ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾ ബാക്കി

HIGHLIGHTS
  • സുഗതകുമാരിയുടെ കവിതകളിൽ രാഷ്ട്രീയവും തോമസിന്റെ രാഷ്ട്രീയത്തിൽ കവിതയുമുണ്ടായിരുന്നു
  • തോമസിനോളം നിശ്ചയദാർഢ്യം നിലപാടുകളിൽ സുഗതകുമാരിയും പുലർത്തി
thalakuri-column-p-t-thomas-article-image
പി.ടി. തോമസ്
SHARE

കൃത്യം ഒരു വർഷത്തിന്റെ ഇടവേളയിൽ രണ്ടു വലിയ വേർപാടുകൾ. രണ്ടുപേരും രണ്ട് കർമമണ്ഡലങ്ങളിൽ പ്രവർത്തിച്ചവർ. പക്ഷേ രണ്ടുപേരുടെയും ദർശനത്തിലും ജീവിത വീക്ഷണത്തിലും സാമ്യമുണ്ട്. ഒന്ന് - ഒരുവർഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ കവി സുഗതകുമാരി. രണ്ട് - സുഗതകുമാരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ നമ്മെ പിരിഞ്ഞു പോയ പി.ടി. തോമസ്.  (P.T. Thomas) സുഗതകുമാരിയുടെ (Sugathakumari) കർമമണ്ഡലം സർഗ്ഗാത്മകതയുടേതായിരുന്നെങ്കിൽ തോമസിന്റേത് രാഷ്ട്രീയപ്രവർത്തനത്തിന്റേതായിരുന്നു. രണ്ടു പേരും ബൗദ്ധികതലത്തിൽ ഔന്നത്യം പുലർത്തി. സുഗതകുമാരിയുടെ കവിതകളിൽ കാല്പനിക സൗന്ദര്യം വഴിഞ്ഞൊഴുകിയപ്പോൾ തോമസിന്റെ രാഷ്ട്രീയത്തിലും കാല്പനികതയുടെ തിളക്കം. സുഗതകുമാരിയുടെ കവിതകളിൽ രാഷ്ട്രീയവും തോമസിന്റെ രാഷ്ട്രീയത്തിൽ കവിതയുമുണ്ടായിരുന്നു. രണ്ടുപേരും പ്രകൃതിയെ സ്നേഹിച്ചു. വരുംതലമുറയെ കുറിച്ച് ചിന്തിച്ച് ആകുലപ്പെട്ടു. പരിസ്ഥിതിക്കുവേണ്ടി കടുത്ത നിലപാടുകൾ എടുത്തു. സുഗതകുമാരിയോളം മാനവികത രാഷ്ട്രീയത്തിൽ തോമസ് പുലർത്തിയെന്നു നിസംശയം പറയാം. തോമസിനോളം നിശ്ചയദാർഢ്യം നിലപാടുകളിൽ സുഗതകുമാരിയും പുലർത്തി.

column-p-t-thomas-thalakuri-article-image
പി.ടി. തോമസ്

പി.ടി. തോമസിനെ ആദ്യം കാണുന്നത് ഇടുക്കി ജില്ലയിൽ മനോരമ ലേഖകനായിരിക്കെയാണ്. പൈനാവിലെ മനോരമ ഓഫിസിലേക്ക് കയറിവന്ന് ‘‘ഞാൻ പി.ടി.തോമസ്...’’ എന്നു പറഞ്ഞു കൈനീട്ടിയ ആ യുവാവിന്റെ ചിത്രം ഇപ്പോഴും മനസ്സിൽ തെളിനീർ പോലെ. അന്ന് പി.ടി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് ഞാൻ എറണാകുളം ലേഖകനായിരിക്കെ ആ സൗഹൃദം വളർന്നു. കെഎസ്‌യുവിന്റെ നേതാവായി, പ്രചാരകനായി കോളജുകൾ തോറും പറന്നു നടന്ന പി.ടി. ക്യാംപസുകളിൽ ആവേശത്തിന്റെ അലകടൽ ഉയർത്തി. വയലാർ രവിയുടെ നേതൃപാടവവും എ.കെ.ആന്റണിയുടെ ആദർശശുദ്ധിയും ചേർന്നതായിരുന്നു പി.ടി. തോമസിന്റെ രാഷ്ട്രീയ ശൈലി. ആന്റണിയും ഉമ്മൻചാണ്ടിയുമായി ആത്മബന്ധം പുലർത്തുമ്പോഴും നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് അവരുമായി വിയോജിക്കാനും മടിച്ചില്ല. പലപ്പോഴും ഈ നേതാക്കൾക്ക് പി.ടി.യുടെ നിലപാടിലേക്ക് മടങ്ങി വരേണ്ടി വന്നിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടെ പല സന്ദർഭങ്ങളിലും പി.ടി. തോമസ് ആണ് ശരിയെന്ന് കാലം തെളിയിച്ചു. പക്ഷേ ഇത്തരം ധീരമായ നിലപാടുകൾ എടുത്തപ്പോൾ പാർട്ടിയും ഗ്രൂപ്പും പി.ടി.ക്കൊപ്പം നിന്നില്ല. അർഹമായ പദവികൾക്ക് ഒരുപടി താഴെയേ പി.ടി.യെ അവർ നിർത്തിയുള്ളൂ. അതിലൊക്കെ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയുടെ തുടർ എംപി സ്ഥാനം ഉറപ്പായിരുന്നിട്ടും തന്റെ പരിസ്ഥിതി നിലപാടിൽ മായം ചേർക്കാൻ തയ്യാറാവാതെ പി.ടി. ആ സ്ഥാനം വേണ്ടെന്നുവച്ചു. ഭാവിയുള്ള ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ആനമണ്ടത്തരമാണു കാണിക്കുന്നത് എന്നു പലരും ഉപദേശിച്ചു. പി.ടി. അണുവിട ഇളകിയില്ല. ആ ദിവസങ്ങളിൽ അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. അത് പിന്നീട് ഹൃദ്രോഗത്തിനും വഴിവച്ചു. ഇടുക്കിയിൽ പി.ടി.ക്ക് പ്രതീകാത്മക മരണാനന്തരചടങ്ങ് ഒരുക്കിയവർ ഏഴു വർഷം കഴിഞ്ഞ് യഥാർഥ മരണാനന്തര ചടങ്ങിൽ മുന്നിൽ നിന്നത് കുറ്റബോധം കൊണ്ടാവാം. പി.ടി.യോടുള്ള ജനവികാരം കണ്ട് അവർ അന്തം വിട്ടിരിക്കാം. .

column-literature-thalakuri-column-p-t-thomas-article-image
പി.ടി. തോമസ്

തന്റെ പരിസ്ഥിതി നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കവി സുഗതകുമാരിയും താനായിരുന്നു ശരിയെന്ന് കാലത്തിന്റെ കൽപടവുകളിൽ എഴുതിവെച്ചാണ് ഇറങ്ങിപ്പോയത്. മൂന്നു പതിറ്റാണ്ടു മുമ്പ് സുഗതചേച്ചിയെ ആദ്യമായി നേരിൽ കണ്ട സായാഹ്നം മറക്കാനാവില്ല. നന്ദാവനത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. നഗരത്തിന്റെ നടുവിൽ പച്ചപ്പിന്റെ തുരുത്തായി ഇന്നും നിൽക്കുന്ന വീടും ചുറ്റുവട്ടവും. ചുറ്റും ലാളിച്ചു വളർത്തിയ ചെടികളും മരങ്ങളും അനാഥത്വം പേറി അവിടെ തന്നെയുണ്ട്. ഒരു അഭിമുഖത്തിനു വേണ്ടിയാണ് കവിയുടെയടുത്തു പോയത്. കവിത ഇഷ്ടമുണ്ടെങ്കിലും ഒരു പരിസ്ഥിതിവാദിയുടെ കടുംപിടുത്തത്തിന്റെ പൊള്ളത്തരം പൊളിക്കാനുള്ള ഒരു യുവ ജേർണലിസ്റ്റിന്റെ അഹന്തയായിരുന്നു മനസ്സിൽ.

photo-column-thalakuri-poet-sugathakumari-article
സുഗതകുമാരി

പരിസ്ഥിതി നാശത്തിന്റെ പേരിൽ കവി ജലവൈദ്യുത പദ്ധതികളെ എതിർക്കുന്നു. പക്ഷേ, വീട്ടിൽ വൈദ്യുതി വിളക്കുകളുണ്ട്. ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയുണ്ട്. മരങ്ങൾ നശിക്കും എന്നതിന്റെ പേരിൽ റോഡ് വികസനത്തെ എതിർക്കുന്നു. പക്ഷേ റോഡിലൂടെ കാറിൽ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യുന്നു. വഴിയരികിലെ ഒരു മരം വെട്ടുമ്പോൾ നാലു മരം നട്ടുപിടിപ്പിച്ചാൽ പോരേ എന്ന സാമാന്യ ബുദ്ധിയുടെ ന്യായം ലേഖകൻ ഉന്നയിക്കുന്നു. ഈ കടുംപിടുത്തത്തിൽ കാപട്യമില്ലേ?

കവി പതിഞ്ഞ ശബ്ദത്തിൽ ശാന്തമായി പരിസ്ഥിതിയെക്കുറിച്ചും വികസനത്തെ കുറിച്ചും സംസാരിച്ചു. ഒരു മരം എന്നാൽ ഒരു മരം മാത്രമല്ല എന്നു കവി പറഞ്ഞു തന്നു. ശതവർഷങ്ങളായി അതിൽ വളർന്നു പെരുകുന്ന ജൈവ സമ്പത്തിനെക്കുറിച്ച് പറഞ്ഞു; പുതിയൊരു മരം ആ ജൈവ സമ്പത്ത് തരില്ല എന്ന സത്യവും. പ്രീഡിഗ്രി വരെ സസ്യശാസ്ത്രം പഠിച്ചിട്ടും ഇതൊന്നും തലയിൽ കയറിയിരുന്നില്ല. വികസനത്തിന്റെ മറവിൽ മനുഷ്യന്റെ നിരർഥകമായ ആർത്തിയെക്കുറിച്ച്, ഒരിക്കലും സംതൃപ്തി നൽകാത്ത വികസന ത്വരയെക്കുറിച്ചും അവർ പറഞ്ഞു. കാലം ഏറെ വേണ്ടി വന്നു, സുഗത ചേച്ചി പറഞ്ഞതൊക്കെ പൂർണമായി ഉക്കൊള്ളാൻ. അന്നത്തെ അഭിമുഖത്തിൽ എന്റെ അപക്വമനസ്സിൽനിന്നുണ്ടായ ചോദ്യങ്ങളുടെ നിരർഥകത ഇന്നറിയാം. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടത്തിനിടയിൽ കവിയുടെ നേർക്ക് ആക്രമണങ്ങൾ ഉണ്ടായി. അട്ടപ്പാടിയിൽ ആദിവാസികളുമായി ചേർന്ന് ഒരു കാട് പുനഃസൃഷ്ടിച്ച കവിയെ അഭിനന്ദിക്കുന്നതിനുപകരം ഭരണകൂടം വിമർശിച്ചു. 90 കളിൽ മുഖ്യമന്ത്രിയായിരുന്ന നായനാർ കവിക്കെതിരെ മോശം പരാമർശം നടത്തി. കവിയുടെ മനസ്സ് നൊന്തു. അങ്ങ് ഡൽഹി കേരള ഹൗസിലിരുന്ന് അക്കാര്യം പറയുമ്പോൾ അവരുടെ തൊണ്ടയിടറുന്നതു ഞാനറിഞ്ഞു. അന്ന് കേരള ഹൗസിൽ നായനാരെ നേരിട്ടു കണ്ട് അവർ ആ പരാമർശത്തിനെതിരെ പൊട്ടിത്തെറിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഒരു ചോദ്യത്തിനുത്തരമായി നായനാർ ആ പരാമർശനം തിരുത്തുകയും ചെയ്തു. കവിയുടെ പരിദേവനങ്ങൾ സത്യസന്ധമായിരുന്നു. പക്ഷേ ആ സത്യസന്ധമായ ആകുലതകളെ ഞങ്ങളുടെ തലമുറ അവഗണിച്ചു. വികസന പാതയിൽ നാട് മുന്നോട്ടു പോകുന്നു. മാറ്റം അനിവാര്യമാണ്. മാറ്റം ആർക്കും തടയാൻ കഴിയില്ല. പക്ഷേ വികസനത്തിന്റെ പേരിൽ കുന്നിടിച്ചും പാറ പൊട്ടിച്ചും പുഴ നികത്തിയും മുന്നോട്ടു പോകുമ്പോൾ നേടുന്നതെന്തെന്ന് കവി ചോദിക്കുന്നു. പരിസ്ഥിതി തകർത്തുള്ള വികസനം അന്തിമമായി നൽകുന്നത് സന്തോഷവും സമാധാനവുമാണോ എന്ന കവിയുടെ ചോദ്യത്തിന് കാലം മറുപടി പറയട്ടെ. 

column-thalakuri-poet-sugathakumari-article
സുഗതകുമാരി

സുഗതകുമരിയും പി.ടി. തോമസും പോയി. പക്ഷേ അവരുടെ ചോദ്യങ്ങൾ നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കും.

Content Summary : Thalakuri Column - Demises of two doyens leave a huge gap in Kerala's political and literary realms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS