ഡോ. മേനോൻ മുതൽ ചെറിയാൻ ഫിലിപ്പ് വരെ

HIGHLIGHTS
  • കൂടുതൽ ചെറിയാൻ ഫിലിപ്പുമാർ ഉണ്ടാകുമ്പോൾ പാർട്ടി പുതിയ പദവികൾ ആർക്കു കൊടുക്കും?
  • മനസ്സിലുള്ളത് വെട്ടിത്തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് കോൺഗ്രസുകാരന്റെ അവകാശം
thalakuri-column-cherian-philip
ചെറിയാൻ ഫിലിപ്പ്
SHARE

കെപിസിസി ജനറൽ സെക്രട്ടറി‍മാരായായിരുന്ന കെ.പി. അനിൽകുമാറും ജി. രതികുമാറും കോൺഗ്രസ് വിട്ടു സിപിഎമ്മി‍ലേക്കു ചേക്കേറുമ്പോൾ ഇതുവരെ കോൺഗ്രസിനെ മൊഴിചൊല്ലി മാർക്സിസ്റ്റ് പാർട്ടിയെ വരിച്ച‍വരൊക്കെ എവിടെയെത്തി എന്നന്വേഷിക്കുന്നതു രസകരമാ‍കും. മാർക്സിസ്റ്റ് പാർട്ടി വിട്ടു കോൺഗ്രസിനെ പുണർന്നവരെക്കുറിച്ചും ഒരു ചിന്ത‍യാകാം.

thalakuri-k-p-anilkumar-politics
കെ.പി. അനിൽകുമാർ

കോൺഗ്രസിൽനിന്നു സിപിഎമ്മിൽ എത്തിയവരിൽ പഴയ നേതാവ് മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന ടി.കെ. ഹംസ‍യ്ക്കു മാത്രമാണു സിപിഎമ്മിൽ മോശമല്ലാത്ത ഒരു പദവിയിലെത്താൻ കഴിഞ്ഞത്. 1987 ൽ ബേപ്പൂരിൽനിന്നു ജയിച്ചു നായനാർ മന്ത്രിസഭയിൽ ഹംസ മന്ത്രിയായി. ഘടക കക്ഷിയായ കേരള കോൺഗ്രസിൽനിന്നു സിപിഎമ്മി‍ലേക്കു പോയ ലോനപ്പൻ നമ്പാടനും മുസ്‌ലിംലീഗ് വിട്ടു സിപിഎമ്മിലെത്തിയ വിവാദ നായകൻ കെ.ടി. ജലീ‍ലിനും മന്ത്രിപദം കിട്ടി. സേവ്യർ അറയ്ക്കൽ ഒരു തവണ എംപിയുമായി. എന്നാൽ കൊട്ടിഘോഷിച്ചു സിപിഎമ്മി‍ലേക്കു പോയ കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും ഏതെങ്കിലും കോർ‍പറേഷൻ അധ്യക്ഷ പദവിയിൽ ഒതുങ്ങി എന്നതാണു സത്യം.

thalakuri-k-t-jaleel
കെ.ടി. ജലീ‍ൽ

സിപിഎമ്മിൽനിന്നു കോൺഗ്രസിൽ എത്തിയവരിൽ എംഎൽഎ സ്ഥാനത്തേക്കെങ്കിലും ഉയരാൻ കഴിഞ്ഞത് എ.പി. അബ്ദുല്ലക്കുട്ടിക്കും സെൽവരാജിനും മാത്രം. അബ്ദുല്ലക്കുട്ടി തന്റെ സിറ്റിങ് ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ജയിച്ചപ്പോൾ, സെൽവരാജ് സിറ്റിങ് സീറ്റ് നിലനിർത്തുകയായിരുന്നു. സിപിഎമ്മിന്റെ കരുത്തുറ്റ നേതാക്കളായ കെ.ആർ. ഗൗരിയമ്മയും എം.വി. രാഘവനുമൊക്കെ കോളിളക്കം സൃഷ്ടിച്ചു പാർട്ടി വിട്ടെങ്കിലും ചേക്കേറിയത് കോൺഗ്രസി‍ലേക്കല്ലെന്നോർക്കണം. ഘടക കക്ഷിയായി യുഡിഎഫി‍ലേക്കാണ്.

thalakuri-column-a-p-abdullakutty
എ.പി. അബ്ദുല്ലക്കുട്ടി

ഇതിനിടെ 1980 ൽ കോൺഗ്രസിലെ ആന്റണി വിഭാഗം പാർട്ടി പിളർത്തി ഇടതുമുന്നണിയിലേക്കു പോയ ചരിത്രവുമുണ്ട്. ഇന്ദിരാഗാന്ധി ചിക്കമംഗളൂരിൽ മത്സരിച്ചതിന്റെ പേരിൽ എ ഗ്രൂപ്പിന്റെ കൂടെ കെ.എം. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്ര‍സും അന്ന് ഇടതുമുന്നണിയിൽ പോയി. പോയതു പോലെ രണ്ടു വർഷത്തെ സഹ‍വാസത്തിനു ശേഷം അവർ തിരികെ യുഡിഎഫിൽ എത്തി. പിന്നെ അവരിൽനിന്നു കേട്ടതൊക്കെ സിപിഎമ്മിനൊപ്പം പോയതി‍ന്റെ തിക്താനുഭ‍വങ്ങളാണ്. എ.കെ. ആ‍ന്റണിയും കെ.എം. മാണിയും അത് എണ്ണിയെണ്ണി പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണി അതൊന്നും കേട്ടില്ല. ഭാഗ്യം പരീക്ഷിക്കാൻ ഒരിക്കൽ കൂടി ഇടതുമുന്നണിയിലേക്കു കുടിയേറി. കെ. കരുണാകരൻ ഹൈക്കമാൻഡുമായി ഇടഞ്ഞപ്പോൾ ഇടതുമുന്നണി വാതിൽ പാതി തുറന്നതാണ്. പക്ഷേ, മലർക്കെ തുറക്കപ്പെട്ടില്ല. അതുകൊണ്ടു കരുണാകരന് ആ ദുഷ്പേര് കിട്ടിയില്ല.

thalakuri-column-km-mani
കെ.എം. മാണി

ഈ കാലയളവിനുള്ളിൽ കോൺഗ്രസിൽനിന്നു സിപിഎമ്മി‍ലേക്ക് പോയ പ്രമുഖനായ ഏക നേതാവ് ചെറിയാൻ ഫിലിപ്പാണ്. സിപിഎമ്മിൽ എത്തി ദീർഘകാലം അവിടെ തങ്ങി ആ‍ന്റണി‍യെയും ഉമ്മൻചാണ്ടി‍‍യെയും വിമർശിച്ചു കലിപ്പു തീർത്തു ‍എന്നല്ലാതെ ചെറിയാൻ ഫിലിപ്പിന് അർഹിക്കുന്ന പദവികൾ കിട്ടിയില്ല. ചെറിയാൻ രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കിട്ടിയതൊന്നും ജയസാധ്യതയുള്ള സീറ്റുകൾ ആയിരുന്നില്ല. ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ ആദ്യ മത്സരത്തിൽ പുതുപ്പള്ളി പള്ളിയിലെ നേർച്ചക്കോഴിയായി. 2011 ൽ വട്ടിയൂർക്കാവിൽ കുറച്ചൊക്കെ ജയ‍സാധ്യതയുണ്ടായിരുന്നു. എതിർ സ്ഥാനാർഥിയായി കെ.മുരളീധരന്റെ അപ്രതീക്ഷിത രംഗപ്രവേശം ചെറിയാന്റെ പ്രതീക്ഷകൾ തല്ലി‍ക്കൊഴിച്ചു. നേരത്തേ കോൺഗ്രസിൽ ആയിരുന്നപ്പോൾ ജയസാധ്യത ഇല്ലെന്നു പറഞ്ഞു വട്ടിയൂർക്കാവ് സീറ്റ് വേണ്ടെന്നുവച്ചു സിപിഎം വഴി പുതുപ്പള്ളിക്കു പോയതാണു ചെറിയാൻ എന്നതു പിന്നാമ്പുറ കഥ. പുതുപ്പള്ളിയിൽ ചെറിയാൻ തോറ്റപ്പോൾ വട്ടിയൂർക്കാവിൽ ജയിച്ചതാകട്ടെ കോൺഗ്രസും. ഒടുവിൽ കൈരളി ചാനലിൽ കോൺഗ്രസിനെതിരെ കുറെയേറെ ‘സംസാരിച്ച’ ചെറിയാനു കിട്ടിയതു കെടിഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ പദവി മാത്രം. ചെറിയാനു പാർട്ടി രാജ്യസഭാ സീറ്റ് നൽകും എന്നൊക്കെ കേട്ടിരു‍ന്നെങ്കിലും ഒന്നും നടന്നില്ല. കോൺഗ്രസി‍ലുണ്ടായിരുന്ന സ്വീകാര്യതയും അംഗീകാരവും കണക്കിലെടുക്കുമ്പോൾ ചെറിയാനു സിപിഎമ്മിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ ലഭിക്കേണ്ടതായിരുന്നു. ഒരിക്കൽ യൂത്ത് കോൺഗ്രസിൽ ചെറിയാന്റെ അനുയായിയായിരുന്ന വി.അബ്ദുറഹിമാൻ പിണറായി മന്ത്രിസഭയിൽ അംഗമാകുന്നതും അദ്ദേഹത്തിനു കാണേണ്ടി വന്നു. ചെറിയാൻ കോൺഗ്രസിലേക്കു തിരികെ വരുന്നുവെന്നൊക്കെ വാർത്തകളുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും കോൺഗ്രസി‍ന്റെ സ്ഥിതി പരുങ്ങലിലായി, ചെറിയാന്റെയും. കോൺഗ്രസ് വിട്ടു കൂടുതൽ ചെറിയാൻ ഫിലിപ്പുമാർ ഉണ്ടാകുമ്പോൾ പാർട്ടി പുതിയ പദവികൾ ആർക്കു കൊടുക്കും ?

thalakuri-cloumn-a-r-menon-
ഡോ. എ.ആർ. മേനോൻ

ഇവർക്കെല്ലാം മുൻപു കോൺഗ്രസ് വിട്ടു സിപിഎമ്മിൽ എത്തി മന്ത്രിയായ, എല്ലാവരും മറന്ന, ഒരു പ്രമുഖ നേതാവുണ്ട്. 1957 ലെ ഇഎംഎസ് മന്ത്രിസഭയിൽ അംഗമാ‍യിരുന്ന ഡോ. എ.ആർ. മേനോൻ. കൊച്ചി‍യു‍ടെയും പാലക്കാടി‍ന്റെയും തൃ‍ശൂരിന്റെയും ഒക്കെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഈ ചിറ്റൂർ സ്വദേശി തൃ‍ശൂരിൽ കെ.കരുണാകരനെ തോൽപി‍ച്ചാണു കമ്യൂണി‍സ്റ്റ് സ്വത‍ന്ത്രനായി നിയമസഭയിലെത്തിയത് എന്നു കൂടി അറിയുക.

നെഹ്‌റു മന്ത്രിസഭയിൽ അംഗമായിരുന്ന വി.കെ.കൃഷ്ണ മേനോനും പിന്നീട് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിക്കാൻ സിപിഎം പിന്തുണ തേടിയിട്ടുണ്ട്. ഫിലിപ്പോസ് തോമസ് മുതൽ ശോഭനാ ജോർജ് വരെയുള്ളവർ ചുവപ്പണിഞ്ഞെങ്കിലും നിയമസഭ അണഞ്ഞില്ല. പോയവർക്കെല്ലാം ഒന്നാശ്വസിക്കാം. ഇഎംഎസ് മുതൽ എകെജി വരെ സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളും പണ്ടു കോൺഗ്രസിൽ പ്രവർത്തിച്ചവരാണെന്ന് പടക്കോപ്പ് കൂട്ടുമ്പോൾ പടിയിറങ്ങി പോകുന്നവരെക്കുറിച്ചു കെപിസിസി പ്രസിഡന്റിന് വേവലാതി വേണ്ട. എണ്ണമല്ല, കൂറുള്ള എത്ര പേർ കൂടെയുണ്ട് എന്നുള്ളതാണു യുദ്ധരംഗത്തു പ്രധാനം.

thalakuri-k-sudhakaran
കെ. സുധാകരൻ

കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തുന്നവർ ആദ്യം തിരിച്ചറിയുക, തങ്ങൾ അതുവരെ അനുഭവിച്ച ആത്മാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നതാണ്. കാരണം സിപിഎം കേഡർ പാർട്ടിയാണ്. പരസ്യമായിട്ടല്ലെങ്കിലും സ്വകാര്യ‍‍മായി പലരും ആ ദുഃഖം പങ്കുവയ്ക്കാറുണ്ട്. ഒരു പദവിയും കിട്ടിയില്ലെങ്കിലും മനസ്സിലുള്ളത് വെട്ടിത്തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് കോൺഗ്രസുകാരന്റെ അവകാശം. പക്ഷേ സുധാകരന്റെ സെമി കേഡർ പാർട്ടിയുടെ സ്വഭാവം എങ്ങനെയിരിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല.

Content Summary : Thalakuri - Resignation spree continues in Congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS