കണ്ണീർ നനവുള്ള രണ്ട് എ പ്ലസുകൾ

HIGHLIGHTS
  • നാടിനെ പിടിച്ചുലച്ച വലിയ സ്കൂപ്പുകളെക്കാൾ ആത്മസംതൃപ്തി നൽകുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ
  • കുട്ടിക്ക് വിദ്യാഭ്യാസച്ചെലവ് നൽകിക്കൊണ്ടിരുന്നയാൾ ഇപ്പോഴും അജ്ഞാതനായി തുടരുന്നു
thalakkuri-column-sslc-results-acts-of-kindness-article-image
വര: അർജുൻ മരോളി
SHARE

എസ്എസ്എൽസി പരീക്ഷയിൽ രണ്ടു പെൺകുട്ടികളുടെ വിജയം മനം കുളിർപ്പിക്കുന്നു. ഒരു കുട്ടി എല്ലാ വിഷയത്തിനും രണ്ടാമത്തെ കുട്ടി ആറു വിഷയത്തിനും എ പ്ലസ് നേടിയാണ് ജയിച്ചത്. ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയാത്തതിൽ ഖേദമുണ്ട്. ആദ്യത്തെ കുട്ടി എച്ച്ഐവി പോസിറ്റീവായ സ്ത്രീയുടെ മകളാണെങ്കിൽ രണ്ടാമത്തേത് രക്താർബുദത്തെ അതിജീവിച്ച് ജയിച്ചു വന്നവൾ. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയ സാഹചര്യത്തിൽനിന്ന് കഠിനാധ്വാനത്തിലൂടെ ഉയർന്ന വിജയം നേടിയവർ. രണ്ടുപേരുടെയും അമ്മമാരാണ് ഈ സന്തോഷവാർത്ത വിളിച്ചുപറഞ്ഞത്. ഏതാനും വർഷം മുമ്പ് മുന്നിൽ വന്ന് കണ്ണീരോടെ തങ്ങളുടെ നീറുന്ന വേദനയുടെ കഥ പറഞ്ഞ ഈ രണ്ട് അമ്മമാരുടെയും മുഖങ്ങൾ ഓർമയിൽ തെളിനീരു പോലെ. ഇന്നവർ സന്തോഷത്തോടെ, അഭിമാനത്തോടെ സംസാരിച്ചു.

മുംബൈയിലെ ജോലി അവസാനിപ്പിച്ചു മടങ്ങിയെത്തിയ ഭർത്താവിൽ നിന്നാണ് ആദ്യം പറഞ്ഞ സ്ത്രീ എച്ച്ഐവി പോസിറ്റീവായത്. ഭർത്താവ് മരിച്ചതോടെ വീട്ടിൽനിന്ന് അടിച്ചിറക്കപ്പെട്ട സ്ത്രീ ഏക മകളുമായി വാടക വീടുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഞാൻ കാണുമ്പോൾ ജീവിതം മടുത്ത് ആത്മഹത്യയുടെ വക്കിലായിരുന്നു അവർ. എച്ച്ഐവി പോസിറ്റീവ് ആണെന്നു പറഞ്ഞാൽ തൂപ്പുജോലി പോലും കിട്ടില്ല. പറയാതിരിക്കാൻ മനസ്സാക്ഷി സമ്മതിക്കുന്നുമില്ല. ഒടുവിൽ അറിഞ്ഞുകൊണ്ടുതന്നെ നല്ലവനായ ഒരു സ്റ്റേഷനറി കടക്കാരൻ കടയിൽ ജോലി ചെയ്യാൻ അനുവദിച്ചു. അങ്ങനെ പട്ടിണിയില്ലാതെ ഒരു വിധം മുന്നോട്ടു പോയി. പക്ഷേ ചികിത്സച്ചെലവും മകളുടെ പഠനച്ചെലവും താങ്ങാൻ പറ്റുന്നില്ല. ഇതിനിടെ സഹായിക്കാനെന്ന ഭാവത്തിൽ സമീപിച്ച ഒരാൾ, എച്ച്ഐവി പോസിറ്റീവാണെന്നറിഞ്ഞിട്ടും അപമാനിക്കാൻ ശ്രമിച്ച കഥയും അവർ വിതുമ്പിക്കൊണ്ടു പറഞ്ഞു.

രോഗം പറയാതെ സൂചനകളിലൂടെ ഇവരുടെ കഥ മനോരമ തിരുവനന്തപുരം എഡിഷനിൽ അവതരിപ്പിച്ചു. അജ്ഞാതനായി നിൽക്കാൻ ആഗ്രഹിച്ച ഒരാൾ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു. നാട്ടുകാരും തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ബിസിനസ്സുകാരനും ചേർന്ന് വീട് നിർമിച്ചു നൽകി. നാലുവർഷം തിരശ്ശീലയ്ക്കു പിന്നിൽനിന്ന് കുട്ടിക്ക് വിദ്യാഭ്യാസച്ചെലവ് നൽകിക്കൊണ്ടിരുന്നയാൾ ഇപ്പോഴും അജ്ഞാതനായി തുടരുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ രക്താർബുദം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട പെൺകുട്ടിക്ക് ആർസിസിയിലെ വനിതകളുടെ കൂട്ടായ്മയായ ആശ്രയയിൽനിന്നും ഫാ. ടി.ജെ. അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള കാരുണ്യയിൽനിന്നും വിദേശത്തുനിന്നും സഹായം ലഭിച്ചതിനു വാർത്തയിലൂടെയല്ലെങ്കിലും നിമിത്തമായത് മനോരമയാണ്.

നാടിനെ പിടിച്ചുലച്ച വലിയ സ്കൂപ്പുകളെക്കാൾ ആത്മസംതൃപ്തി നൽകുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ. കരുണയുടെ ഉറവിടങ്ങൾ വറ്റുന്നില്ല എന്ന ആശ്വാസം. ഒരുപക്ഷേ എവിടെയും രേഖപ്പെടുത്താതെ പോകുന്ന കണ്ണീരിന്റെയും ചിരിയുടെയും നിമിഷങ്ങൾ.

Content Summary : Thalakuri Column - SSLC Results : Acts of kindness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.