ദേശീയ പതാകയ്ക്കു പകരം ചെങ്കൊടി പിടിപ്പിച്ച വാകത്താനം വിപ്ലവം

HIGHLIGHTS
  • പ്രവർത്തകർക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം, പക്ഷേ പാർട്ടി ആഘോഷിക്കില്ല
  • ‘മാറ്റമില്ലാത്തത് ഒന്നേയുള്ളൂ, മാറ്റം മാത്രം.’ എന്ന തത്വസംഹിതയിൽ വിശ്വസിക്കുന്ന പാർട്ടിയാണിത്
thalakuri-column-cpm-plans-its-first-ever-campaign-to-celebrate-independence
SHARE

എത്ര സന്തോഷകരമായ വാർത്ത. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കാൻ ഇക്കുറി മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയും നമുക്കൊപ്പം ഉണ്ടാവും. മുക്കാൽ നൂറ്റാണ്ട് വൈകിയെങ്കിലും നല്ല തീരുമാനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യണം. 

ഇത്തരുണത്തിൽ ഓർക്കേണ്ട ഒരു സംഭവം കോട്ടയം ജില്ലയിൽ 75 വയസ്സ് എങ്കിലും കഴിഞ്ഞവരുടെ മനസ്സിലുണ്ടാവാം. ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നശേഷം 1957 ലെ സ്വാതന്ത്ര്യദിനത്തിൽ കോട്ടയം ജില്ലയിലെ വാകത്താനം പഞ്ചായത്തിൽ നടന്ന ഒരു സ്വാതന്ത്ര്യ ദിന റാലി. സ്കൂൾ കുട്ടികളുടെ ‘ഭാരത മാതാ കീ ജയ് ....’ വിളികളുമായി സ്വാതന്ത്ര്യ ദിനാഘോഷ റാലി നീങ്ങുകയാണ്. നിരവധി രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ ഘോഷയാത്രയെ പിന്തുടരുന്നുണ്ട്. ഈ സമയം ഒരുസംഘം കമ്യൂണിസ്റ്റുകാർ സ്കൂൾ ഗേറ്റിനു മുന്നിൽ കൈകോർത്തുപിടിച്ച് ഘോഷയാത്ര തടഞ്ഞു. അതുകൊണ്ടും തീർന്നില്ല. കുട്ടികളുടെ കയ്യിലിരുന്ന ദേശീയപതാക പിടിച്ചു വാങ്ങി പകരം അവരെക്കൊണ്ട് ചെങ്കൊടി പിടിപ്പിക്കാൻ ശ്രമിച്ചു. രക്ഷിതാക്കൾ തടഞ്ഞപ്പോൾ സംഘർഷമായി. കുട്ടികളെ നയിച്ച അധ്യാപകരോടും കമ്യൂണിസ്റ്റുകാർ ഇടഞ്ഞു. ‘ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങളുടെ സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ആരും ഇവിടെ സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ട’ എന്നു പ്രഖ്യാപിച്ചു കൊണ്ട് അവർ റാലി അലങ്കോലമാക്കി.

john-mundakayam-thalakuri-column-cpm-plans-its-first-ever-campaign-to-celebrate-independence

ഇതേ സമയത്ത് പൊൻകുന്നത്ത് ഡിസ്ട്രിക്ട് മുൻസിഫ് ഉയർത്തിയ ദേശീയപതാക മാറ്റി പകരം ആരോ ചെങ്കൊടി നാട്ടി. കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കേരളത്തിൽ ഏറെക്കുറേ എല്ലായിടത്തും ഇതേ നാടകം അരങ്ങേറി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്കു പകരം കരിങ്കൊടി ഉയർത്താൻ ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടി സ്റ്റേറ്റ് കൗൺസിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. കാൽനൂറ്റാണ്ട് കഴിഞ്ഞ് 1972 ലെ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലും നയം മാറിയില്ല. ഔദ്യോഗിക ആഘോഷങ്ങളിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കാതിരിക്കാൻ കേന്ദ്ര കമ്മിറ്റി പ്രമേയവും പാസാക്കി. 

ക്വിറ്റ് ഇന്ത്യ സമരം മുതലിങ്ങോട്ട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച സർക്കാർ വിരുദ്ധ നിലപാടുകളുടെ തുടർച്ചയായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷത്തെ തിരസ്കരിക്കാനുള്ള തീരുമാനം. ഗാന്ധിജിയുടെ നേതൃത്വത്തിൽ, ബ്രിട്ടിഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യസമര സേനാനികൾ സമരം ചെയ്യുമ്പോൾ, രണ്ടാം ലോകമഹായുദ്ധത്തിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാടുയർത്തി ബ്രിട്ടൻ - സോവിയറ്റ് യൂണിയൻ അച്ചുതണ്ടിനെ സഹായിക്കുക എന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. വിചിത്രമായ സംഗതി, 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ആഘോഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയും ഉണ്ടായിരുന്നുവെന്നതാണ്. പിന്നീട്, കിട്ടിയ സ്വാതന്ത്ര്യത്തെ അവർ തള്ളിപ്പറഞ്ഞു. സ്വാതന്ത്ര്യം കാപട്യമാണെന്നും വെളുത്ത സായിപ്പ് കറുത്ത സായിപ്പിനു നൽകിയ അധികാര കൈമാറ്റം അംഗീകരിക്കില്ലെന്നും സാധാരണ ജനത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും പാർട്ടി നിലപാട് സ്വീകരിച്ചു. യഥാർഥ സ്വാതന്ത്ര്യം സായുധ വിപ്ലവത്തിലൂടെ എന്ന അപകടകരമായ നിലപാടിലേക്ക് പാർട്ടി മാറി. നാൽപത്തിയെട്ടിൽ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസോടെ പാർട്ടി പ്രമേയം പാസാക്കി നിലപാട് ഉറപ്പിച്ചു. 

പിന്നീട് മധുര കോൺഗ്രസിൽ കൽക്കത്ത തീസിസിനെ പാർട്ടി തള്ളിയെങ്കിലും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി പിന്നെയും അറച്ചു നിന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷം സിപിഎം പഴയ നിലപാടിൽ ഉറച്ചു നിന്നെങ്കിലും സിപിഐ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. അര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ, പ്രവർത്തകർക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം, പക്ഷേ പാർട്ടി ആഘോഷിക്കില്ല എന്ന് നിലപാടായി സിപിഎമ്മിന്. ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ പാർട്ടി എല്ലാ തെറ്റുകളും തിരുത്തി സ്വാതന്ത്ര്യദിനാഘോഷം പാർട്ടിതലത്തിൽത്തന്നെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. നല്ലത്.

‘മാറ്റമില്ലാത്തത് ഒന്നേയുള്ളൂ, മാറ്റം മാത്രം.’ എന്ന തത്വസംഹിതയിൽ വിശ്വസിക്കുന്ന പാർട്ടിയാണിത്. ‘മാപ്പ്, ഞങ്ങൾ തെറ്റുതിരുത്തുന്നു’ എന്ന ഒരു വാചകം കൂടി ചേർത്താൽ എല്ലാം ശുഭം.

Content Summary : Thalakuri Column -  CPM plans its first ever campaign to celebrate Independence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS