ബാങ്ക് കവർച്ചയ്ക്ക് പോയി, ബൈബിളുമായി മടങ്ങി

Reny-George-Karikkan-Villa
റെനി ജോർജ്
SHARE

കേരളത്തെ നടുക്കിയ കരിക്കൻവില്ല ദമ്പതി വധക്കേസ് നടന്നിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു. ചില ദുരന്തങ്ങളും അതിലെ കഥാപാത്രങ്ങളും ഒരു കാരണവുമില്ലാതെ നമ്മെ പിന്തുടർന്നു കൊണ്ടിരിക്കും. കരിക്കൻവില്ല കേസിലെ പ്രതി റെനി ജോർജ് കുറേക്കാലം അങ്ങനെ എന്നെ പിന്തുടർന്നു. അല്ലെങ്കിൽ ഞാൻ റെനിയെ പിൻതുടർന്നു. പിന്തുടരൽ ബോധപൂർവമായിരുന്നില്ല. തികച്ചും ആകസ്മികം.

1980 ൽ ആണ് കരിക്കൻവില്ല കൊലപാതകം നടക്കുന്നത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ സമ്പന്നരും മധ്യവയസ്കരുമായ ജോർജ് - റേച്ചൽ ദമ്പതികൾ ഒരു ദിവസം നേരം പുലർന്നപ്പോൾ തിരുവല്ല മീന്തലക്കരയിലെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.

thalakkuri-karikkan-villa-murder

കരിക്കൻവില്ല വധക്കേസ് നടക്കുമ്പോൾ ഞാൻ ദീപികയിൽ റിപ്പോർട്ടർ ട്രെയിനി. പത്രപ്രവർത്തന ജീവിതം തുടങ്ങിയിട്ട് മാസങ്ങൾ മാത്രം. എങ്കിലും ആ ദുരന്തം റിപ്പോർട്ട് ചെയ്യാനുള്ള നിയോഗം എനിക്കായി. മദ്രാസിലെ മോൻ എന്ന പേരിൽ പിന്നീട് കുപ്രസിദ്ധനായ പ്രതി റെനി ജോർജിനെയും കൂട്ടാളികളെയും ചെന്നൈയിൽ അറസ്റ്റ് ചെയ്തു തിരുവല്ല പോലീസ് സ്റ്റേഷനിൽ കൊണ്ടു വരുമ്പോൾ റിപ്പോർട്ട് ചെയ്യാനും ഞാനുണ്ടായിരുന്നു. അന്നത്തെ കോട്ടയം ലേഖകനായിരുന്ന എൻ.വി. മോഹനാണ് മനോരമയ്ക്കു വേണ്ടി റിപ്പോർട്ടിങ്ങിന് എത്തിയത്. പ്രതികളെ ചെന്നൈയിൽ അറസ്റ്റ് ചെയ്തതും മനോരമയുടെ മാത്രം ഒന്നാം പേജ് വാർത്ത. കോയിപ്പുറം പൊലീസ് സ്റ്റേഷനിലാണ് ചെന്നെയിൽനിന്നു പ്രതികളുമായി പൊലീസ് എത്തിയത്. എത്ര ശ്രമിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരിൽനിന്ന് പ്രതികളെ ചോദ്യം ചെയ്തതിന്റെ പുതിയ ഒരു വിവരവും ചോർത്താൻ പറ്റുന്നില്ല. കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അന്നത്തെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സിബി മാത്യൂസ് ചങ്ങനാശേരി എസ്ബി കോളജിൽ സീനിയർ ആയിരുന്നെങ്കിലും കണ്ടിട്ട് ആ ലോഹ്യമൊന്നും ഭാവിക്കുന്നില്ല. അതേസമയം എൻ.വി. മോഹന് സ്റ്റേഷനിൽ കൂടുതൽ സ്വീകാര്യത. പ്രതികളെ ചോദ്യം ചെയ്ത പൊലീസ് ഉദ്യാഗസ്ഥരെ മാറ്റി നിർത്തി അവരിൽനിന്ന് മോഹൻ വിവരങ്ങൾ എഴുതിയെടുക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. നാളെയും കേസിന്റെ എക്സ്ക്ലുസീവ് വാർത്തകൾ മനോരമയിൽത്തന്നെ വായിക്കേണ്ടിവരും എന്ന ദുഃഖത്തിൽ ഞാൻ. എന്നെ വിശ്വസിച്ചയച്ച ന്യൂസ് എഡിറ്റർ ഫാ. സഖറിയാസ് നടക്കലിനെ എങ്ങനെ അഭിമുഖീകരിക്കും എന്നതായിരുന്നു എന്റെ വിഷമം. എങ്ങനെയെങ്കിലും മനോരമയ്ക്ക് ഇല്ലാത്ത ഒരു വാർത്ത കൊടുക്കണം.

അതിനിടയിൽ ഒരു വിവരം ചോർന്നു കിട്ടി. അറസ്റ്റിലേക്ക് നയിച്ച, പ്രതിയെക്കുറിച്ചുള്ള ‘മദ്രാസിലെ മോൻ’ എന്ന വിശേഷണം പൊലീസിനു നൽകിയത് കരിക്കൻവില്ല വീട്ടിലെ ജോലിക്കാരിയായ ഗൗരിയാണ്. ജോലിക്കാരിയുടെ വീട് കൊല നടന്ന വീടിനു സമീപത്തെവിടെയെങ്കിലും ആയിരിക്കുമല്ലോ. ഫൊട്ടോഗ്രഫറെയും കൂട്ടി നേരെ കൊലപാതകം നടന്ന കരിക്കൻവില്ലയിലെത്തി. ചില അയൽവാസികളിൽനിന്ന് വേലക്കാരിയുടെ താമസസ്ഥലം ചോദിച്ചറിഞ്ഞു. നട്ടുച്ച സമയത്ത് കുറെ അലയേണ്ടി വന്നെങ്കിലും റെയിൽവേ പാളത്തിനരികിൽ ഒരു കുടിലിൽ താമസിക്കുന്ന അവരെ ഒടുവിൽ കണ്ടെത്തി. മദ്രാസിലെ മോനും കൂട്ടുകാരും രാത്രിയിൽ വീട്ടിൽ വന്നതുമുതൽ ജോലി കഴിഞ്ഞ് താൻ മടങ്ങുന്നതു വരെയുള്ള വിവരങ്ങളെല്ലാം ഗൗരി വള്ളിപുള്ളി വിടാതെ വിശദമായി പറഞ്ഞു തന്നു. ‘‘മദ്രാസിലെ മോനും കൂട്ടുകാരും വന്നിട്ടുണ്ട്’’ എന്ന റെയ്ച്ചലിന്റെ വാക്കുകളാണ് ആ പേര് ജോലിക്കാരി ഓർത്തിരിക്കാൻ കാരണം. അങ്ങനെ ഗൗരിയുടെ പടം സഹിതമുള്ള ഒരു വാർത്ത ദീപികയുടെ ഒന്നാം പേജിൽ കൊടുത്തുകൊണ്ട് ദീപിക മനോരമയുമായി പിടിച്ചു നിന്നു.

പിന്നീടുള്ള ജീവിതത്തിൽ ഗൗരിയുടെ ഏറ്റവും വലിയ പേടി റെനി എന്നെങ്കിലും ജയിലിൽ നിന്നിറങ്ങി തന്നോട് പക പോക്കുമോ എന്നതായിരുന്നു. എന്നാൽ ഭയപ്പെട്ടതല്ല സംഭവിച്ചത്. ഒരുനാൾ പരോളിലിറങ്ങി റെനി ഗൗരിയെ കാണാൻ ചെന്നു, യജമാനത്തിയെ കൊന്നതിനു മാപ്പ് ചോദിക്കാൻ. കൊലക്കേസിലെ ഒന്നാം പ്രതി റെനി ഒരു പാസ്റ്ററുടെ മകനായിരുന്നു. പാസ്റ്റർ സുവിശേഷ പ്രവർത്തനങ്ങളുമായി നാട്ടിൽ കഴിയുമ്പോൾ മദ്രാസിൽ പഠിക്കാനയച്ച മകൻ മദ്യത്തിലും ലഹരിമരുന്നിലും മുഴുകി അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു. റെനിയോടൊപ്പം ഉണ്ടായിരുന്ന മലേഷ്യക്കാരൻ ഗുണശേഖരനും മൗറീഷ്യസുകാരൻ ഗുലാം മുഹമ്മദും കിബ്ലോ ദാനിയേലും ജയിലിലായി. 

കൊലപാതകത്തിന്റെ ആദ്യദിനങ്ങളിൽ പ്രതികളെക്കുറിച്ച് പൊലീസിന് ഒരു തുമ്പും കിട്ടിയിരുന്നില്ല. പ്രഫഷനൽ കൊലയാളികൾ ആണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ കൊല നടന്ന വീട്ടിൽ രക്തക്കറയിൽ പതിഞ്ഞ ഒരു ഷൂസിന്റെ അടയാളമാണ് പ്രതികളിലേക്കുള്ള വഴി അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യൂസിനു തുറന്നു കൊടുത്തത്. അക്കാലത്ത് ഏറ്റവും വില കൂടിയ പുത്തൻ ഷൂസിന്റെ സോളിന്റെ അടയാളമായിരുന്നു അത്. കൊല നടത്തിയത് യുവാക്കൾ ആണെന്നു സംശയം ഉണ്ടാകാൻ കാരണം ആ പാടുകളാണ്. റെനി ജോർജിന്റെ ഷൂസിന്റേതായിരുന്നു അത്., അറസ്റ്റിലായി ഏതാനും മാസം കഴിഞ്ഞപ്പോൾ റെനിയെ ഞാൻ വീണ്ടും കണ്ടു. വിചാരണത്തടവുകാരനായി കോട്ടയം സെഷൻസ് കോടതിയിൽ കൊണ്ടുവന്നപ്പോൾ റിപ്പോർട്ട് ചെയ്യാൻ ഫൊട്ടോഗ്രഫർക്കൊപ്പം എത്തിയതാണ്. ഇക്കുറി മനോരമ ലേഖകൻ ആയിട്ടാണ് വരവ്. ഇതിനിടയിൽ ദീപിക വിട്ട് മനോരമയിൽ ചേർന്നിരുന്നു. കോടതിയിലേക്കു കൊണ്ടുവരുന്ന വഴി ഫോട്ടോ എടുത്ത മനോരമ ഫൊട്ടോഗ്രഫറുടെ നേർക്ക് കൈയോങ്ങി ആക്രോശിച്ചുകൊണ്ട് ഈറ്റപ്പുലിയെപ്പോലെ റെനി ചാടി വന്നത് ഇപ്പോഴും നടുക്കത്തോടെ ഓർക്കുന്നു. ‘‘ഞാൻ ഇറങ്ങി വരും. നിന്നെ ശവപ്പെട്ടിയിലാക്കും’’ എന്നു പറഞ്ഞിട്ടാണ് റെനി കോടതിയിലേക്ക് പോയത്. റെനിയുടെ അന്നത്തെ പരാക്രമത്തിന്റെ വാർത്ത ബോക്സ് ആയി മനോരമയിൽ കൊടുക്കുകയും ചെയ്തു.

ആറു വർഷത്തിനുശേഷം തിരുവനന്തപുരം ലേഖകനായി എത്തിയപ്പോൾ റെനി ജോർജിനെ വീണ്ടും കണ്ടു. പൂജപ്പുര സെൻട്രൽ ജയിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച:

news-thalakuri-karikkan-villa

തലസ്ഥാനത്ത് പുതിയ വാർത്തകൾ ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. കുപ്രസിദ്ധമായ ഏറ്റുമാനൂർ വിഗ്രഹ മോഷണക്കേസിലെ പ്രതി സ്റ്റീഫൻ നാട്ടകം, ജോളി വധക്കേസ് പ്രതി രവിയച്ചൻ, റെനി ജോർജ് എന്നിവർ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ മൂന്നുപേരെയും ഓരോ ദിവസമായി കണ്ടു. റെനി ആകെ മാറിയിരുന്നു. താൻ കൊലപാതകിയാണെന്ന് ഏറ്റുപറഞ്ഞ റെനി പശ്ചാത്താപ വിവശനായിരുന്നു. തനിക്കുണ്ടായ മാനസാന്തരത്തിന്റെ കഥ റെനി പറഞ്ഞതിങ്ങനെ.

ഒരിക്കൽ പരോളിലിറങ്ങി നാട്ടിലെത്തി. ജയിലിൽ വച്ച് ചില സഹതടവുകാരുമായി ചർച്ച ചെയ്ത്, ഒരു ബാങ്ക് കവർച്ചയ്ക്കുള്ള പദ്ധതിയുമായിട്ടാണ് ഇറങ്ങിയത്. പക്ഷേ വളരെ യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു സുവിശേഷ പ്രവർത്തകൻ റെനിയുടെ ജീവിതം മാറ്റിമറിച്ചു. അദ്ദേഹത്തോടൊപ്പം ഒരു പ്രാർഥനക്കൂട്ടത്തിൽ എത്തിച്ചേർന്ന റെനിക്ക് മാനസാന്തരം. കണ്ണീരോടെ തന്റെ തെറ്റുകൾ റെനി ഏറ്റുപറഞ്ഞു. തിരികെ റെനി ജയിലിലെത്തിയത് പുതിയ മനുഷ്യനായാണ്. കവർച്ച ആസൂത്രണം ചെയ്തു പോയി തിരികെയെത്തിയ റെനിയുടെ സഞ്ചിക്കുള്ളിൽ ഒരു ബൈബിൾ കണ്ടു സഹതടവുകാർ അന്തം വിട്ടു.

സാന്ത്വനവാക്കുകൾ ഓതി സ്ഥിരമായി കത്ത് അയച്ചിരുന്ന അജ്ഞാതയായ ഒരു പെൺകുട്ടി പിന്നീട് റെനിയുടെ ജീവിതസഖിയായി. ഒരു തവണ പരോളിലിറങ്ങിയ റെനി വിവാഹിതനായാണ് തിരിച്ചെത്തിയത്. മദ്രാസിലെ ജീവിതം മുതൽ മാനസാന്തരം വരെയുള്ള കഥ വിശദമായി പറഞ്ഞ റെനി അന്നു പറഞ്ഞ ഒരു വാചക മാത്രം കാതിൽ ഇപ്പോഴും ദഹിക്കാതെ കിടന്നു. ജയിലിൽ തന്റെ സഹ തടവുകാരനായ രവി അച്ചനെ കുറിച്ചായിരുന്നു പരാമർശനം. ‘‘കരിക്കൻവില്ല കേസിൽ എന്നെ പിടികൂടുക വഴി കേരള പൊലീസ് മികച്ച പൊലീസാണെന്നു ഞാൻ പറയും. കാരണം ഞാൻ കൊല ചെയ്തവൻ ആണ് . എന്നാൽ രവി അച്ചനെ കൊലക്കേസ് പ്രതിയാക്കിയതു വഴി കേരള പൊലീസ് ഏറ്റവും മോശമായ പൊലീസ് ആണെന്നും ഞാൻ പറയും.’’

karikkan-villa-news-thalakuri

‘‘രവിയച്ചൻ നിരപരാധിയാണെന്ന് റെനിക്ക് എങ്ങനെ അറിയാം? ’’ ഞാൻ ചോദിച്ചു. റെനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് ജയിലിൽ കൂടെ കിടക്കുന്നവർക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല.’’ റെനിയുടെ ആ വാക്കുകൾ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മനസ്സിൽ കിടക്കുന്നു.

നല്ലനടപ്പിന്റെ കൂടി ആനുകൂല്യത്തിൽ കാലാവധി തീരും മുൻപ് 1995 ൽ ജയിൽമോചിതനായ റെനി അന്നു തന്നെ തിരുവനന്തപുരത്തു മനോരമ ഓഫീസിൽ വന്നു. ബാംഗ്ലൂരിൽ ഭാര്യയ്ക്കൊപ്പം തടവുകാരുടെ മക്കൾക്കായി അനാഥാലയം തുടങ്ങുന്നതിനെക്കുറിച്ചു പറയാൻ.. വീണ്ടും റെനിയെ കാണുമ്പോൾ 40 കുട്ടികൾ അനാഥാലയത്തിൽ റെനിയുടെ സംരക്ഷണയിൽ കഴിയുന്നുണ്ടായിരുന്നു.

ജയിൽമോചിതനായ ശേഷം, ഒരു പതിറ്റാണ്ടു മുമ്പാണ് റെനിയെ ഒടുവിൽ കണ്ടത്; ശാലോം ടിവിയുടെ ചാനൽ ചർച്ചയിൽ. റെനിയെ അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങിക്കൊടുത്ത സിബി മാത്യൂസും ദീപികയുടെ മുൻ റസിഡന്റ് എഡിറ്റർ ദേവപ്രസാദും ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. തടവുപുള്ളിയും കേസന്വേഷിച്ച പൊലീസ് ഉദ്യാഗസ്ഥനും അപ്പോൾ വിശ്വാസത്തിന്റെ വഴിയിലായിക്കഴിഞ്ഞിരുന്നു.

karikkan-villa-murder-news

രവിയച്ചനെക്കുറിച്ച് കൂടുതൽ ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും വേണ്ടെന്നുവച്ചു. അപ്പോൾ ആ ചോദ്യത്തിന് പ്രസക്തി അവസാനിച്ചിരുന്നു. കാരണം ഹൈക്കോടതി കുറ്റവിമുക്തനാക്കിയ രവിയച്ചൻ അപ്പോഴേക്ക് ജയിൽമോചിതനായിരുന്നു. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല.

ഇതെഴുതുന്നതിനു മുൻപ് ഞാൻ റെനിയുടെ പഴയ നമ്പർ വെറുതെ ഡയൽ ചെയ്തു. ‘ജോൺ സർ’ അങ്ങേ തലയ്ക്കൽ റെനിയുടെ ശബ്ദം. റെനിയുടെ മൊബൈലിലെ കോണ്ടാക്ടിൽ ഈ നമ്പർ ഇപ്പോഴുമുണ്ട്. റെനി ഒന്നും മറന്നിട്ടില്ല. മരണത്തിനു തൊട്ടു മുമ്പും രവിയച്ചനോട് സംസാരിച്ചിരുന്നുവെന്നു പറഞ്ഞു. തടവുപുള്ളികളുടെ മക്കൾക്കായുള്ള അനാഥാലയം കോവിഡിനെ തുടർന്നു പൂട്ടി. ജയിലിനുള്ളിൽ കടന്നു തടവുകാരെ കണ്ടു കുട്ടികളെ ഏറ്റെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഇനിയതു തുറക്കുന്നില്ലെന്നു വച്ചു. പകരം ഇരുനൂറോളം തടവുകാരുടെ മക്കൾക്കു സ്കോളർഷിപ്പ് നൽകി സഹായിക്കുന്നു. ജീവിതത്തിൽ മാനസാന്തരപ്പെട്ട കുറ്റവാളികൾ ഏറെയുണ്ടെങ്കിലും തടവുകാരുടെ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാൾ റെനി മാത്രം.

Content Summary: Thalakkuri column written by John Mundakayam on Karikkan Villa murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS