മഞ്ജുവിനെപ്പോലെ നമുക്കും എല്ലാം അലിയിച്ചു കളയാം

Corona Virus And Soap
പ്രതീകാത്മക ചിത്രം
SHARE

ഇന്നത്തെ കാലത്ത് എല്ലാത്തിനും വേണ്ടേ ഒരു സ്പോൺസർ? അങ്ങനെയാണെങ്കിൽ കൊറോണയെ സ്പോൺസർ ചെയ്തതാ രാവും? കൊറോണ വന്നതുകൊണ്ടുള്ള ഏക ബനഫിഷറി സോപ്പ് നിർമാതാക്കൾ ആണല്ലോ?. ഒരു ഓർഡറുമില്ലാതെ ഈച്ചയെ ആട്ടിനിന്നിരുന്ന സോപ്പ് കമ്പനികളിൽ വരെ തിരക്കോട് തിരക്ക്. പൊളിഞ്ഞുപാളീസായ, പൂട്ടിപ്പോയ സോപ്പ് കമ്പനികൾ പോലും തുറന്നപ്പോൾ റെക്കോർഡ് സെയിൽസ്. ഈ തക്കംനോക്കി ഇറക്കിയ പല തട്ടിക്കൂട്ട്  ബ്രാൻഡുകൾക്കുപോലും അവിശ്വസനീയമായ ഡിമാൻഡ്! ഇത്രയും നല്ലൊരു കാലം സോപ്പുകൾക്ക് മുൻപ് ഉണ്ടായിട്ടില്ല, ഇനി വരാനും പോകുന്നില്ല.

നല്ല പാലക്കാടൻ മട്ട ചോറാക്കി മുന്നിൽ വിളമ്പി വച്ചാലും അതിലെ ഓരോ ചോറിൻവറ്റും വടികൾകൊണ്ട് അമ്മാനമാടി വായിലാക്കുന്നവരെയാണ് കൊറോണ സോപ്പിട്ടു കൈകഴുകാൻ ആദ്യം പഠിപ്പിച്ചതെന്ന് ഓർക്കുക. കത്തിയും മുള്ളും കൊണ്ട് ചിക്കൻ മുതൽ കോഴിമുട്ടവരെ വയറ്റിലെത്തിച്ചിരുന്നവർക്ക് ഇപ്പോൾ കൈകൾ സോപ്പിട്ടു പതപ്പിക്കാനേ നേരമുള്ളൂ. എന്തുതിന്നാലും  ടിഷ്യുപേപ്പറല്ലാതെ വെള്ളംതൊടില്ലെന്ന് പ്രതിജ്ഞയെടുത്തവർക്ക്  ഇപ്പോൾ എത്രതവണ സോപ്പിട്ടു കൈകൾ കഴുകിയിട്ടും മതിയാവുന്നില്ല. പീലാത്തോസാണ് ആദ്യമായി കൈകഴുകി പാപക്കറ പോക്കിയതെന്നു വിശ്വസിക്കുന്നവർ, പീലാത്തോസ് തസ്തമയം സോപ്പിട്ടോയെന്ന റിസർച്ചിലാണ്.

ഏതു സ്ഥാനവും മാനവും സോപ്പിട്ടു വാങ്ങുന്നതിൽ ഡോക്ട്രേറ്റ് നേടിയവർ പോലും സോപ്പിന്റെ യഥാർഥ വില ശരിക്കും അറിയുന്നത് ഇപ്പോൾ മാത്രം. മരണം വിതച്ച് ലോകം മുഴുവൻ വിറപ്പിക്കുന്ന കൊറോണയെ, സോപ്പു കുമിളകൾ മഞ്ജുവാരിയറുടെ പരസ്യവാചകം പോലെയല്ലോ അലിയിച്ചു കളയുന്നത്. 

ഭീമാകാരനായ ഗോലിയാത്തിനെ കൊന്നു കൊലവിളിക്കാൻ ദാവീദിന്റെ കവണയിലെ കൊച്ചുകല്ലു മതിയെന്നതുപോലെയായി സോപ്പിന്റെ പുതിയ നിയോഗം.

തച്ചോളി ഒതേനെന്റെ നാട്ടിൽ നിന്നു വന്ന പിണറായി വിജയനെപ്പറ്റി വരുംതലമുറ പടുന്ന വടക്കൻ വീരഗാഥയാകട്ടെ പഞ്ച് ലൈൻ. അതിങ്ങനെ :

 (മനുഷ്യ) ചങ്ങല തീർക്കുന്നതു നീയേ... (കൊറോണ) ചങ്ങല പൊട്ടിക്കുന്നതും നീയേ... 

English Summary : Corona Virus And Soap

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ