ആയിരം കോടി രൂപയുടെ മാമാങ്കം. ഈ പണം എവിടെ നിന്ന്.

HIGHLIGHTS
  • പ്രമുഖ മുന്നണി സ്ഥാനാർഥികൾ ചെലവഴിക്കുന്നത് ഒന്നര കോടി മുതൽ 2 കോടി വരെ
Indian-Currency
SHARE

തിരഞ്ഞെടുപ്പ് എന്നാൽ ജനാധിപത്യത്തിന്റെ ഉരകല്ലാണ്.  അതേ സമയം കോടികളുടെ ഇടപാടുമാണ്.  ഒരു സംസ്ഥാനത്തിൻറെ നിയമസഭാ തിരഞ്ഞെടുപ്പ്  തുടങ്ങി പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ചെലവഴിക്കുന്നത് കോടികൾ . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കമ്മിഷൻ കേരളത്തിൽ ചിലവാക്കിയത്  135 കോടി രൂപ.  ഇത്തവണ അത് 200 കോടി കവിയും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  സ്ഥാനാർത്ഥികൾ  ചെലവഴിക്കുന്നത്  ഇതിലും എത്രയോ ഇരട്ടി . ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പിന്  സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 32 ലക്ഷം രൂപ എന്നു കമ്മിഷൻ നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികൾ ഓരോരുത്തരും ചെലവഴിക്കുന്നത് ഒന്നര കോടി മുതൽ 2 കോടിവരെ രൂപ. ചില മുന്നണി സ്ഥാനാർഥികൾ അതിൽ കൂടുതലും ചെലവഴിക്കുന്നുണ്ട്. പലരും പിആർ ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകി നൽകി സ്വന്തം പ്രതിച്ഛായ ഉയർത്താൻ ശ്രമിക്കുന്നു. ഒരു സ്ഥാനാർഥി  പിആർ ജോലിക്കു മാത്രം ഡൽഹിയിലെ ഒരു ഏജൻസിക്ക് നൽകിയത് 60 ലക്ഷം രൂപ. അങ്ങനെ മൊത്തം ഏറെക്കുറെ 1000കോടി രൂപയുടെ മാമാങ്കമാണ്  നടക്കുന്നത്.

വിരലിലെണ്ണാവുന്ന സ്ഥാനാർഥികൾ മാത്രമാണ്  അവരുടെ സ്വന്തം പണം കുറച്ചെങ്കിലും തിരഞ്ഞെടുപ്പിനായി  ചെലവഴിക്കുന്നത്. അവശേഷിക്കുന്ന പണം എവിടെനിന്നു വരുന്നു. ? ഒരു എംഎൽഎക്ക്  അഞ്ചുവർഷം കിട്ടുന്ന  ശമ്പളവും അലവൻസും കൂട്ടിയാലും ഇത്രയും തുക വരില്ല. അപ്പോൾ പിന്നെ  ആ പണം മുടക്കുന്നവർ അതെങ്ങനെ വസൂലാക്കുന്നു. ഇതൊക്കെയാണ് ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പു പ്രക്രിയയെ പരിഹാസ പാത്രമാക്കുന്ന  ഉത്തരമില്ലാത്ത ചോദ്യങ്ങൾ .

രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട്  ജനങ്ങളിൽനിന്ന്  രസീത് നൽകിയും ബക്കറ്റ് പിരിവ് നടത്തിയും സമ്പാദിച്ചതാണ്  എന്ന അവകാശവാദം ഉണ്ടെങ്കിലും അവയൊക്കെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന്  ലഭിക്കുന്നതാണ് എന്നത് പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് ഫണ്ട്  ഉണ്ടാക്കുന്ന വഴികളെക്കുറിച്ച്  രാഷ്ട്രീയപാർട്ടികൾ  ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാറുമില്ല. ഇതിനുപുറമേ  വ്യക്തികളും സ്ഥാപനങ്ങളും   സ്ഥാനാർഥികളെ രഹസ്യമായി സ്പോൺസർ ചെയ്യാറുമുണ്ട്. അതുകൊണ്ടാവാം  തിരഞ്ഞെടുപ്പിൽ തോൽക്കുന്ന  ചില സ്ഥാനാർഥികൾക്ക് പോലും  മത്സരം ലാഭകരമായി മാറുന്നത്. അല്ലെങ്കിൽ  പിന്നെ എന്തിനാണ് തോൽക്കും എന്ന് ഉറപ്പുള്ള സീറ്റിൽ പോലും മത്സരിക്കാൻ ആളുകൾ പരസ്പരം ഇടിക്കുന്നത്?

വൻതുക മുടക്കി പ്രചാരണം കൊഴുപ്പിക്കുന്ന  സ്ഥാനാർഥികളുടെ പിന്നാലെയാണ് വോട്ടർമാരും . ചിലവഴിക്കുന്ന പണത്തിൻറെ പിന്നിൽ കാണാ ചരടുകൾ ഉണ്ട് എന്ന് വോട്ടർമാരും ചിന്തിക്കുന്നില്ല. പരസ്യബോർഡുകളും വാഹന പ്രചാരണവും കുറഞ്ഞ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ജനം മടിക്കും. ഇതിനു മാറ്റം വരണം . ഇലക്ട്രോണിക് യുഗത്തിൽ  മാധ്യമങ്ങളിലെ സംവാദങ്ങളിലൂടെ സ്ഥാനാർഥികളെ അറിയാനും വിലയിരുത്താനും വോട്ടർമാർക്ക് കഴിയണം. അപ്പോഴേ തിരഞ്ഞെടുപ്പ് സംശുദ്ധമാകൂ.

English Summary : Thalakkuri Column - Political funding: Who pays for the party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN THALAKURI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA