ബഹിരാകാശം കീഴടക്കി അനന്തതയിലേക്ക്

HIGHLIGHTS
  • വലിയ ഉയരങ്ങൾ കീഴടക്കിയ ശേഷം അപ്രതീക്ഷിത അപകടങ്ങളിൽ മരിച്ച ഹതഭാഗ്യർ
  • ആയിരക്കണക്കിനു കോടി രൂപ മുടക്കിയായിരുന്നു ചരിത്ര യാത്ര
thalakuri-column-medidata-co-founder-glen-de-vries-dies-plane-crash
ഗ്ലെൻ ഡേ റൈസ്
SHARE

ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു മടങ്ങിയെത്തി ദിവസങ്ങൾക്കുള്ളിൽ, സ്വയം പറത്തിയ യാത്രാ വിമാനം തകർന്ന് മരിക്കുക. 49 കാരനായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി സിഇഒ ഗ്ലെൻ ഡേ റൈസിന്റെ മരണം ലോകത്തെ ഞെട്ടിച്ചത് അതിന്റെ അസാധാരണത്വം കൊണ്ടു കൂടിയായിരുന്നു.

അമേരിക്കയിലെ ന്യൂജഴ്സിക്കു മുകളിലൂടെ പറക്കുന്നതിനിടയിൽ ന്യൂയോർക്കിൽനിന്ന് 40 മൈൽ വടക്കുമാറിയാണ് കഴിഞ്ഞ ദിവസം നാലു സീറ്റുള്ള സെസ്ന 172 എന്ന ചെറിയ വിമാനം തകർന്നത്. വിമാനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരന്ന ന്യൂജഴ്സി ഏവിയേഷൻ കമ്പനി ഉടമ തോമസ് ഫിഷറും മരിച്ചു. ഗ്ലെൻ ഡേ റൈസ്, ബ്ലൂ ഒറിജിൻ കമ്പനിയുടെ റോക്കറ്റിൽ വില്യം ഷാനർ എന്ന ഹോളിവുഡ് നടനോടൊപ്പം ബഹിരാകാശം കീഴടക്കിയത് ആഗോള വാർത്തയായിരുന്നു. ആയിരക്കണക്കിനു കോടി രൂപ മുടക്കിയായിരുന്നു അതിസമ്പന്നനായ ഗ്ലെന്നിന്റെ ചരിത്ര യാത്ര. 

ന്യൂയോർക്ക് ആസ്ഥാനമായ മെഡി ഡേറ്റാ സൊല്യൂഷൻസ് എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു ഗ്ലെൻ. എന്റെ മകൻ വിവേക് ഏതാനും മാസങ്ങൾക്കു മുമ്പുവരെ ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നതു കൊണ്ട് ഈ പേര് എനിക്കു പരിചിതമായിരുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയെ വൈദ്യശാസ്ത്രവുമായി കൂട്ടിയിണക്കി ആ രംഗത്ത് വലിയൊരു  വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് ഗ്ലെൻ. ‘ദ് പേഷ്യൻറ് ഇക്വേഷൻ’ എന്ന തന്റെ പുസ്തകത്തിൽ ഈ സാങ്കേതിക മാറ്റത്തെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മരുന്നുൽപാദന രംഗത്തെ നിർണായകവും ദൈർഘ്യമേറിയതുമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിവര സാങ്കേതിക വിദ്യയുടെയും നിർമിതബുദ്ധിയുടെയും സഹായത്തോടെ എങ്ങനെ വരുതിയിലാക്കാൻ കഴിഞ്ഞുവെന്നു ഗ്ലെൻ പറയുന്നു. 

william-shatner-canadian-actor
വില്യം ഷാനർ

കോവിഡിന്റെ  ഡിജിറ്റൽ ട്രയലുകൾ നടത്തിയത് പ്രധാനമായും  മെഡി ഡേറ്റാ പ്ലാറ്റ്ഫോമിലായിരുന്നു. മടങ്ങിവന്ന ശേഷം തന്റെ ബഹിരാകാശ യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ‘കൗണ്ട് ഡൗൺ മുതൽ  ബഹിരാകാശത്തെത്തുന്നതു വരെയുള്ള അനുഭവങ്ങൾ സമയത്തിന്റെ വിലയെക്കുറിച്ച് എന്നെ ബോധവാനാക്കി.’ ഇതു പറഞ്ഞ് അടുത്ത ദിവസം ഒരു പതിവു പറക്കലിൽ സമയമാം രഥത്തിൽ ആ യാത്ര അവസാനിച്ചു.

1953 ൽ ഹെൻട്രി ജോർജ് ക്ലുസോട്ട്  സംവിധാനം ചെയ്ത ഫ്രഞ്ച് ക്ലാസിക്ക് ചിത്രം ‘വേജസ് ഓഫ് ഫിയർ’ നമ്മെ പഠിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്ന അമിത ആത്മവിശ്വാസത്തിൽ സംഭവിക്കാവുന്ന വലിയ വീഴ്ചകൾ. ഇപ്പോഴത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ എഴുപതുകളിൽ കോട്ടയത്ത് പ്രവർത്തിച്ചിരുന്ന ഒരു ഫിലിം സൊസൈറ്റിയിലൂടെയാണ് ആദ്യമായി ‘വേജസ് ഓഫ് ഫിയർ’ കാണുന്നത്. പ്രദർശത്തിനു മുന്നോടിയായി ആ മഹത്തായ  സിനിമയെക്കുറിച്ച് യുവാവായ കാനം ഒരു പ്രഭാഷണം നടത്തിയതും ഓർക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് തെക്കൻ അമേരിക്കയിൽ ഒരു പർവതത്തിന്റെ മുകളിലേക്ക് അത്യുഗ്ര സ്ഫോടക ശേഷിയുള്ള വസ്തുക്കൾ അടങ്ങിയ ട്രക്കുമായി പുറപ്പെടുന്ന മൂന്നുപേരുടെ സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം. കാണികളെ മുൾമുനയിൽ നിർത്തുന്ന യാത്ര വിജയകരമായി പൂർത്തിയാക്കിയവർ പ്രതിഫലവും വാങ്ങി മടങ്ങുമ്പോൾ അലക്ഷ്യമായി അമിത വേഗത്തിൽ ട്രക്ക് ഓടിച്ച് അഗാധ ഗർത്തത്തിലേക്കു വീണു മരിക്കുന്നു.

glen-de-vries-book-the-patient-equation
ദ് പേഷ്യൻറ് ഇക്വേഷൻ

ചരിത്രത്തിൽ ഇതുപോലെ വലിയ ഉയരങ്ങൾ കീഴടക്കിയ ശേഷം അപ്രതീക്ഷിത അപകടങ്ങളിൽ മരിച്ച ഹതഭാഗ്യർ വേറെയുമുണ്ട്.

ആദ്യത്തെ ബഹിരാകാശ യാത്രികൻ റഷ്യക്കാരനായ യൂറി ഗഗാറിൻ ചരിത്രം കുറിച്ച യാത്രയ്ക്കു ശേഷം ഇതുപോലെതന്നെ ഒരു ഫോക്കർ ഫ്രണ്ട്ഷിപ്പ് വിമാനം പറത്തുന്നതിനിടയിലാണ് വിമാനം തകർന്നു മരിച്ചത്.

രണ്ടാംലോകമഹായുദ്ധകാലത്ത് നാസികളിൽനിന്ന് ജർമനിയെ മോചിപ്പിച്ച അമേരിക്കയുടെ സൈന്യാധിപൻ ജനറൽ പാറ്റൻ (പാറ്റൻ ടാങ്ക് എന്ന പേര് അദ്ദേഹത്തിന്റെ സ്മരണാർഥമാണ്) ചരിത്ര വിജയത്തിനു ശേഷം റോഡപകടത്തിൽ സാധാരണ വഴിയാത്രക്കാരനെപ്പോലെ മരിച്ചു. കൂറ്റൻ ടാങ്കുകൾ നയിച്ചു യുദ്ധം ജയിച്ച, ലോകം കണ്ട ഏറ്റവും  വലിയ സൈന്യാധിപരിലൊരാൾ റോഡിലൂടെ നടന്നു പോകുമ്പോൾ കാറിടിച്ച് മരിക്കുകയായിരുന്നു.

ഇതേസമയം, ലക്ഷ്യത്തിലെത്തും മുമ്പ് ചരിത്രം കൈയെത്തും ദൂരത്തു നഷ്ടപ്പെട്ടവരുമുണ്ട്. ഹിലരിയും ടെൻസിങ്ങും എവറസ്റ്റ് കീഴടക്കുന്നതിന് 29 വർഷം മുമ്പ് എവറസ്റ്റ് കൊടുമുടിയുടെ അടുത്തുവരെ എത്തി അപ്രത്യക്ഷരായവരാണ് മലോറിയും ഇർവിനും. കപ്പിനും ചുണ്ടിനുമിടയിൽ ഇരുവർക്കും കൊടുമുടിയുടെ  മുകളിൽ കൊടി നാട്ടാനും ചരിത്രത്തിന്റെ ഭാഗമാകാനുമുള്ള അവസരം നഷ്ടപ്പെട്ടു. 90 വർഷത്തിനുശേഷം മലോറിയുടെ മൃതദേഹം മഞ്ഞുപാളികളിൽനിന്ന് കണ്ടുകിട്ടി. ഇർവിനും ചരിത്ര നിമിഷത്തിന്റെ ചിത്രങ്ങൾ പകർത്തിയ അദ്ദേഹത്തിന്റെ ക്യാമറയും മഞ്ഞുപാളികളിൽ എവിടെയോ ഇപ്പോഴും ഉറങ്ങുന്നു.

Content Summary : Thalakuri Column - Medidata co-founder Glen de Vries dies in plane crash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിൽക്കാനുണ്ട് പൃഥ്വിരാജിന്റെ ലംബോർഗിനി | Prithviraj Lamborghini Huracan

MORE VIDEOS
FROM ONMANORAMA