കാനഡയ്ക്ക് ഒരു ചൈനീസ് പ്രശ്നം

trump-justin-ji
SHARE

അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തിൽ പരുക്കേറ്റു കൊണ്ടിരിക്കുന്നത് ആ യുദ്ധത്തിൽ ഒരു പങ്കുമില്ലാത്ത കാനഡയ്ക്കാണ്. വലിപ്പത്തിൽ ലോകത്തു രണ്ടാം സ്ഥാനമുള്ള ഇൗ രാജ്യം ഇതര രാജ്യങ്ങളുമായി ഇടയുക പതിവില്ല. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുമായി ഗുരുതരമായ സംഘർഷത്തിലാണ്. ചൈനയിൽ ഒരു കനേഡിയൻ യുവാവിന്റെ ജീവൻ തുലാസ്സിൽ തൂങ്ങുന്ന സ്ഥിതിയിൽവരെ എത്തിനിൽക്കുന്നു സംഭവങ്ങൾ.  

ചൈനയുമായി ഏറെക്കുറെ തൃപ്തികരമായ ബന്ധത്തിലായിരുന്നു കാനഡ. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനുളള ശ്രമം നടന്നുവരികയായിരുന്നു. 

അതേസമയം, തൊട്ടടുത്തു കിടക്കുന്ന അമേരിക്കയുമായുള്ള ബന്ധത്തിൽ അടുത്തകാലത്തായി കല്ലുകടി അനുഭവപ്പെടുകയുമുണ്ടായി. 

രണ്ടു പ്രമുഖ പാശ്ചാത്യ രാജ്യങ്ങൾ തമ്മിലുള്ള ഇൗ പ്രശ്നം ഒരുപക്ഷേ ചൈനയെ സന്തോഷിപ്പിച്ചിട്ടുമുണ്ടാവാം. അത്രയും രൂക്ഷമായി വരികയായിരുന്നു അമേരിക്കയുമായുള്ള ചൈനയുടെവ്യാപാരയുദ്ധം. 

Donald-Trump-Xi-Jinping

അതിനിടയിലാണ് പെട്ടെന്നു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. വാവെയ് എന്ന പ്രമുഖ ചൈനീസ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഒാഫീസർ മെങ് വാൻസൂ കഴിഞ്ഞ ഡിസംബർ ഒന്നിനു കാനഡയിലെ വാൻകുവറിൽ അറസ്റ്റിലായി. ഹോങ്കോങ്ങിൽനിന്നു മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ വാൻകുവറിലിറങ്ങി, തുടർയാത്രയ്ക്കുള്ള ഫ്ളൈറ്റിനു വേണ്ടി വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നു അവർ. 

അമേരിക്കയിലെ ഒരു കോടതി പുറപ്പെടുവിച്ച വാറന്റ് അനുസരിച്ചായിരുന്നു അറസറ്റ്. കാനഡയിലെ ഒരു കേസിലും അവർ പ്രതിയല്ല. 

ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ലോകത്തിലെതന്നെ  ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് വാവെയ്. അതിന്റെ സ്ഥാപകനായ റെൻ സെങ്ഫീയുടെ മൂത്തമകളുമാണ് നാൽപത്തിയാറുകാരിയായ മെങ്. കമ്പനിയുടെ ഡപ്യൂട്ടി ചെയർപേഴ്സൺ എന്ന സ്ഥാനവുമുണ്ട്. 

റെൻ സെങ്ഫീ മുൻപ് ചൈനീസ് സൈന്യത്തിലെ എൻജിനീയറായിരുന്നു. വാവെയ്ക്കു ചൈനീസ് ഗവൺമെന്റുമായും സൈന്യവുമായും ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. മെങ്ങിന്റെ അറസ്റ്റിനെതിരെ ചൈനയിൽനിന്നുണ്ടായ പ്രതികരണങ്ങളുടെ രൂക്ഷത ആ  സംശയം ബലപ്പെടുത്തുന്നു. 

മെങ്ങിനെ ഉടൻ നിരുപാധികം വിട്ടയക്കണമെന്നു ചൈനീസ് ഒൗദ്യോഗിക വക്താക്കളും മാധ്യമങ്ങളും ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്യുകയുണ്ടായി. അമേരിക്കയിൽനിന്നുളള വാറന്റ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കാനഡയിൽ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായതിനാൽ അതിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാനാവില്ലെന്നുമായിരുന്നു കാനഡയുടെ വിശദീകരണം. ചൈനയെ അത് ഒട്ടും തൃപ്തിപ്പെടുത്തിയില്ല.

Xi-Jinping

പത്തു ദിവസത്തിനുശേഷം 75 ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ മെങ്ങിനു ജയിലിൽ നിന്നു മോചനം ലഭിച്ചുവെങ്കിലും വാൻകുവർ വിട്ടുപോകാനായില്ല. അവിടെ സ്വന്തമായുള്ള രണ്ടു വീടുകളിൽ ഒന്നിൽ താമസിക്കുന്നു. ഫലത്തിൽ വീട്ടുതടവ്. പാസ്പോർട് പിടിച്ചുവച്ചിരിക്കുകയാണ്.  ജാമ്യ വ്യവസ്ഥയനുസരിച്ച്് അവരുടെ ചലനങ്ങൾ  അധികൃതർക്കു നിരീക്ഷിക്കാനുള്ള ജിപിഎസ് സംവിധാനം കണങ്കാലിൽ അണിയുന്നുമുണ്ട്. ഫെബ്രുവരിയിൽ വീണ്ടും കോടതിയിൽ ഹാജരാകണം. 

പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചൈനക്കാരുടെ താക്കീതുകൾ ഉണ്ടയില്ലാ വെടികളല്ലെന്നു തെളിയാൻ അധികനാളുകൾ കഴിയേണ്ടിവന്നില്ല. ചൈനയിൽ പ്രവർത്തിക്കുകയായിരുന്ന രണ്ടു കാനഡക്കാർ അറസ്റ്റിലായി. ഇവരിൽ ഒരാൾ-മൈക്കൽ കോവറിഗ്- മുൻ നയതന്ത്രജ്ഞനും മറ്റയാൾ-മെക്കൽ സ്പാവോർ- ബിസിനസുകാരനുമാണ്. ചൈനയുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം. അതിനർഥം ചാരവൃത്തിയെന്നു തന്നെ. 

അതിനെ കടത്തിവെട്ടുന്ന സംഭവമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജനുവരി 14) ഉണ്ടായത്. വടക്കു കിഴക്കൻ ചൈനയിൽ ലിയോനിങ് പ്രവിശ്യയിലെ ഒരു കോടതി ഒരു കാനഡക്കാരനെ വധശിക്ഷയ്ക്കു വിധിച്ചു. ഒാസ്ട്രേലിയയിലേക്കു 222 കിലോഗ്രാം ലഹരിമരുന്ന് (മെത്താംഫെറ്റാമിൻസ്) ഒളിച്ചുനടത്താൻ ശ്രമിച്ചുവെന്നാണ് റോബർട് ലോയ്ഡ് ഷെല്ലൻബർഗ് എന്ന ഇൗ മുപ്പത്തിയാറുകാരന് എതിരായ കേസ്. 

ടൂറിസ്റ്റായി ചൈനയിൽ എത്തിയ അയാൾ നാലു വർഷം മുൻപാണ് അറസ്റ്റിലായത്.  കഴിഞ്ഞ നവംബറിൽ 15 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. ഡിസംബർ അവസാനത്തിൽ അപ്പീൽ പെട്ടെന്നു വിചാരണയ്ക്കെടുക്കുകയും ഒറ്റ ദിവസം കൊണ്ടുതന്നെ വിചാരണ പൂർത്തിയാക്കി വധശിക്ഷ വിധിക്കുകയും ചെയ്തു. 

ഇതും കാനഡയ്ക്കെതിരായ ചൈനയുടെ പ്രതികാര നടപടിയായിട്ടാണ് കരുതപ്പെടുന്നത്. ഇതിനെതിരെ കാനഡയിൽ നിന്നുണ്ടായ വിമർശനങ്ങളെ ചൈനീസ് മാധ്യമങ്ങളും ഒൗദ്യോഗിക വക്താക്കളും കഠിനമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. ചൈനയിലെ കോടതി കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലാണ് ഇതെന്ന ആരോപണവുമുണ്ടായി. 

കാനഡക്കാരായ മറ്റു 13 പേർ കൂടി ചൈനയിൽ അറസ്റ്റിലാവുകയും അവരിൽ എട്ടുപേർ വിട്ടയക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്്. വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത്തരം സംഭവങ്ങൾ ചൈനയിലുളള മറ്റു കനേഡിയൻ പൗരന്മാരുടെ ഭാവിയെ സംബന്ധിച്ചും  ആശങ്കകൾ ഉയർത്തുന്നു.  

വാസ്തവത്തിൽ ഇതൊരു പ്രതികാര നടപടിമാത്രമല്ല, സമ്മർദതന്ത്രം കൂടിയാണെന്നാണ് പല നിരീക്ഷകരും കരുതുന്നത്. മെങ് വാൻസൂയെ എങ്ങനെയെങ്കിലും കാനഡയിലെ തടങ്കലിൽനിന്നു മോചിപ്പിച്ചു നാട്ടിൽ എത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

trump-trudea

ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചുകൊണ്ട് യുഎസ് ടെലികോം ഉൽപന്ന ഘടകങ്ങൾ ഇറാനു മറിച്ചുവിറ്റുവെന്നാണ് മെങ്ങിനെതിരെ അമേരിക്കയിലുള്ള  കേസ്. കുറ്റവാളികളെയും കുറ്റാരോപിതരെയുംഅന്യോന്യം കൈമാറാൻ അമേരിക്കയും കാനഡയും തമ്മിൽ ഉടമ്പടിയുണ്ട്. അതിനാൽ മെങ്ങിനെ കാനഡ അമേരിക്കയ്ക്കു കൈമാറാൻ നിർബന്ധിതമാകുമെന്നു ചൈന ഭയപ്പെടുന്നു. യുഎസ് കോടതി കുറ്റവാളിയായി വിധിച്ചാൽ 30 വർഷംവരെ തടവുശിക്ഷ ലഭിക്കാം. 

ചൈനയിൽ നീതിന്യായവ്യവസ്ഥ ഉൾപ്പെടെയുള്ള സകല കാര്യങ്ങളും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും ഇഛയ്ക്കു വിധേയമാണ്. അതിനാൽ, ഗവൺമെന്റ് വിചാരിച്ചാൽ കോടതിയുടെ നടപടികളിൽ ഇടപെടാനാവും. 

മെങ് വാൻസൂയുടെ കാര്യത്തിൽ കാനഡയും അങ്ങനെ ഇടപെടണമെന്നു ചൈന ആഗ്രഹിക്കുന്നുവെന്നു വ്യക്തം. അതു സാധ്യമല്ലെന്ന കാനഡയുടെ നിലപാടിനോടു ചൈനയ്ക്കു യോജിക്കാനാവുന്നില്ല.    

മെങ്ങിന്റെ അറസ്റ്റിനെപ്പറ്റി ഡിസംബർ 11നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം ഇക്കാര്യത്തിൽ ചൈനയക്കു ശക്തി പകരുന്നതായിരുന്നു. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കത്തിൽ വേണ്ടിവന്നാൽ ഇൗ സംഭവം ഒരു തുരുപ്പുചീട്ടായി താൻ ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

മെങ്ങിന്റെ മോചനം സാധ്യമാകുന്ന വിധത്തിൽ പ്രശ്നത്തിൽ ഇടപെടാൻ ട്രംപിനാവുമെന്നാണ് അതിനർഥമെന്നു ചൈന കരുതുന്നു. അതിനുവേണ്ടി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്രംപിൽ സമ്മർദ്ദം ചെലുത്തണമെന്നും അല്ലെങ്കിൽ ട്രൂഡോ സ്വന്തം അധികാരം ഉപയോഗിച്ച് മെങ്ങിനെ വിട്ടയക്കണമെന്നും ചൈന ആഗ്രഹിക്കുന്നു. 

പക്ഷേ, ഇതൊന്നും എളുപ്പമല്ല. കാനഡയിൽ ചൈനീസ് വിഐപിയുടെ തടങ്കൽ നീണ്ടുപോകുന്തോറും ചൈന-കാനഡ ബന്ധം കൂടുതൽക്കൂടുതൽ വഷളായേക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA