ഗൗരിയമ്മ: കൈവിട്ടു പോയ വമ്പൻ സ്കൂപ്പിന്റെ ഓർമ

HIGHLIGHTS
  • ‘കേരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടും’ എന്നൊക്കെ സഖാക്കൾ പാടി നടന്നിരുന്നു
  • ഒറ്റവരി പ്രസ്താവനയിൽ എന്റെ വലിയൊരു സ്കൂപ്പ് പപ്പടം പോലെ പൊടിഞ്ഞു പോയി
thalakuri-remembering-k-r-gouri-amma
SHARE

കെ.ആർ. ഗൗരിയമ്മയെ ഞാനാദ്യം കാണുന്നത് ജന്മനാടായ മുണ്ടക്കയത്ത് സിപിഎമ്മിന്റെ ഒരു സമ്മേളനത്തിലാണ്. ഗൗരിയമ്മ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ഒരു കല്ല് വന്നു പതിച്ചു. വീണ്ടും ഒരു കല്ലുകൂടി. ആളുകൾ പരിഭ്രാന്തരായി നാലുപാടും ഓടി. പ്രസംഗം നിർത്തി അത്യുച്ചത്തിൽ ഗൗരിയമ്മ അലറി: ‘ആരും ഓടരുത്. കല്ല് വന്ന ഭാഗത്തേക്ക് കുറെപ്പേർ പോയി വലയം ചെയ്യുക. എറിഞ്ഞവനെ വിടരുത്.’ അതും പറഞ്ഞ് അവർ അക്ഷോഭ്യയായി പ്രസംഗം തുടർന്നു. എന്തൊരു തന്റേടിയായ സ്ത്രീ എന്നാണ് അന്നു തോന്നിയത്.

വർഷങ്ങൾക്കുശേഷം  മനോരമ ലേഖകനായി തിരുവനന്തപുരത്ത് എത്തിയ കാലത്ത് ഗൗരിയമ്മയുമായി ബന്ധപ്പെട്ട ഒരു വമ്പൻ സ്കൂപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതും ഓർമ വരുന്നു. 1991 ലെ കരുണാകരൻ മന്ത്രിസഭയുടെ കാലം. 1987 ലെ തിരഞ്ഞെടുപ്പിൽ ‘കേരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടും’ എന്നൊക്കെ സഖാക്കൾ പാടി നടന്നിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം  മുഖ്യമന്ത്രിയായത് ഇ.കെ. നായനാർ. ഗൗരിയമ്മ വ്യവസായ മന്ത്രിയുമായി. ഇതിനിടെ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാഞ്ഞതിന്റെ അമർഷം പാർട്ടിക്കുള്ളിൽ നീറി നിന്നു. ക്രമേണ ഗൗരിയമ്മ പാർട്ടിയുമായി ഇടഞ്ഞു. ഇടതു ഭരണം കഴിഞ്ഞതോടെ അകൽച്ച വർധിച്ചു. 

ഇക്കാലത്തൊക്കെ ഗൗരിയമ്മയുമായി ഒരു പത്രലേഖകൻ എന്ന നിലയിൽ ബന്ധമുണ്ട്. പക്ഷേ അടുപ്പമില്ല. ഇതിനിടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഗൗരിയമ്മയ്ക്കതിരെ തിരിയുന്നു. പ്രമേയം പാസാക്കുന്നു. അതിന്റെ ചുവടുപിടിച്ചു സംസ്ഥാന കമ്മിറ്റി അവരെ പുറത്താക്കുന്നു. പക്ഷേ വിവരം പുറത്തറിയുന്നില്ല. മൂന്നു ദിവസം ചർച്ചചെയ്താണു സംസ്ഥാന കമ്മിറ്റി ഗൗരിയമ്മയെ പുറത്താക്കാൻ തീരുമാനിച്ചത്. എന്നോട് അതീവ രഹസ്യമായി ഇക്കാര്യം പറഞ്ഞത് ഇടുക്കി ലേഖകനായിരിക്കെ അടുപ്പമുണ്ടായിരുന്ന ജില്ലയിലെ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സുഹൃത്ത്. ഗൗരിയമ്മയെ പുറത്താക്കുന്നതിനോട് അദ്ദേഹത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. കമ്മിറ്റി അംഗങ്ങളായ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും പുറത്താക്കലിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഉഗ്രൻ സ്കൂപ്പ്. തെറ്റിപ്പോയാൽ പണിപാളും എന്നതുകൊണ്ട് ഞാൻ മറ്റു ചില സോഴ്സുകളിലൂടെ വാർത്ത ശരിയാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചു. ആരും സംഭവം അറിഞ്ഞിട്ടില്ല. ആരും ഉറപ്പു പറയുന്നില്ല.

kr-gauri-amma-20
കെ.ആർ.ഗൗരിയമ്മ.

തിരുവനന്തപുരത്ത് എത്തിയ കാലമായതിനാൽ എനിക്ക് സിപിഎമ്മിൽ ബന്ധങ്ങളും കുറവ്. അന്വേഷണത്തിനിടയിൽ സെക്രട്ടേറിയറ്റ് ഇടനാഴിയിൽ അടുത്ത സുഹൃത്തും ദേശാഭിമാനി ലേഖകനുമായ ജി. ശക്തിധരനെ കണ്ടുമുട്ടുന്നു. എറണാകുളത്ത് കുറച്ചു കാലം ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തിരുന്നു. സുഹൃത്ത് ചതിക്കില്ല എന്ന വിശ്വാസത്തിൽ ഞാൻ ശക്തിധരനോട് സത്യസ്ഥിതി ചോദിച്ചു. ദേശാഭിമാനിയിൽ എന്തായാലും വാർത്ത വരില്ല എന്നതാണ് ചോദിക്കാൻ ധൈര്യം പകർന്നത്. ഞാൻ ചോദിച്ചതും ശക്തിധരന്റെ മുഖം പെട്ടെന്ന് ഇരുണ്ടത് ശ്രദ്ധിച്ചു. ‘അന്വേഷിച്ചു പറയാം’ എന്ന് പറഞ്ഞു ശക്തിധരൻ അവിടെനിന്ന് പെട്ടെന്നു സ്ഥലംവിട്ടു. തുടർന്ന് ഞാൻ അന്ന് മനോരമ ബ്യൂറോ ചീഫ് ആയിരുന്ന കെ.ആർ. ചുമ്മാർ സാറിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ ചില സിപിഎം ബന്ധങ്ങൾ വഴി വാർത്ത ഒരു വിധം സ്ഥിരീകരിച്ചു. തെറ്റിയാൽ ഉത്തരവാദിത്വം അദ്ദേഹത്തിന്റേതായി.

വൈകുന്നേരം ബ്യൂറോയിൽ ഇരുന്ന് ‘ഗൗരിയമ്മയെ പുറത്താക്കി’ എന്ന വമ്പൻ രാഷ്ട്രീയ സ്കൂപ്പ് വിറയ്ക്കുന്ന കൈകളോടെ എഴുതുന്നതിനിടയിൽ അതാ വരുന്നു വെള്ളിടി പോലെ എകെജി സെന്ററിൽനിന്ന് ഒരു പത്രക്കുറിപ്പ്. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി കെ.ആർ.ഗൗരിയെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കി. ഒറ്റവരി പ്രസ്താവനയിൽ എന്റെ വലിയൊരു സ്കൂപ്പ് പപ്പടം പോലെ പൊടിഞ്ഞു പോയി. സൗഹൃദത്തെക്കാൾ പാർട്ടി കൂറിനു വില കൽപിച്ച ശക്തിധരൻ പണി പറ്റിച്ചതാണെന്നു മനസ്സിലായി.

നടന്നതൊക്കെ പിന്നീടു ശക്തി തന്നെ എന്നോടു പറഞ്ഞു: ഗൗരിയമ്മയ്ക്കെതിരെ പാർട്ടി നടത്തിയ അന്വേഷണ സമിതിയുടെ ഭാഗമായി ശക്തിധരനും പ്രവർത്തിച്ചിരുന്നു. പുറത്താക്കൽ തീരുമാനം പിറ്റേദിവസം പാർട്ടി സെക്രട്ടറി പത്രസമ്മേളനം വിളിച്ച് അറിയിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനുമുമ്പ് വാർത്ത മനോരമയിൽ വന്നാൽ അത് പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം മുൻകൂട്ടി കണ്ടു ശക്തിധരൻ നേരെ പോയത് എകെജി സെന്ററിലേക്ക്. മനോരമയിൽ മാത്രം വാർത്ത അച്ചടിച്ചു വരുന്നതിനു മുമ്പായി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു ലക്ഷ്യം. അതു വിജയിച്ചു.

kr-gauri-amma-14
കെ.ആർ.ഗൗരിയമ്മ.

അധികം വൈകാതെ ഗൗരിയമ്മ ജെഎസ്എസ് എന്ന പാർട്ടിയുണ്ടാക്കി. 1995 ൽ ആന്റണി സർക്കാരിന്റെ കാലത്ത് യുഡിഎഫിൽ അംഗമായി. പിന്നീടു മന്ത്രിയുമായി. അന്ന് പാർട്ടിക്കുവേണ്ടി അത്ര വലിയ സാഹസം കാട്ടിയ കറതീർന്ന കമ്യൂണിസ്റ്റായ ശക്തിധരൻ ഇന്ന് പാർട്ടിക്കു പുറത്താണെന്നതു മറ്റൊരു വിരോധാഭാസം.. ഞാൻ ഇതെഴുതുന്നതിന് തൊട്ടുമുമ്പ് ശക്തിധരനുമായി വീണ്ടും പഴയ ഓർമകൾ പങ്കുവച്ചു. ചില രഹസ്യങ്ങൾ കൂടി പറയാനുണ്ടെങ്കിലും ശക്തിധരന്റെ അഭ്യർഥന മാനിച്ച് അത് മാറ്റിവയ്ക്കുന്നു. കാരണം സൗഹൃദത്തിന് ഞാനിന്നും വില കൽപിക്കുന്നു. ഗൗരിയമ്മയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ. 

English Summary : Thalakuri Column : Remembering K. R. Gouri Amma, communist leader, maker of modern Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.