നാലു കുപ്പിക്കു നന്ദി ചൊല്ലാം എക്സൈസ് കമ്മിഷണറോട്

HIGHLIGHTS
  • കേരളത്തിൽ ചാരായ നിരോധനം വന്നിട്ട് 26 വർഷം.
  • 1995 മാർച്ചിലായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ ചരിത്ര പ്രഖ്യാപനം.
glass-bottle-alcohol-thalakkuri
Representative Image. Photo Credit: Africa Studio/shutterstock
SHARE

'വിരോധാഭാസം' എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കുവാൻ കുട്ടികൾക്ക് കേരളത്തിൽ ഉദാഹരണങ്ങൾ സുലഭം. ‘വിരോധാഭാസം’ എന്ന വാക്കു തന്നെ കേരളത്തിനു വേണ്ടി കണ്ടുപിടിച്ചതാണോ എന്ന് തോന്നിപ്പോകും ഓരോന്നു കാണുമ്പോൾ.

‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നു കുപ്പിയിൽ എഴുതി വച്ചിട്ട് അത് വിറ്റ് സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടുന്നു. വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ.’ എന്നെഴുതിയാൽ ഫുൾ മാർക്ക്. തീർന്നില്ല, മദ്യം വിറ്റ കാശു കൊണ്ടു ഭരണം നടത്തിയിട്ട് അതിൽ ഒരു പങ്കു കൊണ്ടു മദ്യവർജന പ്രചാരണം നടത്തുന്നു. സർക്കാർ വിൽക്കുന്ന മദ്യം കാശു കൊടുത്ത് വാങ്ങിക്കൊണ്ടു പോകുന്നവരെ വഴിയിൽ തടഞ്ഞുനിർത്തി പൊലീസ് കുപ്പിയിൽനിന്ന് മദ്യം ഒഴുക്കി കളയുന്നു. വിദേശ രാജ്യങ്ങളിൽ റോഡ് ഷോ നടത്തി നിക്ഷേപകരെ ക്ഷണിച്ചു കൊണ്ടുവന്ന ശേഷം കൊടി പിടിച്ച് അവരെ കുത്തുപാള എടുപ്പിക്കുന്നു.

ഇതേ നാട്ടിൽ സ്ത്രീയെ ഭൂമീദേവിയോട് ഉപമിക്കുകയും രാത്രിയുടെ മറവിൽ അപമാനിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ വാത്സല്യത്തോടെ തലോടുന്ന കൈകൾ കൊണ്ട് ക്രൂരമായി കശക്കുന്നു. മാതൃത്വത്തെ പാടിപ്പുകഴ്ത്തുകയും വാർധക്യത്തിൽ വഴിയിൽ തള്ളുകയും ചെയ്യുന്നു. അതിഥി ദേവോ ഭവഃ എന്നു പറയുകയും സഞ്ചാരികളോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു. കൈക്കൂലിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും സ്വന്തം കാര്യം കാണാൻ രഹസ്യമായി കൈമടക്ക് കൊടുക്കുകയും ചെയ്യുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യം അയൽപക്കത്തെ പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു.

കോവളത്ത് കാശു കൊടുത്തു മൂന്നു കുപ്പി മദ്യം വാങ്ങി പുതുവത്സരം ആഘോഷിക്കാൻ കൊണ്ടുപോയ ഡച്ചുകാരൻ ചെയ്ത തെറ്റ് എന്താണ്? മദ്യത്തോടൊപ്പം ബിൽ സൂക്ഷിച്ചില്ലത്രേ. കുപ്പിയിൽ ബവ്റിജസ് കോർപറേഷൻ ഹോളോഗ്രാം പതിച്ചിരിക്കെ ബില്ലിന്റെ ആവശ്യമില്ലെന്ന് അധികൃതർ പറയുന്നു. മദ്യപാനം നല്ലതോ ചീത്തയോ എന്നത് ധാർമിക പ്രശ്നം. പക്ഷേ സർക്കാർ തന്നെ മദ്യം വിൽക്കുന്ന നാട്ടിൽ മദ്യം വാങ്ങുന്നവരോട് ഇത്രയും ക്രൂരത ആകാമോ?

police-destroys-liquor-1
കോവളത്ത് വാങ്ങിയ മദ്യം റോഡിലൊഴിക്കി കളയുന്ന വിദേശ പൗരൻ. (വിഡിയോ ദൃശ്യം)

നല്ലവരായ മദ്യനിരോധന സമിതിക്കാർ കേരളത്തെ മദ്യമുക്തമാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ, അതിനനുസരിച്ച് മദ്യപന്മാർ കൂടി വന്നതേയു‍ള്ളൂ. കൂടാനുള്ള വഴി ഭരിക്കുന്ന സർക്കാർ തന്നെ എന്നേ ഒരുക്കിക്കൊടുത്തു.

കേരളത്തിൽ ചാരായ നിരോധനം വന്നിട്ട് 26 വർഷം. ചാരായ നിരോധനത്തോടെ കേരളം മദ്യ മുക്തമാകുമെന്ന് സ്വപ്നം കണ്ട പഴയ തലമുറയിൽപ്പെട്ട പലരും ഇന്നത്തെ അവസ്ഥ കാണാൻ ജീവിച്ചിരിപ്പില്ല.

arrack-ban-by-ak-antonyministry

1995 മാർച്ചിലായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ ചരിത്ര പ്രഖ്യാപനം. ഏപ്രിൽ ഒന്നിന് നേരം പുലരുമ്പോൾ കേരളത്തിൽ ഒരു ചാരായക്കട പോലും കാണില്ല. ഏപ്രിൽ ഫൂൾ ആയിരുന്നില്ല. അന്ന് നേരം പുലർന്നപ്പോൾ കേരളത്തിലെ 5614 ചാരായ ഷാപ്പുകളുടെ മുന്നിൽനിന്ന് ചാരായം എന്ന ബോർഡ് അപ്രത്യക്ഷമായി. പതിനായിരത്തിലേറെ അനധികൃത ചാരായ ഷോപ്പുകളും ഇല്ലാതായി. അന്ന് സംസ്ഥാനത്ത് വിദേശമദ്യ ഷാപ്പുകൾ 231 മാത്രം. ബാറുകൾ 411. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 250 കോടി രൂപയുടെ ഇടിവ്. വിദേശമദ്യം വിറ്റാൽ കിട്ടുന്ന 50 കോടി കിഴിച്ചാലും 200 കോടിയുടെ നഷ്ടം ഖജനാവിന്.

ചാരായ ഷാപ്പുകൾ അടച്ചു പൂട്ടിയപ്പോൾ 17213 തൊഴിലാളികൾ വഴിയാധാരമായി. അവരിൽ കുറേപ്പേരെ പിന്നീട് ബ‍വ്കോയുടെ ചില്ലറ വിൽപനശാലകളിൽ നിയമിച്ചു. മറ്റുള്ളവർ പണിയൊന്നുമില്ലാതെ അലഞ്ഞു. വരുമാനത്തിൽ 200 കോടി കുറഞ്ഞാലും കുടുംബങ്ങളിൽ സമാധാനം പുലരും എന്നാണ് മുഖ്യമന്ത്രി ആ‍ന്റണി കരുതിയത്.

ചാരായ നിരോധനം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ ആ‍ന്റണി പറഞ്ഞു: ‘‘ഏതാനും വർഷത്തിനുള്ളിൽ മദ്യത്തെ പൂർണമായും പടി കടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന പദവി കേരളം നേടും.’’ ത‍ന്റെ 40 വർഷത്തെ പൊതു ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായാണ് ചാരായ നിരോധനത്തെ കാണുന്നത് എന്നും ആ‍ന്റണി അന്നു പറഞ്ഞു. പിന്നെയൊരു 26 വർഷം കൂടി കടന്നുപോയി. മദ്യം മാത്രം പടി കടന്നു പോയില്ല.

arrack-ban-by-ak-antonyministry-in-1995-96

ചാരായ നിരോധനത്തെ തുടർന്നു വിദേശ മദ്യത്തിന്റെ വില രണ്ടര ഇരട്ടിയായി വർധിപ്പിച്ചു. കോർപറേഷന്റെ ഡിപ്പോകളിൽ ഫുൾ ബോട്ടിൽ മക് ഡവൽ, ഹണി ബീ ബ്രാൻഡുകൾക്ക് 110 രൂപ ആയിരുന്നത് 250 ആയി. ചാരായം ഇല്ലാതായെങ്കിലും മദ്യത്തിൽനിന്നുള്ള വരുമാനം 600% കൂടി 14500 കോടിയിൽ എത്തി. കഴിഞ്ഞ പുതുവത്സര തലേന്ന് ഒറ്റ ദിവസം വിറ്റത് 98 കോടി രൂപയുടെ മദ്യം.

95 മാർച്ചിൽ ചാരായം നിരോധിക്കാൻ യുഡിഎഫ് ഉന്നതാധികാരസമിതി സർക്കാരിന് അനുമതി നൽകിയ ശേഷം അതി‍ന്റെ വിശദാംശങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു. എക്സൈസ് മന്ത്രിയും ഡിജിപിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും എക്സൈസ് ക‍മ്മിഷണറും ഹാജർ. യോഗം തുടങ്ങിയപ്പോൾത്തന്നെ മദ്യം രുചിച്ചു നോക്കിയിട്ടില്ലാത്ത സാത്വികനായ ആഭ്യന്തര സെക്രട്ടറി ഒരു നിർ‍ദേശം വച്ചു– ‘‘ചാരായം മാത്രം നിരോധിച്ചാൽ മദ്യനിരോധനം ആവില്ല.’’ സാധാരണക്കാരന്റെ മദ്യം നിരോധിച്ചിട്ട് വരേണ്യ വർഗത്തിന്റെ മദ്യം നിലനിർത്തുന്നതിന്റെ ന്യായം അദ്ദേഹത്തിനു മനസ്സിലായില്ല. മാത്രമല്ല, മുഖ്യമന്ത്രി വിദേശമദ്യ ലോബിയെ സഹായിക്കാനാണ് ചാരായം നിരോധിച്ചത് എന്ന ആരോപണവുംവരും.

alcoholic-person-thalakkuri-column
Representative Image. Photo Credit: Axel Bueckert/shutterstock

മദ്യവിരു‍ദ്ധനായ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അതിൽ കാര്യമുണ്ടെന്നു തോന്നി. പക്ഷേ എക്സൈസ് കമ്മിഷണർ അതിനോട് യോജിച്ചില്ല. വിദേശമദ്യം കൂടി നിരോധിച്ചാൽ അന്യസംസ്ഥാനങ്ങളിൽനിന്ന് മദ്യവും ലഹരിമരുന്നും കേരളത്തിലേക്ക് ഒഴുകുമെന്നായി എക്സൈസ് ക‍മ്മിഷണർ. എങ്കിൽ കൈവശം വയ്ക്കാവുന്ന വിദേശമദ്യം ഒരു കുപ്പിയായി പരിമിതപ്പെടുത്തു‍ക എന്നായി ആഭ്യന്തര സെക്രട്ടറി .വിദേശത്തുനിന്ന് വരുന്നവർക്ക് മൂന്നു ലീറ്റർ മദ്യം കൈവശം വയ്ക്കാൻ നിയമം ഉണ്ടായിരിക്കെ തദ്ദേശീയർക്കു മാത്രമായി അളവു പരിമിതപ്പെടുത്താനാകില്ലെന്ന് എക്സൈസ് കമ്മിഷണർ. എങ്കിൽ ഇതിൽ മൂന്നു കുപ്പി പോരേ? എന്ന് സെക്രട്ടറി. മൂന്നു ലീറ്റർ എന്നാൽ എന്നാൽ 750 എം.എലിന്റെ നാലു കുപ്പി ആണെന്ന് എക്സൈസ് കമ്മിഷണർ വിശദീകരിച്ചു. ഒടുവിൽ തന്റെ അജ്ഞത മറയ്ക്കാനായി, ‘‘ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ല. എത്ര കുപ്പിയെന്ന് ഉപയോഗിക്കുന്നവർ തീരുമാനിച്ചോളൂ’’ എന്നും പറഞ്ഞ് ആഭ്യന്തര സെക്രട്ടറി സ്കൂട്ട് ചെയ്തു. അങ്ങനെ, ഒരാൾക്ക് 4 കുപ്പി ഇന്ത്യൻ നിർ‍മിത വിദേശ മദ്യം കൈവശം വയ്ക്കാം എന്ന നിബന്ധനയുടെ പേരിൽ മദ്യപാനികൾ ആ എക്സൈസ് കമ്മിഷണറോട് നന്ദി പറയണം. അന്നു നിലവിൽ വന്ന വ്യവസ്ഥയുടെ ലംഘനമാണ് കോവളത്ത് പുതുവത്സരത്തലേന്ന് നടന്നത്.

അന്നത്തെ ആഭ്യന്തര സെക്രട്ടറിയുടെ നിർ‍ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയും സമ്പൂർണ മദ്യനിരോധനം നടപ്പാക്കുകയും ചെയ്തിരുന്നെങ്കിൽ കേരളത്തി‍ന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു? ആ ഭാഗം വായനക്കാർക്കു വിടുന്നു. അന്നത്തെ എക്സൈസ് കമ്മിഷണർ പിന്നീടു ഡിജിപിയായും ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിയായും വിരമിച്ചു.

Content Summary : Thalakkuri column on Kerala's liquor policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS