കരുണാകരന്റെ അട്ടിമറിയെ വോട്ടു മറിച്ച് നേരിട്ട കഥ

HIGHLIGHTS
  • വലിയ കൂറുമാറ്റങ്ങൾ ഉണ്ടായപ്പോൾപോലും, കൂറുമാറിയവരുടെ പേരുവിവരങ്ങൾ പുറത്തു വന്നിട്ടില്ല
  • കോവൂർ കുഞ്ഞുമോൻ ഇപ്പോഴും ഇടതുമുന്നണിയുടെ നിയമസഭാംഗമാണ് എന്നതു വേറെ കാര്യം
thalakuri-column-k-karunakaran
കെ. കരുണാകരൻ. ചിത്രം : ജെയിംസ് ആർപ്പുക്കര ∙ മനോരമ
SHARE

ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ (Rajya Sabha) കേരളത്തിൽ ഇടതു മുന്നണിയുടെ ഒരു വോട്ട് അസാധുവായെങ്കിലും അസാധുവാക്കിയ എംഎൽഎയെ കണ്ടുപിടിക്കാനായിട്ടില്ല. കാരണം ബാലറ്റ് പേപ്പറും കൗണ്ടർ ഫോയിലുമായി ഒത്തു നോക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. വലിയ കൂറുമാറ്റങ്ങൾ ഉണ്ടായപ്പോൾപോലും, കൂറുമാറിയവരുടെ പേരുവിവരങ്ങൾ പുറത്തു വന്നിട്ടില്ല. സാധാരണ ഗതിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അത്യപൂർവമായേ കൂറുമാറി വോട്ട് ചെയ്യാറുള്ളൂ. കൂറുമാറിയപ്പോഴൊക്കെ ഇരുചെവിയറിയാതെ കൃത്യമായി അതു കണ്ടെത്തിയിട്ടുമുണ്ട്.

thalakuri-kodoth-govindhan-nair
കോടോത്ത് ഗോവിന്ദൻ നായർ. ചിത്രം : ആർ. എസ്. ഗോപൻ

ആന്റണി മന്ത്രിസഭയുടെ  (A.K. Antony) കാലത്തു 2003 ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും വലിയ കൂറുമാറ്റം നടന്നത്. അന്ന് ഇടതും വലതും മുന്നണികൾ കൂറുമാറി വോട്ട് ചെയ്തു. അതിന് അരങ്ങൊരുക്കിയതു കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ കെ. കരുണാകരനും. (K. Karunakaran)  2001 ൽ നൂറു സീറ്റുമായി അധികാരത്തിൽ വന്ന ആന്റണി സർക്കാരിൽ കോൺഗ്രസിന്റെ 64 എംഎൽഎമാർ. അതിൽ 32 പേർ തന്നോടൊപ്പമെന്നു കരുണാകരൻ. ആന്റണി സർക്കാരിനെ അട്ടിമറിക്കാൻ അതു തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും (V. S. Achuthanandan) പറഞ്ഞു. ഈ സാഹചര്യത്തിലാണ് കരുണാകരൻ വിമത സ്ഥാനാർഥിയായി കോടോത്ത് ഗോവിന്ദൻ നായരെ (Kodoth Govindan Nair) രാജ്യസഭയിലേക്കു മത്സരിപ്പിച്ചത്. കോടോത്ത് ജയിച്ചാൽ ആന്റണി മന്ത്രിസഭ രാജി വയ്ക്കേണ്ടി വരും. കരുണാകരനെ സംബന്ധിച്ച്, തന്നെ ഇറക്കി വിട്ട് മുഖ്യമന്ത്രിയായ ആന്റണിയോടുള്ള പകരം വീട്ടൽ കൂടിയാകുമത്. അതുകൊണ്ടുതന്നെ എ വിഭാഗത്തെ സംബന്ധിച്ച് അതൊരു ജീവൻ മരണ പോരാട്ടമായിരുന്നു. 32 വോട്ട് പിടിച്ചാൽ ഇടതിന്റെ രണ്ടാം വോട്ടു കൂടി വാങ്ങി ജയിക്കാം എന്നായിരുന്നു കരുണാകരന്റെ കണക്കുകൂട്ടൽ. പക്ഷേ കോടോത്തിന് 26 വോട്ടേ കിട്ടിയുള്ളു. ഒരു മിഡ്നൈറ്റ് ഓപ്പറേഷനാണ് വോട്ടുകൾ മാറ്റിമറിച്ചത്. കരുണാകരനറിയാതെ കരുണാകരൻ ഗ്രൂപ്പിലെ നാലു പേരെ എ ഗ്രൂപ്പുകാർ തട്ടിയെടുത്തു. പോളിങ്ങിന്റെ തലേരാത്രിയിൽ അരങ്ങേറിയ അട്ടിമറി കരുണാകര വിഭാഗം അറിഞ്ഞത് വോട്ടെണ്ണിയപ്പോൾ. ഇടതുപക്ഷത്തുനിന്ന് പ്രതീക്ഷിച്ച ഒന്നാം വോട്ട് കിട്ടാതെയും വന്നു. അതോടെ കരുണാകരന്റെ പ്രതീക്ഷകൾ പൊലിഞ്ഞു.

thalakuri-column-vayalar-ravi
വയലാർ രവി ചിത്രം : ജെ. സുരേഷ് ∙ മനോരമ

മൂന്ന് ഒഴിവുകളിലേക്കായിരുന്നു മത്സരം. യുഡിഎഫ് സ്ഥാനാർഥികളായി വയലാർ രവിയും (Vayalar Ravi) തെന്നല ബാലകൃഷ്ണപിള്ളയും (Thennala Balakrishna Pillai) ഇടതു സ്ഥാനാർഥിയായി കെ. ചന്ദ്രൻപിള്ളയുമാണു (K. Chandran Pillai) മത്സരിച്ചത്. ജയിക്കാൻ ആദ്യ റൗണ്ടിൽ കുറഞ്ഞത് 36 വോട്ട് വേണം. ഫലം വന്നപ്പോൾ ചന്ദ്രൻപിള്ളയ്ക്കു 39. വയലാർ രവിക്ക് 38. തെന്നലയ്ക്ക് 36. കോടോത്ത് ഗോവിന്ദൻ നായർക്ക് 26. കരുണാകരൻ ഗ്രൂപ്പിലെ 26 എംഎൽഎമാരിൽ നാലുപേരെയാണ് എ വിഭാഗം ചാക്കിട്ടു പിടിച്ചത്. എന്നിട്ടും എ വിഭാഗം കണക്കുകൂട്ടിയതിൽ അഞ്ചു വോട്ട് കുറഞ്ഞു. ഔദ്യോഗിക സ്ഥാനാർഥികൾക്കൊപ്പം എന്നു പ്രഖ്യാപിച്ചിരുന്ന ഘടകകക്ഷിനേതാക്കളായ ആർ. ബാലകൃഷ്ണപിള്ളയും (R. Balakrishna Pillai) ഗണേഷ്കുമാറും (K. B. Ganesh Kumar) ടി.എം. ജേക്കബും (T.M. Jacob) ജോണി നെല്ലൂരും (Johnny Nellore) സംശയ നിഴലിലായി. കണക്കനുസരിച്ച്, കരുണാകര ഗ്രൂപ്പിൽ പെട്ടവരുടെ 22 വോട്ട് മാത്രമേ കോടോത്തിനു ലഭിച്ചിട്ടുള്ളൂ. ബാക്കി വോട്ട് എവിടുന്നു വന്നു എന്നതാണു യുഡിഎഫ് നേതാക്കളുടെ തലപുകച്ചത്. ഏതായാലും ഇടതു പിന്തുണയോടെ മുഖ്യമന്ത്രി ആകാനുള്ള കരുണാകരന്റെ മോഹം നടന്നില്ല. എങ്കിലും ഈ തിരഞ്ഞെടുപ്പോടു കൂടിയാണു കരുണാകരൻ കോൺഗ്രസിൽനിന്ന് കൂടുതൽ അകന്നതും പുതിയ പാർട്ടിയുണ്ടാക്കിയതും. 

ഇതിനിടയിൽ ആരും കണക്കുകൂട്ടാത്ത ഒരു അട്ടിമറി ഇടത് എംഎൽഎമാർക്കിടയിൽ സംഭവിച്ചു. ഇടതുമുന്നണിയിൽനിന്ന് ഒരു ആർഎസ്പി നേതാവിന്റെ വോട്ട് വയലാർ രവിക്കു കിട്ടി. ഘടക കക്ഷികളിൽനിന്നുള്ള അട്ടിമറി മുൻകൂട്ടിക്കണ്ട് രവി തന്നെയാണ് ആർഎസ്പി നേതാവിനെ കൈകാര്യംചെയ്തെന്നതു പിന്നാമ്പുറ കഥ.

എന്തായാലും ആന്റണി മന്ത്രിസഭയ്ക്കു ശേഷം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ കരുണാകരനോടു ചേർന്നു കൂറുമാറി വോട്ടുചെയ്തതിനു ഘടകകക്ഷി നേതാക്കൾക്കു വലിയ വില കൊടുക്കേണ്ടി വന്നു. ബാലകൃഷ്ണപിള്ളയ്ക്കും ടി.എം.ജേക്കബിനും മന്ത്രി സ്ഥാനം പോയി. കരുണാകരൻ ഗ്രൂപ്പിൽനിന്നു വിമത സ്ഥാനാർഥിക്ക് വോട്ടു ചെയ്തവർക്ക് മന്ത്രിസ്ഥാനം നൽകുകയും തങ്ങളെ ഒഴിവാക്കുകയും ചെയ്തതിനെ ജേക്കബ് ചോദ്യംചെയ്തു. ‘അതു കോൺഗ്രസിനുള്ളിലെ കാര്യം. ഇതു ഘടകകക്ഷികളുമായുള്ള ഇടപാട്’ ഇതായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.

thalakuri-column-kovoor-kunjumon
കോവൂർ കുഞ്ഞുമോൻ, ചിത്രം : തോമസ് മാത്യു

രവിക്ക് വോട്ടു മറിച്ചആർഎസ്പി നേതാവ് കോവൂർ കുഞ്ഞുമോനോട് (Kovoor Kunjumon) ഇടതുമുന്നണിയിൽനിന്നോ സിപിഎമ്മിൽ നിന്നോ ഒരിക്കലും ചോദ്യം ഉണ്ടായതുമില്ല. കാരണം ആരാണ് വോട്ടു മറിച്ചതെന്നു സിപിഎം അറിഞ്ഞില്ല. കണ്ടത്തിയതു വർഷങ്ങൾ കഴിഞ്ഞാണ്. കുഞ്ഞുമോൻ ഇപ്പോഴും ഇടതുമുന്നണിയുടെ നിയമസഭാംഗമാണ് എന്നതു വേറെ കാര്യം..

thalakuri-column-rajya-sabha-vote-news

തൊണ്ണൂറ്റിയഞ്ചിൽ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജ്യസഭ്യാ തിരഞ്ഞെടുപ്പിൽ വോട്ടു മറിച്ചതു വിവാദമായിരുന്നു. അന്നു വോട്ടു മറിച്ച രണ്ട് യുഡിഎഫ് എംഎൽഎമാരെ .കണ്ടുപിടിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ വരെ സമീപിച്ചിരുന്നു. കേവലം രണ്ടു വോട്ടു മറിച്ചതിനപ്പുറം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയെയും അതുവഴി സർക്കാരിനേ‌െയും അട്ടിമറിക്കാനുള്ള നീക്കം അന്നും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആന്റണിക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമായിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രണ്ട് ഐ വിഭാഗം എംഎൽഎമാർ ഐ വിഭാഗത്തിലെതന്നെ മറ്റു ചില എംഎൽഎമാരുമായി ബന്ധപ്പെട്ടു വോട്ടു മറിക്കാനും അതുവഴി യുഡിഎഫ് സ്ഥാനാർഥി ജോയി നടുക്കരയെ (Joy Nadukkara) തോൽപിക്കാനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. എംഎൽഎ ഹോസ്റ്റലിൽ ഓൾഡ് ബ്ലോക്കിലെ ഒരു മുറി കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷൻ. കേരള കോൺഗ്രസി(എം)ൽ രാജ്യസഭാ സീറ്റ് കാംക്ഷിയായിരുന്ന ഒരു നേതാവും ഇതിൽ പങ്കു ചേർന്നതായി അഭ്യൂഹമുണ്ടായിരുന്നു..‍തങ്ങളുടെ അഭ്യർഥന മാനിക്കാതെ മാണിക്കു രാജ്യസഭാ സീറ്റ് നൽകിയതിൽ ഇടഞ്ഞു നിന്ന കേരള കോൺഗ്രസ് ജേക്കബ്, ബാലകൃഷ്ണപിള്ള വിഭാഗത്തെയും അട്ടിമറി ശ്രമത്തിൽ പങ്കാളികളാകാക്കാൻ നിർബന്ധിച്ചുവത്രേ.

thalakuri-column-rajya-sabha-vote-news-clipping

ശങ്കർ മന്ത്രിസഭയുടെ കാലത്ത് 1964 ൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സാലേ മുഹമ്മദ് ഇബ്രാഹിം സേട്ടുവിനു വോട്ടു മറിച്ചു നൽകി കോൺഗ്രസ് സ്ഥാനാർഥി ആനി തയ്യലിനെ തോൽപിച്ചിരുന്നു. കൊച്ചിയിൽ ബിസിനസുകാരനായ സാലേം മുഹമ്മദ് എന്ന സ്വതന്ത്രനെ ജയിപ്പിക്കാൻ ഒന്നും രണ്ടുമല്ല, അര ഡസൻ വോട്ടാണ് മറിച്ചത്.

Content Summary : Thalakuri Column - Story of a coup: When K Karunakaran, CPM joined hands to unseat CM AK Antony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS