മാധ്യമ പ്രവർത്തകൻ സാധാരണ പൗരൻ മാത്രം

rights-of-journalists-thalakuri
Representative Image. Photo Credit : wellphoto / Shutterstock.com
SHARE

കഴിഞ്ഞ ദിവസം ഏതോ ഒരു സിനിമയിലെ ഡയലോഗ് കാതിൽ വന്നലച്ചു. ‘മാധ്യമപ്രവർത്തകൻ സാധാരണ പൗരൻ മാത്രം. സാധാരണ പൗരന് ഉള്ളതിൽ കവിഞ്ഞ ഒരു അധികാരവും അവകാശവും അവനില്ല.’ ഒരർഥത്തിൽ പ്രസ്താവന ശരിയാണ്, മറ്റൊരർഥത്തിൽ തെറ്റും. ഭരണഘടനയുടെ 19-ാം വകുപ്പ് ഒരു സാധാരണ പൗരനു നൽകുന്നതിൽ കവിഞ്ഞ അധികാര അവകാശങ്ങളൊന്നും പത്രപ്രവർത്തകന് ഇല്ല. സീനിയർ മാധ്യമ പ്രവർത്തകരുടെ കയ്യിൽ പേരിനു പറയാവുന്ന ഒരു അവകാശ പത്രിക സർക്കാർ നൽകുന്ന അക്രഡിറ്റേഷൻ കാർഡ് ആണ്. അഞ്ചാറു വർഷം മുമ്പുവരെ ആ കാർഡ് കാണിച്ചാൽ സെക്രട്ടേറിയറ്റിലെ വാതിലുകൾ അവർക്കു മുന്നിൽ തുറക്കുമായിരുന്നു. ഏതു മന്ത്രിയുടെയും ഉദ്യോഗസ്ഥന്റെയും മുറിയിലേക്ക് കടന്നുചെല്ലാൻ അതൊരു അടയാളമായിരുന്നു. ഇന്ന് അക്രഡിറ്റേഷൻ കാർഡിനും പുല്ലുവില..

മൂന്നു പതിറ്റാണ്ടു മുമ്പ് കോവളത്ത് പുതുവത്സര തലേന്ന് ന്യൂ ഇയർ ആഘോഷത്തിനിടയിൽ സ്ത്രീകളെ ആക്രമിച്ചവരുടെ പടമെടുക്കാൻ ശ്രമിച്ച ബി. ജയചന്ദ്രൻ എന്ന ഫൊട്ടോഗ്രഫറെയും ഈ ലേഖകനെയും മദ്യപരായ അക്രമികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ‌തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് ലാത്തി തറയിൽ ഊന്നി വെറുതെ നോക്കിനിന്നതേയുള്ളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആക്രമിക്കപ്പെടുന്ന വനിതകൾക്കും അത് തുറന്നുകാട്ടാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകർക്കും ഒരേ രീതിയിലുള്ള ‘സംരക്ഷണം’. ജയചന്ദ്രന് അൽപം കായിക അഭ്യാസങ്ങൾ അറിയാമായിരുന്നതു കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു പോന്നു. പക്ഷേ അന്ന് ജയചന്ദ്രൻ എടുത്ത ചിത്രങ്ങൾ ഞങ്ങൾ മനോരമയുടെ ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചു. ചിത്രങ്ങളും എന്റെ റിപ്പോർട്ടും മാത്രം തെളിവാക്കി പൊലീസിന് പ്രതികൾക്കെതിരെ കേസ് എടുക്കേണ്ടി വന്നു. ആ വാർത്തയും ചിത്രവും അനുവാചക മനസ്സിൽ സൃഷ്ടിച്ച അഭിപ്രായ രൂപീകരണവും അഭിനന്ദനവും ആണ് മാധ്യമപ്രവർത്തകന്റെ സുരക്ഷ:

thalakkuri-column-by-john-mundakkayam

കേരളത്തിൽ ഇതാണു സ്ഥിതിയെങ്കിൽ കേരളത്തിനു പുറത്തുള്ള സ്ഥിതി പറയാനില്ല. അവിടെ ഒരു ഗ്രാമത്തിലോ പട്ടണത്തിലോ ചെന്നു മാധ്യമ പ്രവർത്തകൻ എന്നു പറഞ്ഞാൽ പോലും മനസ്സിലാകുന്നവർ കുറവ്. ഗ്രാമമോ നഗരമോ അവർക്കുവേണ്ടി ഒരു സംരക്ഷണവും ഏറ്റെടുക്കുന്നില്ല.

ഒരു അനുഭവം പറയാം. ഒരു സുപ്രധാന റിപ്പോർട്ടിങ്ങിനായി കാൽനൂറ്റാണ്ടു മുമ്പ് ഞാൻ മുംബൈയിലെ വിക്ടോറിയ ടെർമിനസിന് അടുത്തുള്ള ഒരു ഹോട്ടലിൽ താമസിക്കുകയാണ്. ജോലിത്തിരക്കില്ലാത്ത ഒരു പകൽ ഹോട്ടലിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ താഴെ വിക്ടോറിയ ടെർമിനസിലേക്ക് ജനം ഒഴുകുന്ന നഗര വീഥിയിൽ ഫോറിൻ സാധനങ്ങൾ വിൽക്കുന്ന വഴിവാണിഭക്കാരുടെ നിര കണ്ടു. അക്കാലത്ത് നാട്ടിൽ പ്രിയമുള്ള ഫോറിൻ സാരി, ടേപ്പ് റെക്കോർഡർ, ട്രാൻസിസ്റ്റർ റേഡിയോ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ ഇവയൊക്കെയാണ് വിൽക്കുന്നത്. ഒരു കൗതുകത്തിന് ഞാൻ ലിഫ്റ്റ് ഇറങ്ങി താഴെച്ചെന്ന് തെരുവിലൂടെ വെറുതെ നടന്നു. 

നടക്കുന്നതിനിടയിൽ വിദേശ സാധനങ്ങൾ വിൽക്കുന്നവരുടെ ചില സൂത്രങ്ങൾ കണ്ടുപിടിച്ചു. ആരെങ്കിലും ടൂറിസ്റ്റുകൾ വരുന്നത് കാണുമ്പോൾ എവിടെനിന്ന് എന്നറിയാതെ രണ്ടുപേർ ഒരു കച്ചവടക്കാരനു മുന്നിൽ വന്നിരിക്കുന്നു. ഒരു സാരിക്കോ പെർഫ്യൂമിനോ ടേപ്പ് റെക്കോർഡറിനോ വരുന്നവർ കേൾക്കെ വില പറയുന്നു, വിലപേശുന്നു. നിങ്ങൾ കേൾക്കുന്ന വിലപേശലിലൂടെ ആ സാധനത്തിന്റെ യഥാർഥ വില കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നു. കടക്കാരൻ 1000 രൂപ ചോദിച്ച പ്രമുഖ കമ്പനിയുടെ ടേപ്പ് റെക്കോർഡറിന് അവർ 700 രൂപ പറയുന്നു. കടക്കാരൻ മുതലാവില്ല എന്നുപറഞ്ഞ് അവരെ പറഞ്ഞു വിടുന്നു. ഇതു കാണുന്ന നിങ്ങൾ ചിന്തിക്കുന്നു – 700 രൂപയ്ക്ക് തൊട്ടു മുകളിൽ ഒരു വില പറഞ്ഞാൽ ചിലപ്പോൾ അത് കിട്ടിയേക്കും. നിങ്ങൾ 750 രൂപ പറയുന്നു അയാൾ ടേപ്പ് റെക്കോർഡർ നിങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നു. ഇതുമായി വീട്ടിൽ എത്തുമ്പോഴാണ് തിരിച്ചറിയുക അത് കമ്പനിയുടെ സ്റ്റിക്കർ ഒട്ടിച്ച വ്യാജനാണെന്ന്. തലേന്ന് ഇതുപോലൊരു സ്ട്രീറ്റിൽനിന്ന് വാങ്ങിയ ഓഡിയോ കസെറ്റുകൾ വ്യാജനാണെന്നും പ്രവർത്തിക്കുന്നില്ലെന്നും ഞാൻ മനസ്സിലാക്കിയത് വൈകിയാണ്. പിറ്റേന്ന് മനോരമ ഓഫിസിൽ സഹപ്രവർത്തകരെ അവ കാണിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലായത്. 

എന്റെ രോഷം കൂടി ഉള്ളിലൊതുക്കി ഞാൻ വിക്ടോറിയ ടെർമിനസിനു മുന്നിലെ തട്ടിപ്പിനെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ തീരുമാനിക്കുന്നു. അതിനുവേണ്ടി എന്റെ കൈവശമുള്ള ക്യാമറ കൊണ്ട് തട്ടിപ്പു കച്ചവടത്തിന്റെ ചില ദൃശ്യങ്ങൾ ദൂരെനിന്നു പകർത്തുന്നു. ഒന്നു രണ്ടു ദൃശ്യങ്ങൾ പകർത്തിക്കഴിഞ്ഞപ്പോൾ ഒരാൾ എന്നെ വന്നു തടഞ്ഞു. എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് ഹിന്ദിയിൽ ചോദിച്ചു. ‘‘മേം ടൂറിസ്റ്റ് ഹേ’’ എന്ന് അറിയാവുന്ന ഹിന്ദിയിൽ താങ്ങി. അപ്പോഴതാ തൊട്ടപ്പുറത്ത് കളിപ്പാട്ടങ്ങൾ വിറ്റു കൊണ്ടിരുന്ന ഒരു പയ്യൻ ‘‘എന്റെയും ഫോട്ടോയെടുത്തു’’ എന്നു പറഞ്ഞുകൊണ്ട് എന്നെ പ്രതിക്കൂട്ടിലാക്കി അയാളുടെ മുന്നിലേക്ക് ഓടി വരുന്നു. നിമിഷങ്ങൾക്കുള്ളിൽ റഷ്യ യുക്രെയ്നെ വളയുന്നതു പോലെ എന്നിക്കു ചുറ്റും കച്ചവടക്കാർ കൂടി. ഞാൻ അവരുടെയെല്ലാം ചിത്രം എടുത്തതായി അവർ ആരോപിച്ചു. കോറസ് പോലെ, എന്തിനാണ് ഫോട്ടോ എടുത്തത് എന്നായി അവരുടെ ചോദ്യം. ഞാൻ പരുങ്ങലിലായി. എന്തു പറയണമെന്നറിയാതെ പകച്ചു നിന്ന എനിക്ക് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. പോക്കറ്റിലെ വിസിറ്റിങ് കാർഡ് എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു: ‘‘അയാം എ ജേണലിസ്റ്റ്’’. 

അത് മഹാ അബദ്ധമായെന്നു വൈകാതെ മനസ്സിലായി. ഒരാൾ എന്റെ കാർഡ് പിടിച്ചു വാങ്ങി. കാർഡ് വാങ്ങി നോക്കിയ ആജാനുബാഹുവായ ഒരാൾ പച്ച മലയാളത്തിൽ തെറി പറഞ്ഞു കൊണ്ട് ആക്രോശിച്ചു: ‘‘നാട്ടിൽ ജീവിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാ ഞങ്ങളൊക്കെ ഇവിടെക്കിടന്നു കണ്ട പൊലീസുകാരനും കസ്റ്റംസുകാരനും കാശും കുപ്പിം കൊടുത്തു വയറ്റിപ്പിഴപ്പ് നടത്തുന്നത്. നീയൊന്നും ഇവിടേം ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?’’ അതും പറഞ്ഞ് അയാൾ എന്റെ ക്യാമറയ്ക്കു വേണ്ടി കൈനീട്ടി. അപ്പോഴേക്കും അതുവഴി കടന്നുപോയവരൊക്കെ കാഴ്ച കാണാൻ ഞങ്ങളുടെ ചുറ്റും കൂടി ഒരു വലിയ ആൾക്കൂട്ടമായി മാറി. ഞാനൊരു ഒരു ജേർണലിസ്റ്റ് ആണെന്ന് ഉറക്കെപ്പറഞ്ഞു നാട്ടുകാരുടെ പിന്തുണ തേടാൻ ശ്രമിച്ചെങ്കിലും ഒരാൾപോലും എന്നെ സഹായിക്കാൻ എത്തിയില്ല. ഒരു മലയാള സിനിമയിൽ പത്രപ്രവർത്തകനായ മമ്മൂട്ടി തന്നെ ആക്രമിക്കാൻ വന്നവരെ അടിച്ചു തെറിപ്പിക്കുന്ന പോലെ ചുറ്റും നിൽക്കുന്നവരെ അടിച്ചു തെറിപ്പിച്ചു ഹീറോയായി അവിടെനിന്നു രക്ഷപ്പെടുന്നതൊക്കെ മനസ്സിൽ ചിന്തിച്ചു. പക്ഷേ ഏതു നിമിഷവും അടി വീഴാവുന്ന അവസ്ഥയിലാണ് എന്ന് എന്റെ വിവേകം എന്നെ ഉപദേശിച്ചു. കോളജിൽ പഠിച്ച ഷേക്സ്പിയറിന്റെ നാടകത്തിലെ വാചകമാണ് പെട്ടെന്ന് ഓർത്തത്. ‘ഡിസ്ക്രിഷൻ ഈസ് ദ് ബെറ്റർ ഫോം ഓഫ് വേലർ’ (വിവേകമാണ് ധൈര്യത്തിന്റെ ഏറ്റവും നല്ല ഭാവം). ഞാൻ പെട്ടെന്ന് ക്യാമറ അയാളുടെ കയ്യിൽ കൊടുത്തു. അയാൾ അത് തുറന്നു റോൾ ഫിലിം വലിച്ചൂരി ആകാശത്തിലേക്ക് എറിഞ്ഞിട്ട് ക്യാമറ തിരികെ തന്നു. കൂടിനിന്നവർ ഫിലിം ചുരുൾ നിലത്തിട്ടു ചവിട്ടി. ആൾക്കൂട്ടത്തിനു നടുവിൽനിന്ന് ഒഴിഞ്ഞ ക്യാമറയും തൂക്കി ഞാൻ പതുക്കെ നടന്നു രക്ഷപ്പെട്ടു. പത്രപ്രവർത്തകന് പ്രത്യേകിച്ച് ഒരു അധികാരവുമില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ രണ്ടാമത്തെ അനുഭവം. 

thalakkuri-column-news

പക്ഷേ ഇതേ നഗരത്തിലാണ് ഒരു പത്രപ്രവർത്തകനായി എത്തി ഒരു അധികാരവുമില്ലാതെ വലിയൊരു മാർക്ക് തട്ടിപ്പ് കണ്ടെത്തി പുറത്തുകൊണ്ടുവന്നത്. അപ്പോഴും ചില്ലറ സൂത്രങ്ങളൊക്കെ ഉപയോഗിച്ചു എന്നല്ലാതെ ഒരു പൊലീസുകാരനോ സർക്കാർ ഉദ്യോഗസ്ഥനോ ഉള്ള ഒരധികാരവും ഉണ്ടായിരുന്നില്ല.

അതിനു മുമ്പ് കൊച്ചിയിൽ റിപ്പോർട്ടർ ആയിരിക്കുമ്പോൾ ഒരു ഡ്രാഫ്റ്റ് തട്ടിപ്പുകേസിൽ പ്രതിയായ വൈപ്പിൻ കേസ് ഫെയിം അബ്കാരി ഉടമ ചന്ദ്രസേനന്റെ പിന്നാലെ വിശാഖപട്ടണത്ത് പോയ കഥയുണ്ട്. ഫൊട്ടോഗ്രഫർ ഇല്ലാത്ത യാത്രയിൽ, ചന്ദ്രസേനനെ വിശാഖപട്ടണം കോടതിയിൽ ഹാജരാക്കുമ്പോൾ ഫോട്ടോ എടുക്കേണ്ട ഉത്തരവാദിത്തം കൂടി എനിക്കായിരുന്നു. ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ചന്ദ്രസേനന്റെ ഒപ്പമുണ്ടായിരുന്ന ഗുണ്ടകൾ എന്നെ വളഞ്ഞു. അവരിലൊരാൾ ക്യാമറ തട്ടിപ്പറിക്കാൻ ശ്രമിച്ചു. അന്നത്തെ ആന്ധ്രയിലെ മലയാളി ഐജി രാജന്റെ നിർദേശപ്രകാരം എന്റെ ഒപ്പം നിന്നിരുന്ന പൊലീസുകാരാണ് എന്നെ രക്ഷിച്ചത്. അതുകൊണ്ടു മാത്രം ചന്ദ്ര സേനനെ കോടതിയിൽ ഹാജരാക്കുന്ന ചിത്രം മനോരമയ്ക്ക് പ്രസിദ്ധീകരിക്കാനായി.

thalakkuri-column-by-john-mundakkayam

മാധ്യമപ്രവർത്തകർക്കു നേരെ അതിക്രമം ഉണ്ടായാൽ പൊലീസ് ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഒരു പ്രതിയുടെ പടമെടുക്കാൻ എന്നോടൊപ്പം വന്ന മനോരമ ഫൊട്ടോഗ്രഫറെ ഒരു പൊലീസുകാരൻ തടയുകയും തള്ളി വീഴ്ത്തുകയും ചെയ്തപ്പോൾ വിവരമറിഞ്ഞു തിരുവനന്തപുരത്തെ മുഴുവൻ പത്രക്കാരും സ്റ്റേഷനിൽ എത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. തമ്പാനൂർ സിഐ മുതൽ സിറ്റി പൊലീസ് കമ്മിഷണർ വരെ സ്റ്റേഷനിൽ പാഞ്ഞെത്തി. ഐജി ജോസഫ് തോമസ് സ്റ്റേഷനിലെത്തി യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തു. കയ്യേറ്റം ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുള്ളിൽ സസ്പെൻഡ് ചെയ്ത് അന്വേഷണവും പ്രഖ്യാപിച്ചിട്ടേ സമരം നിർത്തിയുള്ളൂ.

കഴിഞ്ഞ ദിവസം പാറ്റൂർ പള്ളിയിൽ ഒരു ചടങ്ങിന്റെ പടമെടുക്കാൻ പോയ മനോരമ ഫൊട്ടോഗ്രഫർ ബെന്നി പോളിന്റെ ബൈക്ക് ഗവർണർ കടന്നുവരുന്ന വഴിയുടെ ഓരത്തെവിടെയോ വച്ചതിന്റെ പേരിൽ സിഐയുടെ അസഭ്യവർഷം. അതിനെ ചോദ്യം ചെയ്തപ്പോൾ ഒരു കുറ്റവാളിയെ എന്നപോലെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കൽ. സാധാരണ പൗരനോട് ചെയ്യുന്നതെല്ലാം മാധ്യമപ്രവർത്തകനോടും ചെയ്തു. യൂണിയൻ നേതാക്കൾ ഉൾപ്പെടെ എത്തിയെങ്കിലും സിഐക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. കാരണം സാധാരണ പൗരനും മാധ്യമപ്രവർത്തകനും തമ്മിൽ വ്യത്യാസം ഒന്നും ഇല്ലല്ലോ. രണ്ടുപേർക്കും ഒരേ നീതി, ഒരേ മർദനം. നടപടിയില്ല, അന്വേഷണവുമില്ല.

ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ, മറയ്ക്കാൻ ശ്രമിക്കുന്നവന്റെ ഭീതിയും വീഴ്ചകളുമാണ് മാധ്യമ പ്രവർത്തകന്റെ ധൈര്യം. അല്ലാതെ ആരെങ്കിലും തരുന്ന സംരക്ഷണമല്ല. താൻ കണ്ടെത്തുന്ന, മൂടി വച്ച രഹസ്യങ്ങൾ തിരിച്ചറിയുന്ന വായനക്കാർ നൽകുന്ന അംഗീകാരമാണ് മാധ്യപ്രവർത്തകന്റെ ശക്തി. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് അയാളുടെ ഊർജം. അത്തരം കണ്ടെത്തലുകളെ എത്ര മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾക്കു മുന്നിലും അവൻ പകരം വയ്ക്കില്ല.

thalakkuri-news

താൻ ജോലിചെയ്യുന്ന പത്രത്തിന്റെ, ചാനലിന്റെ അനുവാചകർ നൽകുന്ന അദൃശ്യമായ അധികാരം അവനുണ്ട്. അത് പത്രം വായിക്കുന്ന, ടിവി കാണുന്ന മാധ്യമ ബോധമുള്ള വായനക്കാരൻ, പ്രേക്ഷകൻ നൽകുന്ന അംഗീകാരമാണ്. ആ അംഗീകാരത്തിനു പിന്നിലെ അഭിപ്രായ രൂപവൽക്കരണമാണ്. പൊതുജനത്തിന് ഇന്നും മാധ്യമങ്ങളിലുള്ള വിശ്വാസമാണ് അതിനു കാരണം. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളിൽ കള്ളനാണയങ്ങൾ ഉണ്ടാവാം. അതു തിരിച്ചറിയാനും സമൂഹത്തിനു കഴിയും.

ഭരണഘടനയുടെ 19 ാം വകുപ്പ് നൽകുന്ന അധികാരങ്ങൾ മാത്രമേ ഒരു മാധ്യമപ്രവർത്തകനുള്ളൂ. അതുമാത്രം മതി. അതേസമയം സത്യസന്ധതയോടെ വാക്കുകൾ കുറിക്കുമ്പോൾ വായനക്കാരന്റെ മൗനമായ പിന്തുണ അവന്റെ അധികാരവും അവകാശവുമായി മാറും. അധികാരകേന്ദ്രങ്ങൾ മൂടിവയ്ക്കാൻ ശ്രമിക്കുന്ന ഓരോ രഹസ്യവും അഴിമതിയും പുറത്തു കൊണ്ടുവരുമ്പോൾ ജനം മാധ്യമ പ്രവർത്തകന്റെ ആ മനക്കരുത്ത് വർധിപ്പിച്ചു കൊണ്ടിരിക്കും.

Content Summary: Thalakkuri column on rights of journalists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS