സിയെം എന്താ മാസ്കിടാത്തത്?

mask-845x440
വര: സജീവ്
SHARE

ഭൂമിമലയാളത്തിലെ എല്ലാവരുടെയും ചോദ്യമാണിത്.

സംസാരിക്കുമ്പോൾ നമ്മുടെ വായിൽനിന്നുള്ള സ്രവം മറ്റുള്ളവർക്കു രോഗകാരണമാകാതിരിക്കാനാണല്ലോ നാം മാസ്ക് ധരിക്കുന്നത്?  6 മണി ഷോയിൽ സംസാരിക്കുമ്പോൾ പക്ഷേ, നമ്മുടെ സിയെം മാസ്ക് കൊണ്ടു മൂക്കും വായയും മൂടുന്നില്ലല്ലോ. ആ വെളുത്ത മാസ്ക് കഴുത്തിലാണു സിയെം അണിയുന്നത്. മാത്രമല്ല, ഇടയ്ക്കു ചുമ വരികയും അതു തടയാൻ മേശപ്പുറത്തു വച്ച ഗ്ലാസിലെ വെള്ളം കുടിക്കുകയും ഇടയ്ക്കൊരു ദിവസം തുമ്മുകയും അതിനു സോറി പറയുകയും ചെയ്യുന്നതു നാമൊക്കെ കണ്ടതാണ്. സ്രവം സിയെമ്മിന്റെതാണെങ്കിലും സ്രവം തന്നെയല്ലേ? അദ്ദേഹം ഇങ്ങനെ ചെയ്യുന്നതു വലിയ തെറ്റല്ലേ?

‌അല്ല!

കാരണം, ആ വേദിയിലിരിക്കുന്ന സിയെം മാസ്ക് വച്ചിട്ടില്ലെങ്കിലും റവന്യു മന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തങ്ങളുടെ മൂക്കും വായയും ഭദ്രമായി മൂടിവയ്ക്കുന്നുണ്ട്. അതിനാൽ കോവിഡ് ചട്ടപ്രകാരം സിയെം മാസ്കില്ലാതെ സംസാരിക്കുന്നതിൽ ഒരു തെറ്റുമില്ല; വേദിയിലിരിക്കുന്ന മറ്റുള്ളവർക്ക് അതൊരു രോഗകാരണമാവുന്നുമില്ല!

ഇനി സിയെം മാസ്ക് വച്ചു സംസാരിക്കുകയും മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ജയരാജൻ മന്ത്രിയെപ്പോലെ മാസ്ക് കഴുത്തിലിട്ട് ഇരുന്നാലും കോവിഡ് ചട്ടപ്രകാരം തെറ്റില്ല. കാരണം സിയെം മാസ്ക് വച്ചിട്ടുണ്ട്. മാസ്ക് സംബന്ധിച്ചു ഫ്രാൻസിസുമായി പുതിയൊരു വിവാദം വേണ്ടെന്നു കരുതി ശബരിമല വിവാദവും അതിരപ്പിള്ളി തർക്കവും സോൾവ് ചെയ്തതു പ്രകാരം മേൽപ്പറഞ്ഞ 4 പേരും അടുത്ത ദിവസം മുതൽ മൂക്കും വായയും മൂടി പത്രസമ്മേളനത്തിന് ഇരുന്നാലോ? അതു നാടിനു നല്ലൊരു മാതൃകയാവും.  

പത്രസമ്മേളനം നടത്തുമ്പോൾ മാസ്ക് കൊണ്ടു വായയും മൂക്കും മൂടാത്തതു സിയെം മാത്രമല്ല, നമ്മുടെ പ്രതിപക്ഷ നേതാവും വിവിധ കക്ഷിനേതാക്കളും കട്ടയ്ക്കു കട്ടയ്ക്കുതന്നെയായുണ്ട്. സംസാരിക്കുമ്പോൾ അവരുടെ മാസ്ക് കഴുത്തിലെ മാലയായി മാറുന്നു. എന്നും വേറിട്ട ശബ്ദമാകാൻ ആഗ്രഹിക്കുന്ന ലീഡർ മുരളി, സംസാരിക്കുമ്പോൾ തന്റെ മാസ്ക് ഒരു ചെവിയിൽ തൂക്കിയിട്ട് വ്യത്യസ്തനായി മാറുന്നതും നാം കാണുന്നു. ചാനൽ ക്യാമറകൾക്കു മുന്നിൽ വച്ചാണു പാർട്ടിനേതാവു പത്രലേഖകരെ കാണുന്നതെങ്കിൽ പ്രസ്താവന പുറപ്പെടുവിക്കുന്ന നേതാവു മാത്രമല്ല, കൂട്ടംകൂടി ചുറ്റും നിൽക്കുന്നവരും നേതാവിനൊപ്പം മാസ്ക് താടിയിലേക്കു താഴ്ത്തുന്നു. ഇടയ്‌ക്ക് എന്തെങ്കിലും പറയാനല്ല, മുഖം ടിവി വഴി ഭാര്യയും മക്കളും കണ്ടോട്ടെയെന്നു കരുതിയാണ്. കോവിഡ് ചട്ടപ്രകാരം ഇതു ഗുരുതരമായ ലംഘനമാണ്. സാമൂഹിക അകലം പാലിക്കുന്നില്ലെന്നു മാത്രമല്ല, മാസ്ക് ശരിയായി ധരിക്കുന്നുമില്ല.   

ഇതൊക്കെ കണ്ടിട്ടാകാം, ദിവസം മുഴുവൻ മാസ്ക് ധരിച്ചു നടക്കുന്ന നാം മലയാളികൾ സംസാരിക്കേണ്ട അവസരം വരുമ്പോൾ മാസ്ക് താടിയിലേക്കു താഴ്ത്തുന്നു. നേതാക്കന്മാർ ചെയ്യുന്നതു കണ്ടു നാം ഒരിക്കലും അങ്ങനെ ചെയ്യരുത് – കാർന്നവന്മാർക്ക് അടുപ്പിലും കാര്യം സാധിക്കാമെന്ന പ്രമാണമാണ് ഇത്തരുണത്തിൽ നാം ഓർക്കേണ്ടത്. നിയമം സാധാരണക്കാരായ നമുക്കുള്ളതാണെന്നും അറിയുക. മാസ്കില്ലാതെ നടന്നാൽ 250 രൂപ പിഴ അടയ്ക്കേണ്ടതും നാം തന്നെയല്ലേ?

സംസാരിക്കുമ്പോൾ മാസ്ക് നിർബന്ധമായി നാം ശരിക്കും കൃത്യമായും വൃത്തിയായും ധരിക്കണമെന്നതുപോലെതന്നെ, മാസ്ക് സദാ സമയവും വച്ചു നടക്കരുത്. അതു നമ്മുടെ ആരോഗ്യം തകരാറിലാക്കും. മാസ്ക് തുടർച്ചയായി ഉപയോഗിച്ചാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതുപോലും കുറയും. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പറയേണ്ടല്ലോ. ആവശ്യമുള്ളപ്പോൾ മാത്രമേ മാസ്ക് വയ്‍ക്കാവൂ. അതാകട്ടെ, മൂക്കും വായയും മൂടിക്കൊണ്ടുതന്നെയാവണം. 

തനിച്ചിരിക്കുമ്പോൾ മാസ്ക്, ലീഡർ മുരളിയെപ്പോലെ ഒരു കാതിൽ തൂക്കിയിട്ടിരിക്കാം. ആരെങ്കിലും അടുത്തു വരുമ്പോൾ നമുക്കതു മറ്റേ ചെവിയിലേക്കു കൂടി കൊളുത്തിയിട്ടാൽ പോരെ? ഏസിയുള്ള കാറിലോ മുറിയിലോ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും മാസ്ക് വേണ്ട. അതുപോലെ വീട്ടിലും മാസ്ക് വേണ്ട. അതേസമയം ആൾക്കൂട്ടത്തിൽ സാമൂഹിക അകലം പാലിച്ചു നടന്നാലും മാസ്ക് നിർബന്ധം. ആരെങ്കിലുമായി സംസാരിക്കേണ്ടിവരുമ്പോഴും മാസ്ക് അത്യാവശ്യം.

mask-flag
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം

കഴിഞ്ഞ ദിവസം വാട്സാപ്പിൽ വന്ന ഒരു ചിത്രവും കുറിപ്പും ഇതായിരുന്നു: ഒരു വടിയിൽ മാസ്കിന്റെ ഒരു വശത്തെ രണ്ടു വള്ളികൾ പതാകപോലെ കെട്ടിയിടുകയും മറുഭാഗത്തെ രണ്ടു വള്ളികൾ പാറിപ്പറക്കുകയും ചെയ്യുന്നതാണു ചിത്രം. അതിനു താഴെയുള്ള കുറിപ്പിലുള്ളത് ഇങ്ങനെ: ‘ലോകം ഇനി ഒരു രാജ്യം; ഒരു പതാക!  

കോവിഡിനൊപ്പം ഇനി ജീവിക്കുകയേ പറ്റൂ. ആതുര വിദഗ്ധർ പറയുന്നതുപോലെ ഭീതിയല്ല, ജാഗ്രതയാണു വേണ്ടത്. ഉഗ്രവിഷമുള്ള പാമ്പുകളുള്ള സർപ്പക്കൂട്ടിൽ പാമ്പുവേലായുധൻ കുറച്ചുദിവസം കിടന്നതു വർഷങ്ങൾക്കു മുൻപു വലിയൊരു വാർത്തയായിരുന്നു. പക്ഷേ, നാം കോവിഡിനൊപ്പം എത്ര റിസ്കോടെ കഴിഞ്ഞാലും ഇന്ന് അതൊരു വാർത്തപോലുമാകുന്നില്ല!

English Summary : Ullathum illathathum: When and how to use masks.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.