എന്നെ നോക്കി ചിരിക്കുന്ന ശിവൻ കുട്ടിയുടെ മോതിരം

HIGHLIGHTS
  • പിണറായി സർക്കാരിന്റെ കാലത്ത് ആദ്യം വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിനായി ശ്രമം
  • മാലിന്യ സംസ്കരണത്തിനായി വീടുതോറും കുഴിച്ചുവെച്ച സ്റ്റീൽ പൈപ്പുകൾ എലിയുടെമാളങ്ങളായി മാറി
thalakuri-column-vilappilsala-waste-treatment-plant-and-v-sivankutty-article-image
വി. ശിവൻകുട്ടി
SHARE

ഏറെക്കുറെ പത്തു വർഷം മുമ്പാണ്. മാലിന്യ സംസ്കരണത്തെ കുറിച്ച് ഒരു ഒരു സായാഹ്ന ചർച്ചയ്ക്കിടയിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്റെ മുന്നിൽ ഒരു പ്രഖ്യാപനം നടത്തിയത്. അന്നദ്ദേഹം എംഎൽഎയാണ്. ‘വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയാൽ കേരളത്തിൽ മറ്റൊരിടത്തും ഇനിയൊരു കേന്ദ്രീകൃത പ്ലാന്റ് വരില്ല’.

പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ സമരം സംഘർഷത്തിലേക്ക് വളർന്നു കൊണ്ടിരുന്ന സമയത്തായിരുന്നു അത്. ശിവൻകുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലത്താണ് വിളപ്പിൽശാല പ്ലാന്റ് തുടങ്ങിയത്. അന്ന് പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ മനോരമയിൽ ചില വാർത്തകൾ വന്നതിനെ തുടർന്ന് ശിവൻകുട്ടി എന്നെ പ്ലാന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടുത്തെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വിവരിച്ചു തന്നതോർക്കുന്നു. പക്ഷേ, ശിവൻകുട്ടിക്കു ശേഷം വന്ന നഗരസഭാ ഭരണസമിതികൾക്ക് വിളപ്പിൽശാല സംസ്കരണ കേന്ദ്രം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല.

സ്വകാര്യ മേഖലയിൽ തുടങ്ങിയ പ്ലാന്റ് പ്രധാനമായും അഞ്ച് കാരണങ്ങൾ കൊണ്ടാണ് പരാജയപ്പെട്ടത്: 

ഒന്ന് – മാലിന്യം സംസ്കരിച്ച് വളമാക്കിയപ്പോൾ അത് വാങ്ങാൻ ആളെ കിട്ടിയില്ല. 

രണ്ട് – പ്രതീക്ഷിച്ചതിലും കൂടുതൽ മാലിന്യം സംഭരിക്കേണ്ടി വന്നു.

മൂന്ന് –  മാലിന്യം തരംതിരിച്ച് നൽകുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടു. 

നാല് – നഗരത്തിൽനിന്നുള്ള മാലിന്യനീക്കം കവചിത വാഹനങ്ങളിൽ ആണെങ്കിലും വഴിയിൽ മാലിന്യം ചോരുകയും ദുർഗന്ധം പരക്കുകയും ചെയ്തു.

അഞ്ച് –  വിളപ്പിൽശാലയിൽ പ്ലാന്റിനു പുറത്ത് കുന്നുകൂടിയ മാലിന്യത്തിൽനിന്ന് മലിനജലം സമീപപ്രദേശത്തെ കിണറുകളിലേക്ക് ഒഴുകിപ്പരന്നു. നഗരത്തിന്റെ മാലിന്യം ചുമക്കാൻ തങ്ങളുടെ ഗ്രാമം വിട്ടു തരില്ല എന്ന പ്രഖ്യാപനത്തോടെ നാട്ടുകാർ തുടങ്ങിയ സമരത്തിനു മുന്നിൽ ഒടുവിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.

കേന്ദ്രീകൃത പ്ലാന്റ് ഇനി എന്തുകൊണ്ട് വരില്ല എന്ന ചോദ്യത്തിന് ‘ഇനി ഒരിടത്തും പ്ലാന്റ് സ്ഥാപിക്കാൻ നാട്ടുകാർ സമ്മതിക്കില്ല’ എന്നായിരുന്നു അന്ന് ശിവൻകുട്ടിയുടെ മറുപടി. ഒരു പടി കൂടി കടന്ന് അദ്ദേഹം തന്റെ വിരലുകൾ ഉയർത്തിക്കാട്ടി. ‘ഇനി എവിടെയെങ്കിലും ഒരു കേന്ദ്രീകൃത പ്ലാന്റ് വന്നാൽ ഈ വിരലിൽ കിടക്കുന്ന മോതിരം താങ്കൾക്ക് ഊരിത്തരാം’ എന്ന് പ്രഖ്യാപനവും നടത്തി. 

മോതിരം വൈകാതെ എനിക്ക് കിട്ടും എന്നുതന്നെ ഞാൻ കരുതി. അതിനുശേഷം രണ്ടു സർക്കാരുകൾ മാറി വന്നു. കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ ശ്രമങ്ങൾ നടന്നു. തിരുവനന്തപുരത്ത് ക്വാറികൾ കേന്ദ്രീകരിച്ചും  നെട്ടുകാൽത്തേരി തുറന്ന ജയിൽ കേന്ദ്രീകരിച്ചും പുതിയ പ്ലാന്റിനു സ്ഥലം കണ്ടെത്താൻ ശ്രമിച്ചു. പ്രാദേശികമായ എതിർപ്പുകൾ കൊണ്ട് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അത് നടന്നില്ല. പിണറായി സർക്കാരിന്റെ കാലത്ത് ആദ്യം വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിനായി ശ്രമം. അതും പരാജയപ്പെട്ടു. ജൈവ മാലിന്യ സംസ്കരണത്തിനായി വീടുതോറും കുഴിച്ചുവച്ച സ്റ്റീൽ പൈപ്പുകൾ എലിയുടെ മാളങ്ങളായി മാറി. വീണ്ടും കേന്ദ്രീകൃത മാലിന്യ പ്ലാന്റിനെക്കുറിച്ചായി ചർച്ച. എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കഴിവുള്ള മുഖ്യമന്ത്രി എന്ന പരിവേഷമുള്ള പിണറായി വിജയൻ കേന്ദ്രീകൃത പ്ലാന്റുകൾ തന്നെ സ്ഥാപിക്കും എന്നു പ്രഖ്യാപിച്ചപ്പോൾ കേരളം മുഴുവൻ ഹർഷപുളകിതരായി. ആദ്യഘട്ടമായി കേരളത്തിലെ ഏഴു ജില്ലകളിൽ.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, കൊല്ലം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലാണു കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരത്ത് പെരിങ്ങമലയിൽ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്ലാന്റുകൾക്കു സ്ഥലം കണ്ടെത്തി. മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടു സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) മേൽനോട്ടത്തിലാണു പ്ലാന്റുകൾ.

കൊച്ചി, കണ്ണൂർ, പാലക്കാട്, കൊല്ലം പ്ലാന്റുകളുടെ ടെൻഡർ നടപടി പൂർത്തിയാക്കി കമ്പനിയെ തിരഞ്ഞെടുത്തെന്നു വരെ വാർത്ത വന്നു. പ്ലാന്റ് വരുന്നതും കാത്ത് എല്ലാവരും ഇരുന്നു. ശിവൻകുട്ടി പ്രഖ്യാപനം നടത്തിയിട്ട് ഇപ്പോൾ ഒരു പതിറ്റാണ്ട്. കേന്ദ്രീകൃത പ്ലാന്റ് ഒരിടത്തും വന്നില്ല. ശിവൻകുട്ടി പറഞ്ഞത് എത്ര സത്യമായി. എന്നെ കൊതിപ്പിച്ചു കൊണ്ട് ശിവൻകുട്ടിയുടെ വിരലിലെ മോതിരം എന്നെ നോക്കി ഇപ്പോഴും ചിരിക്കുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പു കഴിഞ്ഞ് ശിവൻകുട്ടിയെ കണ്ടപ്പോൾ ഞാൻ മോതിരത്തിന്റെ കഥ ഓർമിപ്പിച്ചു. ഈ സർക്കാർ ആ സ്വപ്നം നടപ്പാക്കിയാൽ ശിവൻകുട്ടിക്കു മോതിരം നഷ്ടം. 

പക്ഷെ, മോതിരം അല്ല മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് നിയമസഭയിലെ കയ്യാങ്കളി ഇപ്പോൾ ശിവൻകുട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.താൻ നാളെ ഒരു മന്ത്രി ആകാമെ ന്നും ചിലപ്പോൾ വിദ്യാഭ്യാസമന്ത്രി തന്നെ ആകാമെന്നുമുള്ള ദീർഘവീക്ഷണം ശിവൻ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ അന്ന് മുണ്ടും മാടികെട്ടി സ്പീക്കറുടെ ഡയസിൽ കയറി നൽകുമായിരുന്നില്ലെന്നുറപ്പ്. കലികാലം എന്നല്ലാതെ എന്തു പറയാൻ.

Content Summary : Thalakuri Column - Vilappilsala waste treatment plant and V. Sivankutty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.