ശൂന്യത ബാക്കിയാക്കി പ്രതിഭകൾ പോകുന്നു

nedumudi-venu-malayalam-film-actor-profile-image-illustration-
നെടുമുടി വേണു
SHARE

കാണെക്കാണെ സംസ്കാരിക കേരളത്തിലെ പ്രതിഭാധനരുടെ എണ്ണം കുറയുകയാണോ? അവരെല്ലാം ഒന്നൊന്നായി കടന്നുപോവുമ്പോൾ ശൂന്യത നികത്താൻ തോളൊപ്പം നിൽക്കുന്നവരെ കാണുന്നുമില്ല.. കുറഞ്ഞത് തലസ്ഥാനനഗരിയിലെങ്കിലും ശൂന്യതയുടെ വ്യാപ്തി കൂടുന്നു. പുതുനാമ്പുകളിൽ കഴിവുള്ളവർ ഇല്ലെന്നല്ല. പക്ഷേ അവർക്കാർക്കും നികത്താൻ കഴിയാത്തത്ര വലിയ ശൂന്യത. ജീനിയസുകൾ 40 വയസ്സിനുള്ളിൽ അവരുടെ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയിരിക്കും .അങ്ങനെ കഴിവു തെളിയിച്ചവർ മലയാളത്തിൽ എത്ര പേർ ? 

തലസ്ഥാനം നവസിനിമയുടെ ഈറ്റില്ലമായിരുന്നു. മൂന്നു പതിറ്റാണ്ടിനുള്ളിൽ, സിനിമാരംഗത്തെ പ്രതിഭയായിരുന്ന ജി. അരവിന്ദൻ മുതൽ ഇപ്പോൾ നെടുമുടി വേണു വരെ പ്രമുഖർ പലരും വിടവാങ്ങി.

നെടുമുടി വേണു അടിമുടി കലാകാരനായിരുന്നു. താരത്തിന്റെ തൊപ്പിയും കിന്നരിയും ഊരിവച്ച് കനകക്കുന്നിൽ അവനവൻ കടമ്പയിലും ദൈവത്താറിലും കൊട്ടിപ്പാടി അഭിനയിക്കുന്ന നാടൻ കലാകാരനാകാൻ, പാട്ടുപരിഷയാകാൻ ഏറെ സമയമൊന്നും വേണ്ട. താരത്തിളക്കം മറന്ന് അത്തരം വേഷങ്ങളിൽ വേണു ലയിച്ചു ചേരുന്നതു കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. നാട്ടുതനിമ കൊണ്ട് നാടകത്തിന്റെ രംഗപടം മാറ്റിവരച്ചവരാണ് കാവാലവും വേണുവുമൊക്കെ. കടന്നുപോയത് ഒരു നടൻ മാത്രമല്ല, ബഹുമുഖ പ്രതിഭ കൂടിയാണ്..

കാവ്യ ലോകത്തെ പ്രതിഭകളായിരുന്ന അയ്യപ്പപ്പണിക്കർ മുതൽ ഒഎൻവിയും സുഗത കുമാരിയും വരെയുള്ള വൻ വൃക്ഷങ്ങൾ കടപുഴകുമ്പോൾ സാംസ്കാരിക കേരളമാകെത്തന്നെ ഊഷര ഭൂമിയായി മാറുന്നു.

പത്രപ്രവർത്തകനായി തലസ്ഥാനത്തു കഴിഞ്ഞ മൂന്നര പതിറ്റാണ്ടിൽ മഹാരഥന്മാർ യാത്രയാവുന്നതിനു സാക്ഷിയാവാനും വേർപാടിന്റെ വേദന കുറിക്കുവാനും വിധി. സർഗാത്മകതയിൽ പിന്നെയും എന്തെല്ലാമോ ബാക്കിവച്ച് കടന്നുപോയവരാണവരെല്ലാം.

ആദ്യം യാത്രയാക്കിയത് മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭയായ അരവിന്ദനെയായിരുന്നു. ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പ്രപഞ്ചത്തിലൂടെ ആദ്യം അറിഞ്ഞു. തമ്പ് മുതൽ ഒരിടത്ത് വരെയുള്ള ചലച്ചിത്ര കാവ്യങ്ങളുടെ ശിൽപിയെ പിന്നെ അറിഞ്ഞു. അമ്പത്തഞ്ചാം വയസ്സിൽ ഈശ്വര വിലാസം റോഡിലെ വസതിയിൽ ആ ജീവിതം പൊലിഞ്ഞു.. ഇട്ടെറിഞ്ഞു പോയത് ലോകം കാണേണ്ടിയിരുന്ന എത്രയോ മഹദ് സിനിമകൾ.

നിത്യഹരിത നായകൻ പ്രേംനസീറിനെ ആദ്യം കണ്ടതു കോളജ് ദിനങ്ങളിലാണ്. താരങ്ങളെ വെള്ളിത്തിരയിൽ മാത്രം കണ്ടിട്ടുള്ള നാട്ടിൻപുറത്തുകാരന് അതൊരു അദ്ഭുതമായിരുന്നു.ചങ്ങനാശേരി എസ്ബി കോളജിൽ പഠിക്കുമ്പോൾ പൂർവവിദ്യാർഥി കൂടിയായ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ കോളജിന്റെ സുവർണജൂബിലിക്ക് എത്തി. മറക്കാനാവില്ല ആ ദിവസം. ആകാശത്തുനിന്ന് ഗന്ധർവൻ ഇറങ്ങി വരുന്നതുപോലെ വെള്ളിത്തിരയിൽനിന്ന് സ്റ്റേജിലേക്ക് ഇറങ്ങിവരുന്ന ജീവനുള്ള പ്രേംനസീറിനെ കണ്ട് അന്തം വിട്ടിരുന്ന നിമിഷങ്ങൾ. പ്രേംനസീറിന്റെ മധുരമുള്ള ശബ്ദം അമൃതവർഷം പോലെ കേട്ടിരുന്ന നാഴികകൾ. പിന്നീടു തിരുവനന്തപുരത്ത് അഭിമുഖം. നിത്യഹരിത നായകനായി തിളങ്ങി നിൽക്കുമ്പോൾത്തന്നെ വൈകാതെ മരണം. വിജെടിഹാളിൽ അന്തിമോപചാരമർപ്പിക്കാൻ താരങ്ങൾ ഒന്നൊന്നായി വിമാനമിറങ്ങി വന്നു. മമ്മൂട്ടിയും മോഹൻലാലും യേശുദാസും അന്ന് നസീറിനടുത്ത് വിജെടി ഹാളിൽ ഏറെ നേരം ഇരുന്നു. 

അടുത്ത ഊഴം പഴയകാല സൂപ്പർതാരം തിക്കുറിശ്ശി സുകുമാരൻ നായരുടേതായിരുന്നു. തിക്കുറിശ്ശിയുടെ മരണത്തിന് പക്ഷേ താരബാഹുല്യം ഇല്ലായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമൊന്നും വന്നില്ല.. പക്ഷേ സാധാരണ പ്രേക്ഷകർ വിജെടി ഹാളിലേക്ക് ഇരമ്പി.

പിന്നാലെ നിർദോഷ പൊട്ടിച്ചിരിയുടെ തമ്പുരാനായിരുന്ന അടൂർ ഭാസി, എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന, നായകനും പ്രതിനായകനുമായി പകർന്നാടിയ സുകുമാരൻ.

താരങ്ങൾ പിന്നെയും മിഴിയടച്ചു. ഭരത് ഗോപി, വേണു നാഗവള്ളി, തിലകൻ, ശ്രീവിദ്യ, ഒടുവിൽ നെടുമുടി വേണുവും. സംഗീതലോകത്തെ അതികായൻമാരായ പറവൂർ ദേവരാജൻ, എം.ജി. രാധാകൃഷ്ണൻ, പൂവച്ചൽ ഖാദർ, സാഹിത്യ നായകന്മാരായ കെ.സുരേന്ദ്രൻ, മലയാറ്റൂർ രാമകൃഷ്ണൻ, വി.പി.ശിവകുമാർ, എം.കൃഷ്ണൻ നായർ, കാവാലം നാരായണപ്പണിക്കർ. ‘വേരുകൾ’ എന്ന മനോഹര നോവൽ മലയാളത്തിനു സമ്മാനിച്ച മലയാറ്റൂർ കേരളത്തിൽ ഒരു വേരും അവശേഷിപ്പിക്കാതെ പോയിമറഞ്ഞു. പ്രസ് ക്ലബിലെ സായാഹ്ന കൂട്ടായ്മയിൽ തമാശ പറഞ്ഞു പൊട്ടിച്ചിരിച്ച് ഇറങ്ങിപ്പോയ മലയാറ്റൂരിനെ ദിവസങ്ങൾക്കുള്ളിൽ ചേതനയറ്റ നിലയിൽ വീട്ടിൽ കാണേണ്ടി വന്നു. ഹൃദയകുമാരി, അയ്യപ്പപ്പണിക്കർ, ഒഎൻവി കുറുപ്പ്, വിഷ്ണു നാരായണൻ നമ്പൂതിരി അങ്ങനെ പിന്നെയും അതികായർ വിട പറഞ്ഞു.. ഒടുവിൽ ഏറെ ആത്മബന്ധമുണ്ടായിരുന്ന സുഗതകുമാരിയും. ഒരു നോക്കു കാണാൻ പോലും മുഖം തരാതെ സുഗതച്ചേച്ചി ശാന്തികവാടത്തിലേക്ക് നേരേ പോയി. ഒഎൻവി സ്വന്തം ഇഷ്ടപ്രകാരം വിജെടി ഹാളിലേക്ക് പോകാതെ താൻ തന്നെ നാമകരണം ചെയ്ത ‘ശാന്തി കവാട’ത്തിലേക്ക് മാരിവില്ലിൻ തേൻമലരായി മാഞ്ഞു.. എല്ലാവരും അവരുടെ കർമമണ്ഡലങ്ങളിൽനിന്ന് ശാന്തി കവാടം കടന്ന് അനന്തതയിലേക്ക് നടന്നു പോകുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. എഴുതിത്തേഞ്ഞ വാക്കുകളിലൂടെ പിന്നെയും പിന്നെയും ആ വേർപാടിന്റെ വേദന പകർത്താൻ ശ്രമിച്ചു.

ഒരുകാലത്ത് ഇവരുടെയെല്ലാം ആരാധകൻ മാത്രമായിരുന്നുവെങ്കിൽ കാലം ഇവരെയെല്ലാം അടുത്തറിയാൻ ഭാഗ്യം നൽകി. പട്ടടയ്ക്കരികിൽനിന്ന് യാത്ര അയയ്ക്കാനുള്ള നിയോഗവും നൽകി. മരിച്ചതും മണ്ണടിഞ്ഞതും ഇവിടെയല്ലെങ്കിലും തലസ്ഥാനനഗരി തട്ടകം ആക്കിയിരുന്നവരാണ് മലയാളസിനിയിലെ കെടാവിളക്കായ പി. പത്മരാജനും നരേന്ദ്രപ്രസാദും രമേശൻ നായരും. വി.പി.ശിവകുമാറിലൂടെ ഒരു കാലത്തു നരേന്ദ്രപ്രസാദുമായി ഏറെ അടുത്തിരുന്നു.

രാഷ്ട്രീയത്തിലെ അതികായൻമാരായ സി.അച്യുതമേനോനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ.നായനാരെയും കെ.കരുണാകരനെയും സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽനിന്ന് യാത്രയയച്ചു. ഇഎംഎസും അച്യുതമേനോനും ശാന്തികവാടത്തിലേക്ക് പോയി, മറ്റു രണ്ടു പേരും അവരുടെ ജന്മ നാടുകളിലേക്കും.

ഓരോ യാത്രയുടെയും അവസാനത്തിൽ മഹാകവി കുമാരനാശാന്റെ വരികൾ മനസ്സിൽ നിറയും. ‘കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ " എന്നു തുടങ്ങി "ഹാ.... ഇവിടമാണദ്ധ്യാത്മ വിദ്യാലയം’ എന്നവസാനിക്കുന്ന വരികൾ.

Content Summary: Thalakuri column on deaths of top talents in arts, literature and the vacuum they leave unfilled

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS