sections
MORE

സിഎമ്മേ, ഇനിയാണു സാക്ഷാൽ ചാലഞ്ച്!

Pinarayi Vijayan
പിണറായി വിജയൻ
SHARE

ബാലൻമാഷ് പ്രിയ മന്ത്രിശിഷ്യനും ശുദ്ധനുമാണെങ്കിലും കോവിഡും കോൺഗ്രസുമാണു ശത്രുവെന്നു പറഞ്ഞാൽ എന്റെ സിഎമ്മേ, അങ്ങു വിശ്വസിക്കരുത്.  കോവി‍ഡ് മാത്രമാണു ശത്രു. കോൺഗ്രസിന്റെ റോൾ ഒരു നല്ല കോച്ചിന്റേതാണ്.  കൊറോണയ്‌ക്കെതിരേയുള്ള മത്സരത്തിൽ സിഎമ്മിനു ചില പാകപ്പിഴകൾ വരുന്നതാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. സ്‌പ്രിൻഗ്ലറിന്റെ കാര്യത്തിൽ ചില പാകപ്പിഴകൾ കണ്ടു. അവരതു പറഞ്ഞു. സിഎം അതു തിരുത്തി. അതോടെ സ്‌പ്രിൻഗ്ലർ വിവാദം കട്ടപ്പുകയായില്ലേ?  

മറുനാടൻ മലയാളികളുടെ കാര്യത്തിൽ ചില പാകപ്പിഴകൾ വരാൻ തുടങ്ങിയപ്പോഴേ കോൺഗ്രസുകാരതു ചൂണ്ടിക്കാട്ടി. ഇലയ്‍ക്കും മുള്ളിനും കേടില്ലാതെ സിഎം അത് ഒതുക്കി. അതിനിടെ കുറ്റവും കുറവും ചൂണ്ടിക്കാണിക്കുന്നതു പരിധിവിട്ടാൽ വീട്ടുതടങ്കലിലാക്കുമെന്ന ഒരു സൂചനയും നൽകാൻ സിഎമ്മിന് അവർ ഒരവസരംകൂടി നൽകിയില്ലേ?  ഇതിലേറെ പ്രതിപക്ഷ പാർട്ടിക്ക് ഭരണകക്ഷിയെ സഹായിക്കാനാവുമോ? 

കോവിഡിനു പിന്നാലെ പ്രളയംകൂടി വരാനിടയുണ്ടെന്നു കോൺഗ്രസുകാർ മുന്നറിയിപ്പു നൽകിയതു സിഎമ്മിന്റെ ശ്രദ്ധയിൽ പെട്ടോ?  കഴിഞ്ഞ തവണ പ്രളയം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം മണി മന്ത്രിക്കാണെന്നാണ് അവർ പറഞ്ഞുവരുന്നത്. കിട്ടാവുന്നത്ര വൈദ്യുതി ഇങ്ങു പോരട്ടെയെന്നു കരുതി ഡാമുകളിലൊക്കെ വെള്ളം അശാസ്ത്രീയമായി മണി ആശാൻ പിടിച്ചുവച്ചുവെന്നാണല്ലോ ആക്ഷേപം. കാലവർഷം വരുംമുൻപുതന്നെ ഡാമുകളിൽ ശേഖരിച്ചുവച്ച വെള്ളം അധികമാണെന്നു തൊടുപുഴയിലും മുവാറ്റുപുഴയിലും ഉള്ളവർ ഇപ്പോഴെ പറയാൻ തുടങ്ങിയിട്ടുണ്ട്. 

ഉള്ള സമയംകൊണ്ടു വൈദ്യുതിയുണ്ടാക്കി വെള്ളം ഡാമിൽനിന്നു പുറത്തുവിട്ടില്ലെങ്കിൽ, കഷ്ടകാലത്തിന് ഒരു പ്രളയം വന്നാൽ മണി ആശാനെ എല്ലാവരും കൂടി വൺ, ടു, ത്രീ പറഞ്ഞ് അമ്മാനമാടും. അക്കാര്യം മണി ആശാന്റെ തലയിൽ കയറണമെങ്കിൽ സിഎം തന്നെ പറയേണ്ട രീതിയിൽ പറയണം.  

ഇനിയുള്ള കാലം കോവിഡ് കോവിഡിന്റെ വഴിക്കും നാം നമ്മുടെ വഴിക്കും പോകും.  ഇത്രയും പ്രാക്‌ടിക്കൽ ആയ ഒരാശയം ട്രംപ് പറഞ്ഞപ്പോൾ നാം എന്തൊക്കെ വിശേഷണങ്ങളാണ് ആ പാവത്തെപ്പറ്റി വിളിച്ചു കൂവിയത്?  ഇപ്പോഴെന്തായി?  മോദിജിയും ആ അഭിപ്രായംതന്നെ തുറന്നു പറഞ്ഞു.  അതിനിടയിൽ ഒരു കുഞ്ഞുരാജ്യം ഭരിക്കുന്ന ഒരു പെൺപിള്ള (ജാനെസ്‌ ജൻസ എന്ന പ്രധാനമന്ത്രി) തന്റെ രാജ്യം കോവിഡ് മുക്‌തമായെന്നു പ്രഖ്യാപിച്ചു.  

ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന സ്‌ലൊവേനിയയിൽ 20 ലക്ഷം ജനസംഖ്യയേയുള്ളൂ. കോവിഡ് മൂലം 103 പേർ മരിച്ചു.  ഇപ്പോൾ കോവിഡ് മുക്‌തമെന്നു മാത്രമല്ല, അവിടെ ഫുട്ബോൾ കളിക്കാൻ പ്രധാനമന്ത്രി എല്ലാവരെയും ക്ഷണിക്കുന്നു. രാജേട്ടൻ മന്ത്രിക്ക് ഒരു ടീമുമായി വേണമെങ്കിൽ പോകാം.  ജൻസ ഒരു ചാർട്ടേഡ് വിമാനംതന്നെ അയച്ചുതരും. 

വലിയ ക്യൂ നിൽക്കാതെതന്നെ മദ്യം ബവ്റിജ് വിലയ്‌ക്കു ബാറിൽനിന്നുകൂടി കിട്ടുമെന്ന് ആയതോടെ കുടിയൻമാർക്കു വലിയ ആശ്വാസമായി.  ഇത്തിരി വില കൂടിയാലും സാധനം ആവശ്യത്തിനു കിട്ടുമല്ലോ. ബാറുകൾ ഒഴിഞ്ഞു വിശാലമായി വെറുതെ കിടക്കുകയല്ലേ.? കുപ്പി വാങ്ങി, അവിടെത്തന്നെ സാമൂഹിക അകലം പാലിച്ച് ഇരുന്നു പൊട്ടിച്ച് അടിക്കാൻ അനുമതികൂടി തന്നാൽ നന്നായി. മാത്രമല്ല, മന്ത്രിക്ക് ബവ്റിജ് കടകളൊക്കെ പൂട്ടി, ആ കടകളുടെ ലക്ഷക്കണക്കിനു രൂപ വാടക ഇനത്തിൽ ലാഭിക്കുകയും ചെയ്യാം. ബാറുകാർ കുറച്ചു ഗ്ലാസും ടച്ചിങ്‌സും വാങ്ങിവച്ചാൽ ഒരു വരുമാനം അവർക്കും ഉണ്ടാക്കാനാവും.  ഐസക് മന്ത്രിയുടെ കണ്ണ് ആ കോഴിക്കൂട്ടിലേക്ക് എത്തിയില്ലേ?

സിഎമ്മേ, ഇനിയാണു ചാലഞ്ച്!  വിമാനങ്ങളിലും കപ്പലുകളിലും കിട്ടുന്ന വാഹനങ്ങളിലുമായി ലക്ഷങ്ങൾ സ്വന്തം നാട്ടിലേക്കു മടങ്ങാൻ തുടങ്ങിയിരിക്കുന്നു.  അവരിലേറെയും ഹോട്ട് സ്‌പോട്ടുകളിൽ നിന്നാണു വരുന്നത്. അച്ചടക്കം പാലിക്കാതെ അതിലൊരെണ്ണം തേരാപാരാ നടന്നാൽ, ഇതുവരെ സിഎം കെട്ടിപ്പൊക്കി കൊണ്ടുവന്ന ചീട്ടുകൊട്ടാരം തകർന്നു വീഴും. ഇതൊരു വലിയ ടാസ്ക് തന്നെ. അതു വിജയിച്ചാൽ, സിഎമ്മേ, നിങ്ങൾക്കു മിന്നിത്തിളങ്ങാം; ആ ഗ്ലാമറിൽ പഞ്ചായത്ത് ഇലക്‌ഷനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടത്താം.

വിജയിച്ചില്ലെങ്കിലോ?  ഓശാന പാടിയ ഞങ്ങൾ തള്ളിപ്പറയും; കല്ലെറിയും. പറ്റിയാൽ കുരിശിന്മേൽവരെ കയറ്റും. അതാണു മലയാളി. ഓന്തിന്റെ നിറം മാറുന്നതുപോലെ ഞങ്ങളുടെ നിറവും മാറും.  

നസ്രാണികൾക്കൊക്കെ ഇപ്പോൾ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ ഓർമ വന്നുകാണും.  ഗോലിയാത്ത് കോവിഡ് പോലെയൊരു ഭീകരനായ ശത്രു.  ദാവീദിന്റെ കവണയിലെ ഒരു കൊച്ചു കല്ലുകൊണ്ടായിരുന്നൂ, ഗോലിയാത്തിന്റെ അന്ത്യം. ആ കൊച്ചു കല്ല്, സിഎമ്മേ, നിങ്ങളെ വിശ്വാസപൂർവം ഞങ്ങൾ ഏൽപിക്കുന്നു. ഇനി ഞങ്ങൾക്കു മാറിനിന്നു സമാധാനമായി ആ കളി ഒന്നു കാണാലോ?

English Summary : How Kerala Chief Minister Deal With NRI Return Challange

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ULLATHUM ILLATHATHUM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA