ചാനലുകൾക്ക് പണം വാരാൻ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം!

cheif-minister
SHARE

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് മുക്തനാകാൻ വൈകിയിരുന്നെങ്കിൽ അദ്ദേഹത്തിനായി ഒരു വിമാനം കൊച്ചിയിലേക്കു ചാർട്ട് ചെയ്യുമായിരുന്നു പോലും! കളമശ്ശേരി ആശുപത്രിക്ക് ഇപ്പോൾ ലണ്ടനിൽ അത്ര പേരാണ്. അതുപോലെ തന്നെ ലോകമാകെ പേരടിച്ചു നിൽക്കുകയാണ് കേരള മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും!

കളമശ്ശേരി ആശുപത്രിയുടെ പ്രചാരകൻ ബ്രിട്ടിഷുകാരനായ സഞ്ചാരി നീൽ സായിപ്പാണെങ്കിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പബ്ലിസിറ്റി നൽകുന്നത് സാക്ഷാൽ ബിബിസിയും. പണ്ട് പുറം നാടുകളിൽ പോയി വരുന്ന മലയാളികൾക്കു സ്വന്തം നാട്ടിലെ റോഡുകളോടും പാലങ്ങളോടും ആശുപത്രികളോടും ഒരു തരം പുച്ഛം വരാറില്ലേ? അതുപോലെയാണ് ലണ്ടനിൽ സായിപ്പ് ഇപ്പോൾ. ആശുപത്രീന്നു പറഞ്ഞാൽ കളമശ്ശേരി ആശുപത്രീന്നാ അദ്ദേഹത്തിന്റെ വായ്ത്താരി.

സായിപ്പ് പറയുന്നത് സായിപ്പിന്റെ സ്വന്തം അനുഭവം. തേക്കടിയിൽ‍ ആനക്കൂട്ടങ്ങളുടെ പടമെടുത്തു നടക്കുമ്പോഴാണ് സായിപ്പിനെ കോവിഡ് പിടികൂടുന്നത്. തന്നെ എങ്ങനെയെങ്കിലും ലണ്ടനിലെ ഒരു ആശുപത്രിയിൽ എത്തിക്കണമെന്ന് അധികൃതരുടെ കാലും കൈയ്യും പിടിച്ച് അദ്ദേഹം ഇരന്നു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ, ആദ്യം കണ്ട ഡോക്ടറോടു പൊട്ടിക്കരഞ്ഞു കൊണ്ട് സായിപ്പ് ചോദിച്ചു: കൊല്ലാൻ കൊണ്ടുവന്നതാണോ?

ചികിത്സ കഴിഞ്ഞിറങ്ങിയപ്പോഴോ? പൊട്ടിച്ചിരിച്ചും സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതെ തുള്ളിച്ചാടിയും പറഞ്ഞതിങ്ങനെ: ഇത്രയും നല്ലൊരു ആശുപത്രിയോ ഡോക്ടറോ നഴ്സോ ഇംഗ്ലണ്ടിലെന്നല്ല, ലോകത്തൊരിടത്തും കാണില്ല.

ദിവസവും സൂര്യൻ അസ്തമിക്കും മുൻപ് ആയിരം പേർക്കെങ്കിലും അന്ത്യകൂദാശ നൽകുന്ന രാജ്യമെന്ന പേരുദോഷം കൂടി കിട്ടിയ ഇംഗ്ലണ്ടിൽ കളമശ്ശേരി മാത്രമല്ല കേരളം തന്നെ മഹാദ്ഭുതം. കേരളത്തിലാകെ കോവിഡ് മൂലം മരിച്ചത് രണ്ടോ മൂന്നോ പേരാണെന്ന വാർത്ത അവിടെ പലർക്കും ഇനിയും വിശ്വാസമായിട്ടില്ല. ഇനി യുട്യൂബിനു തെറ്റിയതാണോ എന്നുവരെയാണ് സംശയം.

പണ്ടേ ഈ കൊച്ചു കേരളത്തിലെ നഴ്സുമാർക്ക് ലണ്ടനിലെ ആശുപത്രികളിൽ മുൻഗണനയുണ്ട്. ഇപ്പോൾ മലയാളി നഴ്സുമാരുടെ പേരുതന്നെ അവർ മാറ്റി ‘മലയാളി മാലാഖ’ എന്നാക്കിയിരിക്കുന്നു.

ലോക ആതുരരംഗത്തിന്റെ ഭൂപടത്തിൽ മലയാളികളായ ആതുര സേവകരുടെ ഗ്രാഫ് ഇപ്പോൾ മാനം മുട്ടിനിൽക്കുന്നു. അതോടൊപ്പം മുഖ്യമന്ത്രി പിണറായിയുടെ നിത്യേനയുള്ള പത്രസമ്മേളനം ചാനലിൽ മെഗാ ഹിറ്റാണെന്ന വാർത്തയും ലോകത്താകമാനം പാട്ടായിരിക്കുന്നു. ഇത്രയേറെ റേറ്റിങ് ഉള്ള മറ്റൊരു ചാനൽ പരിപാടി വേറെയില്ല പോലും !

ഒരു പണിയുമില്ലാതിരുന്ന് രാവിലെ വീട്ടിലേക്ക് ആവശ്യമായി പച്ചക്കറി വാങ്ങാനെന്ന പേരിൽ നാടാകെ ഒന്നു കറങ്ങി ഉച്ചയൂണു കഴിഞ്ഞൊന്ന്  ഉറങ്ങുന്ന പുരുഷ കേസരിമാരൊക്കെ വൈകുന്നേരം അഞ്ചരയാകുന്ന തോടെ ടിവിക്കു മുന്നിലിരിക്കുന്നു. അമ്മ പെങ്ങന്മാരും മക്കളും എല്ലാം ഉള്ള സ്ഥലത്ത് സാമൂഹിക അകലം പോലും പാലിക്കാതെ വാ പൊളിച്ചിരിക്കുമ്പോൾ, മിനിസ്ക്രീനിൽ മുഖ്യമന്ത്രി പിണറായിയുടെ മുഖം നിറയും. കോവിഡിനെപ്പറ്റിയുള്ള വിവരങ്ങളെല്ലാം വസ്തുനിഷ്ഠമായി പറയും. ഇക്കൂട്ടത്തിൽ ചില സൗജന്യങ്ങളും ഇളവുകളും സ്ത്രീജനങ്ങൾക്കു കൂടി പ്രിയങ്കരമായിയെന്നറിഞ്ഞതോടെ ചില സ്ത്രീപക്ഷ തമാശകളും എല്ലാം ചേർന്നാൽ പത്രസമ്മേളനം സൂപ്പർ ഹിറ്റ് തന്നെ.

മാധ്യമ പ്രവർത്തകരോട് ‘കടക്കു പുറത്ത്’ എന്ന ശുണ്ഠിയെടുത്തു പറഞ്ഞത് ഈ പച്ചപ്പാവമാണെന്ന് അവർക്കു വിശ്വസിക്കാൻ കഴിയുന്നില്ല. എന്തൊരു വിനയം, ചോദ്യത്തിനുള്ള ഓരോ ഉത്തരവും എത്ര സൗമ്യം. ശരിക്കും കേൾക്കാതെ വരുന്ന ചോദ്യങ്ങളുണ്ടാകുമ്പോൾ ‘ഓ’ എന്ന അന്വേഷണം തന്നെ മനംകുളിർപ്പിക്കുന്നു. കേൾക്കാൻ പാകത്തിന് ഉറക്കെ ചോദ്യം ചോദിക്കാത്ത ആ പത്രപ്രവർത്തകന് ഒരു ചവിട്ടു വച്ചു കൊടുക്കാൻ നമുക്കു തോന്നും. അപ്പോഴും മുഖ്യന്റേത് ഹൃദയം തുറന്നൊരു ചിരി.

പുതിയ സീരിയലുകൾ ഷൂട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ട് കഷ്ടപ്പെടുന്ന ചാനലുകാർക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മൂലം രണ്ടു സീരിയലിന്റെ സമയവും പണവും ലാഭം. 8 മുതൽ 9 മണി വരെ ഒരു പത്രസമ്മേളനം കൂടി മുഖ്യമന്ത്രിയെക്കൊണ്ടു നടത്തിക്കാനാണ് അവരുടെ ശ്രമം.

English Summary : Chief Minister Pinarayi Vijayan's 6 pm Press Meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.