ചന്ദ്രേട്ടൻ എവിടെയാ?

mask-main-image
SHARE

കൊറോണക്കാലം കഴിഞ്ഞാലും മാസ്‍ക് നമ്മോടു വിടപറയില്ല.  ഹെൽമറ്റ് പോലെ, സീറ്റ് ബെൽറ്റ് പോലെ അതു കൂടെയുണ്ടാകും. ധരിക്കുന്ന വസ്ത്രങ്ങൾക്കു മാച്ചു ചെയ്യുന്ന വിധം വിവിധ വർണങ്ങളിലും രൂപങ്ങളിലും ഡിസൈൻ മാസ്കുകൾ വരാം. ഇപ്പോൾത്തന്നെ മൈത്രിയുടെ കസവു മാസ്കുകൾ വിപണിയിലുണ്ട്.  ഇപ്പോൾ 5 രൂപ മുതൽ 20 രൂപവരെ റേഞ്ചിലുള്ള മാസ്കുകളേ പ്രചാരത്തിലുള്ളൂ.  ഇനി ആയിരം, രണ്ടായിരം അങ്ങനെ എത്ര വേണമെങ്കിലും വിലയ്‌ക്കുള്ള മാസ്കുകളും ഉണ്ടാകാം. സീ ത്രൂ മാസ്കുകൾക്കും സ്കോപ്പുണ്ട്.

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കു മാത്രമാണു ഹെൽമറ്റ് നിർബന്ധം. എന്നാൽ ഇരുകാലികളായ സർവ മനുഷ്യരും വിട്ടിൽനിന്നിറങ്ങണമെങ്കിൽ ഇപ്പോൾ മാസ്ക് വച്ചിരിക്കണം. വണ്ടി ഓടിക്കുമ്പോൾ ഹെൽമറ്റ് വച്ചില്ലെങ്കിലാണു പിഴ. മാസ്കിന് അങ്ങനെയല്ല, വീട്ടിൽനിന്നിറങ്ങി നടന്നാലും ഓടിയാലും ഒരിടത്ത് ഒരേ നിൽപു നിന്നാലും അതണിഞ്ഞില്ലങ്കിൽ പിഴയും പിഴയോടു പിഴയും.

ഓഫിസിലേക്കായാലും ബസ് സ്‌റ്റോപ്പിലേക്കായാലും റോഡിലിറങ്ങി നടക്കുമ്പോഴുള്ള പഴയൊരു സുഖം ഒരു ഗതകാല സ്മൃതിയായി. വഴിയിലാകെ സുഗന്ധം പകർന്നു വിടർന്നു നിൽക്കുന്ന മുഖാംബുജങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം. സാക്ഷാൽ ഐശ്വര്യ റാണിമാർ മുന്നിൽവന്നു ചാടിയാലും നാം തിരിച്ചറിയില്ല.  അവരുടെ മുഖത്തുമുണ്ടാകില്ലേ ഒരു തുണിമറ?

രോഗികളും രോഗികളെ ശുശ്രൂഷിക്കുന്നവരും മാത്രം മാസ്ക് ഇട്ടാൽ മതിയെന്നു പറഞ്ഞപ്പോൾ സിഎമ്മിന്റെ ആറുമണി പത്രസമ്മേളനം ഞങ്ങൾക്കു മഹാഹിറ്റ്!  അത് 5 മണിക്ക് ആക്കിയതിൽ പരാതിയില്ല.  പക്ഷേ, മാസ്ക് എല്ലാവർക്കും നിർബന്ധമാക്കിയതിലാണു ഞങ്ങൾക്കു സിഎമ്മിനോടു പരിഭവം.  ഈ വൈറസ് വായുവിലൂടെ വരില്ലെങ്കിൽ പിന്നെന്തിനാ മാസ്ക്?  പ്രായമായവർക്കും കുട്ടികൾക്കും മാത്രമാണു വൈറസ് വരാൻ സാധ്യതയെങ്കിൽ സിഎമ്മേ, അങ്ങേയ്ക്ക് അവർക്കുമാത്രം അതു നിർബന്ധമാക്കി പഴയ സ്റ്റാൻഡിൽ ഉറച്ചുനിന്നുകൂടേ?

ജീവനോടൊപ്പം ജീവിതവും വേണമെന്നല്ലേ മോദിജിയും പറയുന്നത്?  സാർ, നമ്മുടെ ചെറുപ്പക്കാർ ചെത്തിനടക്കട്ടെയെന്ന്!  മാസ്ക് വച്ചാൽ പെണ്ണുങ്ങളെ കാണാൻ വല്ല ഭംഗിയുമുണ്ടോ?  ആൺപിള്ളേർ തന്നെ കുറ്റിത്താടിയും അതിനുമേൽ ഒരു മാസ്ക്കും വച്ചു നടന്നാൽ ഇതെന്തൊരു കോലമെമെന്ന് ആരും പറഞ്ഞുപോകില്ലേ?  എന്തൊക്കെ ഇളവുകൾ സിഎമ്മേ, അങ്ങു തന്നു. ഈ ഇളവുകൂടി തന്നുകൂടേ?

ഓഫിസുകളിൽ ഇപ്പോൾ നേരം പോകുന്നതേയില്ല. ആകെയുള്ള പ്രസന്നയും ആമിനയും മേരിക്കുട്ടിയും മാസ്കും കെട്ടി ഇരുന്നാൽ വാച്ചിന്റെ സൂചിവരെ നീങ്ങില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?  ഓഫിസിലെത്തിയാൽ വീടിനകത്തുള്ളതുപോലെ മാസ്ക് വേണ്ടെന്ന് അങ്ങു പറഞ്ഞില്ലെങ്കിൽ ഓഫിസുകളിൽ എന്തെങ്കിലും ഒരു പണി നേരേ ചൊവ്വേ നടക്കുമോ?  ഇക്കാര്യങ്ങളൊക്കെ പ്രഭാവർമയും പി.എം. മനോജും സിഎമ്മിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെങ്കിൽ രമേശ് ആശാൻ പറയുംപോലെ 5 മണി പത്രസമ്മേളനത്തിന് ‘5 മണി തള്ള്’ എന്നു ഞങ്ങളും പറയേണ്ടിവരുമോ?

മുൻപൊക്കെ മാസ്ക് വച്ചിരുന്നതു കള്ളന്മാരാണ്. അന്നതിന്റെ പേരു മുഖംമൂടി എന്നായിരുന്നു. ബാങ്കുകളിൽ മാത്രമല്ല, വീടുകളിൽ വേറെ ഒളിക്യാമറയുള്ളതിനാൽ ആളെ തിരിച്ചറിയാതിരിക്കാനാണു ലോകത്താകമാനമുള്ള മോഷ്ടാക്കൾ പ്രവൃത്തിസമയത്തു മുഖംമൂടി നിർബന്ധമാക്കിയത്.  പിന്നീടു നാറ്റക്കേസുകളിൽ പിടിയിലാകുന്നവർ സാരിത്തലപ്പുകൊണ്ടോ ടവലുകൊണ്ടോ പത്രക്കടലാസുകൊണ്ടോ ക്യാമറയ്ക്കു മുന്നിൽ മുഖംമറയ്ക്കാൻ തുടങ്ങി.  രണ്ടാംമുണ്ടുകൊണ്ടു മുഖവും വായയും മൂടുന്ന ഓപ്ഷൻ വരുന്നത് അങ്ങനെയാണ്.  മോദിജിയും പിന്നാലെ നമ്മുടെ സിഎംജിയും ഷാൾധാരികളായതും ഞങ്ങൾ കാണുന്നുണ്ട്. 

ഇരുചക്രവണ്ടി ഓടിക്കുന്ന ചിലർ ഹെൽമറ്റ് തലയിൽ വയ്‌ക്കാതെ കൈയിൽ തൂക്കിയിടാറില്ലേ?  അതുപോലെതന്നെ, വായും മൂക്കും മൂടാതെ മാസ്ക് കാതിൽ തൂക്കുന്ന ഒരു കണ്ഠാഭരണമാക്കുന്നവരുമുണ്ട്. അവരിൽ രാജേട്ടൻ മന്ത്രിയും പെടുന്നു. 5 മണി പത്രസമ്മേളനത്തിൽ നോക്കുകുത്തി സീറ്റുകളിലൊന്നിൽ സിഎം ഒരു ദിവസം കയറ്റിയിരുത്തിയപ്പഴേ ടീച്ചറമ്മയെപ്പോലെ വാമൂടിവച്ചിരിക്കണമെന്ന നിബന്ധന രാജേട്ടന് ഓർമയിൽ വരേണ്ടതല്ലേ?  എന്നിട്ടും ചോദ്യം വന്നാൽ ഉത്തരം റെഡ്ഡി എന്ന മട്ടിൽ മാസ്ക് കഴുത്തിലേക്കിട്ടു സ്‌റ്റൈലിലായിരുന്നൂ രാജേട്ടന്റെ ഇരിപ്പ്.  സിമന്റിന്റെ വിലക്കയറ്റത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രാജേട്ടന്റെ വായിൽ ഉത്തരം തേട്ടിത്തേട്ടി വന്നതാണ്. അപ്പോഴേക്കും സിഎം പതിവുപോലെ ശ്രദ്ധയിൽ പെട്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിക്കളഞ്ഞു.  മലബാർ സിമന്റിന്റെ വിലയെപ്പറ്റി ചോദ്യം വന്നപ്പോഴും സിഎം തെന്നിമാറാനുള്ള തന്റെ മെയ്‌വഴക്കം പ്രയോഗിച്ചു.  ഇതൊക്കെ അറിയാവുന്ന മലബാർ സിമന്റിന്റെ ചുമതലയുള്ള മന്ത്രിക്ക് എന്തു പറയാനുണ്ടെന്ന് ഏതെങ്കിലും തലതെറിച്ച ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചെങ്കിലെന്നു പാവം രാജേട്ടൻ ആശിച്ചുപോയി.

രാജേട്ടൻ ഒരു ദിവസം ഇരുന്നപ്പോൾത്തന്നെ ഇത്ര തിക്കുമുട്ടുണ്ടെങ്കിൽ, ടീച്ചറമ്മയെയും ചന്ദ്രേട്ടനെയും സമ്മതിക്കണം. ഒരൊറ്റ മണിക്കൂർ നിത്യേന വാമൂടി ഒരൊറ്റ ഇരിപ്പ് എന്ന ശിക്ഷ അനുഭവിക്കേണ്ടിവരിക ഒരു രാഷ്ട്രീയക്കാരനും പറഞ്ഞതല്ല. ഈ ഷോ കാണുന്നവർ ഈ നിശ്ശബ്ദ കഥാപാത്രങ്ങൾക്കു സംസാരശേഷിയില്ലേയെന്നുവരെ സംശയിച്ചുപോകും. എന്തായാലും കുറേനാളായി ആ കസേരയിൽ ചന്ദ്രേട്ടനെ കാണാനില്ല. പിണങ്ങിപ്പോയതോ അതോ ക്വാറന്റീനിൽ പോയതോ എന്നറിയാതെ ഞങ്ങൾ പ്രേക്ഷകർ ഇരുട്ടിൽ തപ്പുന്നു.  ജനപ്രിയ സീരിയലുകളുടെ കെമിസ്ട്രി ബ്രിട്ടാസ് ഇനിയും സിഎമ്മിനു പറഞ്ഞുതന്നില്ലേ?

ലോട്ടറി ടിക്കറ്റ് വിൽക്കാതെയും മദ്യം വിറ്റഴിക്കാതെയും ഇനി ഒരടി മുന്നോട്ടു പോകാനാവുമോ?  ലോട്ടറി 1‌8 നു തുടങ്ങുമെന്നു തീരുമാനമായി. മദ്യഷാപ്പുകളോ?  അതു തുറന്നാൽ ആർത്തിപ്പണ്ടാരങ്ങൾ കടിപിടി കൂടും. തല്ലിയാലും അടിച്ചോടിച്ചാലും അവറ്റകൾ അവിടവിടെ പാത്തും പതുങ്ങിയും നിൽക്കും. അതെന്നു തുറന്നാലും ഇങ്ങനെതന്നെയേയാകൂ. രാമകൃഷ്ണേട്ടാ, അതു നാളെത്തന്നെയായാൽ അത്രയും നന്നായില്ലേ?  

അതിനു പറ്റിയില്ലെങ്കിൽ സോഡ വിൽക്കുന്നതുപോലെ സോഡയിൽ ചേർക്കുന്ന സാധനം എവിടെയും ലഭ്യമാകണം. അതും പറ്റില്ലെങ്കിൽ ഫ്രഷ് തക്കാളിവരെ കേടുകൂടാതെ ആവശ്യക്കാരനു ഭദ്രമായി എത്തിച്ചുകൊടുക്കുന്ന ആമസോൺ സായ്പിനെ എൽപിക്കണം സാർ.  ഒറ്റ കുപ്പിപോലും പൊട്ടാതെ ആവശ്യക്കാരന്റെ വീട്ടിൽ പൊന്നുപോലെ സാധനം എത്തിച്ചു കൊടുക്കും. ഐസക് മന്ത്രിയുടെ മേശ നിറഞ്ഞുകവിയും. ജിഎസ്ടിയുടെ കാര്യത്തിൽ കേന്ദ്രം പറയുന്നതുപോലെ സായിപ്പ് കടവും പറയില്ല.  ടിവി ചാനലിന്റെ മുന്നിലിരുന്നു താടിയും തടവി അതു കിട്ടിയില്ല, ഇതു കിട്ടിയതുപോരാ എന്നു പതം പറയേണ്ടിവരികയുമില്ലെന്ന് ഉറപ്പ്.

ഇനി ഒരു കൊച്ചു നസ്രാണിക്കഥ കൂടിയാകാം:  മുഴുക്കുടിയനായ ഭർത്താവിനെ വാശിപിടിച്ചു ചേടത്തി ധ്യാനംകൂട്ടി. വീട്ടിലെത്തിയപാടെ ചേട്ടൻ വിലപിടിപ്പുള്ള മദ്യക്കുപ്പികളെടുത്തു പൊട്ടിച്ച് വാഷ്ബേസിനിലേക്ക് ഒഴിച്ചു കളയുകയാണ്. ആ രംഗം കണ്ടുവരുന്ന ചേടത്ത്യാരുടെ ഡയലോഗ് എന്തായിരിക്കും?  ധ്യാനഗുരുവായ പുരോഹിതന്റെ വാക്കുകളിൽ തന്നെയാവട്ടെ.

‘ഹേ മനുഷ്യാ, നിങ്ങളല്ലേ കുടിനിർത്തിയിട്ടുള്ളൂ. അതെന്റെ ആങ്ങളയ്‍ക്കു കൊടുത്തുവിടാലോ?’

അടിക്കുറിപ്പും ധ്യാനഗുരുവിന്റേതുതന്നെ:  ‘പോരേ, പൂരം!’

English Summary : Public Should Wear Face Masks 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.