കോൺഗ്രസിനു മേൽ അച്ചടക്കത്തിന്റെ വാൾ

HIGHLIGHTS
  • പരസ്യ പ്രസ്താവനകളും ഏറ്റുമുട്ടലുകളും ആണോ കോൺഗ്രസിന്റെ യഥാർത്ഥ പ്രശ്നം?
  • പരസ്യപ്രസ്താവന ഇല്ലാതായത് കൊണ്ട് മാത്രം ജനങ്ങളുമായി പ്രവർത്തകർ അടുക്കുമോ?
a-k-antony-and-oommen-chandy-congress-leaders
എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും. ചിത്രം ∙ മനോരമ
SHARE

പഴയൊരു രംഗം . 87ലെ പൊതു ‍തിരഞ്ഞെടുപ്പിന് മുൻപായി പ്രമുഖ നേതാക്കളെ കണ്ടു ലേഖനങ്ങൾ ത‍യാറാക്കാനായി കൊച്ചി ബ്യൂറോയിൽനിന്ന്  തിരുവനന്തപുരത്തേക്കു നിയോഗിക്കപ്പെട്ടു.

എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു നേതാ‍ക്കളെ ഓരോരുത്തരെയായി ഇ‍ന്റർവ്യൂ ചെയ്യുന്നതിനിടയിൽ ഒരു ദിവസം ജഗതി പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിയെ കാണാൻ പോയി. പുതുപ്പള്ളി ഹൗസിൽ ഇരുന്ന്, ജീവിതത്തിലാദ്യമായി ഉമ്മൻചാണ്ടി‍യുമായി സംസാരിക്കുകയാണ്. പെട്ടെന്ന് അകത്തെവിടെയോ ഫോൺ ശബ്ദിച്ചു. ഒരു കറുത്തു തടിച്ച ലാൻഡ് ഫോണുമായി ആരോ അകത്തുനിന്നു വന്നു. ഫോണിന്റെ വയർ അകത്തെ മുറിയിൽ എവിടേക്കോ ഒരു പേരാ‍ലിന്റെ വള്ളി പോലെ നീണ്ടു പോയി.  ഫോണെടുത്ത് ഉമ്മൻചാണ്ടി പറഞ്ഞു. ‘ആകെ പ്രശ്നമായി. കരുണാകരൻ വലിയ ക്ഷോഭത്തിലാണ്’ . അപ്പുറത്ത് ഡൽഹിയിൽനിന്ന് എ.കെ.ആന്റണി ആണ് എന്ന് സംസാരത്തിൽനിന്ന് ഊഹിച്ചു. അന്നാണ് നിയമസഭയിൽ ‘ചെയറിന് ചെയറിന്റേതായ നിലപാടുണ്ട്’ എന്ന് പറഞ്ഞു മുഖ്യമന്ത്രി കരുണാകരനും സ്പീക്കറായിരുന്ന വി.എം.സുധീരനും തമ്മിൽ ഇടഞ്ഞത്. 

സംസാരവിഷയം അതാണെന്നു ഞാൻ ഊഹിച്ചു. ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി ഫോണുമായി ഉമ്മൻ ചാണ്ടി അകത്തേക്ക് നടന്നു. എങ്കിലും സംഭാഷണം കേൾക്കാമായിരുന്നു.

അന്ന്, ആ ഏറ്റുമുട്ടൽ കോൺഗ്രസിനുള്ളിലെ വലിയൊരു ഗ്രൂപ്പ് പ്രശ്നമായി വളർന്നു. 

81ലെ ലയനത്തിന് ശേഷം പ്രതിഛായ ചർച്ചയും വയലാർ രവിയുടെ രാജിയുമൊക്കെ കോൺഗ്രസിൽ വീണ്ടും വിള്ളൽ വീഴ്ത്തിയിരുന്നു. അതിന്റെയെല്ലാം ആകെത്തുകയായി

thalakuri-column-vd-satheesan-and-k-sudheeran-congress-leader
വി.ഡി. സതീശനും കെ. സുധാകരനും. ചിത്രം ∙ മനോരമ

87ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എഫ് പരാജയപ്പെട്ടു. അതിനുശേഷം എത്രയോ ഗ്രൂപ്പ് പ്രതിസന്ധികൾ ഉരുണ്ടുകൂടി. എത്രയോ രാജി നാടകങ്ങൾ. എത്രയോ പേർ പാർട്ടി വിട്ടു, തിരികെ വന്നു. പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാവരും ഒന്നിച്ചു. തോൽവിക്കു ശേഷം ഇരട്ടി ശക്തിയോടെ കോൺഗ്രസ് തിരിച്ചുവന്നു. കാരണം കോൺസിന്റെ അടിത്തറ ശക്തമായിരുന്നു. ജനത്തിനു കോൺഗ്രസിനെ വേണമായിരുന്നു.

കോൺഗ്രസിന്റെ ആ നല്ല കാലം കഴിഞ്ഞുവെന്നും അടിത്തറയിളകിയെന്നും എല്ലാവരും ഇന്നു തിരിച്ചറിയുന്നു, ഇപ്പോഴിതാ കോൺഗ്രസ് അടിമുടി മാറാൻ പോകുന്നുവത്രെ. അച്ചടക്കമുള്ള കേഡർ പാർട്ടി ആകാൻ പോകുന്നു. സംഘടനാ ദൗർബല്യങ്ങൾ നീക്കി പാർട്ടി ശക്തമാകാൻ പോകുന്നു. വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത്.

thalakuri-ramesh-chennithala-k-sudhakaran
രമേശ് ചെന്നിത്തലയും കെ. സുധാകരനും. ചിത്രം ∙ മനോരമ

മാറ്റത്തിനുള്ള ആഹ്വാനം നല്ലതുതന്നെതന്നെ പക്ഷേ പരസ്യ പ്രസ്താവനകളും ഏറ്റുമുട്ടലുകളും ആണോ കോൺഗ്രസിന്റെ യഥാർത്ഥ പ്രശ്നം? അതോ പ്രവർത്തകർ ജനങ്ങളിൽനിന്ന് അകന്നു പോയതാണോ?

ഇതുവരെ നേതാക്കൾ ജനങ്ങളെ നയിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ ജനം നേതാക്കളെ നയിച്ചു തുടങ്ങി. അതുകൊണ്ടാണ് 2019ലെ ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയവും 2021ലെ വൻ പരാജയവും കോൺഗ്രസ് നേതാക്കൾക്കുതന്നെ കാണാൻ കഴിയാതെ പോയത്.

ഭരണഘടനാവകാശം പോലെ അഞ്ചുവർഷം കൂടുമ്പോൾ അധികാരത്തിലേക്ക് തിരികെയെത്തുന്ന മാജിക് ഇനിയില്ല. പാർട്ടിയുടെ പ്രവർത്തന ശൈലി മാറണം. ജനങ്ങളിലേക്കിറങ്ങണം. പക്ഷേ,

പരസ്യപ്രസ്താവന ഇല്ലാതായത് കൊണ്ട് മാത്രം ജനങ്ങളുമായി പ്രവർത്തകർ അടുക്കുമോ? സ്വാതന്ത്ര്യം ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഒരു പാർട്ടിയിൽ അച്ചടക്കത്തിന്റെ ദണ്ഡു കാട്ടി എത്ര നാൾ അടക്കിയിരുത്താനാകും ? ഏറ്റവുമധികം പരസ്യപ്രസ്താവനകൾ നടത്തിയിട്ടുള്ളവർ ഒരു നാൾ അച്ചടക്കത്തിന്റെ വാൾ ഓങ്ങുമ്പോൾ എത്രപേർ അനുസരിക്കും? ഇതാക്കെയാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ.

thalakarui-column-oommen-chandy-and-v-d-satheeshan-congress-leaders
വി.ഡി. സതീശനും ഉമ്മൻ ചാണ്ടിയും. ചിത്രം ∙ മനോരമ

അഭിപ്രായ സ്വാതന്ത്ര്യത്തിനും ചോദ്യം ചെയ്യാനുള്ള അവകാശത്തിനും വേണ്ടി നിലകൊണ്ടവരാണ് ഇന്നത്തെ നേതാക്കളായ പഴയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ. അകത്തും പുറത്തും പരസ്യപ്രസ്താവന നടത്താത്ത ഒരു നേതാവും ഇല്ല കോൺഗ്രസിൽ. ആ സ്വാതന്ത്ര്യം അടിയറ വയക്കാൻ അവർക്ക് എത്രകണ്ടു കഴിയും?

കോൺഗ്ര‍സിലെ ഒടുവിലത്തെ പ്രതിസന്ധിയും നാടകീയമായ വെടിനി‍ർത്തലും കാണുമ്പോൾ മൂന്നര പതിറ്റാണ്ടിനിടയിലെ ഒരു ഡസനിലേറെ പ്രതിസന്ധികളും നാടകീയമായ ഒത്തുതീർപ്പും ഒരു ചലച്ചിത്രത്തിലെന്ന പോലെ ഓർമയിൽ തെളിയുന്നു. തമ്മിലടിക്കാനും തോളിൽ കയ്യിടാനും ഉൾപ്പാർട്ടി ജനാധിപത്യമു‍ള്ള ഒരു പാർട്ടി. അതങ്ങനെ തുടർന്നു കൊണ്ടേയിരുന്നു.

ഉൾപാർട്ടി ജനാധിപത്യം കൂടിപ്പോയതുകൊണ്ടു എന്നും പിണക്കവും ഇണക്ക‍വുമുള്ള പാർട്ടി. ഇതിനെ കേഡർ പാർട്ടിയാക്കു‍മെന്നു കെ. സുധാകരൻ പറയുമ്പോൾ പഴയ കോൺഗ്രസ് നേതാക്കളുടെ ശവക്ക‍ല്ലറയ്ക്കുള്ളിൽനിന്നു ചിരി ഉയരുന്നു. ഭീതി‍കൊണ്ടു കമ്മ്യൂണി‍സ്റ്റ് പാർട്ടിക്കുള്ളിൽ അച്ചടക്കം നടിച്ചു മിണ്ടാതി‍രിക്കുന്നവരും ചിരിക്കുന്നു. അതേസമയം, ഉമ്മൻ ചാണ്ടിയുടെതന്നെ വാക്കുകൾ കടമെടുത്താൽ ആർക്കും എന്തുമാ‍കാവുന്ന അവസ്ഥയിലേക്കു കോൺഗ്രസ് പോകരുത് താനും. അങ്ങനെ പോയപ്പോ‍ഴൊക്കെ ജനം പ്രതികരിച്ചിട്ടുണ്ട്. അതു പോലെ പാർട്ടിയുടെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയവരെ നിലപാടുകളുടെ പേരിൽ എതിർക്കുമ്പോൾ അവരുടെ സംഭാവനകൾ മറക്കരുത്. അവരെ സ്നേഹിക്കുന്ന വലിയൊരു പ്രവർത്തക വൃ‍ന്ദം പിന്നിൽ ഉ‍ണ്ടെന്നതും മറക്കരുത്. കോൺഗ്രസ് വീണ്ടും പഴയ പ്രതാപം വീണ്ടെടുത്ത് അധികാരത്തിൽ വരണമെന്നു ആഗ്രഹിക്കുന്നത് നേതാക്ക‍ളെക്കാൾ കോൺഗ്രസി‍ന്റെ അണി‍കളാണ്.

അണികളുടെ സമ്മർ‍ദത്തിൽ വീണ്ടും നേതാക്കൾ ഒന്നിച്ച് ഭിന്നതകൾ പറഞ്ഞു തീർത്തു കൊണ്ടിരിക്കും. നേതാക്കൾ തമ്മിലടിക്കരുതെന്നു അവർ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും പ്രതികൂല സാഹചര്യത്തിൽ.

thalakuri-mullappally-ramachandran-and-k-sudhakaran-congress-leaders
മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുധാകരനും. ചിത്രം ∙ മനോരമ

കോൺഗ്രസിന്റെ ചരിത്രം അറിയുന്ന‍വർക്കറിയാം. ഒന്നും തീരുന്നില്ല. പ്രതിസന്ധികളും പ്രശ്നങ്ങളും ഇനിയു‍മുണ്ടാകും. പക്ഷേ കോൺഗ്രസും ഇവിടെ തന്നെ ഉണ്ടാവും. കാരണം നേതാക്കൾക്ക് വേണ്ടെങ്കിലും അണികൾക്ക് വേണം. മതേ‍തര വിശ്വാസികൾക്ക് വേണം. ജാതി മത സമ്മർ‍ദങ്ങളെ അതിജീവിച്ചു ജനാധിപത്യ പാർട്ടിയായി കോൺഗ്രസ് ഇവിടെ എന്നും വേണമെന്നു കോൺഗ്രസുകാരല്ലാ‍ത്തവരും ആഗ്രഹിക്കുന്നു.

Content Summary : Thalakuri Column - Row in Kerala Congress over disciplinary action

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN THALAKURI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA