മണി ആശാനും പ്രളയവും!

mm-mani-minister-and-flood
SHARE

മഴക്കാലം തുടങ്ങുംമുൻപേ തലസ്ഥാന നഗരി വെള്ളത്തിനടിയിലാകുന്നതു കാണുമ്പോൾ, കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ മഹാപേമാരിയും വെള്ളപ്പൊക്കവും മലയാളികൾ ഓർത്തുപോകുന്നു.  മൂന്നാമതൊരു പ്രളയം ഈ കോവിഡ് കാലത്തു താങ്ങാൻ നമ്മുടെ കൊച്ചു കേരളത്തിന് എങ്ങനെ കഴിയും?

ഇക്കഴിഞ്ഞ വർഷമുണ്ടായ പ്രളയം അശാസ്ത്രീയമായി അണക്കെട്ടുകൾ തുറന്നു വിട്ടതുകൊണ്ടാണെന്നും സംസ്ഥാനത്തിന് 5000 കോടി രൂപയുടെ വൈദ്യുതി നഷ്ടമുണ്ടാകുമെന്നു പറഞ്ഞ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി പിന്നിടുംവരെ പിടിച്ചുവച്ചതുകൊണ്ടാണെന്നുമായിരുന്നൂ, അന്നു സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണം.  തീർന്നില്ല, അണക്കെട്ടുകളെല്ലാം ഒരുമിച്ചു തുറന്നുവിട്ടതുമൂലം 4000കോടി രൂപയുടെ നഷ്ടം ഉണ്ടായതിന്റെ കണക്കും നിരത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കവുമുണ്ടായത് ഓഗസ്റ്റിലാണ്.  2018 ഓഗസ്റ്റിലെ ശരാശരി മഴ 821 മില്ലിമീറ്റർ.  2019 ഓഗസ്റ്റിൽ അതു ശരാശരി 951 മില്ലിമീറ്ററായി കൂടി.  ഈ ഓഗസ്റ്റിൽ 1000 മില്ലിമീറ്റർ മഴ പെയ്താലോ?  നമ്മുടെ തലയ്ക്കുമീതെ ഒരു ജലബോംബു തൂങ്ങിനിൽക്കുകയല്ലേ?  വേറൊന്നുകൂടി നാം ഓർക്കണം:  കഴിഞ്ഞവർഷം ഓഗസ്റ്റിലെ മൂന്നേമൂന്നു ദിവസം തിമിർത്തു പെയ്ത മഴയാണ് ഇത്രയേറെ കെടുതികൾ ഉണ്ടാക്കിയത്.  

അതിനു സർക്കാർ ഹൈക്കോടതിയിൽ ബേധിപ്പിച്ച ന്യായീകരണംകൂടി വായിക്കുമ്പോഴാണു നാം കിടിലം കൊള്ളുക:  പ്രളയ നിയന്ത്രണത്തിനു രൂപകൽപന ചെയ്ത ഡാമുകളല്ല നമുക്കുള്ളത്.  വൈദ്യുതി ഉൽപാദനവും അതിനുള്ള ജലസംഭരണവും ഉദ്ദേശിച്ചുള്ള ഡാമുകളിൽനിന്നു പൂർണ ജലസംഭരണശേഷി പ്രയോജനപ്പെടുത്തും മുൻപേ വെള്ളം ഒഴുക്കിവിടേണ്ട ഒരു കാര്യവും ഇല്ലപോലും!

ഇങ്ങനെയൊരു ഒഴിഞ്ഞുമാറ്റത്തിന്റെ നിയമ(കു)ബുദ്ധി സാമാന്യജനത്തിനു മനസ്സിലാകാത്തതും രാഷ്ട്രീയക്കാർക്ക് ഉരുളയ്ക്ക് ഉപ്പേരി നൽകുന്നതുമാകാം.  പക്ഷേ, നമുക്കറിയേണ്ടത്, കഴിഞ്ഞ പ്രളയത്തിന്റെ കെടുതികൾ കുറെയൊക്കെ ലഘുകരിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനു കഴിയുമായിരുന്നോ എന്നതാണ്. അതിനു തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റ‍ഡീസിന്റെ പഠനറിപ്പോർട്ട് നോക്കാം:  2019 പ്രളയം മനുഷ്യനിർമിതം.  പേമാരിയെ തുടർന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായിവന്ന ജലം ഒന്നിച്ചു തുറന്നു വിട്ടതുമൂലമാണ് 2019ലെ പ്രളയം ഇത്രയും രൂക്ഷമായത്.  അണക്കട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയായി.

ഇതൊക്കെ ശരിയാണെങ്കിലും 2280 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രം ഉൾക്കൊള്ളാൻ ശേഷി മാത്രമുള്ള കേരളത്തിലെ നദികളിൽ 14000ദശലക്ഷം ഘനമീറ്റർ വെള്ളമെത്തിയാൽ എന്തു ചെയ്യുമെന്നാണു കേരളസർക്കാരിന്റെ മറുചോദ്യം.  മാത്രമല്ല, ഓഗസ്റ്റ് മാസത്തിലെ മൂന്നു ദിവസം അപ്രതീക്ഷിതമായി ആർത്തലച്ച് ഇടതടവില്ലാതെ മഴ പെയ്തതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയതെന്നും സർക്കാർ വിശദീകരിക്കുന്നു.  ഇതനൊക്കെ ഒരൊറ്റ ഉത്തരമേയുള്ളൂ:  അതൊരു ദൈവകോപം!  മനുഷ്യരായി പിറന്നവർക്കത് എങ്ങനെ തടുക്കാനാവുമെന്ന് അധികൃതർക്കു കൈമലർത്താം.

ഈ വർഷം ഓഗസ്റ്റിലും കാലവർഷം കലിതുള്ളിയെത്തുന്നുമെന്ന് ഏഷ്യൻ ക്ലൈമറ്റ് ഫോറം മുന്നറിയിച്ചു നൽകുന്നുണ്ട്.  അധികമഴ ലഭിക്കുമെന്നു നമ്മുടെ കാലാവസ്ഥ കേന്ദ്രങ്ങളും പറയുന്നു, ഇത്തവണ പ്രളയം വന്നാൽ ത്രിമാനദുരന്തങ്ങളെ–പ്രളയം, കോവിഡ്, മഴക്കാല രോഗങ്ങൾ  എന്നിവയെ – നമുക്ക് ഒന്നിച്ചു നേരിടേണ്ടിവരും.  അതു നമുക്കു താങ്ങാനാവില്ല!  ഓഗസ്റ്റിലേക്ക് ഇനിയും ദിവസങ്ങളേറെയില്ല.  ഇനിയെങ്കിലും ഈ ത്രിമാന ദുരന്തം ഒഴിവാക്കാനുള്ള ഫലപ്രദമായ വഴികൾ കണ്ടെത്താനുള്ള ആലോചന തുടങ്ങേണ്ടേ?  

ഡാമുകളിലെ സംഭരണനില ശാസ്ത്രീയമായി അപഗ്രഥിച്ചും ജലനിരപ്പ് ക്രമീകരിച്ചും അധികവെള്ളം ഒഴുക്കിവിടുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങുന്നതിന് ഇനിയും വൈകിക്കൂടാ.  അതേസമയം വൈദ്യുതോൽപാദനത്തിനു ശേഷമുള്ള ജലം മറ്റൊരു ഡാമിൽ സംഭരിക്കുന്ന കാര്യത്തിലും നല്ലൊരു പഠനംതന്നെ വേണം.  ഉദാഹരണത്തിന് കക്കയം ഡാമിൽനിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷമുള്ള വെള്ളം മുഴുവൻ പെരുവണ്ണാമൂഴി ‍ഡാമിൽ തടഞ്ഞുനിർത്തണമോയെന്നും വിലയിരുത്തേണ്ടിയിരിക്കുന്നു.

പ്രളയകാലം വരുമ്പോഴാണു നമ്മുടെ നദികളിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെയും എക്കലിനെയും ചെളിയേയും അവിടെ കയ്യേറി കൃഷി നടത്തുന്നതിനെക്കുറിച്ചും നാം ചിന്തിക്കുക.  എന്തിനേറെ, നമ്മുടെ അണക്കെട്ടുകളിൽതന്നെ വെള്ളത്തേക്കാളേറെ ചെളിയും മണലുമാണെന്ന് ആർക്കാണ് അറിയാത്തത്?  അതൊക്കെ വാരിമാറ്റിയാലല്ലാതെ നമ്മുടെ ജലസംഭരണികളിൽ എങ്ങനെ യഥാർഥ സംഭരണശേഷിയുണ്ടാകും?

ഇപ്പോഴും ഇതിലൊന്നും ഒരു ബേജാറുമില്ലാത്തതു നമ്മുടെ വൈദ്യുതിമന്ത്രി എം.എം. മണിക്കാണ്.  2018 ഓഗസ്റ്റ് 10ന് ഇറങ്ങിയ പത്രങ്ങളിൽവന്ന ഒരു റിപ്പോർട്ട് വായിക്കാം:  26 വർഷങ്ങൾക്കുശേഷം ഇടുക്കി അണക്കെട്ടിൽ ഇത്രയും വെള്ളം എത്തിയതിൽ ഞാൻ സന്തോഷവാനാണ്.  അണക്കെട്ടു തുറന്നു വെള്ളം ഒഴുകിപ്പോകുന്നതു കണ്ടപ്പോൾ വിഷമം തോന്നി.  വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വെള്ളമാണല്ലോ ഇങ്ങനെ വെറുതെ ഒഴുകിപ്പോകുന്നതെന്നു ഓർക്കുമ്പോഴാണു പ്രയാസം.

ഇതേവർഷം ‌സെപ്റ്റംബർ 23നു മന്ത്രി മണി അടിമാലിയിൽവച്ചു പത്രക്കാരോടു പറഞ്ഞതിങ്ങനെ:  സംസ്ഥാനത്തെ അണക്കെട്ടുകളിൽ വെള്ളം സംഭരിച്ചു നിർത്താനായതാണു വൻ പ്രളയത്തിൽനിന്നും കേരളത്തെ രക്ഷിച്ചത്.  ഈ 82 അണക്കെട്ടുകളില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല.

അതിന് ഏതാനും ദിവസം മുൻപു (സെപ്റ്റംബർ എട്ടിന്) തിരുവനന്തപുരത്തു മന്ത്രി മണി ഒരു രഹസ്യംകൂടി പുറത്തുവിട്ടു:  ഇടുക്കി ഡാം തുറക്കുന്നില്ലെന്നു ഞാൻ പറഞ്ഞത്, അതു തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരുന്ന മാധ്യമപ്രവർത്തകരെ കളിയാക്കാനായിരുന്നു.  കൂട്ടത്തിൽ അതിലേറെ വലിയൊരു രഹസ്യവും വെളിപ്പെടുത്തി:  വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്ക് എന്നെ അങ്ങനെ തെറ്റിധരിപ്പിക്കാനൊന്നും പറ്റില്ല.  സാമാന്യബുദ്ധിയുള്ളയാളാണു ഞാൻ.  അതുകൊണ്ടാണല്ലോ ഈ മന്ത്രിപ്പണി എന്നെ ഏൽപിച്ചത്.  മാത്രമല്ല, നൂറ്റാണ്ടു കൂടുമ്പോഴാണു പ്രളയം വരുന്നത്.  അതിൽ കുറെപ്പേർ മരിക്കും, കുറെപ്പേർ ജീവിക്കും (ട്രംപിന്റെയും മോദിയുടെയും ഇപ്പോഴത്തെ ‘കൊറോണ ലൈൻ’ എത്രയോ മുൻപു പറയുന്നത് മണിയാശാനാണ്).

മന്ത്രി മണിക്ക് വൈദ്യുതി ഉൽപാദനം കൂട്ടുന്ന കാര്യത്തിൽ മാത്രമാണു താൽപര്യം.  പക്ഷേ, നാം മലയാളികൾക്ക് അതുമാത്രം പോരല്ലോ.

English Summary : Ullathum illathathum: Power minister MM Mani and Kerala's catastrophic floods

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.