60000 കോടിയുടെ മദ്യം വിറ്റ് 3000 കോടിയുടെ കിറ്റ്

HIGHLIGHTS
  • ചിലർക്ക് മദ്യമാണ് ലഹരി എങ്കിൽ മറ്റുചിലർക്ക് ലോട്ടറി ടിക്കറ്റ് ആണു ലഹരി.
alcohol
Representative Image. Photo Credit : Inna Vlasova / Shutterstock.com
SHARE

ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനും ഒക്കെയാണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ഭരണ– ക്ഷേമ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു സംസ്ഥാനം ഏതെങ്കിലും തരത്തിലുള്ള ദുരന്തമോ മഹാ വ്യാധിയോ നേരിടുമ്പോൾ ഇത്തരത്തിലുള്ള ക്ഷേമപദ്ധതികൾ അനിവാര്യമാണ്. പക്ഷേ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തു വിശാലമായ കാഴ്ചപ്പാടിൽ ചിന്തിക്കുമ്പോൾ, ഇത്തരം പദ്ധതികൾ കൊട്ടിഘോഷിക്കപ്പെടുന്നതു പോലെ ക്ഷേമകരമല്ല എന്ന് മനസ്സിലാകും. പ്രത്യേകിച്ചും ആ സൗജന്യം പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ നൽകുമ്പോൾ. മദ്യം വിറ്റ പണം കൊണ്ട് ഖജനാവ് നിറയ്ക്കുമ്പോൾ, ക്ഷേമ പദ്ധതികൾ നിരർഥകമാകുന്നു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് ആളുകൾ കുടിച്ചു തീർത്തത് 60,000 കോടി രൂപയുടെ മദ്യമാണ്. അതായത് ശരാശരി ഒരു മാസം 1200 കോടി രൂപയുടെ മദ്യം. ഭാഗ്യക്കുറി വിറ്റ് സംസ്ഥാനം അഞ്ചു വർഷം കൊണ്ടു നേടിയത് 42321 കോടി രൂപ. ഒരു മാസം ശരാശരി 700 കോടി രൂപ.

3000 കോടിയുടെ കിറ്റ്

ഒരു മാസം ഭക്ഷ്യക്കിറ്റ് നൽകാൻ സംസ്ഥാനത്തിന് ചെലവാകുന്നത് ശരാശരി 400 കോടി രൂപ. അതായത് 80 ലക്ഷം കുടുംബങ്ങൾക്ക് ശരാശരി 350 - 450 രൂപയുടെ കിറ്റ് എന്ന കണക്കുസരിച്ചാണിത്. ഒരു മാസത്തെ മദ്യ ലാഭത്തിന്റെ പകുതി മതി ഒരു മാസം കിറ്റ് നൽകാൻ.

ജനുവരി മുതൽ ഏപ്രിൽ വരെ ഭക്ഷ്യക്കിറ്റ് വിതരണത്തിന് 1385 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

സെപ്റ്റംബർ മുതൽ ഡിസംബർ വരെ കിറ്റ് നൽകിയതിനും ലോക്ഡൗൺ കിറ്റ് വിതരണത്തിനും ചേർത്ത് 1649.79 കോടി.

(2020 ൽ നൽകിയത് 5 കിറ്റ്. ഈ വർഷം ഏപ്രിൽ വരെ നൽകുന്നത് 4 കിറ്റ്)

മദ്യം കഴിക്കുന്നവരിൽ നല്ല പങ്കും സാധാരണക്കാരും തൊഴിലാളികളുമാണെന്നതു കണക്കിലെടുക്കുമ്പോൾ അവർ മദ്യത്തിനു നൽകുന്ന പണത്തിന്റെ ഒരു വിഹിതം തന്നെയാണ് കിറ്റായി വീട്ടിൽ എത്തുന്നത് എന്നു മനസ്സിലാവും. എപിഎൽ വിഭാഗക്കാരും ഈ സൗജന്യ കിറ്റിന്റെ പങ്കു പറ്റുന്നു.

കിറ്റ് ഹിറ്റായപ്പോൾ

ലോക്ഡൗൺ കാലത്തേക്കു മാത്രമായി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടു തുടങ്ങിയതാണ് കിറ്റ്. എന്നാൽ, കിറ്റ് ഹിറ്റായതോടെ തദ്ദേശ തിരഞ്ഞെടുപ്പു വരെ നീട്ടി. അതും ക്ലിക്കായെന്നു മനസ്സിലാക്കിയ സർക്കാർ കിറ്റ് വിതരണം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇപ്പോഴും തുടരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്താകും അവസ്ഥ? സാധ്യത രണ്ടാണ്. കിറ്റിനുള്ള പണം കണ്ടെത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. വകമാറ്റി ചെലവിടാൻ കഴിയാത്ത പണമാണത്. നമ്മൾ നൽകുന്ന സംഭാവനയും സർക്കാർ ഇൗ നിധിയിലേക്കു മാറ്റി വയ്ക്കുന്ന പണവുമാണ് അവിടെ കിടക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ ദുരിതമായും അതിൽ‌നിന്നു പണമെടുത്ത് കിറ്റു വാങ്ങി നൽകുന്നതിനെ ദുരിതാശ്വാസമായും സർക്കാർ കാണുന്നു. അങ്ങനെ നോക്കുമ്പോൾ കിറ്റിന്റെ പണം മദ്യത്തിന്റെ പണമല്ലെന്നൊക്കെ വാദിക്കാമെങ്കിലും എല്ലാം പരസ്പര പൂരകമാണ്.

thalakuri-column-liquor-bar-reopening

ഒരു തൊഴിലാളിക്ക് ഒരു ദിവസത്തെ കൂലി 800 രൂപ എന്നു കരുതുക. അതിൽ 300 രൂപ മദ്യത്തിനായി മുടക്കുന്നു. ബാറിൽ പോയാൽ അതിലേറെ ആകും. ബാക്കി രൂപയുടെ ഒരു ഭാഗമാണു വീട്ടിലെത്തുക. മദ്യപാനമില്ലെങ്കിൽ ഈ 800 രൂപയിൽ 700 രൂപയും അരിയും പല വ്യഞ്ജനവും മറ്റുമായി വീട്ടിലെത്തിയേനേ. തന്റെ വീട്ടിലേക്കു ദിവസവും എത്തേണ്ട ഭക്ഷ്യ കിറ്റിനു പകരമാണ് മാസത്തിലൊരിക്കലെത്തുന്ന സർക്കാർ കിറ്റെന്ന് എത്ര വീട്ടമ്മമാർ ചിന്തിക്കും. ഡിസ്റ്റിലറി ഉടമ 100 രൂപ വിലയിടുന്ന ഒരു കുപ്പി മദ്യം സർക്കാർ വിൽക്കുന്നത് 600 രൂപയ്ക്ക്. മദ്യക്കച്ചവടത്തിലെ ലാഭം പകുതി മതിയെന്നു സർക്കാർ തീരുമാനിച്ചാൽ അത്രയും പണം തൊഴിലാളിയുടെ വീട്ടിലെത്തും. പക്ഷേ സർക്കാർ മദ്യവില ഓരോ വർഷവും കൂട്ടിക്കൊണ്ടേയിരിക്കുന്നു. കാരണം വില കൂട്ടിയാലും വിൽപന കുറയാത്ത ഏക സാധനമാണു മദ്യം.

വാദം പൊളിയുന്നു

മദ്യനിരോധനം അപ്രായോഗികമാണെന്നും അത് വ്യാജവാറ്റിലേക്കും ലഹരിമരുന്നിലേക്കും നയിക്കുമെന്നും വാദത്തിനു സമ്മതിച്ചാൽ പോലും കേരളത്തിലെ സർക്കാർ വിലാസം മദ്യ വിതരണം മദ്യപാനാസക്തി കുറയ്ക്കുന്നതിലേറെ കൂട്ടുന്ന തരത്തിലാണ് എന്ന കാര്യത്തിൽ സംശയമില്ല. ലോക്ഡൗൺ കാലത്ത് മദ്യ വിതരണം നിർത്തി വച്ചപ്പോൾ വ്യാജവാറ്റും ലഹരി മരുന്നുപയോഗവും എത്ര കൂടി എന്നതിന്റെ കണക്ക് പരിശോധിച്ചാൽ സർക്കാർ വാദം പൊളിയും. മദ്യത്തിൽനിന്നു കിട്ടുന്നതിലും എത്രയോ കുതൽ പണം അതു മൂലമുള്ള രോഗ ചികിത്സയ്ക്കും സാമൂഹിക പ്രശ്ന പരിഹാരത്തിനുമായി ചെലവഴിക്കുന്നു. പക്ഷേ ക്രിയാത്മകമായി ഇതിനെ സമീപിക്കാൻ ആരും തയാറാവുന്നില്ല.

കോവിഡ് ഭീഷണി ഒഴിയുന്നതോടെ ദുരിതാശ്വാസ നിധിയിൽനിന്നു പണമെടുത്തു കിറ്റ് നൽകുന്നതും നിർത്തേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അടുത്തൊരു തിരഞ്ഞെടുപ്പിനു സാധ്യത 2024 ലേയുള്ളൂ. അതിനാൽ വരുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞും കിറ്റു വിതരണം നീട്ടുന്നതു കൊണ്ട് സർക്കാരിനു രാഷ്ട്രീയ നേട്ടമൊന്നുമില്ല.

ഭാഗ്യാസക്തി

ഇതുപോലെ തന്നെയാണ് ലോട്ടറിയും. സമ്പന്നരാരും ലോട്ടറി ടിക്കറ്റ് എടുക്കുന്നില്ല എന്നോർക്കുക. എടുക്കുന്നവരിൽ 90 ശതമാനവും സാധാരണക്കാരും തൊഴിലാളികളും. അവർക്ക് ഒരു മാസം ഒരു കോടി രൂപ സ്വപ്നം കാണാനുള്ള തിട്ടൂരം മാത്രമാണ് ലോട്ടറി. ചിലർക്ക് മദ്യമാണ് ലഹരി എങ്കിൽ മറ്റുചിലർക്ക് ലോട്ടറി ടിക്കറ്റ് ആണു ലഹരി. കിട്ടുന്ന പണം മുഴുവൻ ലോട്ടറി ടിക്കറ്റ് വാങ്ങാൻ കുടുംബത്തെ പട്ടിണിക്കിടുന്ന എത്രയോ പേർ. ലോട്ടറി ടിക്കറ്റ് വിറ്റ് ഒരിക്കലും സമൂഹത്തിലെ ദാരിദ്ര്യവും പട്ടിണിയും മാറ്റാൻ ആവില്ലെന്ന് ഏത് കൊച്ചുകുട്ടികൾക്കും അറിയാം. അപ്പോൾ പാവങ്ങളുടെ ദാരിദ്ര്യത്തിനും സ്വപ്നങ്ങൾക്കും മേൽ സർക്കാർ ചുമത്തുന്ന നികുതിയാണ് ലോട്ടറി. സർക്കാർ ഖജനാവിൽ നിന്നല്ലാതെ പോക്കറ്റിൽനിന്ന് പണമെടുത്ത് ഒരു സർക്കാരും സൗജന്യം നൽകുന്നില്ല.

thalakuri-column-lottery-sales-counter

സർക്കാർ തന്നെ നാടു തോറും മദ്യം വിറ്റ് ജനങ്ങളെ കുടിപ്പിച്ച് ആ പണം വാങ്ങി മദ്യാസക്തിയിൽനിന്ന് മോചിപ്പിക്കാനായി ഡീ അഡിക്‌ഷൻ സെന്റർ തുടങ്ങുന്നു. മദ്യക്കച്ചവടത്തിലെ വരുമാനത്തിന്റെ ചെറിയൊരു ഭാഗമാണ് മദ്യ രോഗ മുക്തിക്കു (ഡീഅഡിക്‌ഷൻ) വേണ്ടി ചെലവാക്കുന്നത്. അതുതന്നെ വേണ്ടവിധം മുഴുവനായി ചെലവഴിക്കുന്നുണ്ടോ എന്നത് വേറെ കാര്യം. സത്യത്തിൽ മദ്യാസക്തിയിൽ നിന്നുള്ള മോചനത്തിനു തുടങ്ങുന്ന ഡീ അഡിക്‌ഷൻ സെന്റർ പോലെ ഭാഗ്യാസക്തിയിൽനിന്ന് മോചനത്തിനായി പുതിയൊരു ഡീ അഡിക്‌ഷൻ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് സർക്കാരിന് ആലോചിക്കാവുന്നതാണ്. ഭാഗ്യാസക്തി കൊണ്ടു പട്ടിണിയിലായ ഒട്ടേറെ കുടുംബങ്ങൾ രക്ഷപ്പെടും.

English Summary: Thalakkuri Column by John Mundakkayam- Selling liquor worth Rs 60000 crore and distributing kits for Rs 3000 crore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.