ആ അജ്ഞാതന്റെ കത്ത് യാദൃച്ഛികമായിരുന്നില്ല

thalkkuri-column-01
SHARE

രാഷ്ട്രീയ പാർട്ടികളായാലും അതിന്റെ പോഷക സംഘടനകളായാലും ഒപ്പം നിൽക്കുന്നവരെ വെട്ടി നിരത്തിയാണു പലരും മുന്നിലെത്തുന്നത്. ആ വെട്ടി നിരത്തൽ ഞാൻ റിപ്പോർട്ട് ചെയ്ത എൽഎൽബി മാർക്ക് തട്ടിപ്പിനു പിന്നിലും അരങ്ങേറി. എൽഎൽബി തട്ടിപ്പ് എന്ന അന്വേഷണാത്മക റിപ്പോർട്ടിന്റെ തുടക്കം ഒരു അജ്ഞാതന്റെ കത്തിൽ നിന്നായിരുന്നുവെന്നു പറഞ്ഞല്ലോ. പക്ഷേ ആ കത്ത് അജ്ഞാതന്റേതല്ല, രാഷ്ട്രീയ ജ്ഞാനിയുടേതാണെന്നു വൈകാതെ തിരിച്ചറിഞ്ഞു. ഒന്നും യാദൃച്ഛികമായി സംഭവിച്ചതല്ല എന്നും മനസ്സിലായി. ഒരു പ്രമുഖ വിദ്യാർഥിസംഘടനയുടെ ചില നേതാക്കളെ ഒതുക്കാൻ സംഘടനയ്ക്കുള്ളിൽത്തന്നെ രൂപം കൊണ്ട രഹസ്യ അജൻഡയുടെ ഭാഗം. അതൊക്കെ മനസ്സിലാക്കാൻ അൽപം വൈകി എന്നുമാത്രം. എങ്കിലും ഒതുക്കപ്പെട്ടവർ ക്രിമിനൽ കുറ്റവാളികളാണെന്നതിനാൽ ഗൂഢാലോചന സാധൂകരിക്കപ്പെടുന്നുണ്ടെന്നു മാത്രം. മാത്രമല്ല, ആരെങ്കിലും ആർക്കെങ്കിലും പാര വയ്ക്കുമ്പോഴാണ് തട്ടിപ്പിന്റെ വാർത്തകൾ മാധ്യമങ്ങൾക്കു ചോർന്നു കിട്ടുക എന്നത് അനുഭവ പാഠം. ഗൂഢാലോചനയുടെ ഭാഗമാണ് ലേഖകനായ ഞാനും എന്ന തെറ്റിദ്ധാരണയാവാം സംഘടനയിൽ ചിലർ അന്ന് എന്നെ ആക്രമിക്കാൻ നീക്കം നടത്തിയതിനു കാരണം. അന്ന് ഇതൊന്നും അറിയാഞ്ഞതുകൊണ്ട് യാതൊരു മാനസിക സംഘർഷവും ഇല്ലാതെ ഞാൻ എന്റെ ജോലി തുടർന്നു.

രാത്രി വീട്ടിലേക്കു പോകുമ്പോൾ സ്ഥിരം വഴിയിലൂടെ പോകരുതെന്ന് ആ ദിവസങ്ങളിലൊരിക്കൽ എനിക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശം പോലും ഒരു തമാശയായി മാത്രമേ ഞാൻ എടുത്തിരുന്നുള്ളു. പക്ഷേ പിന്നീട് അഭിഭാഷകന്റെ വെളിപ്പെടുത്തലിലൂടെ അതിനു പുതിയ അർഥം ലഭിച്ചു. ഒരു കോളജ് അഡ്മിഷനു വേണ്ടി മാർക്ക് തിരുത്തുന്ന വിദ്യാർഥിനേതാക്കൾ നാളെ പാർട്ടിയുടെ തലപ്പത്തും ഭരണത്തിലുമെത്തിയാൽ എന്തൊക്കെ ക്രിമിനൽ നടപടികൾക്കു മുതിരും എന്ന് ഊഹിച്ചാൽ മതി.

തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ പത്രം ഓഫിസിലേക്കു കത്തെഴുതിയവർ ലക്ഷ്യം വച്ചത് തങ്ങളുടെ നേട്ടമായിരുന്നു. പക്ഷേ അവർ വെട്ടിനിരത്തിയത് ക്രിമിനൽ വാസനയുള്ളവരെയാണ്. കുറച്ചുപേർ ഒഴിവായെങ്കിലും ക്രിമിനൽ വാസനയുള്ളവർ ഇപ്പോഴും എല്ലാ പാർട്ടിയിലുമുണ്ട്. നേതാക്കളിലുമുണ്ട്.

വലിയൊരു മാർക്ക് തട്ടിപ്പ് പരമ്പരയ്ക്കു ശേഷം മുംബെയിൽനിന്ന് തിരുവനന്തപുരത്ത് ഞാൻ തിരിച്ചെത്തുന്നു. അപ്പോഴേക്ക് അന്വേഷണാത്മക റിപ്പോർട്ടുകൾ വാർത്താ ലോകത്ത് ആളിക്കത്തി എരിഞ്ഞടങ്ങിത്തുടങ്ങിയിരുന്നു. എൽഎൽബി തട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരിൽ നല്ലപങ്കും സിപിഎമ്മിന്റെ വിദ്യാർഥി, യുവജന സംഘടനകളിൽ പെട്ടവരായിരുന്നു എന്നറിഞ്ഞതോടെ വളരെ പെട്ടെന്ന് പാർട്ടി രാഷ്ട്രീയമായി അതിനെ പ്രതിരോധിച്ചു. തങ്ങളുടെ പാർട്ടിയെ നശിപ്പിക്കാൻ മനോരമ കെട്ടിപ്പൊക്കിയ വ്യാജ വാർത്തയാണ് എൽഎൽബി തട്ടിപ്പ് എന്ന് ഒരു പ്രമുഖ സിപിഎം നേതാവിന്റെ പ്രസ്താവനയും വന്നു.

thalkkuri-column-02

ഞാനാകെ നിരാശനായി. പ്രതിപക്ഷം ഈ വിഷയം വേണ്ടവണ്ണം ഏറ്റെടുക്കുന്നില്ല എന്നത് മറ്റൊരു ദുരന്തം. ഏതു പാർട്ടി, ഏതു വിദ്യാർഥി സംഘടന, ഏതു നേതാവ് എന്നതൊന്നും എന്റെ പ്രശ്നമായിരുന്നില്ല. എന്റെ വാർത്ത ശരിയാണെന്ന് സ്ഥാപിക്കപ്പെടണം. അത് സ്ഥാപിക്കപ്പെടണമെങ്കിൽ അതിന്മേൽ നടപടി വേണം. 

ഞാൻ എന്റെ സങ്കടം തോമസ് ജേക്കബ് സാറുമായി പങ്കു വച്ചു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ വിഷയം പ്രതിപക്ഷത്തെ ഏതെങ്കിലും മിടുക്കരായ എംഎൽഎമാർ വഴി സഭയിൽ ഉന്നയിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫിലെ പല എംഎൽഎമാരെയും ഞാൻ നേരിൽ കണ്ട് എന്റെ കൈവശമുള്ള തെളിവുകൾ നൽകി. കണ്ടവരൊക്കെ എന്റെ റിപ്പോർട്ടിനെ പ്രശംസിച്ചെങ്കിലും ഒഴിഞ്ഞു മാറാനാണു ശ്രമിച്ചത്. കാരണം അവരൊക്കെ പേരൂർക്കട ലോ അക്കാദമി ലോ കോളജിൽ പഠിച്ചവരോ അതിന്റെ ചെയർമാൻ നാരായണൻ നായരുടെ സുഹൃത്തുക്കളോ ആയിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളാണ് തട്ടിപ്പിന്റെ പട്ടികയിൽ കൂടുതൽ എന്നത് കാര്യങ്ങൾ പെട്ടെന്ന് മാറ്റിമറിച്ചു. വളരെ പെട്ടെന്ന് എനിക്ക് ഒരു ഇടതു വിരുദ്ധ മുഖം നൽകി. കെഎസ്‌യുവി‌ന്റെ ചില നേതാക്കളും തട്ടിപ്പ് നടത്തിയവരുടെ പട്ടികയിലുണ്ടെങ്കിലും അക്കാര്യം വാർത്തയിൽ പറഞ്ഞിരുന്നെങ്കിലും ആരും അതു ശ്രദ്ധിച്ചില്ല. 

എല്ലാ പാർട്ടികളിലും വലിയ സ്വാധീനമുള്ള നാരായണൻ നായർ നേരത്തേതന്നെ തനിക്കു സ്വാധീനമുള്ള നേതാക്കളെ ബന്ധപ്പെട്ടു വിഷയം നിയമസഭയിൽ ഉന്നയിക്കില്ലെന്ന് ഉറപ്പു വാങ്ങിയിരുന്നു. താൻ പഠിച്ച കോളജായതിനാലും നാരായണൻ നായർ വേണ്ടപ്പെട്ട ആളായതിനാലും തനിക്ക് വിഷയം സഭയിൽ ഉന്നയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അന്നത്തെ പ്രതിപക്ഷത്തെ തീജ്വാലയായിരുന്ന ഒരു കോൺഗ്രസ് നേതാവ് തുറന്നു പറഞ്ഞു. ഒരു കുട്ടിയുടെ എൽഎൽബി പ്രവേശനത്തിനു കഴിഞ്ഞ ദിവസം ശുപാർശ നടത്തിയിരുന്നു എന്നു പറഞ്ഞു മറ്റൊരു നേതാവും ഒഴിഞ്ഞു. അപ്പോൾ മാത്രമാണ് രാഷ്ട്രീയ നേതാക്കളിൽ നല്ലപങ്കും ലോ അക്കാദമി ലോ കോളജിന്റെ സൃഷ്ടികളാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. പ്രവേശനം തേടി ഒരു കുട്ടി കോളജിൽ എത്തിയാൽ കുറഞ്ഞത് നാല് നേതാക്കളെക്കൊണ്ട് ശുപാർശ ചെയ്യിക്കുക എന്നത് നാരായണൻ നായരുടെ തന്ത്രമാണെന്ന് പിന്നീട് അറിഞ്ഞു. അതായത് 10 കുട്ടികൾക്ക് പ്രവേശനം നൽകുമ്പോൾ 40 നേതാക്കൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ. വാർത്ത തുടർന്ന് കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടു നാരായണൻ നായർ മനോരമയെയും സമീപിച്ചിരുന്നു. പക്ഷേ മനോരമ അതിനു വഴങ്ങിയില്ല.

എന്തെങ്കിലും നടപടിയിലേക്ക് നീങ്ങിയില്ലെങ്കിൽ എന്റെ ശ്രമങ്ങളല്ലാം വൃഥാവിലാകും..ഞാൻ ഇതികർത്തവ്യഥാമൂഢനായി. തട്ടിപ്പ് വാർത്ത സജീവമായി നിലനിർത്താനും കൂടുതൽ ശക്തമാക്കാനും ഞാൻ തീരുമാനിച്ചു . ആരോപണ വിധേയർ കേരള സർവകലാശാലയിൽ നൽകിയ രേഖകളും മുംബൈ, പൂന  സർവകലാശാലകളിലെ യഥാർഥ മാർക്ക് ലിസ്റ്റും താരതമ്യം ചെയ്തു വാർത്തകൾ കൊടുത്തു കൊണ്ടിരുന്നു.

thalkkuri-column-03

നിയമസഭാസമ്മേളനം തുടങ്ങി; വെല്ലുവിളികളും. ഇതിനിടെ ഒരു പ്രതിപക്ഷ എംഎൽഎയെക്കൊണ്ട് ഒരു വിധം വിഷയം സഭയിൽ ഉന്നയിപ്പിച്ചു. സഭ തുടങ്ങും മുമ്പ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരനെ കണ്ടു തട്ടിപ്പിന്റെ വിശദാംശങ്ങൾ വിവരിച്ചു. അദ്ദേഹത്തിനത് ബോധ്യമാവുകയും ചെയ്തു. ജനതാദൾ മന്ത്രിയായ ചന്ദ്രശേഖരൻ സിപിഎമ്മിനോട് വളരെ അടുപ്പമുള്ള നേതാവായിരുന്നു. നിയമസഭയിൽ മറുപടി പറഞ്ഞപ്പോൾ അതു പ്രകടമായി. എന്റെ വാർത്തയെ അദ്ദേഹം പൂർണമായും തള്ളി. എന്നു മാത്രമല്ല ഞാൻ അദ്ദേഹത്തെ തലേന്ന് കണ്ടിരുന്ന കാര്യം കൂടി സഭയിൽ പറഞ്ഞുകളഞ്ഞു. വാർത്ത വസ്തുതാപരമല്ലെന്നും അങ്ങനെയൊരു തട്ടിപ്പ് നടന്നിട്ടില്ല എന്നും സഭയിൽ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു ഗാന്ധിയൻ മുഖംമൂടി കൂടി എന്റെ മുന്നിൽ അഴിഞ്ഞുവീണു. സമ്മേളനത്തിന്റെ ഇടവേളയിൽ ലൈബ്രറിയിൽ ഇരിക്കുമ്പോൾ ഇടതു മുഖപത്രത്തിന്റെ ലേഖകൻ എന്നെ കുത്തുവാക്കുകൾ കൊണ്ട് ആക്രമിച്ചത് കൂടുതൽ വിഷമിപ്പിച്ചു. എങ്കിലും തെളിവുകളുടെ പിൻബലമുള്ള വാർത്തകൾ കൊണ്ട് ഞാനെന്റെ പോരാട്ടം തുടർന്നു.

നിയമസഭാസമ്മേളനം തുടരുന്നതിനിടയിൽ ചന്ദ്രശേഖരൻ എവിടെയോ യാത്ര പോവുകയും അദ്ദേഹത്തിനു വേണ്ടി ജനതാദളിന്റെ മറ്റൊരു മന്ത്രിയായിരുന്ന എൻ.എം.ജോസഫ് സഭയിൽ മറുപടി പറയുകയും ചെയ്തത് സംഭവഗതിക്ക് പ്രതീക്ഷിക്കാത്ത തിരിവുണ്ടാക്കി. ഞാൻ പറയാതെ തന്നെ ഈ വിഷയം സഭയിൽ വീണ്ടും ഉയർന്നുവന്നു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, തട്ടിപ്പ് ശരിയാണെന്നും തട്ടിപ്പു നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജോസഫ് സഭയിൽ അറിയിച്ചു. അന്വേഷണവും പ്രഖ്യാപിച്ചു. എനിക്ക് അടുപ്പമുണ്ടായിരുന്ന മന്ത്രി എന്നെ തള്ളിപ്പറഞ്ഞപ്പോൾ ഒരു പരിചയവുമില്ലാത്ത മന്ത്രി വാർത്തയെ ന്യായീകരിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. ഒരുപക്ഷേ കോളജ് അധ്യാപകന്റെ നീതിബോധമാകാം അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്.

എന്തായാലും നിയമസഭയിലെ എൻ.എം.ജോസഫിന്റെ പ്രസ്താവനയോടെ, അതുവരെ നീണ്ട പോരാട്ടം വിജയകരമായ പരിസമാപ്തിയിലെത്തി. പക്ഷേ ആ ദിവസങ്ങളിൽ ഞാൻ ഒരു പാഠം പഠിച്ചു. എത്ര തെളിവുകളോടെ എത്ര വലിയ അന്വേഷണാത്മക റിപ്പോർട്ടുകൾ എഴുതിയാലും കേരളത്തിൽ അതിന് പെട്ടെന്നു രാഷ്ട്രീയ നിറം വരും. അതോടെ ലേഖകനും മാധ്യമവും ആക്രമണത്തിനിരയാകും. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെ മാത്രമേ അധികാരികൾ വാർത്തകളെ കാണൂ. പലപ്പോഴും പോരാട്ടത്തിൽ ലേഖകൻ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ. ഏതു വാർത്തയും വളരെ പെട്ടെന്ന് പാർട്ടി വിരുദ്ധമാക്കി ചാപ്പ കുത്തി രാഷ്ട്രീയവൽക്കരിക്കാൻ കഴിയുന്ന കുശാഗ്ര ബുദ്ധികൾ അന്നും ഇന്നുമുണ്ട്. പിന്നീട് എഴുതിയ പല റിപ്പോർട്ടുകളിലും എനിക്കത് കൂടുതൽ അനുഭവവേദ്യമായി. മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും അതിൽ ഒരു മാറ്റവും ഇല്ല. അന്ന് എഴുത്തു ‘കുത്തി’ലൂടെയെങ്കിൽ ഇന്നു സൈബർ ‘കുത്തി’ലൂടെ എന്ന വ്യത്യാസം മാത്രം.

Content Summary: Thalakkuri, Column on stories behind llb scam reports

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS