നീന്തോളജി പഠിപ്പിക്കാൻ നീന്തൽക്കുളങ്ങൾ വരുമോ ?

HIGHLIGHTS
  • കുട്ടികളെ നീന്താൻ പഠിപ്പിച്ചാൽ പ്രളയ കാലത്ത് ജീവഭയമില്ലാതെ വീട്ടിൽ ഇരിക്കാം
  • നീന്തൽക്കുളം കുഴിക്കുന്നതിനേക്കാൾ എളുപ്പമാണ് തൽക്കാലം നാട്ടിലെ ഉള്ള കുളങ്ങൾ നവീകരിക്കുന്നത്
thalakuri-column-swimming-course-in-schools-summer-vacaction
ചിത്രം : റിങ്കു രാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
SHARE

ഇതൊരു പഴങ്കഥയാണ്. ഒരിടത്തൊരു കടത്തുകാരൻ യാത്രക്കാരനുമായി വള്ളത്തിൽ പുഴ കടക്കുകയാണ്. സ്വന്തം വിദ്യാഭ്യാസ യോഗ്യതയിൽ അഹങ്കരിച്ചിരുന്ന യാത്രക്കാരൻ തന്റെ ബിരുദങ്ങളെക്കുറിച്ച് കടത്തുകാരനോടു പറഞ്ഞുകൊണ്ടിരുന്നു. താൻ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ളയാളാണ്. സോഷ്യോളജി, ആർക്കിയോളജി, സൈക്കോളജി അങ്ങനെയങ്ങനെ അയാൾ ബിരുദമെടുത്ത ‘ഓളജി’കളുടെ പട്ടിക നീണ്ടു പോയി. വള്ളം തുഴയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കടത്തുകാരനോട് ഏതു ക്ലാസ് വരെ പഠിച്ചു എന്ന് ഒട്ടൊരു അഹന്തയോടെ അയാൾ ചോദിച്ചു. ഇതിനിടെ ഒഴുക്കിൽ വള്ളം ശക്തിയായി ഒന്ന് ഉലഞ്ഞു. ഒരു വശത്തേക്കു ചെരിഞ്ഞു. യാത്രക്കാരന്റെ ഉള്ളൊന്നു കാളി. അയാൾ ഭയന്ന് ‘അയ്യോ’ എന്നു വിളിച്ചു പോയി. സാറിനു നീന്തോളജി അറിയാമോ എന്ന് വള്ളക്കാരന്റെ ചോദ്യം. അത് എന്തു പാഠ്യവിഷയം എന്നറിയാതെ അയാൾ അന്തം വിട്ടിരുന്നു. നീന്തൽ അറിയാമോ എന്നു കടത്തുകാരൻ ചോദ്യം വിശദീകരിച്ചു. ‘ഇല്ല’ എന്നു മറുപടി. എങ്കിൽ ബാക്കി ‘ഓളജി’കൾ കൊണ്ട് തൽക്കാലം പ്രയോജനമൊന്നുമില്ല എന്ന് കടത്തുകാരൻ .

thalakuri-column-st-thomas-school-semi-olympic-pool-image-two
തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ നിർമ്മിച്ച സെമി ഒളിമ്പിക്സ് നീന്തൽകുളം. ചിത്രം : ബെന്നി പോൾ ∙ മനോരമ

കഴിഞ്ഞദിവസം തലസ്ഥാനത്തെ പ്രമുഖ സ്കൂളുകളിലൊന്നായ മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിൽ അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച സെമി ഒളിംപിക്സ് നീന്തൽക്കുളം ഉദ്ഘാടനം ചെയ്ത ഫിഷറീസ് മന്ത്രി സജി ചെറിയാൻ കുട്ടികൾ നീന്തോളജി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു പറഞ്ഞത്.

പ്രളയകാലത്ത് മധ്യതിരുവിതാംകൂറിൽ ചെങ്ങന്നൂർ ഉൾപ്പെടെ പ്രളയത്തിൽ മുങ്ങിയപ്പോൾ മുന്നൂറോളം വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി കൊണ്ടുവന്നത്. പക്ഷേ നീന്തൽ അറിയാത്തതിനാൽ നല്ല പങ്ക് ആളുകൾക്കും വള്ളത്തിൽ കയറാൻ പേടി. ഇത് രക്ഷാപ്രവർത്തനത്തെ വളരെയേറെ ബുദ്ധിമുട്ടിലാക്കി. അതുകൊണ്ട് കുട്ടികളെ ചെറുപ്പത്തിൽത്തന്നെ നീന്തൽ പരിശീലിപ്പിക്കണം എന്നും അതിനു വേണ്ടി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നീന്തൽകുളം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം താൻ ഉടനെ വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു നല്ല കളിസ്ഥലം പോലുമില്ലാത്ത ഒട്ടേറെ സർക്കാർ സ്കൂളുകളിൽ സാങ്കേതികത്തികവുള്ള നീന്തൽക്കുളം എന്നു വരും എന്നൊന്നും ചോദിക്കരുത്. നാട്ടിലെ വല്ല കുളത്തിലോ ആറ്റിലോ കുട്ടികളെ നീന്താൻ പഠിപ്പിച്ചാൽ പ്രളയ കാലത്ത് ജീവഭയമില്ലാതെ വീട്ടിൽ ഇരിക്കാം.

saji-cheriyan-01
ഫിഷറീസ് മന്ത്രി സജി ചെറിയാൻ

2018 ലെ മഹാപ്രളയത്തിന് ഒരു വർഷം മുമ്പ് 2017 ൽ തന്നെ കുട്ടികൾക്കു വേണ്ടി എല്ലാ പഞ്ചായത്തിലും ഒരു നീന്തൽക്കുളം വീതം നിർമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രളയം മുന്നിൽ കണ്ടല്ല, വർധിച്ചുവരുന്ന മുങ്ങിമരണം കുറയ്ക്കാനായിരുന്നു അന്ന് അങ്ങനെയെരു പദ്ധതി തയാറാക്കിയത്. കൂടെ കുട്ടികളുടെ വ്യായാമക്കുറവും അലസതയും ഇല്ലാതാക്കാൻ കൂടി. നിലവിലുള്ള കുളങ്ങൾ മികച്ച നിലവാരത്തിൽ വികസിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീന്തൽക്കുളമാക്കി മാറ്റാനായിരുന്നു തീരുമാനം. തൊഴിലുറപ്പ് പദ്ധതിയും ഇതിനായി പ്രയോജനപ്പെടുത്താമെന്ന് കണ്ടിരുന്നു. നീന്തൽ പരിശീലകരുടെ അലവൻസ്, കുട്ടികളുടെ നീന്തൽ വസ്ത്രങ്ങൾ, ലഘു ഭക്ഷണം തുടങ്ങിയവ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്താം. മഹത്തായ ആശയം പക്ഷേ നാലുവർഷം കഴിഞ്ഞിട്ടും നടപ്പായില്ല. അതു നടപ്പായിരുന്നെങ്കിൽ കേരളത്തിലെ എത്രയോ കുട്ടികൾ നീന്തൽ മെഡലുകളുമായി പൊങ്ങിയേനെ .നീന്തൽക്കുളം പദ്ധതി കുളമാക്കിയത് ആരാണെന്ന് അറിയില്ല. സ്കൂൾ തോറും നീന്തൽക്കുളം കുഴിക്കുന്നതിനേക്കാൾ എളുപ്പമാണ് തൽക്കാലം നാട്ടിലെ ഉള്ള കുളങ്ങൾ നവീകരിക്കുന്നത്. ഫിഷറീസ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അതൊന്നു ചർച്ച ചെയ്താൽ നന്നായിരിക്കും.

Content Summary : Thalakuri Column - Why swimming lessons are important part of school curriculum?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS