു തന്ത്രമുണ്ട്. സമീപത്തെ ഏതെങ്കിലും വീട്ടിലെ ഏണിയെ ടുക്കും, അങ്ങോട്ടേക്കു പോരുന്ന വഴി ആദ്യം കാണുന്ന കിണറിന്റെ അടുത്തു വെള്ളം കോരാൻ സൂക്ഷിച്ചിട്ടുള്ള ബക്കറ്റിലെ കയറും അഴിച്ചെടുക്കും.

ഏണി ചാരി വീടിന്റെ മേൽക്കൂരയിൽ കയറും.  ഓട് എടുത്തു മാറ്റി കഴുക്കോലിൽ കയർ കെട്ടി തൂങ്ങി ഇറങ്ങും. മോഷണം കഴിഞ്ഞ് അതേ വഴി പുറത്തിറങ്ങി കയർ അഴിച്ചെടുക്കും. ഇളക്കിയ ഓടുകൾ അതേ സ്ഥാനത്തു വയ്ക്കും. ഏണി അയൽവീട്ടിൽ തിരികെ വയ്ക്കും. കിണറ്റിൻ കരയിലെ ബക്കറ്റിൽ കയർ തിരികെ കെട്ടും. ഇതോടെ മോഷണം നടത്തിയ വഴിയും അതിനുപയോഗിച്ച തൊണ്ടികളും കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടും. 

രാജ പിടിക്കപ്പെട്ടാലും ശരിയായ തൊണ്ടി സാധനങ്ങളില്ലാതെ വിചാരണയിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയില്ല. പിടിക്കപ്പെട്ട കേസുകൾ രാജ തന്നെയാണു കോടതിയിൽ സ്വയം വാദിച്ചിരുന്നത്. കേസന്വേഷണത്തിൽ പൊലീസ് എങ്ങനെ ചിന്തിക്കുമെന്ന് അയാൾക്കു നന്നായറിയാം. മോഷണശേഷം കളം വിടാനും രാജയ്ക്കു തന്ത്രമുണ്ട്. ബർമുഡ പോലെ പോക്കറ്റുള്ള നിക്കർ 1970 കളിൽ തന്നെ രാജ തുന്നിയെടുത്തിട്ടുണ്ട്. മോഷണത്തിനു കയറും മുൻപ് ഉടുത്ത വെള്ളമുണ്ടു വീതികുറച്ചു മടക്കി അരക്കച്ച പോലെ ചുറ്റും. ഷർട്ടും ചെരിപ്പും ഊരി അരയിൽ തിരുകും. 

മോഷണത്തിനു ശേഷം പിടികൂടാനായി ആരെങ്കിലും ഓടിച്ചാൽ കുറച്ചു ദൂരം ഷർട്ട് ധരിക്കാതെ നിക്കറിൽ തന്നെ ഓടും അതിനിടയിൽ ഇരുട്ടിലേക്കു പതുങ്ങി ഇന്ദ്രജാലക്കാരന്റെ കൈവേഗത്തിൽ നിമിഷങ്ങൾ കൊണ്ടു ഷർട്ട് ധരിച്ചു മുണ്ടും ഉടുത്തു ചെരുപ്പിട്ടു മെല്ലെ നടന്നു പോകും. നിക്കർ മാത്രം ധരിച്ച് ഓടിപ്പോയ കള്ളനെ പിന്തുടരുന്നവർ രാജയുടെ ഈ വേഷപ്പകർച്ച ഒരിക്കലും പ്രതീക്ഷിക്കില്ല. 

കള്ളനെപ്പിടുത്തക്കാർ ‘‘ചേട്ടാ ഇതുവഴി നിക്കറിട്ട ഒരു കള്ളൻ ഓടുന്നതു കണ്ടോ ?’’ എന്നു രാജയോടു തന്നെ ചോദിച്ചു മുന്നോട്ട് ഓടും. കുറച്ചു ദൂരം രാജയും അവരുടെ പിന്നാലെ ഓടും. അധ്യാപികയും കുഞ്ഞും കൊല്ലപ്പെട്ട ദിവസങ്ങളിൽ രാജയുടെ ഇടുക്കിയിലെ സാന്നിധ്യമാണു  പൊലീസ് അയാളെ ചോദ്യം ചെയ്യാൻ കാരണമായത്. കൊല നടത്തിയതു രാജയല്ലെന്നു തുടക്കത്തിലെ പൊലീസിനു മനസ്സിലായി.. 

പക്ഷേ ആ ദിവസം എന്തുകൊണ്ട് അവിടെ വന്നുവെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം പറയാൻ രാജയ്ക്കു കഴിഞ്ഞില്ല.. തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിൽ 41 മോഷണക്കേസുകളിൽ  രാജ കുറ്റം സമ്മതിച്ചു. 

പിടിയിലായതു  അധ്യാപികയുടെ കൊലയാളിയല്ലെന്നു ബോധ്യപ്പെട്ടിട്ടും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോർജ് ജോസഫ് എന്തുകൊണ്ടാണു രാജാ മാൻഡ്രേക്ക് എന്ന സൈക്കിൾ യജ്ഞക്കാരനെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്? 

അതാണു കേരളാ പൊലീസിനെ അപമാനിതരാക്കിയ കുറ്റാന്വേഷണ കഥയുടെ ആന്റി ക്ലൈമാക്സ് ‘രാജാ മാൻഡ്രേക്’ എന്നു വിളിപ്പേരുള്ള  ആ കള്ളൻ  1975ൽ സർവീസിൽ പ്രവേശിച്ച പൊലീസ് കോൺസ്റ്റബിളായിരുന്നു. 

English Summary : Unusual Life Story Of A Thief 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ