ഭരണം തീരുമാനിക്കുന്ന ആ 10 ലക്ഷംവോട്ട് എങ്ങോട്ട് ?

HIGHLIGHTS
  • കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ ആയിരുന്നു
  • ‘അഞ്ചുവർഷം നിങ്ങൾ ഭരിച്ചില്ലേ ഇനി മാറിക്കൊടുക്ക്’എന്ന മലയാളി മനശാസ്ത്രം പ്രതിഫലിക്കുമോ?
article-image-halakuri-column-to-which-side-will-these-ten-lakh-decisive-votes-sway
SHARE

ഒരു സംസ്ഥാനത്തന്റെ തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റി മറിക്കാൻ 10 ലക്ഷം  വോട്ടർമാർക്കു കഴിയുമോ? കേരളത്തിൽ  കഴിയുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 10 ലക്ഷം എന്നാൽ മൊത്തം പോൾ ചെയ്ത് 2.03 കോടിയുടെ 5 ശതമാനം. പത്തു ലക്ഷം വോട്ടുകൾ  ഏത് ദിശയിലേക്ക് മറിയുന്നു എന്നത് ചലപ്പോൾ  മേയ് രണ്ടിനു വോട്ടെണ്ണുമ്പോൾ  ആരു ഭരിക്കണമെന്നു തീരുമാനിക്കും.

 രാഷ്ട്രീയമായി ഉറച്ച നിലപാടുള്ളവരാണ് 80% വോട്ടർമാർ . തിരഞ്ഞെടുപ്പ്  പ്രഖ്യാപിക്കുന്ന ദിവസംതന്നെ അവർ നിലപാട് എടുത്തിരിക്കും. ബാക്കിയുള്ള 20 ശതമാനത്തിൽ 15 ശതമാനനം പേർ അവസാന രണ്ടാഴ്ച്ചത്തെ പ്രചാരണത്തിൽ സ്വാധീനിക്കപ്പെടുന്നവരാണ്. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പെങ്കിലും അവരും നിലപാട് ഉറപ്പിക്കും. ഭൂരിപക്ഷം 20 സീറ്റിൽ കുറവെങ്കിൽ  അവശേഷിക്കുന്ന 5 ശതമാനം (10 ലക്ഷം) ആവും വിജയികളെ തീരുമാനിക്കുക. കാരണം ഓരോ മണ്ഡലത്തിലും അവർ ശരാശരി ഏഴായിരത്തിനു മുകളിൽ  വരും. ഈ തിരഞ്ഞെടുപ്പിൽ 30ൽ കുറയാത്ത സീറ്റുകളിൽ ഭൂരിപക്ഷം അയ്യായിരം വോട്ടിൽ താഴെയായിരിക്കാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ ആയിരുന്നു എന്നറിയുക.

ആർക്ക് വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് ദിനത്തിലോ അതിന് തൊട്ടുമുമ്പുള്ള ഇരുപത്തിനാലു മണിക്കൂറിലോ തീരുമാനിക്കുന്നവരാണ് ആദ്യം പറ‍ഞ്ഞ 5% എന്ന് അഭിപ്രയ സർവേ വിദഗ്ധർ  കണ്ടെത്തിയിട്ടുണ്ട്.

kerala-government-legislative-assembly-secretariat-thalakuri-column-to-which-side-will-these-ten-lakh-decisive-votes-sway

 ഈ പശ്ചാത്തലത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ‌‌അനുകൂലവും പ്രതികൂലവുമായി ചർച്ചചെയ്യപ്പെട്ട വിഷയങ്ങൾ നോക്കാം.

ഭരണ തുടർച്ച അവകാശപ്പെടുന്ന ഇടതുമുന്നണിക്ക് അനുകൂലമായ ഘടകങ്ങൾ?

1. കോവിഡ് കാലത്ത് ഉറപ്പാക്കിയ ഭക്ഷ്യ സുരക്ഷയും സാമൂഹികക്ഷേമ പെൻഷനും. പഞ്ചായത്ത് - മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ട് ആയി മാറി എന്ന് വിശ്വസിക്കപ്പെടുന്ന ഇതേ ഘടകം നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷ.

2. റോഡ് മുതൽ പാലം വരെയുള്ള അടിസ്ഥാന സൗകര്യ വികസനം

3.. സർക്കാർ എയ്ഡഡ് സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നവീകരണം.

4. ഫലപ്രദമായ കോവിഡ് വ്യാപന നിയന്ത്രണവും വാക്സിനേഷനും.

5. മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് സംവരണം, നാടാർ സംവരണം തുടങ്ങിയവ

6. ഇവയെല്ലാം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പും പിൻപുമായി നടത്തിയ അച്ചടി, ദൃശ്യമാധ്യമങ്ങളിലെയും സാമൂഹിക മാധ്യമങ്ങളിലേയും പരസ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ച്ചക്കുള്ളിൽ നടത്തിയ സർവേകളിൽ പ്രതിഫലിച്ചതും ഈ പരസ്യ പ്രചാരണമാവാം.

kerala-government-secretariat-thalakuri-column-to-which-side-will-these-ten-lakh-decisive-votes-sway

എന്നാൽ സർക്കാരിനെതിരെ ശബരിമലയും സ്വർണക്കടത്തും അഴിമതിയും മാത്രം ആയുധമാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങിയ യുഡിഎഫിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും വോട്ടെടുപ്പിനും ഇടയിൽ ഒട്ടേറെ പുതിയ ഘടകങ്ങൾ അനുകൂലമായി പ്രവർത്തിച്ചതായി കണക്കാക്കപ്പെടുന്നു.

1. യുഡിഎഫിന്റെ യുവത്വം തുടിച്ച സ്ഥാനാർത്ഥി പട്ടിക. കൂടെ എൽഡിഎഫ് വോട്ടർ പട്ടികയിൽ നിന്നു ജനപ്രിയ നേതാക്കളെ ഒഴിവാക്കിയതിലെ അതൃപ്തി.

2. ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പെടെ സ്വീകരിച്ച സർക്കാർ വിരുദ്ധ നിലപാട്.

3. അവസാന ഘട്ടത്തിൽ പ്രതിപക്ഷ നേതാവു കൊണ്ടുവന്ന ആഴക്കടൽ മത്സ്യക്കൊള്ള വിവാദം.

4. പിൻവാതിൽ തിയമനം.

5. ഇരട്ടവോട്ട് വിവാദം. ഇത് വ്യാപകമായി കള്ള വോട്ട് കുറച്ചതായി കണക്കാക്കുന്നു. പോളിങ് ശതമാനത്തിലെ കുറവ് തെളിവായി ചൂണ്ടിക്കാട്ടുന്നു.

6. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിനും ധാർഷ്ട്യത്തിനുമെതിരേ പാർട്ടിക്കുള്ളിലും പുറത്തും പുകയുന്ന അതൃപ്തി.

7. മധ്യ തിരുവിതാംകൂറിലും തെക്കൻ ജില്ലകളിലും മുസ്‍ലിം സമുദായത്തിന്റെ യുഡിഎഫ് അനുകൂല നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം വിഭാഗം ഇടതു മുന്നണിയെ പിന്തുണച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് തൊട്ടു മുമ്പത്തേക്കാൾ 8 ലക്ഷം വോട്ട് അധികം കിട്ടാൻ കാരണം മുസ്‍ലിം വോട്ടിലെ ഈ മാറ്റമാണെന്നു വിലയിരുത്തിയിരുന്നു.

8. കഴിഞ്ഞ തവണ ഇടതുമുന്നണിക്കൊപ്പം നിന്ന ഓർത്തഡോക്സ് സഭ ഇത്തവണ യുഡിഎഫിനൊപ്പം.

ബിജെപിയാകട്ടെ ശബരിമല വിഷയത്തിലും സ്വർണക്കടത്തിലും ഊന്നിയുള്ള പ്രചാരണമായിരുന്നു. അവർ ശ്രദ്ധ കേന്ദ്രീകരിച്ചത് നാലോ അഞ്ചോ സീറ്റിലും.

ഈ പ്രചാരണങ്ങളെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ 1980 മുതൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ഒരു പ്രതിഭാസം കൂടി ഇത്തവണ വോട്ടെടുപ്പിൽ സ്വാധീനം ചെലുത്തി എന്ന് വേണം കരുതാൻ. ഭരിക്കുന്ന സർക്കാർ മാറണം എന്നുള്ള മലയാളിയുടെ മാറാത്ത മനസ്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരിക്കൽ മാത്രമേ അതിന് അപവാദം ഉള്ളൂ. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 നടന്ന തിരഞ്ഞെടുപ്പിൽ. കേരള ചരിത്രത്തിലെ ഏക തുടർഭരണമായിരുന്നു അത്. ഈ മലയാളി മനഃശാസ്ത്രത്തെ അതിജീവിക്കാൻ കൂടിയാണ് പരസ്യങ്ങൾ കൊണ്ടും പ്രചാരണ തന്ത്രത്തിലെ നൂതന മാർഗങ്ങൾ അവലംബിച്ച് പിണറായിയും സംഘവും മാസങ്ങളായി കഠിനാധ്വാനം ചെയ്തത്. എന്നാൽ ‘അഞ്ചുവർഷം നിങ്ങൾ ഭരിച്ചില്ലേ ഇനി മാറിക്കൊടുക്ക്’എന്ന മലയാളി മനശാസ്ത്രം ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ?

കാത്തിരിക്കാം മെയ് 2 വരെ.

English Summary : Thalakuri Column - To which side will these 10l akh decisive votes sway?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.