മുജീബ്പുത്രിയുടെ ജൈത്രയാത്ര

Sheikh-Hasina2
SHARE

നാൽപ്പത്തിമൂന്നു വർഷംമുൻപത്തെ ഒാഗസ്റ്റ് 15നു നേരം വെളുക്കുന്നതിനുമുൻപ് അന്നത്തെ ബംഗ്ളദേശ് പ്രസിഡന്റ് മുജീബുർ റഹ്മാന്റെ വസതിയിൽ കൊലയാളികൾ കയറിച്ചെന്നത് അദ്ദേഹത്തെയും കുടുംബത്തെയും അപ്പാടെ തുടച്ചുനീക്കാനായിരുന്നു. പാക്കിസ്ഥാനിൽനിന്നു ബംഗ്ളദേശിനു മോചനം നേടിക്കൊടുത്ത മുജീബും ഭാര്യയും മൂന്നു പുത്രന്മാരും  ഉൾപ്പെടെ 20 പേരെ അവർ വെടിവച്ചുകൊന്നു. 

പക്ഷേ, മൂത്തമകൾ ഹസീനയെ തൊടാനായില്ല. ശാസ്ത്രജ്ഞനായ ഭർത്താവ് വാജിദ്  മിയാനോടൊപ്പം ചേരാൻ ഇളയ സഹോദരി രഹനയോടൊപ്പം ജർമനിയിലേക്കു പറക്കുകയായിരുന്നു അപ്പോൾ അവർ. ഹസീന അങ്ങനെ രക്ഷപ്പെട്ടതോർത്തു കൊലയാളികളും അവരുടെ പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ശക്തികളും സൈനികരും ഏറെ ദുഃഖിച്ചിട്ടുണ്ടാവും.

കാരണം, പിൽക്കാലത്ത് ഹസീന  മൂന്നു തവണ ബംഗ്ളദേശിന്റെ പ്രധാനമന്ത്രിയായി. മുജീബിനെ ജനങ്ങളുടെ  ഒാർമകളിൽനിന്നുപോലും തുടച്ചുനീക്കാൻ ആഗ്രഹിച്ചവർക്ക് ഒരു വലിയ ഭീഷണിയായിത്തീരുകയും ചെയ്തു.

ഇപ്പോൾ, നാലാം തവണയും (തുടർച്ചയായി മൂന്നാം തവണ) പ്രധാനമന്ത്രിയാവുകയാണ് എഴുപത്തൊന്നാംവയസ്സിൽ ഹസീന. ഇക്കഴിഞ്ഞ ഞായറാഴ്ച (ഡിസംബർ 30) നടന്ന ബംഗ്ളദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ അവാമിലീഗിന്റെ നേതൃത്വത്തിലുളള മഹാസഖ്യം വീണ്ടും സീറ്റുകൾ തൂത്തുവാരി. 

sheikh-hasina-4

മുന്നൂറ്റൻപതംഗ സഭയിലെ തിരഞ്ഞെടുപ്പ് നടന്ന 300 സീറ്റുകളിൽ 288 എണ്ണം അവർ നേടി. വിജയം 96 ശതമാനം. 50 സീറ്റുകൾ സ്ത്രീകൾക്കു സംവരണം ചെയ്തിരിക്കുകയാണ്. ഒാരോ പാർട്ടിക്കും കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ ആനുപാതിക പ്രാതിനിധ്യ രീതിയിലായിരിക്കും അവയിലേക്കുള്ള തിരഞ്ഞെടുപ്പ്. അതനുസരിച്ച് സ്വാഭാവികമായും അവാമിലീഗ് സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം ഇനിയും കൂടും. 

മുഖ്യപ്രതിപക്ഷ കക്ഷിയായ ബംഗ്ളദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) നേതൃത്വത്തിലുള്ള സഖ്യത്തിനു കിട്ടിയത് വെറും ഏഴു സീറ്റ്. രണ്ടു തവണ രാജ്യം ഭരിച്ച അവർക്ക് ഇത്രയും ദയനീയമായ പരാജയം മുൻപൊരിക്കലും നേരിടേണ്ടിവന്നിട്ടില്ല. 

തലസ്ഥാന നഗരമായ ധാക്കയ്ക്കു സമീപമുള്ള ഗോപാൽഗഞ്ച് നിയോജക മണ്ഡലത്തിൽ ഹസീനയക്കു രണ്ടേകാൽ ലക്ഷത്തിലേറെ വോട്ടുകൾ കിട്ടിയപ്പോൾ അവരുടെ മുഖ്യ എതിരാളിയായ ബിഎൻപി സ്ഥാനാർഥിക്കു കിട്ടിയതു വെറും 123 വോട്ട്. അവാമിലീഗിനെ സംബന്ധിച്ചിടത്തോളവും ഇത്രയും ഗംഭീരമായ വിജയം അഭൂതപൂർവമാണ്. കഴിഞ്ഞ പത്തു വർഷത്തെ തങ്ങളുടെ ഭരണത്തിൽ സാമൂഹിക, സാമ്പത്തികരംഗത്തുണ്ടായ പുരോഗതിക്കു ജനങ്ങൾ നൽകിയ അംഗീകാരമാണ് ഇതെന്നു ഹസീന അവകാശപ്പെടുന്നു. 

പ്രതിപക്ഷം ഇതു തള്ളിക്കളയുകയും തിരഞ്ഞെടുപ്പിൽ വ്യാപകവും നഗ്നവുമായ ഇടപെടലുകൾ നടന്നതായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഒരു നിഷ്പക്ഷ കെയർടേക്കർ മന്ത്രിസഭയുടെ മേൽനോട്ടത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നുമുണ്ട്. 

തങ്ങളുടെ എംപിമാർ സ്ത്യപ്രതിജ്ഞ ചെയ്യാതെ സഭ ബഹിക്കരിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരിക്കുകയുമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കഴിഞ്ഞ പാർലമെന്റിലെസ്ഥിതിയായിരിക്കും പുതിയ പാർലമെന്റിലും. കഴിഞ്ഞ തവണ ബിഎൻപിയും സഖ്യകക്ഷികളും തിരഞ്ഞെടുപ്പ്തന്നെ ബഹിഷ്ക്കരിക്കുകയായിരുന്നു.

ഇത്തവണ അവർ അതിനു തയാറായില്ല. എങ്കിലും, ബംഗ്ളാദേശ് ചരിത്രത്തിലെ പതിനൊന്നാമത്തെ ഇൗ തിരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനമായിരിക്കുമെന്നു പോളിങ്ങിനു മുൻപ്തന്നെ അവർ ആരോപിച്ചുകൊണ്ടിരുന്നു. തങ്ങളെ പ്രചാരണം നടത്താൻ പോലും അവാമി ലീഗുകാർഅനുവദിക്കുന്നില്ലെന്നും അവർ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുകയുമുണ്ടായി. 

സംഘർഷം മുറ്റിനിന്ന അന്തരീക്ഷത്തിൽ പോളിങ് ദിനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയും 18 പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്കു പരുക്കേൽക്കുകയുംചെയ്തു. അവരിൽ അധികപേരും തങ്ങളുടെ ആളുകളാണെന്നാണ്  അവാമിലീഗും പ്രതിപക്ഷവും ഒരുപോലെഅവകാശപ്പെടുന്നത്. അക്രമവും ഭീഷണിയു കാരണം തങ്ങളുടെ നൂറോളം സ്ഥാനാർഥികൾ പോളിങ് ദിനത്തിൽ മൽസരത്തിൽനിന്നു പിൻവാങ്ങിയതായും പ്രതിപക്ഷം പറയുന്നു.

sheikh-hasina-1

വ്യാപകമായ തോതിൽ കള്ളവോട്ടു നടന്നതായി ചില പാശ്ചാത്യമാധമങ്ങൾ റിപ്പോർട്ടുചെയ്യുകയുണ്ടായി. എന്നാൽ, ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിൽനിന്നുമുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകർ അഭിപ്രായപ്പെട്ടതു പോളിങ് ഏറെക്കുറെ സ്വതന്ത്രവും നീതിപൂർവകവുമായിരുന്നുവെന്നാണ്. 

വാസ്തവത്തിൽ പ്രതിപക്ഷത്തിനു വിജയസാധ്യതയില്ലെന്നു പല രാഷ്ട്രീയ നിരീക്ഷകരും നേരത്തെതന്നെ വിധിയെഴുതിയിരുന്നു. ഹസീനയോടു കിടപിടിക്കാൻ കെൽപ്പുള്ള ഒരു നേതാവിന്റെ അഭാവം തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ  ഏറ്റവും വലിയ പ്രശ്നം. 

ഉണ്ടായിരുന്ന ഒരേയൊരാൾ-മുൻപ് രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന-ബിഎൻപി നേതാവ് ഖാലിദ സിയ (73) ജയിലിലാണ്. രണ്ട് അഴിമതിക്കേസുകളിലായി 17 വർഷത്തെ തടവു ശിക്ഷ അനുഭവിക്കുകയാണവർ.പിൻഗാമിയായി അവർ വളർത്തിക്കൊണ്ടുവന്ന മൂത്ത മകൻ താരീഖ് റഹ്മാനും (54 ) രംഗത്തില്ല. അഴിമതിക്കേസിലും വധശ്രമക്കേസിലും ശിക്ഷിക്കപ്പെട്ടഅദ്ദേഹം അതിനു മുൻപ്തന്നെ രാജ്യം വിടുകയുണ്ടായി. ഭാര്യയോടും മകളോടുമൊപ്പം ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. 

ബിഎൻപിയുടെ മുഖ്യസഖ്യ കക്ഷിയായിരുന്ന ജമാഅത്തെ ഇസ്ലാമി നിരോധനത്തിലാണ്. 1971ൽ ബംഗ്ളദേശ് വിമോചന സമരം പരാജയപ്പെടുത്താൻ നടത്തിയ കൊടിയ പാതകങ്ങളുടെ പേരിൽ അവരുടെ പല പ്രമുഖ നേതാക്കളും തൂക്കിലേറ്റപ്പെടുകയോ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയോ ചെയ്തു. 

ഇൗ സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ ഒരു മുൻ അവാമിലീഗ് നേതാവിന്റെ സാരഥ്യമാണ് ബിഎൻപി സഖ്യത്തിന് സ്വീകരിക്കേണ്ടിവന്നത്്. 82 വയസ്സുളള ഇദ്ദേഹം-നിയമജ്ഞനായ ഡോ. കമാൽ ഹുസൈൻ-ഹസീനയുടെ പിതാവ് മുജീബുർ റഹ്മാന്റെ ക്യാബിനറ്റിൽ മന്ത്രിയായിരുന്നു. ബംഗ്ളദേശിന്റെ ഭരണഘടന തയാറാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയുമുണ്ടായി. പക്ഷേ,  ഇൗ തിരഞ്ഞെടുപ്പിൽ അദ്ദേഹം മൽസരിച്ചിരുന്നില്ല. അതിനാൽ പ്രതിപക്ഷത്തിനു പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടായിരുന്നുമില്ല. 

ഹസീന ഏകാധിപതിയാവുകയാണെന്ന ആരോപണവുമായാണ് പ്രതിപക്ഷം പത്തുകോടിയിലേറെ വരുന്ന വോട്ടർമാരെ സമീപിച്ചത്. ഹസീനയുടെ ഭരണത്തിൽ ജനാധിപത്യ സ്ഥാപനങ്ങൾ ഒന്നൊന്നായി തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു, അവാമിലീഗിനെ വിമർശിക്കുന്നവർ ആക്രമിക്കപ്പെടുകയോ ജയിലിലാവുകയോ ചെയ്യുന്നു, മാധ്യമങ്ങളും ഭീഷണി നേരിടുന്നു-ഇങ്ങനെയുള്ള ആരോപണങ്ങളും അവർ ഉന്നയിക്കുകയുണ്ടായി. 

അതിനെയെല്ലാം ഹസീന ചെറുത്തതു കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സാമൂഹിക, സാമൂഹിക രംഗങ്ങളിൽ ബംഗ്ളദേശ് കൈവരിച്ച നേട്ടങ്ങൾ എടുത്തുകാട്ടിയാണ്. ലോകത്തിൽ വച്ചേറ്റവും ജനസാന്ദ്രമായ രാജ്യങ്ങളിൽ ഉൾപ്പെടുന്ന ബംഗ്ളദേശ് പരമദരിദ്ര രാജ്യങ്ങളിലും ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ വികസ്വര രാജ്യങ്ങളുടെ കൂട്ടത്തിലാണ്. 

കണക്കുകൾ പുരോഗതിയുടെ കഥ പറയുന്നു. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) ഏതാണ്ട് 25000 കോടി ഡോളർ. ആളോഹരി വരുമാനം 1750 ഡോളർ. സാമ്പത്തിക വളർച്ചാനിരക്ക് 7.86 ശതമാനം. റെഡിമെയ്ഡ് ഉടുപ്പുകളുടെ കയറ്റുമതിയിൽ ലോകത്തു രണ്ടാം സ്ഥാനം (ചൈനയുടെ തൊട്ടുപിന്നിൽ). ഇൗ വ്യവസായത്തിൽ 45 ലക്ഷം പേർ ജോലി ചെയ്യുന്നു. അവരിൽ 70 ശതമാനംവരെ സ്ത്രീകൾ.

sheikh-hasina-modi

ജനങ്ങളുടെ ആയുർദൈർഘ്യം, സാക്ഷരത,  പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നീ രംഗങ്ങളിൽ ബംഗ്ളദേശ് കൈവരിച്ച നേട്ടങ്ങളും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവാമിലീഗിന്റെ അഭൂതപൂർവമായ തിരഞ്ഞെടുപ്പിനുകാരണം ഇതെല്ലാമാണെന്നു ഹസീന വിശദീകരിക്കുന്നു.ഭീകരതയ്ക്കും അക്രമങ്ങൾക്കും എതിരെ താൻ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെയാണ്പ്രതിപക്ഷം ഏകാധിപത്യ പ്രവണതയായി ചിത്രീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

അയൽരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവാമിലീഗിന്റെയും ഹസീനയുടെയും വിജയംപ്രത്യേകിച്ചും സ്വാഗതാർഹമാണ്. ബിഎൻപിയുടെഭരണത്തിൽ പലപ്പോഴും ബംഗ്ളദേശ് ഇന്ത്യക്കു തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി ഇന്ത്യ-ബംഗ്ള ബന്ധം അടിക്കടി മെച്ചപ്പെട്ടുവരുന്നു.

            

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA