ഭാഗ്യവും ഭാഗ്യാന്വേഷണവും മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന മരീചികയാണ്. ഓരോ ദൗർഭാഗ്യത്തിലും മനുഷ്യനെ മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിക്കുന്നത് അടുത്തെവിടെയോ കാത്തിരിക്കുന്ന ഭാഗ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ്. അതുകൊണ്ടുതന്നെ ഭാഗ്യക്കുറി എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നു. ഭാഗ്യക്കുറി എടുക്കുന്നവനും എടുക്കാത്തവനും നറുക്കുവീഴുന്ന ഭാഗ്യവാൻ ആരാണെന്ന് അറിയാൻ, അവന്റെ കഥ കേൾക്കാൻ തൽപരനാണ്. കാരണം സിനിമയിലെ ഹീറോയെപ്പോലെ ആ ഭാഗ്യവാനിൽ ജനം തങ്ങളെത്തന്നെ കാണുന്നു, സന്തോഷിക്കുന്നു. വീണ്ടും ഭാഗ്യക്കുറി ടിക്കറ്റ് എടുക്കുന്നു. ഒരു മാസം കോടീശ്വരനായി സ്വപ്നം കണ്ടു നടക്കുന്നു,. ഒരു മാസം സ്വപ്നം കാണാനുള്ള അവകാശത്തിന്റെ വിലയാണ് ലോട്ടറി ടിക്കറ്റിന്റെ വില.
കേരള ഭാഗ്യക്കുറിയുടെ 10 കോടി രൂപയുടെ ബംപർ അടിച്ച ഭാഗ്യവാനെ കാത്തിരുന്നത് ലോട്ടറി വകുപ്പ് മാത്രമല്ല കേരള ജനത ഒന്നാകെയാണ്. ബംപർ അടിച്ചതിനെക്കുറിച്ച് പത്രത്തിൽ എഴുതുന്നതു മുഴുവനും വള്ളിപുള്ളി വിടാതെ ജനം വായിച്ചു. ഇനിയൊരു പത്തുവർഷം കഴിഞ്ഞ് ബംപർ അടിച്ചവൻ ധനികനായോ ദരിദ്രനായോ ജീവിക്കുന്നത് എന്നു കഥയായി എഴുതിയാൽ അതും കൗതുകത്തോടെ വായിക്കും.

തലസ്ഥാനത്ത് ജോലി ചെയ്യവെ തൊണ്ണൂറുകളുടെ അവസാനമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ നടക്കുന്ന ഞെട്ടിക്കുന്ന ഒരു വിവരം എന്റെ ശ്രദ്ധയിൽ പെട്ടത്. ഭാഗ്യക്കുറിയുടെ ഏതാനും വർഷത്തെ ഒന്നാം സമ്മാനങ്ങൾ ഏഴു കുടുംബങ്ങളിലെ മൂന്നു ഡസനിലേറെ ആളുകൾ സ്വന്തമാക്കിയിരിക്കുന്നു. ലോട്ടറി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വഴി രേഖകൾ പരിശോധിച്ചപ്പോൾ സംഗതി സത്യം. തൊട്ടുമുമ്പുള്ള പത്തുവർഷത്തെ ഒന്നാം സമ്മാന ജേതാക്കളുടെ പേരുവിവരം സംഘടിപ്പിക്കാൻ ഞാനാ സുഹൃത്തിനെ ശട്ടംകെട്ടി. രണ്ടു ദിവസം കൊണ്ട് ആ രേഖകൾ അദ്ദേഹം എനിക്ക് എത്തിച്ചു തന്നു. അപ്പോഴല്ലേ തമാശ. പത്തുവർഷത്തിനുള്ളിൽ കേരളത്തിനകത്തും പുറത്തുമുള്ള പല കുടുംബങ്ങളെയും ഭാഗ്യദേവത അകമഴിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു. ചില കുടുംബങ്ങളിൽ ഭാഗ്യദേവത കുടിപാർപ്പു തന്നെ നടത്തിക്കളഞ്ഞു.
തൃപ്പൂണിത്തുറയിലെ ഒരു വീട്ടിൽ 16 മാസത്തിനുള്ളിൽ മാറി മാറി 16 തവണ ലോട്ടറിയടിച്ചു. കൊച്ചിയിലെ ഒരു വീട്ടിലേക്ക് തുടർച്ചയായി 12 ഒന്നാം സമ്മാനങ്ങളുമായി ഭാഗ്യം കയറിയിറങ്ങി. കോയമ്പത്തൂർ സിൽവർ റോക്ക് എന്ന വസതിയിൽ 10 ലക്ഷം ഒന്നാം സമ്മാനമുള്ള കൈരളി മുതൽ അഞ്ച് ലക്ഷം ഒന്നാം സമ്മാനമുള്ള പെരിയാർ വരെ സമ്മാനപ്പെരുമഴ. മഹാരാഷ്ട്രയിലെ താനെയിലെ 16 സിഡി അപ്പാർട്ട്മെന്റിൽ അരഡസൻ ഭാഗ്യശാലികളെ പല മാസങ്ങളിലായി കേരളത്തിന്റെ ബംപർ സമ്മാനം തേടിയെത്തി. ഉല്ലാസ് നഗറിലെ ഗോൾഡൻ ഗേറ്റിന് സമീപം അപ്പം ഹരി ദേവ് അപ്പാർട്ട്മെന്റിലെ ഒരു കുടുംബത്തിന് രണ്ട് തവണയായി രണ്ട് ഒന്നാം സമ്മാനം. കോയമ്പത്തൂരിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് കേരള ഭാഗ്യക്കുറിയുടെ ഏഴ് ഒന്നാം സമ്മാനം. മുംബൈയിലും പുണെയിലും ചെന്നൈയിലും ഒക്കെ ഭാഗ്യദേവത പറന്നു നടന്നു കടാക്ഷിച്ചു.

ഇതിന്റെ ഗുട്ടൻസ് അന്വേഷിച്ചപ്പോഴല്ലേ ഭാഗ്യക്കുറിയുടെ മറവിൽ നടക്കുന്ന വലിയൊരു നികുതി വെട്ടിപ്പിന്റെ കഥ പുറത്താവുന്നത്. കോടികളുടെ കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരൊറ്റ ഒന്നാം സമ്മാനം പോലും മേൽപറഞ്ഞവർക്കു നറുക്കു വീണതല്ല. യഥാർഥത്തിൽ ലോട്ടറി അടിച്ചവരിൽനിന്ന് ഇരു ചെവിയറിയാതെ മുഴുവൻ കാശും കറൻസിയായി കൊടുത്തു കൈവശപ്പെടുത്തിയതാണ്. ആദായ നികുതി വെട്ടിക്കാൻ ഇങ്ങനെ ഭാഗ്യക്കുറി അടിക്കുന്നവരെ കണ്ടെത്തി അവരുടെ ലോട്ടറി ടിക്കറ്റ് കൈക്കലാക്കുന്ന ഒരു മാഫിയ തന്നെ അന്ന് നാട്ടിലുണ്ടായിരുന്നു. 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള ലോട്ടറിക്ക് ആദായനികുതി കഴിഞ്ഞു കയ്യിൽ കിട്ടുക ആറര ലക്ഷം രൂപ. ടിക്കറ്റ് മാഫിയയ്ക്കു കൈമാറിയാൽ 10 ലക്ഷവും കൈയോടെ കിട്ടും. ലോട്ടറി അടിച്ച വിവരം പുറത്ത് അറിയാത്തതിനാൽ ആരും സഹായമോ വായ്പയോ ചോദിക്കുകയുമില്ല. മുംബൈയിലും പുണെയിലും ചെന്നൈയിലും ഒക്കെയുള്ള ബിസിനസുകാരുടെ ബ്ലാക്ക് മണി ലോട്ടറിയിലൂടെ വെളുവെളാ വെളുക്കുന്നു. അവരുടെ കുടുംബത്തിൽ അപ്പനെയും മക്കളെയും കൊച്ചുമക്കളെയുമെല്ലാം ഭാഗ്യദേവത മാറിമാറി കടാക്ഷിക്കും.

ലോട്ടറി തട്ടിപ്പിന്റെ കഥ മനോരമയുടെ ഒന്നാം പേജിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതോടെ നാടുമുഴുവൻ ചർച്ചയായി. കോടിക്കണക്കിനു രൂപയുടെ ആദായ നികുതി നഷ്ടം മനസ്സിലാക്കിയ ആദായനികുതി വകുപ്പ് ലോട്ടറി ഓഫിസിൽ മിന്നൽ പരിശോധന നടത്തി തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്നു. ലോട്ടറി ഡയറക്ടറോട് സർക്കാർ വിശദീകരണം ചോദിച്ചു. നറുക്കു വീണ യഥാർഥ ലോട്ടറി ടിക്കറ്റ് കൊണ്ടുവരുന്നവന് സമ്മാനം കൊടുക്കാനുള്ള ഉത്തരവാദിത്തമേ തങ്ങൾക്കുള്ളുവെന്ന് ലോട്ടറി അധികൃതർ പറഞ്ഞതോടെ തട്ടിപ്പിൽ അന്നത്തെ ലോട്ടറി വകുപ്പും പങ്കാളിയാണെന്നു തെളിഞ്ഞു. ആദായനികുതി വെട്ടിപ്പ് കണ്ടെത്തുകയോ സംശയം ആദായനികുതി വകുപ്പിനെ അറിയിക്കുകയോ ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന നിലപാട് ലോട്ടറി ഡയറക്ടർ മുതൽ മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. കൃത്യമായി മാഫിയ ഇവർക്ക് കമ്മിഷൻ എത്തിച്ചു കൊണ്ടിരുന്നു. സർക്കാർ അന്വേഷണം നടത്തി നടപടിയെടുത്തു. ആരിൽനിന്നു ടിക്കറ്റെടുത്തു എന്നു തുടങ്ങി ഭാഗ്യക്കുറി ജേതാവിന്റെ വിശ്വാസ്യത തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കി. അതിനുശേഷം യഥാർഥ ഭാഗ്യക്കുറി ജേതാവ് തന്നെ ആദായ നികുതി കൃത്യമായി നൽകി സമ്മാനം വാങ്ങിത്തുടങ്ങി.
Content Summary: Thalakkuri column by John Mundakayam on lottery tickets