ഗവർണർ രാം ദുലാരി സിൻഹ തൃശൂരിൽ വീടുണ്ടാക്കിയ കഥ

HIGHLIGHTS
  • കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണർ ആയിരുന്നു
  • 1990 ഫെബ്രുവരിയിൽ ഗവർണർസ്ഥാനം ഒഴിഞ്ഞു
thalakuri-column-on-former-kerala-governor-ram-dulari-sinha
(ഇടത്തുനിന്നും) രാഷ്ട്പതി രാംനാഥ് കോവിന്ദ്, മുൻ കേരള ഗവർണർ രാം ദുലാരി സിൻഹ, കേരള ഗവർണറായി സത്യപ്രതിഞ്ജ ചെയ്യുന്ന രാം ദുലാരി
SHARE

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ ചുവപ്പു പരവതാനി വിരിക്കുന്നതിനിടയിൽ അദ്ദേഹത്തിന് ടോയ്‌ലറ്റ് സൗകര്യമൊരുക്കാൻ മറന്നുപോയ തലസ്ഥാനത്തെ സംഘാടകരുടെ കഥ ഈയിടെ വാർത്തയായിരുന്നു. സംഘാടകർ  പെട്ടെന്നൊപ്പിച്ച ടോയ്‌ലറ്റിൽ വെള്ളമില്ലാതെ രാഷ്ട്രപതി ബുദ്ധിമുട്ടിയെന്നും ചടങ്ങ് അര മണിക്കൂർ വൈകിയെന്നുമൊക്കെയാണു കേട്ടത്. പ്രധാനമന്ത്രി ആയാലും രാഷ്ട്രപതി ആയാലും മനുഷ്യരാണെന്നും സാധാരണ മനുഷ്യർക്ക് ഉണ്ടാകാവുന്ന മാനുഷികമായ ആവശ്യങ്ങളൊക്കെ അവർക്കും ഉണ്ടാകാമെന്നും സംഘാടകർ ചിന്തിക്കാതെ പോയതിന്റെ പരിണിതഫലമായിരുന്നു അത്. കുറഞ്ഞത്, ഇനി രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ കേരളത്തിൽ എത്തുമ്പോൾ ഒരു ബക്കറ്റ് കൂടി കൈയിൽ കരുതണമെന്ന് എസ്പിജിയെ നാം പഠിപ്പിച്ചു.

ഇക്കഥ കേട്ടപ്പോഴാണ് പണ്ടൊരിക്കൽ, കേരളാ ഗവർണറായിരുന്ന രാം ദുലാരി സിൻഹ പറഞ്ഞ കഥ ഓർമ വന്നത്. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണർ ആയിരുന്നു ബിഹാറുകാരിയായ അവർ. രാം ദുലാരി സിൻഹ ഗവർണർ സ്ഥാനം ഒഴിഞ്ഞ ശേഷം കേരളത്തിൽ തന്നെ സ്ഥിരതാമസിക്കാനാണു പരിപാടിയെന്നും അവർ തൃശൂരിൽ വീടുവയ്ക്കാൻ പോകുന്നുവെന്നും മാധ്യമങ്ങളിൽ വാർത്ത വന്നു. എന്തുകൊണ്ട് അവർ തൃശൂർ തന്നെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞുമില്ല.

വാർത്ത വന്ന് ഒരു വർഷത്തിനുശേഷം 1990 ഫെബ്രുവരിയിൽ കേരളത്തിൽനിന്നു ഗവർണർസ്ഥാനം ഒഴിഞ്ഞു പിരിയുമ്പോൾ രാം ദുലാരി രാജ്ഭവനിൽ മാധ്യമങ്ങൾക്ക് ഒരു ചായസൽക്കാരം നൽകി. അന്നാണ് താൻ കേരളത്തിൽ വീടു വയ്ക്കാൻ പോകുന്നു എന്ന പഴയ വാർത്തയുടെ പിന്നാമ്പുറ കഥ അവർ വെളിപ്പെടുത്തിയത്. ഒരു ദിവസം ഗവർണർ എറണാകുളത്തെ ഒരു ഔദ്യോഗിക പരിപാടി കഴിഞ്ഞു തൃശൂരിലെ പരിപാടിയിൽ പങ്കെടുക്കാനായി കാറിൽ പോവുകയായിരുന്നു. തിരക്കിനിടയിൽ എറണാകുളത്തെ ഗെസ്റ്റ്ഹൗസിൽ പോകാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ കഴിഞ്ഞില്ല. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ കാറിൽ സഞ്ചരിക്കുന്നതിനിടയിൽ അവർക്ക് കലശലായ മൂത്രശങ്ക. ഗവർണറല്ലേ, പോരാത്തതിന് സ്ത്രീയും. എന്തുചെയ്യും? അവർ സ്വയം ഒരു പരിഹാരം കണ്ടെത്തി. കൊള്ളാവുന്ന ഒരു വീടിന്റെ മുന്നിൽ കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഗൺമാനെ അയച്ചു വീട്ടുകാരിയോട് കാര്യം പറഞ്ഞു. ഓർക്കാപ്പുറത്ത് ആണെങ്കിലും ഒരു ഗവർണർ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ സഹർഷം സ്വാഗതം ചെയ്തു. 

ariff-muhammed-khan
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ടോയ്‌ലറ്റിലൊക്കെ പോയ ശേഷം വെറുതെ എങ്ങനെയാണ് അങ്ങ് ഇറങ്ങിപ്പോകുന്നത് എന്നു കരുതി ഗവർണർ ഒരു ഭംഗി വാക്ക് പറഞ്ഞു. ‘‘പുതിയ വീടാണ് അല്ലേ? വളരെ മനോഹരമായിരിക്കുന്നു.’’ അതു കേട്ടതോടെ വീട്ടുകാർക്കും സന്തോഷമായി. ഗൃഹനാഥനും ഗൃഹനാഥയും കൂടി ഗവർണറെ വീടിന്റെ എല്ലാ മുറികളും കൊണ്ടു നടന്നു കാണിച്ചു. അതുകൊണ്ടും തീർന്നില്ല: യാത്ര പറഞ്ഞു പിരിഞ്ഞ ഗവർണർ തൃശൂരിലെ ഗവ. ഗെസ്റ്റ് ഹൗസായ രാമനിലയത്തിൽ എത്തിയപ്പോൾ അതാ വീടിന്റെ ആർക്കിടെക്ട് അവിടെ ഹാജർ. വീട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയതാണ്. വീടിന്റെ ശിൽപഭംഗിയെക്കുറിച്ച് പറഞ്ഞ് ഗവർണർ ആർക്കിടെക്ടിനെയും സന്തോഷിപ്പിച്ചു. ആർക്കിടെക്ട് എന്തായാലും ആ സന്തോഷം മാധ്യമങ്ങളിലേക്കു പകർന്നു. ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ അന്നു ഗവർണർമാർ മാധ്യമ പ്രവർത്തകരുമായി സംസാരിക്കാറില്ല. അതുകൊണ്ട് പത്രക്കാർക്ക് ആർക്കിടെക്ട് പറഞ്ഞതു വിശ്വസിക്കേണ്ടി വന്നു. പിറ്റേന്ന് അതാ പത്രങ്ങളിൽ ഒന്നാം പേജിൽ വാർത്ത. ‘ഗവർണർ തൃശൂരിൽ വീടു വയ്ക്കാൻ പോകുന്നു, ഗവൺമെന്റ് ഗെസ്റ്റ് ഹൗസായ രാമനിലയത്തിൽ ആർക്കിടെക്ടുമായി വീടിന്റെ രൂപകല്പനയെക്കുറിച്ച് ഗവർണർ സംസാരിച്ചു’.  രാം ദുലാരി വാർത്തയുടെ പരിഭാഷ വായിച്ച് ഉള്ളാലെ ചിരിച്ചതല്ലാതെ നിഷേധിക്കാനൊന്നും പോയില്ല. അതിന്റെ പിന്നാമ്പുറം പറഞ്ഞതു പിരിയാൻ നേരത്താണെന്നു മാത്രം.

English Summary : Content Summary : Thalakkuri column on former kerala governor Ram Dulari Sinha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS