എല്ലാം മറക്കുന്ന പാവം മാനവഹൃദയം

HIGHLIGHTS
  • ഗതി മുട്ടുമ്പോൾ ആണ് ചില സമരങ്ങൾക്ക് നേരെ ജനം പൊട്ടിത്തെറിക്കുന്നത്
  • കൊതുക് എത്ര രക്തം ഊറ്റിക്കുടിച്ചാലും ആരും ആ നഷ്ടം ഓർമ്മയിൽ വയ്ക്കാറില്ല
thalakuri-actor-joju-george
ഇന്ധന വിലവർധനവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഇടപ്പള്ളി– വൈറ്റില ദേശീയപാത ബൈപാസ് ഉപരോധത്തിനിടയിലെത്തിയ നടൻ ജോജു ജോർജ് സമരക്കാരുമായി തർക്കിക്കുന്നു. ചിത്രം ∙ മനോരമ
SHARE

എത്ര വലിയ ജനകീയ പ്രശ്നത്തിന് പേരിലായാലും ജനങ്ങളെ വഴിയിൽ തടഞ്ഞിട്ടുണ്ട് സമരം ചെയ്യുന്നതിനെ ന്യായീകരിക്കാനാകുമോ എന്ന ചോദ്യമാണ് കേരള സമൂഹം ഇപ്പോൾ ചർച്ച ചെയ്യുന്നത്.ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനും അധികാരികളോട് പ്രതിഷേധിക്കാനും സമരമാർഗ്ഗം അനിവാര്യമാണ്. എന്നാൽ അത് പൗരന്റെ മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റമാകരുത്. അവകാശങ്ങൾ നേടിയെടുക്കാൻ എന്നതിനപ്പുറം സംഘടനാശക്തി പ്രകടിപ്പിക്കാനുള്ള അവസരമായി സമരങ്ങൾ മാറുന്ന ഇന്നത്തെക്കാലത്ത് ജനങ്ങൾ സമരങ്ങളെയും സംശയദൃഷ്ടിയോടെ കാണുന്നു.

thalakuri-column-manorama-archieves-dr-k-n-raj

എറണാകുളത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചപ്പോൾ സിനിമാ നടനായ ജോജു ജോർജ് നടത്തിയ പ്രതിഷേധത്തിനൊപ്പം ജനവികാരം അലയടിച്ചുയർന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരങ്ങളിൽ നല്ലപങ്കും സംഘടനാ ശക്തി തെളിയിക്കാനാണെന്ന് അടുത്തുനിന്ന് കാണുന്നവർക്ക് അറിയാം.പല സമരങ്ങളിലും അവശ്യങ്ങളിൽ മേലുള്ള ധാരണ അധികാരികളുമായി ഉണ്ടാക്കിയശേഷം നടത്തുന്ന പ്രഹസനമാണ്. ബസ് സമരത്തിനു മുന്നോടിയായി ചർച്ചയ്ക്ക് എത്തിയ ബസ് ഉടമകളോട് നിരക്കുവർധന സംബന്ധിച്ച് ധാരണ ഉണ്ടാക്കിയ ശേഷം രണ്ടുദിവസം സമരം ചെയ്തു കഴിഞ്ഞ് നടപ്പാക്കാമെന്ന് ഒരു ഗതാഗത മന്ത്രി പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ട്.

ഗതി മുട്ടുമ്പോൾ ആണ് ചില സമരങ്ങൾക്ക് നേരെ ജനം പൊട്ടിത്തെറിക്കുന്നത്. മൂന്നര പതിറ്റാണ്ട് മുമ്പ് ജോജുവിനെപ്പോലെ മറ്റൊരാൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സിപിഎം നേതാക്കളായ സമരക്കാർക്ക് മേൽ ഒരു സിംഹത്തെപ്പോലെ ചാടിവീണ് ഗർജ്ജിച്ചതോർക്കുന്നു.. ‘‘നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സമരമല്ല സമരാഭാസം ആണ് ’’ .പ്രശസ്ത സാമ്പത്തിക വിദഗ്ധനും സിപിഎം സഹയാത്രികനും ആയ ഡോ.കെ.എൻ രാജ് ആയിരുന്നു അന്ന് പൊട്ടിത്തെറിച്ചത്..പത്രങ്ങൾ അന്ന് ആ വാർത്ത ഒന്നാം പേജിൽ കൊടുത്തു.

thalakrui-dr-k-n-raj-economist
ഡോ.കെ.എൻ രാജ്

കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ട്രെയിൻ തടയൽ സമരത്തിനിടയിലായിരുന്നു നാടകീയമായ രംഗം. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്നിരുന്ന ട്രെയിൻ തടയൽ സമരത്തെത്തുടർന്ന് ഏറെനേരം പേട്ടയിൽ നിർത്തിയിട്ട കണ്ണൂർ എക്സ്പ്രസിലെയാത്രക്കാരനായിരുന്നു രാജ്. ടെയിനിൽ നിന്ന് ഇറങ്ങി റെയിൽവേ ട്രാക്കിലൂടെ ഏറെ ദൂരം നടന്നു വന്നാണ് രാജ് തന്റെ പ്രതിഷേധം അറിയിച്ചത്. രോഷത്തോടെ സമരക്കാരുടെ മുന്നിൽ വന്നു നിന്നു രാജ് പൊട്ടിത്തെറിച്ചു. ‘‘ഇത് മാർക്സിസവും കമ്മ്യൂണിസവും അല്ല. ശുദ്ധ തെമ്മാടിത്തരമാണ് ’’.

സമരത്തിന് നേതൃത്വം നൽകിയിരുന്ന കോലിയക്കോട് കൃഷ്ണൻ നായരുടെ നേർക്ക് വിരൽ ചൂണ്ടി രാജ്ചോദിച്ചു :  ‘‘ഈ സമരാഭാസം ആർക്കുവേണ്ടിയാണ്? മാർക്സിസ്റ്റ് പാർട്ടി ഇത്ര വലിയ പതനത്തിൽ എത്തിയല്ലോ ?’’

ആളെ തിരിച്ചറിഞ്ഞ കോലിയക്കോട് സിപിഎം പ്രവർത്തകരും വല്ലാണ്ടായി.

കോലിയക്കോട് പറഞ്ഞുഛ  ‘‘ക്ഷമിക്കണം സർ ഒരു മാസം മുമ്പ് മുമ്പ് പ്രഖ്യാപിച്ച സമരമാണ്...’’

‘‘എന്തു ക്ഷമിക്കാൻ...’’ ഡോ.രാജ് പിന്നെയും ക്ഷോഭിച്ചു. 

‘‘നിങ്ങൾ എൻറെ കൂടെ വരൂ...ഒരു വണ്ടി തടഞ്ഞിട്ടത് കാരണം കഷ്ടപ്പെടുന്ന നൂറുകണക്കിന് അമ്മമാരെയും കുഞ്ഞുങ്ങളെയും ഞാൻ കാണിച്ചു തരാം...’’

രാജ് ക്ഷോഭിച്ചതുകൊണ്ട് പാർട്ടിയുടെ സമര പരിപാടിയിൽ മാറ്റമൊന്നും വന്നില്ല.എന്നുമാത്രമല്ല ഇതിന്റെ പേരിൽ പിന്നീട് രാജിനെതിരെ ഫോണിലൂടെ വധഭീഷണിയും ഉണ്ടായി.

ഭീഷണി ടേപ്പ് ചെയ്ത് രാജ് പത്രലേഖകരെ വിളിച്ചുവരുത്തി കേൾപ്പിച്ചു.

thalakuri-koliyakodu-krishnan-nair
കോലിയക്കോട് കൃഷ്ണൻ നായർ

ഏതാനും വർഷം മുമ്പ് മാത്രമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള വഴി തടഞ്ഞ സമരക്കാരെ സന്ധ്യ എന്ന വീട്ടമ്മ വെല്ലുവിളിച്ചത്. 

‘‘നിങ്ങൾ തടയാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ദിവസവും ക്ലിഫ് ഹൗസിൽ വരികയും പോവുകയും ചെയ്യുന്നുണ്ട്. അതിന് അടുത്ത താമസിക്കുന്ന എനിക്ക് എൻന്റെ കുട്ടികളെ സ്കൂളിൽ കൊണ്ടു വിടാൻ കഴിയുന്നില്ലയയയ’’ ആ വീട്ടമ്മ പരിതപിച്ചു അന്ന് ജനമനസ് അവർക്കൊപ്പം ആയിരുന്നു .

ആ വീട്ടമ്മയ്ക്ക് സമ്മാനം നൽകി ചിലർ ആദരിക്കുകയും ചെയ്തു.പക്ഷേ ഭരണം മാറിയപ്പോൾ ആ വെല്ലുവിളിയുടെ പേരിൽ സന്ധ്യയെന്ന വീട്ടമ്മയ്ക്ക് ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ടു. എന്തായാലും അന്ന് സമരം നയിച്ച നേതാവ് പിന്നീട് മന്ത്രിയായി.

thalakuri-column-cliff-house-sandhya
തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ ക്ലിഫ് ഹൗസ് ഉപരോധം മൂലം വീട്ടിലേക്കുള്ള വഴി തടസപ്പെട്ടതിനെത്തുടർന്ന് സ്ഥലവാസിയായ സന്ധ്യ എന്ന വീട്ടമ്മ പൊട്ടിത്തെറിച്ചപ്പോൾ. സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, വി. സുരേന്ദ്രൻപിള്ള എന്നിവരുൾപ്പെടെ ഇടതു നേതാക്കൾ സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും സന്ധ്യയുടെ രോക്ഷപ്രകടനം തുടർന്നു. ഫയൽ ചിത്രം ∙ മനോരമ

ഒരിക്കൽ സമരത്തിന്റെ ഭാഗമായി ബിജെപി യുടെ യുവജന വിഭാഗം സെക്രട്ടറിയേറ്റിനു മുൻവശം മുതൽ കിഴക്കേകോട്ട വരെ കണ്ണിൽ കണ്ട വാഹനങ്ങളും കടകളും കെഎസ്ആർടിസി ബസുകളും തല്ലിത്തകർത്തതിനും ദൃക് സാക്ഷിയായി. തകർന്ന ബസ്സുകളുടെ ശവഘോഷയാത്ര നടത്തി അന്ന് പ്രതിഷേധിച്ചത് കെഎസ്ആർടിസി എംഡി ആയിരുന്ന ജയിംസ് കെ. ജോസഫാണ്.

thalakuri-column-james-k-joseph-ksrtc-former-md
ജയിംസ് കെ. ജോസഫ്

ഒടുവിൽ കേട്ടത്

പാർലമെന്റിലെ വാഗ്വാദവും ദേശീയ ബന്ദുകളും കണ്ടിട്ടും അനങ്ങാത്ത കേന്ദ്രസർക്കാർ കേരളത്തിലെ ഒരു ദേശീയ പാത ഉപരോധം കണ്ട് വിരണ്ട് ഇന്ധനവില വില വെട്ടിക്കുറച്ചു.

വർദ്ധിപ്പിച്ചപ്പോഴത്തെ അതെ രോഷം കുറച്ചപ്പോഴത്തെ സൗമനസ്യത്തിൽ അലിഞ്ഞുപോയി. കൊതുക് എത്ര രക്തം ഊറ്റിക്കുടിച്ചാലും ആരും ആ നഷ്ടം ഓർമ്മയിൽ വയ്ക്കാറില്ല.

സുഗതകുമാരി പാടിയതുപോലെ – ‘‘ഒരു താരകയെ കാണുമ്പോൾ അതു രാവ് മറക്കും, പുതു മഴ കാൺകെ വരൾച്ച മറക്കും, പാൽപുഞ്ചിരി കാൺകെ മൃതിയെ മറന്ന് സുഖിച്ചേ പോകും....പാവം മാനവഹൃദയം...’’

Content Summary : Thalakuri Column - Why people protest against political parties' agitations by road blockades?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS