പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ഒരു ലക്ഷം രൂപ കടം

HIGHLIGHTS
  • 2014 ൽ ആളോഹരി കടം 24000 രൂപ. എട്ടുവർഷം കൊണ്ട് അത് നാലിരട്ടിയിലേറെ ആയി.
  • പ്രവാസി മലയാളി കേരളത്തിലേക്ക് അയയ്ക്കുന്ന പണമാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
debt-thalakkuri
Representative image. Photo Credit: William Potter/Shutterstock.com
SHARE

മൂന്നു പതിറ്റാണ്ടു മുമ്പ്, 1990 ൽ തലസ്ഥാനത്തു പത്രപ്രവർത്തകനായി എത്തുന്ന കാലത്ത് നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു: കേരളത്തിലെ 20 ജലസേചന പദ്ധതികൾ 20 വർഷമായി പണി പൂർത്തിയാകാതെ കിടക്കുകയാണ്. അഞ്ചുവർഷത്തെ കാലാവധിയിൽ പണി പൂർത്തിയാക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയവ. പക്ഷേ ഡാമുകൾ ഉയരുന്നില്ല. ഉയരുന്നത് എസ്റ്റിമേറ്റ് തുക മാത്രം. ഒരു പദ്ധതിക്കു കല്ലിടുന്നു, അവിടെ ഒരു ക്യാംപ് ഓഫിസ് ഉണ്ടാക്കി എക്സിക്യൂട്ടീവ് എൻജിനീയർ മുതൽ സബ് എൻജിനീയർ വരെയുള്ളവരെ പോസ്റ്റ് ചെയ്യുന്നു, അടുത്ത സർക്കാർ വരുമ്പോൾ പുതിയൊരു ഡാമിനു കല്ലിടുന്നു, പുതിയൊരു ക്യാംപ് ഓഫിസ് തുറക്കുന്നു. അവിടെ കുറെ എൻജിനീയർമാരെ നിയമിക്കുന്നു, അതിനനുസൃതമായി പുതിയ പ്രമോഷൻ തസ്തിക സൃഷ്ടിക്കപ്പെടുന്നു.

അങ്ങനെ സർക്കാരുകൾ മാറിമാറി വന്നപ്പോൾ പുതിയ പുതിയ ജലസേചന പദ്ധതികൾക്ക് കല്ലിട്ടു. അങ്ങനെ ഓരോ ജില്ലയിലും രണ്ടും മൂന്നും പദ്ധതികളായി. ഒന്നും പണി പൂർത്തിയായില്ല. 15 കോടി രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിച്ച പദ്ധതിക്ക് അപ്പോൾത്തന്നെ 60 കോടി ആയിക്കഴിഞ്ഞിരുന്നു.

നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അന്ന് ജലസേചന പദ്ധതികളെക്കുറിച്ചു നിയമസഭാ സമിതി പഠിച്ച് സഭയ്ക്കു സമർപ്പിച്ച ഒരു റിപ്പോർട്ട് എനിക്ക് എടുത്തു തന്നു. അതുവരെ പുറത്തുവരാത്ത ആ റിപ്പോർട്ട് പശ്ചാത്തലമാക്കി കൂടുതൽ കണക്കുകൾ ശേഖരിച്ച് ഞാൻ മനോരമയിൽ വിശദമായ ഒരു വാർത്തയെഴുതി.

ആ വാർത്ത ഞാൻ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയില്ല. ആരും അതു ചർച്ച ചെയ്തില്ല. ഒരു രാഷ്ട്രീയ നേതാവും അന്ന് അതിനോടു പ്രതികരിച്ചില്ല. ആകെ ഉണ്ടായ ഒരു മാറ്റം അന്നത്തെ ജലസേചന മന്ത്രി ടി.എം. ജേക്കബ് മനോരമയിൽ വന്ന, ജലസേചന പദ്ധതികളുടെ എസ്റ്റിമേറ്റും പുതുക്കിയ തുകയും കാണിക്കുന്ന ചാർട്ട് ബോർഡിൽ വരപ്പിച്ച് അദ്ദേഹത്തിന്റെ ഓഫിസിൽ സ്ഥാപിച്ചു എന്നതു മാത്രം.

മാറിമാറി വന്ന സർക്കാരുകൾ വീണ്ടും പുതിയ ജലസേചന പദ്ധതികൾക്കു കല്ലിട്ടു. അങ്ങനെ 20 പദ്ധതികൾ എന്നത് മൂന്നു പതിറ്റാണ്ടു കൊണ്ട് 30 നു മുകളിലെത്തി. പൂർത്തിയായത് മൂന്നോ നാലോ മാത്രം. പദ്ധതിച്ചെലവ് എസ്റ്റിമേറ്റ് തുകയുടെ 50-60 ഇരട്ടിയാകുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ആയിരക്കണക്കിനു കോടി രൂപ കെടുകാര്യസ്ഥതയുടെ ഓവുചാലിലൂടെ ഒഴുകിപ്പോകുന്നത് സർക്കാരുകൾ കണ്ടില്ലെന്നു നടിച്ചു. ഈ പദ്ധതികളെല്ലാം നാടായ നാടൊക്കെ ജലം എത്തിച്ച് കൃഷി വളർത്താനായിരുന്നു. പക്ഷേ ഈ മൂന്നു പതിറ്റാണ്ടിനിടെ കൃഷിയും കൃഷിഭൂമിയുടെ അളവും വളർന്നത് താഴേക്കു മാത്രം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം ആഘോഷിക്കുമ്പോഴും സംസ്ഥാന ഖജനാവിലെ പണം ചോരുന്ന വഴികൾ അടയ്ക്കാൻ ഭരണകൂടം ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല. കെടുകാര്യസ്ഥതയും പാഴ്ചെലവും മൂലം, സംസ്ഥാന സർക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിലെ ഓരോ പൗരനും 1,07000 രൂപയുടെ കടക്കാരനാണ്. ഇന്നലെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പിറന്നുവീണ ആയിരത്തിൽപരം കുട്ടികൾ ജനിച്ചതു തന്നെ അവരറിയാതെ സർക്കാർ അവരുടെ മേൽ കെട്ടിവച്ച ഈ വലിയ കടഭാരവുമായാണ്. പത്തായം ഒഴിഞ്ഞപ്പോൾ വിത്തെടുത്തു കുത്തിയും ദുർചെലവുകൾ ആഘോഷമാക്കിയും ഭരിക്കുന്നവർ മേനി നടിക്കുന്നു.

2014 ൽ ആളോഹരി കടം 24000 രൂപ. എട്ടുവർഷം കൊണ്ട് അത് നാലിരട്ടിയിലേറെ ആയി. കേരളത്തിലെ 3.2 കോടി ജനങ്ങളുടെ മേൽ ഇത്ര വലിയ കടഭാരം കയറ്റി വയ്ക്കുന്ന സർക്കാർ ഇവിടെ ജനിക്കുന്ന ഓരോ പൗരനും ഇവിടെ ജോലി ഉറപ്പു നൽകുന്നില്ല. ജീവിക്കാൻ വേണ്ടി അവൻ കടൽ കടന്ന് അന്യദേശങ്ങളിൽ പോയി പണിയെടുക്കുകയാണ്. ഗൾഫിലെ എണ്ണപ്പാടങ്ങളിൽ മുതൽ ഏഴാം കടലിനക്കരെ അമേരിക്കയിലെ ഐടി കമ്പനികളിൽ വരെ ഗൃഹാതുരതയോടെ ജോലി ചെയ്യുന്ന മലയാളി കേരളത്തിൽ മാന്യമായ ജോലി ഇല്ലാത്തതുകൊണ്ടു മാത്രം കടൽ കടന്നുപോയതാണ്. 

പ്രവാസി മലയാളി കേരളത്തിലേക്ക് അയയ്ക്കുന്ന ഒരു ലക്ഷം കോടി രൂപയ്ക്കു മേൽ വരുന്ന പണമാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. നികുതി പിരിച്ചും കടമെടുത്തും ഇവിടെ സർക്കാർ പൊതുമേഖലയിൽ വ്യവസായശാലകൾ തുടങ്ങി. അവയെല്ലാം ബാലൻസ് ഷീറ്റിൽ എഴുതി വച്ചത് വലിയ നഷ്ടത്തിന്റെ കണക്കുകൾ. പുഴയായ പുഴയൊക്കെ കെട്ടിയടച്ച് ജലവൈദ്യുത പദ്ധതികൾ തുടങ്ങി. എന്നിട്ടും സംസ്ഥാനം ഉൽപാദിപ്പിക്കുന്നത് നാം മൊത്തം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നാലിലൊന്നു മാത്രം. 75 % വൈദ്യുതിയും ദീർഘകാല കരാറുണ്ടാക്കി വലിയ വില കൊടുത്തു പുറമേനിന്നു വാങ്ങുന്നു. ഇതേസമയം കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന കരാറുമായി വരുന്നവരെ ഇടംകാലു കൊണ്ടു തട്ടിയകറ്റുന്നു. എന്നിട്ട് ഓരോ മാസവും ഉപയോക്താക്കളെ വൈദ്യുതി ബില്ലിന്റെ വലിയ ഷോക്കടിപ്പിച്ച് കൊല്ലുന്നു.

റോഡുകളിലെ കുഴി യഥാസമയം നികത്താതെ അതിനുള്ളിൽ വീണ് മനുഷ്യജീവൻ പൊലിയുമ്പോൾ ഒരു ലക്ഷത്തിൽ പരം കോടി രൂപ മുടക്കി അതിവേഗ റെയിൽപാത നിർമിക്കാനുള്ള ആവേശത്തിലാണ് സർക്കാർ.

നാടുമുഴുവൻ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോൾ, നാട്ടുകാരെ പേടിയുള്ളവർ ധാരാളിത്തം കാട്ടാൻ ഒന്നറയ്ക്കും. സ്വന്തം കയ്യിൽ പണമുള്ളവർ പോലും, ആർഭാടം കാട്ടുമ്പോൾ നാട്ടുകാർ എന്തു പറയും എന്ന് ഒരു നിമിഷം ആലോചിക്കാറുണ്ട്. 

ഭരണാധികാരികൾ ഖജനാവിലെ പണം കൊണ്ട് ആർഭാടം കാട്ടും മുമ്പ് ജനം എന്തു ചിന്തിക്കുമെന്ന് ആശങ്കപ്പെടണം. സർക്കാർ ഒരു കാര്യം ചെയ്യുമ്പോൾ അത് ധൂർത്താണെന്നും അനാവശ്യമാണെന്നും സാധാരണ ജനത്തിനു തോന്നുമോ എന്നു രണ്ടു വട്ടം ആലോചിക്കണം. ഇപ്പോൾ അതല്ല സ്ഥിതി. കാര്യങ്ങൾ ഉന്നതതലത്തിൽ തീരുമാനിക്കപ്പെടുന്നു. ഇത്രയും വേണോ എന്നു ചോദിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. അധികാരവും സംഘബലവും ഉള്ളപ്പോൾ ചോദിക്കാൻ ആര് എന്ന ഭാവം. ഇതൊക്കെ ജനാധിപത്യത്തിന്റെയല്ല, മറിച്ച് ഏകാധിപത്യത്തിന്റെ പ്രവണതകളാണ്.

Content Summary: Every newborn in Kerala has a debt of Rs 1 lakh, Thalakkuri column by John Mundakkayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}