കേരള മക്കൾക്കും സാബത്ത് ദിനം

pinarayi-vijayan
SHARE

യഹോവ ഇസ്രയേൽ മക്കൾക്കായി പ്രഖ്യാപിച്ച സാബത്ത് ദിനം നമ്മുടെ സിഎം കേരളമക്കൾക്കും ബാധകമാക്കിയിരിക്കുന്നു!

ആറു ദിവസംകൊണ്ടു ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും സൃഷ്ടിച്ചശേഷം, ഏഴാംനാൾ ദൈവം വിശ്രമിച്ചതിന്റെ ഓർമയ്ക്കാണ് ഇസ്രയേൽ മക്കൾ സാബത്ത് ആചരിക്കുന്നതെങ്കിൽ ആറു ദിവസത്തെ പത്രസമ്മേളന യജ്ഞത്തിനുശേഷം നമ്മുടെ സിഎം ഏഴാംദിവസം വിശ്രമിക്കുന്നതിന്റെ പ്രതീകാത്മക സാബത്താണു കേരളമക്കൾ ഞായറാഴ്ചകളിൽ  കൊണ്ടാടുന്നത്.

ആറുദിവസവും സിഎം കഠിനാധ്വാനവും അർപ്പണവും ഈ പത്രസമ്മേളനത്തിനുവേണ്ടി നടത്തുന്നുണ്ടെ ങ്കിലും, ഒരു ജോലിയും ചെയ്യാതെ എല്ലാം ബംഗാളികൾക്കായി മാറ്റിവച്ച നമുക്കെന്തിന് ഒരു പ്രത്യേക വിശ്രമ ദിനമെന്നു ചോദിക്കുന്നവരുണ്ടാകാം. അതു കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെ, ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാടുകളിലേക്കു തീവണ്ടികളിൽ അയച്ചു തുടങ്ങിയ ശേഷം മാത്രമാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

യഹൂദജനതയ്ക്കു ശനിയാഴ്ചയാണു സാബത്ത്. ദിവസവും കത്തിക്കാൻ ഏഴു തിരികളുള്ള ഹന്നൂക്ക എന്ന വിളക്കിന്റെ ആറും ഏഴും തിരികൾ യഹൂദന്മാർ വെള്ളിയാഴ്ചതന്നെ ഒന്നിച്ചു കത്തിക്കും. ശനിയാഴ്ച അടുപ്പിൽ പോലും തീ കത്തിക്കുകയില്ല. (ഇതിന്റെ ഓർമയ്ക്കായി കേരളത്തിലുള്ള യഹോവസാക്ഷികളും സെവൻത് ഡേ അഡ്വന്റിസ്‌റ്റുകളും ശനിയാഴ്ച സാബത്ത് ആചരിക്കുന്നു). അതേസമയം തന്നെ സാബത്ത് ദിവസം തളർവാതം പിടിപെട്ട രോഗിയെ യേശു സുഖപ്പെടുത്തിയതു സംബന്ധിച്ചുണ്ടായ പുകില് ബൈബിളിൽ വിശദമായി പറയുന്നുണ്ട്. യഹൂദന്മാർക്ക് അവധി ശനിയാഴ്ചയെങ്കിൽ മുസ്‌ലിംകൾക്കു വെള്ളിയാഴ്ചയും ക്രിസ്ത്യാനികൾക്കു ഞായറാഴ്ചയും മുടക്കമാണല്ലോ.

നമ്മുടെ സിഎം എന്തുകൊണ്ടു ഞായറാഴ്ച തന്നെ സാബത്തായി പ്രഖ്യാപിച്ചുവെന്നതിനും ഉത്തരമുണ്ട്:  ഇപ്പോഴത്തെ ജൂലിയൻ കലണ്ടർ എടുത്തു നോക്കിയാൽ പൂർണമായി ചുവന്നു തുടുത്തു നിൽക്കുന്ന ഒരൊറ്റ ദിനമേയുള്ളൂ. അതു ഞായറാഴ്ചകൾ മാത്രം!

കൂട്ടത്തിൽ പറയട്ടെ:  മന്ത്രി രാമകൃഷ്ണൻ ഇസ്രയേലിലും മറ്റും പോകാത്തതുമൂലം നഷ്ടവും കഷ്ടവും സഹിക്കുന്നതു നാട്ടിലെ പാവപ്പെട്ട കുടിയന്മാരാണ്.  ബിവറേജ് കടകൾ ഇപ്പോൾ തുറന്നാൽ ആളെ നിയന്ത്രിക്കാൻ വയ്യാതെ, ലാത്തിച്ചാർജ് നടത്തേണ്ടിവരുമെന്നതു നേര്. ഇസ്രയേലിൽ യേശുക്രിസ്തു കുരിശുമരണം വരിച്ച കാൽവരിക്കുന്നിലുള്ള സാദാ ഷാപ്പുകളിൽവരെ ഈ സാധനം വാങ്ങാൻ കിട്ടും. സർക്കാരിന്റെ സീലുവച്ച ഈ മുതൽ നാട്ടിലെ സാധാരണ കടകളിൽ വിറ്റാലെന്താ എന്നാണ് ഇസ്രയേലിൽ പോയി വന്നവർ ചോദിക്കുന്നത്. അതു രാമകൃഷ്ണൻ മന്ത്രി കേട്ടില്ലെന്നു നടിക്കേണ്ട.

പുറത്തിറങ്ങണമെങ്കിൽ മാസ്ക് വയ്‍ക്കണമെന്നു സിഎം നിർബന്ധിക്കുന്നു. കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ഇതു പറയുന്നതെങ്കിലും ചൂടുവെള്ളത്തിൽ വീണ സിഎം പച്ചവെള്ളം കണ്ടാലും പേടിക്കണമല്ലോ.  ഇനി അളിയനു മാസ്ക് കമ്പനിയുണ്ടെന്ന ഒരു ആക്ഷേപം വന്നാലോയെന്നു കരുതിയാകാം സിഎം ഒരു രണ്ടാംമുണ്ടുകൊണ്ടു മൂക്കും വായയും മൂടിയാണു നടക്കുന്നത്.  ടവലുള്ളവർ അതു കെട്ടിയാൽ മതിയെന്നു ഷംസീർ പറയുന്നതും അതുകൊണ്ടുതന്നെ.  എന്തായാലും പുറത്തിറങ്ങുന്ന ഒരാളും പരസ്പരം തിരിച്ചറിയില്ല. ഇതോടെ കേരളമക്കളുടെ മുഖം നഷ്ടമായിരിക്കുന്നുവെന്നാകും പുതിയ അധിക്ഷേപം. 

അതു ശരിയാണല്ലോ.  മാസ്ക് ധരിച്ചു നടന്നുവരുമ്പോൾ എതിരേ വരുന്നത് എതിരാളിയായാലും നാം അറിയാതെ അഭിവാദ്യം ചെയ്തുപോകും.  മേലധികാരിയുടെ മുന്നിൽവച്ചുതന്നെ കീഴ്ജിവനക്കാരന് ഇപ്പോൾ കൊഞ്ഞനം കുത്താം.  വേണമെങ്കിൽ രണ്ടു തെറിവാക്കുകൾ പിറുപിറുക്കുകയുമാവാം. വനിതകൾക്കാണെ ങ്കിൽ വലിയ മേക്കപ്പും വേണ്ട. ഒരു ചാൺ തുണികൊണ്ട് ഇതിലേറെ നാം പ്രതീക്ഷിക്കുന്നതും ശരിയല്ലല്ലോ.

അതിഥികളെക്കൊണ്ടു പണിയെടുപ്പിച്ചു സുഖിച്ചിരുന്ന നാം മലയാളികൾ ഇനി അത്യാവശ്യം മേലനങ്ങാതെ പറ്റില്ല.  പോരാത്തതിനു ലക്ഷക്കണക്കിനു വീട്ടുകാരിതാ ഒരു പണിയുമില്ലാതെ വിദേശത്തുനിന്നു തിരിച്ചു വരുന്നു. ഇനി പണിയെടുത്തില്ലെങ്കിൽ, കോവിഡ് കൊണ്ടല്ല, പട്ടിണികൊണ്ട് നാം ഓരോരുത്തരും  മരിച്ചു വീഴും.

English Summary : Chief Minister Pinarayi Vijayan's press conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.