എന്റെ ജീവിതം ഭിക്ഷയായി തന്ന ആ വലിയ മനസ്

thalakkuri-column
Representative Image. Photo Credit : Billion Photos / Shutterstock.com
SHARE

‘‘നിങ്ങളുടെ ജീവിതം ഇന്ന് ഞങ്ങളുടെ ഭിക്ഷയാണെന്ന് ഓർത്തോണം’’. ഒരു നേതാവ്, തങ്ങളുടെ എതിർ പാർട്ടിയുടെ മുതിർന്ന നേതാവിനോടു പറയുന്നു. ‘ജയിലിൽ കിടക്കുന്ന തന്റെ സഹപ്രവർത്തകരെ എതിർ നേതാക്കളുടെ നെഞ്ചിലൂടെ നടത്തുമെന്നു’ മുതിർന്ന നേതാവ് പറഞ്ഞതിനുള്ള മറുപടിയായിരുന്നത്രെ ആ വാക്കുകൾ. അപ്പോഴാണ് ഒരു വിദ്യാർഥി നേതാവിന്റെ ഭിക്ഷയാണ് എന്റെ ഈ ജീവിതം എന്ന് ഞാൻ ഓർത്തത്..

33 വർഷം മുൻപെഴുതിയ ഒരു വാർത്തയുടെ പേരിലായിരുന്നു അത്. ‘‘എന്റെ ഔദാര്യത്തിലാണ് താങ്കൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത്’’ എന്ന് ആ നേതാവ് എന്റെ മുഖത്തു നോക്കി പറഞ്ഞത് പിന്നെയും 15 വർഷം കഴിഞ്ഞാണ്. അദ്ദേഹം ഇപ്പോഴൊരു അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് പേരു പറയുന്നില്ല.

അക്കാലത്ത് എൽ.എൽ.ബി തട്ടിപ്പ് എന്ന പേരിൽ പ്രശസ്തമായ മനോരമയിലെ വാർത്തകളാണ് ഈ സംഭവത്തിനു കാരണം. മിനിമം മാർക്ക് ഇല്ലാത്തതിനാൽ കേരളത്തിൽ എൽ.എൽ.ബി അഡ്മിഷൻ നിഷേധിക്കപ്പെട്ട ഏതാനും യുവാക്കൾ കേരളത്തിന് പുറത്തുള്ള ചില സ്വകാര്യ ലോ കോളജുകളിൽ ചേർന്നു. ഒന്നാംവർഷ പരീക്ഷ ജയിക്കാതെ ജയിച്ചതായി വ്യാജരേഖയുണ്ടാക്കി കേരളത്തിലെ ചില ലോ കോളജുകളിൽ രണ്ടാം വർഷ വിദ്യാർഥികളായി അവർ പിറ്റേ വർഷം പ്രത്യക്ഷപ്പെട്ടു. നിയമവിരുദ്ധമായി അന്തർസർവകലാശാല ട്രാൻസ്ഫർ നടത്തിയാണ് വളഞ്ഞ വഴിയിൽ ഇവർ കേരളത്തിൽ എത്തിയത്. എറണാകുളത്തെയും തിരുവനന്തപുരത്തെയും ഗവൺമെന്റ് ലോ കോളജുകളിൽ പ്രവേശനം നേടി, അതിൽ പലരും പിന്നീട് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. സെനറ്റിലും സിൻഡിക്കേറ്റിലും അംഗങ്ങളായി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തിയത് ലോ അക്കാദമി ലോ കോളജിലായിരുന്നു. ഈ മറിമായം കണ്ട എൽ.എൽ ബി വിദ്യാർഥിയായ ഒരു അജ്ഞാതന്റെ കത്തിലൂടെ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ മുംബൈയിലും പുനെയിലും ഗോവയിലും യാത്ര ചെയ്താണ് അന്നു ഞാൻ ആ വാർത്ത തയാറാക്കിയത്. എന്റെ പത്രപ്രവർത്തന ജീവിതത്തിൽ വാർത്താ ശേഖരണത്തിനായി ഞാൻ ഏറ്റവും അധ്വാനിച്ചതും സാഹസികമായി നീങ്ങിയതും സംഘർഷമനുഭവിച്ചതും ഈ വാർത്തയ്ക്ക് വേണ്ടിയായിരുന്നു. അതിനെനിക്കു പ്രേരണയും പിന്തുണയും തന്നത് അന്നത്തെ മനോരമ ചീഫ് ന്യൂസ് എഡിറ്റർ തോമസ് ജേക്കബും.

മഞ്ഞുകട്ടയുടെ തുമ്പു പോലെ എന്റെ കയ്യിൽ കിട്ടിയ പേരുവയ്ക്കാത്ത ഒരു കത്താണു വാർത്തയുടെ ഉറവിടം. അജ്ഞാതന്റെ കത്തിലെ സൂചന വച്ച് ഞാൻ അന്വേഷണത്തിനൊരു രൂപ രേഖയുണ്ടാക്കി. 

1. കേരള സർവ്വകലാശാലയിൽ അഞ്ചു വർഷത്തിനുള്ളിൽ അന്തർ സർവകലാശാലാ മാറ്റം വാങ്ങി വന്ന എൽ.എൽ.ബി. വിദ്യാർഥികളുടെ പട്ടിക തയാറാക്കുക. 

2. ഈ പട്ടികയിലുള്ളവർ പഠിച്ച വിവിധ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ അവർ ഒന്നാം വർഷ പരീക്ഷയെഴുതി ജയിച്ചോ എന്ന് കണ്ടെത്തുക.

3. ഇവർ ജയിച്ചതായി കേരള സർവകലാശാലയിൽ സമർപ്പിച്ച മാർക്ക് ലിസ്റ്റ് സംഘടിപ്പിക്കുക.

thalakkuri-news

ഔപചാരിക മാർഗത്തിലൂടെ സർവകലാശാലയി നിന്ന് വിദ്യാർഥികളുടെ പേരുവിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം പാളി. ലിസ്റ്റ് ചോദിച്ചതിന്  അന്നത്തെ സർവകലാശാല റജിസ്ട്രാർ ജി. ബാലമോഹൻ തമ്പി (പിന്നീട് അദ്ദേഹം വൈസ് ചാൻസലറായി) എന്നെ ആക്ഷേപിച്ച് മുറിയിൽനിന്നു പറഞ്ഞയച്ചു. ‘‘സ്വയം ഭരണ സ്ഥാപനമായ ഒരു സർവകലാശാലയിൽ വന്ന് ഇങ്ങനെ ഒരു പട്ടിക ചോദിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു’’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നിരാശനായി പുറത്തിറങ്ങിയ ഞാൻ എങ്ങനെയും പട്ടിക സംഘടിപ്പിക്കും എന്ന വാശിയിലായി. അന്ന് സർവകലാശാല ഓഫീസ് വളപ്പിൽവച്ച് സംഘടനാ നേതാവായ ആർ.എസ്. ശശികുമാറിനെ പരിചയപ്പെട്ടു. ‘24 മണിക്കൂറിനുള്ളിൽ ലിസ്റ്റ് താങ്കളുടെ മേശപ്പുറത്തെത്തും’ എന്ന് ശശികുമാറിന്റെ ഉറപ്പ്. ഞാനതത്ര വിശ്വസിച്ചില്ലെങ്കിലും അദ്ദേഹം വാക്കുപാലിച്ചു. 26 പേരുടെ പട്ടിക പിറ്റേന്ന് അദ്ദേഹം എന്നെ ഏൽപ്പിച്ചു. അടുത്തത് പട്ടികയിൽ പറയുന്നവരുടെ മാർക്ക് ലിസ്റ്റ് സംഘടിപ്പിക്കുക എന്ന വെല്ലുവിളിയാണുള്ളത്. തോമസ് ജേക്കബ് സാറിന്റെ നിർദ്ദേശപ്രകാരം ഞാൻ ആ പട്ടിക മുംബൈയിലെ ദ് വീക്ക് വാരികയുടെ ലേഖകൻ അശോക റാവു കവിക്ക് ടെലി പ്രിന്ററിൽ അയച്ചു കൊടുത്തു. ഒരാഴ്ച കാത്തിരുന്നെങ്കിലും ‘ലിസ്റ്റ് കിട്ടുക എളുപ്പമല്ല’ എന്ന മറുപടിയാണ് വന്നത്. ‘‘നടക്കുമോ എന്നറിയില്ല. എങ്കിലും ഞാൻ നേരിട്ട് പോയി ഒരു അന്വേഷണം നടത്തട്ടെ?’’ എന്ന ചോദ്യത്തിന് ധൈര്യമായി പൊയ്ക്കോളൂ എന്ന് തോമസ് ജേക്കബ് സാറിന്റെ മറുപടി. അടുത്ത ദിവസം മുംബൈയിൽ പറന്നെത്തി ഒരു ഹോട്ടലിൽ താമസിച്ചു ഞാൻ അന്വേഷണം ആരംഭിച്ചു.

മുംബൈയിലെ ലോ കോളേജുകളിൽ നിന്ന് വിദ്യാർഥികളുടെ അഡ്മിഷൻ രേഖകൾ കിട്ടാൻ ഏറെ ശ്രമം വേണ്ടി വന്നു. ആ കോളജുകളിലെ ഓഫീസ് സ്റ്റാഫിനെ ഒരു സുഹൃത്ത് മുഖേന സ്വാധീനിച്ചു. സ്വാധീനത്തിനു വഴങ്ങാത്തവരെ തട്ടിപ്പിൽ പങ്കുണ്ടെന്നു വാർത്ത കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. കോളജുകളിലെ രേഖകൾപ്രകാരം ലിസ്റ്റിലുള്ള പലരും അഡ്മിഷൻ എടുത്തതല്ലാതെ ഒരു ദിവസം പോലും കോളേജിൽ ഹാജരായിട്ടില്ല എന്ന് കണ്ടെത്തി. പരീക്ഷ അടുക്കുമ്പോൾ പണമടച്ച് ഹാജർ ശരിപ്പെടുത്തും. അതോടെ തട്ടിപ്പ് കോളേജുകളും അറിഞ്ഞാണെന്നും പിന്നിൽ ഒരു മാഫിയ തന്നെ ഉണ്ടെന്നും വ്യക്തമായി. അന്വേഷണം മുന്നോട്ടു പോയപ്പോൾ അഡ്മിഷൻ ശരിയാക്കുന്നത് മുതൽ വ്യാജ മാർക്ക് ലിസ്റ്റ് തയാറാക്കുന്നത് വരെ ഈ സംഘമാണെന്ന് സൂചന ലഭിച്ചു. മുംബൈ സർവകലാശാലയുടെ നാലാം നിലയിലെ ഇരുട്ടു കയറിയ റിക്കാർഡ് റൂമിൽ എന്നെ രഹസ്യമായി കടത്തി യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയുടെ പൊടിപിടിച്ച റെക്കോർഡ് ബുക്കുകൾ തപ്പിയെടുക്കാൻ സഹായിച്ചത് അവിടെ വച്ചു മാത്രം പരിചയപ്പെട്ട യൂണിവേഴ്സിറ്റി സ്റ്റാഫ് അംഗങ്ങളായ രണ്ട് മലയാളി ഉദ്യോഗസ്ഥർ. യൂണിവേഴ്സിറ്റി രേഖകൾ പരിശോധിച്ചപ്പോൾ ജയിച്ചതായി സർട്ടിഫിക്കറ്റ് ഹാജരാക്കിയ പലർക്കും പരീക്ഷയിൽ ലഭിച്ചത് പൂജ്യം. ചിലർക്ക് ഒന്നും രണ്ടും മാർക്കുകൾ. 

രേഖകളെല്ലാം കിട്ടിയതോടെ ഞാൻ വാർത്ത തയാറാക്കി. മനോരമയുടെ മുംബൈ ഓഫീസിലിരുന്ന് വാർത്ത എഴുതുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. നാളെ വാർത്ത അച്ചടിച്ചു വരുമ്പോൾ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാർഥി നേതാക്കളുടെ കരിയറിലെയും രാഷ്ട്രീയത്തിലെയും ശനിദശ തുടങ്ങിയിരിക്കും. വാർത്തയിൽ എന്തെങ്കിലും തെറ്റു പറ്റിയാൽ അതോടെ തുടക്കക്കാരനായ എന്റെ കരിയറും തീരും. ഇത്രയുമെത്തിയ സ്ഥിതിക്ക് മുന്നോട്ടുപോകാൻ തന്നെ മനസ്സ് പറഞ്ഞു. ടെലിപ്രിന്ററിൽ കൊടുത്ത വാർത്ത വായിച്ച് തോമസ് ജേക്കബ് ഫോണിൽ വിളിച്ചു ചോദിച്ചു. ‘‘വാർത്ത നാളെ ബ്രേക്ക് ചെയ്യുകയാണ്. ജോൺ രേഖകളെല്ലാം കണ്ടതാണല്ലോ? ഉറപ്പാണല്ലോ?’’. ‘‘തെറ്റുപറ്റാൻ ഇടയില്ല’’ എന്ന് ഞാനും പറഞ്ഞു. സത്യത്തിൽ അന്ന് രാത്രിയിൽ മുംബൈയിലെ ഹോട്ടൽ മുറിയിൽ ഞാൻ ഉറങ്ങാതെ കിടന്നു. ഇതിൽ ഞാൻ പരാജയപ്പെട്ടാൽ ജോലി രാജിവച്ചു പോകാൻ പോലും ആലോചിച്ചു.

Law-College

പിറ്റേന്ന് വാർത്ത വന്നു. അന്ന് മനോരമ പത്രം മുംബൈയിൽ എത്താൻ ഉച്ചകഴിയും എന്നതുകൊണ്ട് പത്രം പോലും കാണാതെ ഞാൻ ഉരുകുന്ന മനസ്സുമായി കാത്തിരുന്നു. 12 മണിക്ക് കൊച്ചി ന്യൂസ് എഡിറ്റർ മാത്യൂസ് വർഗീസ് (ഇപ്പോൾ എഡിറ്റോറിയൽ ഡയക്ടർ) അഭിനന്ദിക്കാൻ വിളിച്ചു. വാർത്ത വലിയ ചർച്ചയായിരിക്കുന്നു. വാർത്തയിൽ പരാമർശിക്കപ്പെട്ട ആരെങ്കിലും വിളിച്ചു വാർത്ത തെറ്റാണ് എന്ന് പറഞ്ഞുവോ എന്നായിരുന്നു എനിക്കറിയേണ്ടത്. ഒരിടത്തും ഒരു പരാതിയും വന്നില്ല എന്നറിഞ്ഞതോടെ ഞാൻ ആശ്വാസ നിശ്വാസം ഉതിർത്തു. അടുത്ത ദിവസത്തേക്ക് തയാറാക്കിവെച്ച ഫോളോ അപ് സ്റ്റോറി ഫയൽ ചെയ്തു ഹോട്ടൽ മുറിയിൽ പോയി ശാന്തമായി ഉറങ്ങി. പക്ഷേ അപ്പോൾ കേരളത്തിൽ പലരുടെയും ഉറക്കംകെടുത്തുന്ന ദിനങ്ങൾ ആരംഭിച്ചിരുന്നു. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയവർ പ്രമുഖ വിദ്യാർഥി സംഘടനയുടെ അറിയപ്പെടുന്ന നേതാക്കൾ ആയതുകൊണ്ട് നിയമസഭയിലും പുറത്തും വാർത്ത വലിയ ഒച്ചപ്പാടുണ്ടാക്കി. തട്ടിപ്പ് നടത്തിയ വിദ്യാർ‌ഥി നേതാക്കളിൽ ഭൂരിപക്ഷവും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർഥി യൂണിയനിൽപ്പെട്ടവർ ആയത് മാത്രം എനിക്ക് പാരയായി. അപ്പോൾ ഭരിച്ചിരുന്നത് ആ പാർട്ടി ആയിരുന്നതിനാൽ ക്രിമിനൽ കുറ്റത്തെ ക്രിമിനൽ കുറ്റമായി കാണാതെ സർക്കാർ അതിനെ രാഷ്ട്രീയമായി നേരിട്ടു. കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ ആദ്യം വിസമ്മതിച്ചു. എങ്കിലും വൈകാതെ നടപടി എടുക്കേണ്ടി വന്നു. പലരും പഠനം നിർത്തി രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. വ്യാജരേഖ ചമച്ച് അന്യ സംസ്ഥാനത്തു നിന്ന് എൽഎൽ ബിക്ക് ട്രാൻസ്ഫർ വാങ്ങുന്നത് തടയാൻ കേരളത്തിലെ സർവ്വകലാശാലകൾ അന്തർ സർവകലാശാലാ സ്ഥലം മാറ്റം നിർത്തലാക്കുകയും ചെയ്തു. എന്നാൽ ഈ വാർത്ത വരുന്നതിന് തൊട്ട് തലേവർഷം വ്യാജ രേഖ ചമച്ച് അഡ്മിഷൻ എടുത്ത ഒരു വിദ്യാർഥി പാസായി അഭിഭാഷകനായിരുന്നു. തട്ടിപ്പ് നടത്തിയവരുടെ കൂടെ അദ്ദേഹത്തിന്റെ പേരും പത്രത്തിൽ വന്നു. താൽക്കാലികമായി അദ്ദേഹത്തിന്റെ പ്രാക്ടീസ് മുടങ്ങി. ആ അഭിഭാഷകനെയാണ് 15 വർഷം കഴിഞ്ഞ് യാദൃശ്ചികമായി ഒരു സർക്കാർ ഓഫീസിൽ ഞാൻ കണ്ടുമുട്ടിയത്. ഓഫീസിൽ സന്ദർശകരായി എത്തിയ ഞങ്ങളെ രണ്ടുപേരെയും എന്റെ സുഹൃത്തായ ഓഫീസർ പരിചയപ്പെടുത്തി. എന്റെ പേര് കേട്ടതും അദ്ദേഹത്തിന്റെ മുഖം വിവർണമായി. ‘‘നിങ്ങളെ ഞാൻ അറിയും’’. അത് പറഞ്ഞ് ആ വാർത്തയിലെ ഒരു കഥാപാത്രം താനാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തി. പക്ഷേ അദ്ദേഹം എന്നോട് കാലുഷ്യം ഒന്നും കാട്ടിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പകരം ഇതുവരെ എനിക്ക് അജ്ഞാതമായിരുന്ന ഒരു കഥ അദ്ദേഹം പറഞ്ഞു. വാർത്ത വന്ന കാലത്ത് തന്റെ വിദ്യാർഥി സംഘടനയിൽ പെട്ട ചിലർ രാത്രി ഓഫീസിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ എന്നെ വഴിയിൽ ആക്രമിക്കാൻ പദ്ധതി തയാറാക്കിയിരുന്നുവത്രെ. താൻ ഇടപെട്ടാണ് അത് തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. ‘‘ഞാൻ മൗനാനുവാദം കൊടുത്തിരുന്നെങ്കിൽ ഒരു പക്ഷേ താങ്കൾ എന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല’’. അദ്ദേഹത്തിന്റെ ഔദാര്യമാണ് എന്റെ ജീവിതം എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം. അതു പറയാൻ ആ അഭിഭാഷകൻ കാണിച്ച ചങ്കൂറ്റത്തിനു മുമ്പിൽ ഞാൻ മനസ്സുകൊണ്ട് നമിച്ചു. ‘അപകട മരണത്തിൽ പത്രപ്രവർത്തകൻ മരിച്ചു’ എന്നൊരു കുഞ്ഞു വാർത്തയിൽ അവസാനിക്കേണ്ടതായിരുന്ന ജീവിതം. 

ഒരു വിദ്വേഷവും ഇല്ലാതെ വളരെ നിസ്സംഗതയോടെ ആണ് അദ്ദേഹം സംസാരിച്ചത്. ‘‘എന്നോട് ദേഷ്യം തോന്നുന്നുണ്ടോ’’ ഞാൻ ചോദിച്ചു ?

‘‘അന്ന് ദേഷ്യം ഉണ്ടായിരുന്നു. ഇപ്പോൾ ചിന്തിക്കുമ്പോൾ താങ്കൾ താങ്കളുടെ ജോലിചെയ്തു എന്ന തോന്നലേയുള്ളൂ’’

അന്ന് ഞങ്ങൾ കൈ കൊടുത്താണ് പിരിഞ്ഞത്. അതു കഴിഞ്ഞ് പതിനഞ്ചു വർഷത്തിലേറെയായി. പിന്നീട് തമ്മിൽ കണ്ടിട്ടില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ എന്റെ ജീവിതം അദ്ദേഹത്തിന്റെ ഭിക്ഷയാണല്ലോ ?

Content Summary: Thalakkuri column on stories behind LLB scam reports of 1989

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS