കുവൈത്ത് മുതൽ യുക്രെയ്ൻ വരെ– പലായനത്തിന്റെ കഥകൾ

HIGHLIGHTS
  • ഭരണാധികാരിയുടെ അത്യാഗ്രഹത്തിന്റെ പ്രതിഫലനമാണ് യുദ്ധം.
  • യുദ്ധം മനുഷ്യരാശിയുടെ തുടക്കം മുതൽ ഉണ്ട്.
thalakkur1991-kuwait-war
ഗൾഫ് യുദ്ധത്തിനൊടുവിൽ ഇറാഖ് തീയിട്ട കുവൈത്തിന്റെ എണ്ണപ്പാടങ്ങളിലൊന്ന് (ഫയല്‍ ചിത്രം)
SHARE

മൂന്നു പതിറ്റാണ്ടു മുമ്പ് കുവൈത്തിലെ ഇറാഖ് അധിനിവേശത്തെ തുടർന്ന് ആയിരക്കണക്കിനു ഭാരതീയർ ഇന്ത്യയിലേക്കു പലായനം ചെയ്തു. ആദ്യവിമാനം ഡൽഹിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മനോരമയുടെ പ്രതിനിധിയായി ഞാനും ഉണ്ടായിരുന്നു. സമ്പാദ്യമെല്ലാം വിട്ടെറിഞ്ഞ് ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു വന്നവരിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു. മൊബൈൽ ഇല്ലാത്ത കാലത്ത്, അവർ സുഖമായി എത്തിയ വിവരം ബന്ധുക്കളെ അറിയിക്കാൻ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു ഡൽഹിയിലെ മനോരമ ഓഫിസിൽനിന്ന് അവരുടെ വീടുകളിലേക്ക് ഫോൺ വിളിച്ചതും ഓർക്കുന്നു. സദ്ദാം ഹുസൈൻ എന്ന അധികാരമോഹിയുടെ കടന്നാക്രമണത്തിന്റെ ഇരകൾ ആയിരുന്നു അന്നത്തേത്. ഇപ്പോഴിതാ മലയാളികളുടെ മറ്റൊരു സംഘത്തെ യുക്രെയ്നിൽനിന്നു രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നു. 

ukraine-border.jpg.image
സ്ലൊവാക്യയിലേക്ക് കടക്കാൻ യുക്രെയ്ൻ – സ്ലൊവാക് അതിർത്തിയിൽ കാത്തുനിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ

മതം മനുഷ്യനെ മ‍യക്കുന്ന കറുപ്പാണ് എന്നു പറഞ്ഞ കാൾ മാർക്സ് അതിലേറെ മനുഷ്യനെ മയക്കുന്ന മറ്റൊരു കറുപ്പിനെക്കുറിച്ചു പറയാൻ വിട്ടുപോയി.

അധികാരം എന്ന കറുപ്പ്. അത് മനുഷ്യനെ മയക്കുക മാത്രമല്ല മനുഷ്യരാശിയെ വൻ ദുരന്തങ്ങളിൽ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നു. അധികാരത്തെ പോലെ മനുഷ്യനെ ഉന്മത്ത‍നാക്കുന്ന മറ്റൊന്നില്ല. അധികാരം കയ്യാളു‍ന്നവർക്ക് സമ്പത്തും അതിനു മീതെയല്ല. കാരണം സമ്പത്ത് ഉള്ളവനും അധികാരമുള്ള‍വന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കും. അധികാരത്തി‍ലിരിക്കുന്നവൻ സമ്പത്ത് ഉണ്ടാക്കുന്നതു പോലും അധികാരം നിലനിർത്താൻ വേണ്ടിയാണ്. പഞ്ചായത്ത് പ്രസിഡ‍ന്റ് മുതൽ രാജ്യത്തി‍ന്റെ പ്രധാനമന്ത്രി വരെ അധികാരം കയ്യായാളാനും കൈപ്പിടിയിലൊ‍തുക്കാനും നിലനിർത്താനുമുള്ള നിരന്തര പോരാട്ടത്തിലാണ്.

അധികാരം നഷ്ടപ്പെട്ടപ്പോൾ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപിനുണ്ടായ മനോവിഭ്രാ‍ന്തി നമ്മൾ കണ്ടതാണ്. അധികാരം നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും മുൻ മുഖ്യമന്ത്രിമാർ നടത്തിയ ശ്രമങ്ങളും നമ്മൾ കണ്ടതാണ്. അധികാരം നിലനിർത്താനുള്ള ഭരണാധികാരിയുടെ അത്യാഗ്രഹത്തിന്റെ പ്രതിഫലനമാണ് യുദ്ധം. യുദ്ധം മനുഷ്യരാശിയുടെ തുടക്കം മുതൽ ഉണ്ട്. കൊന്നും തിന്നും ആണ് മനുഷ്യകുലം തുടങ്ങുന്നത്. മനുഷ്യകുലം നശിക്കുന്നതു വരെ അതു തുടരും. കായികബലം കൊണ്ടാണെങ്കിലും ആയുധബലം കൊണ്ടാണെങ്കിലും കയ്യൂക്കുള്ളവനാണ് എന്നും കാര്യക്കാരൻ.  സോഷ്യലിസത്തിന്റെ ലേബലിലെങ്കിലും, റഷ്യയിൽ സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച് സ്റ്റാലിൻ ഭരണം കയ്യാളിയത് രക്തച്ചൊരിച്ചിലിലൂടെയാണ് ലെനിനും ഒടുവിൽ പുട്ടിനും സാമ്രാജ്യവും അധികാരം നിലനിർത്താനുള്ള ശ്രമത്തിനിടയിലാണ് രക്തമൊഴുക്കുന്നത്, മനുഷ്യരെ കൊന്നൊടുക്കുന്നത്.

ukraine-war-smoke
യുക്രെയ്നിലെ കാർകീവിലെ സൈനിക വിമാനത്താവളത്തിൽ ബോംബിങ് നടന്നതിനെത്തുടർന്ന് കറുത്ത പുക ഉയരുന്നു. ചിത്രം: എഎഫ്പി

അധികാര പ്രമത്തതയുടെയും യുദ്ധത്തിന്റെയും കഥകൾ ബൈബിളിലും ഖുർആനിലും ഗീതയിലും ഉണ്ട്. അവിടെയെല്ലാം പലായനങ്ങളും ഉണ്ട്. ഈജിപ്തിൽനിന്ന് ഇസ്രയേലിലേക്ക്, രാജകൊട്ടാരത്തിൽനിന്ന് വനാന്തരങ്ങളിലേക്ക്. ‘‘കൊല്ലിക്കയത്രേ നിനക്കു രസമെടോ’’ എന്ന് മഹാഭാരതത്തിലെ ശ്രീകൃഷ്ണനോടുള്ള ഗാന്ധാരിയുടെ വിലാപത്തിൽ അടങ്ങാത്ത യുദ്ധക്കൊതിയുടെ അലകടലുണ്ട്. യുദ്ധത്തെക്കുറിച്ച് ഇത്രയും തീക്ഷ്ണമായ ഒരു വരി ലോകത്തൊരു മഹാകാവ്യത്തിലും ഇല്ലെന്ന് സുകുമാർ അഴീക്കോട് പണ്ടു പറഞ്ഞിട്ടുണ്ട്. യുദ്ധത്തെ ന്യായീകരിക്കാൻ ഓരോ ഭരണാധികാരിക്കും അവരുടേതായ കാരണങ്ങളുണ്ട്. പുട്ടിൻ പറയുന്നത് പുട്ടിന്റെ ന്യായം. സെലെൻസ്കി പറയുന്നത് യുക്രൈയ്നിന്റെ ന്യായം. പക്ഷേ യുദ്ധത്തിൽ മുറിവേറ്റുവീഴുന്നവരുടെയും എല്ലാം നഷ്ടപ്പെടുന്നവരുടെയും ജീവനും കൊണ്ട് ജന്മനാട്ടിൽനിന്ന് പലായനം ചെയ്യേണ്ടി വരുന്നവരുടെയും നൊമ്പരം ആരും അറിയുന്നില്ല. യുദ്ധത്തിന്റെ വിജയ പരാജയങ്ങളുടെ ബാക്കിപത്രത്തിൽ അവരുടെ കഥകൾ തമസ്കരിക്കപ്പെടുന്നു. ലോകത്തെവിടെ യുദ്ധമുണ്ടായാലും അവിടെ പലായനം ഉണ്ട്. ലോകത്തെവിടെ പലായനം ഉണ്ടായാലും അകവിടെ ഭാരതീയനുണ്ട്, കേരളീയനുണ്ട്. ലോകത്തെവിടെയും ഉണ്ടാകുന്ന ഏത് അധികാര മത്സരവും എന്നും മലയാളിയുടെ വേദനയാണ്. ഇറാഖിലായാലും പലസ്തീനിലായാലും യുക്രെയ്നിൽ ആയാലും അവിടെനിന്നുകൊണ്ട് മൊബൈലിൽ തങ്ങളുടെ ദുരിതവും ആകുലതയും വിളിച്ചുപറയാനും മുകളിൽ ഇരമ്പുന്ന പോർ വിമാനങ്ങളുടെ മുരളൽ കേൾപ്പിക്കാനും എല്ലായിടത്തും മലയാളി ഉണ്ടാകുമല്ലോ.

Content Summary: Thalakkuri column on migration due to wars in Kuwait and Ukraine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS