ഒരു രാജ്യം, രണ്ടു പ്രസിഡന്റുമാർ

marudo-juan
SHARE

തെക്കെ അമേരിക്കയുടെ വടക്കെ അറ്റത്തുളള വെനസ്വേലയിൽ ഒരേ സമയത്തു രണ്ടു പ്രസിഡന്റുമാർ. ആരുടെകൂടെ നിൽക്കണമെന്നും എന്തുചെയ്യണമെന്നുമുള്ള ചിന്താക്കുഴപ്പത്തിൽ ഉദ്യാഗസ്ഥരും സാധാരണ ജനങ്ങളും അന്തംവിട്ടുനിൽക്കുന്നു. നിലവിലുള്ള പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കു നിയമസാധുതയില്ലെന്നു പറഞ്ഞ് പാർലമെന്റ് അധ്യക്ഷൻ ജൂവാൻ ഗൈഡോ (35) ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി 23) ഇടക്കാലപ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. 

ഉടൻതന്നെ അമേരിക്കയും കാനഡ, ബ്രസീൽ തുടങ്ങിയ  മറ്റു ചില രാജ്യങ്ങളും പുതിയ ഗവൺമെന്റിനെ അംഗീകരിച്ചു. റഷ്യ, ചൈന, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ അതിനെ എതിർക്കുകയും തങ്ങൾ മദുറോയ്ക്കു പിന്നിൽ ഉറച്ചുനിൽക്കുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വെനസ്വേല പുതിയൊരു രാജ്യാന്തര വടംവലിയുടെ രംഗഭൂമിയുമായിത്തീർന്നു. 

കാര്യങ്ങൾ വളരെ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു പ്രസിഡന്റുമാരും തമ്മിലുള്ള അധികാരവടംവലി ആഭ്യന്തര കലാപത്തിനിടയാക്കുമെന്ന ഭീതി പടരുകയാണ്. 

മദുറോയെ പുറത്താക്കാനുളള പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഗൈഡോ ജനങ്ങളെ ആഹ്വാനം ചെയ്തിട്ടുണ്ട്. അധികാരം നിലനിർത്താനായി മദുറോ അമിതബലപ്രയോഗം നടത്തുകയും അതിനു വേണ്ടി പട്ടാളത്തെ കയറൂരി വിടുകയും ചെയ്യുകയാണെങ്കിൽ അഭൂതപൂർവമായ വിധത്തിൽ ചോരപ്പുഴ ഒഴുകുകയായിരിക്കും ഫലം. 

Nicolas-Maduro-36
നിക്കൊളാസ് മദുറോ

അത്തരമൊരു സാഹചര്യത്തിൽ വെനസ്വേലയിൽ അമേരിക്ക സൈനികമായി ഇടപെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. എല്ലാ നടപടികളും അമേരിക്കയുടെ പരിഗണനയിൽ ഉണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ സൂചിപ്പിച്ചിരിക്കുന്നതും.  

മദുറോയുടെ ആജ്ഞകൾ അനുസരിക്കരുതെന്നും തന്നോടു സഹകരിക്കണമെന്നും സായുധ സേനകളോടു പുതിയ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇത്രയും കാലം മദുറോയുടെ നിയമവിരുദ്ധ നടപടികൾക്കു കൂട്ടുനിന്ന പേരിൽ അവർക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. 

എന്നാൽ, സായുധ സേനകൾ ഇപ്പോഴും മദുറോയുടെ പിന്നിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പ്രതിരോധമന്ത്രി  വ്ളാഡിമീർ പദ്രിനോ ഒരു പ്രക്ഷേപണ പ്രസംഗത്തിൽ വ്യക്തമാക്കിയത്. സായുധസേനാ വിഭാഗങ്ങളുടെ തലവന്മാർക്കിടയിൽ നിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 

പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഒരു നിർദ്ദേശവും മദുറോയുടെ മുന്നിൽ പുതിയ പ്രസിഡന്റ് വയ്ക്കുകയുണ്ടായി. സ്വമേധയാ അധികാരം വിട്ടൊഴിയുകയാണെങ്കിൽ മദുറായ്ക്കെതിരെ ശിക്ഷാനടപടികളൊന്നും ഉണ്ടാകില്ലത്രേ. ഇൗ നിർദ്ദേശം പക്ഷേ, മദുറോ തള്ളിക്കളഞ്ഞു. ചർച്ചയ്ക്കുവേണ്ടിയുളള മദുറോയുടെ ക്ഷണം ഗൈഡോയും തള്ളി. 

തെക്കെ അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ സമാനതകളില്ലാത്ത ഗൂരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ വെനസ്വേല അകപ്പെട്ടിരിക്കുമ്പോഴാണ് ഇൗ സംഭവവികാസം. ഒരു കാലത്ത് തെക്കെ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായിരുന്നു വെനസ്വേല. ലോകത്തിൽവച്ചേറ്റവും വലിയ എണ്ണ നിക്ഷേപം ഇപ്പോഴും അവിടെയാണ്. 

പക്ഷേ, ഭക്ഷണവും, മരുന്നും പോലുള്ള അവശ്യ സാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും ജനങ്ങളെ അടിക്കടി ഞെരുക്കുന്നു.  സഹിക്കവയ്യാനാവാതെ ജനങ്ങളിൽ പത്തിലൊന്നുപേർ (30 ലക്ഷം) കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നാടുവിട്ടുപോയതായി  യുഎൻ കണക്കുകൾ പറയന്നു. ബാക്കിയുളളവരിൽ ബഹുഭൂരിഭാഗവും ദരിദ്രാവസ്ഥയിൽ. മൂന്നിലൊരാൾക്കു ജോലിയില്ല. നാണയപ്പെരുപ്പം 2014ൽ  69 ശതമാനമായി റെക്കോഡ് സൃഷ്ടിച്ചത്  2015ൽ 181 ശതമാനവും 2016ൽ 8000 ശതമാനവും കഴിഞ്ഞ ജൂലൈ  അവസാനത്തിൽ 83,000 ശതമാനവുമായി. ഇക്കഴിഞ്ഞ വർഷാവസാനത്തിൽ അതു 13 ലക്ഷം ശതമാനത്തിൽ എത്തിയെന്നാണത്രേ രാജ്യാന്തര നാണയനിധിയുടെ (എെഎംഎഫ്) കണക്ക്. 

VEN
ജൂവാൻ ഗൈഡോ കുടുംബത്തോടൊപ്പം

വിലക്കയറ്റം കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും അക്രമങ്ങൾക്കും കാരണമാകുന്നു.  തലസ്ഥാനമായ കരാക്കസ് കഴിഞ്ഞ വർഷം ലോകത്തിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടന്ന നഗരമെന്ന കുപ്രസിദ്ധിയും നേടി. ഇതിനെല്ലാം പുറമെ കഴിഞ്ഞ കുറേ നാളുകളായി മദുറോയ്്ക്കെതിരെ പ്രതിപക്ഷം നടത്തിവരുന്ന പ്രക്ഷോഭവും രാജ്യത്തെ  ഇളക്കിമറിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മേയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം  ജയിച്ചതു വ്യാപകമായ കൃത്രിമത്തിലൂടെയാണെന്നാണ് ആരോപണം. എതിർപ്പുകളെ മദുറോ നിഷ്ഠുരമായി അടിച്ചമർത്തുന്നു, കോടതികളെ ചൊൽപ്പടിയിലാക്കിയിരിക്കുന്നു,പാർലമെന്റിന്റെ അധികാരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ നേരത്തെതന്നെയുണ്ട്.  

മുൻഗാമിയായ ഹ്യൂഗോ ഷാവെസിന്റെ കീഴിൽ വിദേശമന്ത്രിയായിരുന്ന മദുറോ (56) ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഷാവെസിന്റെ മരണശേഷം 2013ലാണ്. രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ വർഷത്തേത്. ആദ്യകാലാവധി പൂർത്തിയാക്കിയശേഷം ഇക്കഴിഞ്ഞ ജനുവരി പത്തിനു രണ്ടാം തവണ സ്ഥാനമേൽക്കുകയായിരുന്നു. അതോടെ പ്രക്ഷോഭം രൂക്ഷമായി. 

പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുവന്നാൽ പാർലമെന്റ് അധ്യക്ഷന് ആ സ്ഥാനം ഏറ്റെടുക്കാമെന്നു ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ആദ്യകാലാവധി കഴിഞ്ഞതോടെ മദൂറോ പ്രസിഡന്റ് അല്ലാതായെന്നുംകൃത്രിമംകാരണം പുതിയ തിരഞ്ഞെടുപ്പ്് അസാധുവാണെന്നുമുള്ള ന്യായത്തിലാണ് ഗൈഡോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്. പാർലമെന്റിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.

അമേരിക്ക തയാറാക്കിയ തിരക്കഥയനുസരിച്ചുള്ള അട്ടിമറിയെന്നാണ് ഗൈഡോയുടെ നടപടിയെ മദുറോവിശേഷിപ്പിച്ചത്. യുഎസ് സഹായത്തോടെ  ഗവൺമെന്റിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന ആരോപണം ഷാവെസിന്റെ കാലം മുതൽക്കേ നിലവിലുള്ളതുമാണ്. 

ഷാവെസ് തുടങ്ങിവച്ച സോഷ്യലിസ്റ്റ് നയപരിപാടികളിലുള്ള അനിഷ്ടം അമേരിക്ക മറച്ചുപിടിച്ചിരുന്നില്ല. യുഎസ് ഉടമസ്ഥതയിലുളള എണ്ണക്കമ്പനികൾ  ഷാവെസ്  ദേശസാൽക്കരിച്ചതും  ക്യൂബയിലെയും മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ഇടതുപക്ഷ ഭരണകൂടങ്ങൾക്കു സാമ്പത്തിക സഹായം നൽകിയതും അമേരിക്കയെ ചൊടിപ്പിച്ചു. മദുറോയുടെ നയപരിപാടികളെയും അമേരിക്ക രൂക്ഷമായി വിമർശിച്ചുകൊണ്ടിരുന്നു.

ഗൈേഡോയെ ഇടക്കാല പ്രസിഡന്റായി അമേരിക്ക ഉടൻതന്നെ അംഗീകരിച്ചത്് ഇൗ പശ്ചാത്തലത്തിൽ അധികമാരെയും അൽഭുതപ്പെടുത്തുന്നില്ല. കാനഡ, ബ്രസീൽ, അർജന്റീന, കൊളംബിയ, ചിലി, പാരഗ്വേ, പെറു, കോസ്റ്ററിക്ക, എൽസാൽവദോർ, ഹോൻഡുറസ്, ഇക്വഡോർ, പാനമ തുടങ്ങിയവയും ഒപ്പം കൂടി. ഇവയിൽ ചില തെക്കെ അമേരിക്കൻ രാജ്യങ്ങൾ വെനസ്വേലയിൽനിന്നുള്ള അഭയാർഥി പ്രവാഹംമൂലം വീർപ്പുമുട്ടുന്നവയാണ്. 

വെനസ്വേലയിൽ സാമ്പത്തിക താൽപര്യങ്ങളുള്ള റഷ്യയും ചൈനയും മദുറോയുടെ പിന്നിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതു സ്വാഭാവികം. തുർക്കിയും ഇറാനും, മെക്സിക്കോയും അവരോടൊപ്പം ചേർന്നു. എട്ടു ദിവസത്തിനകം മദുറോ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്നും, ഇല്ലെങ്കിൽ ഇടക്കാല ഗവൺമെന്റിനെ അംഗീകരിക്കുമെന്നും ബ്രിട്ടൻ, ഫ്രാൻസ്്, ജർമനി, സ്പെയിൻ എന്നിവ  പ്രഖ്യാപിച്ചിട്ടുണ്ട്.  

Nicolas-Maduro
വെനസ്വേലയിൽ സാമ്പത്തിക താൽപര്യങ്ങളുള്ള റഷ്യയും ചൈനയും മദുറോയുടെ പിന്നിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതു സ്വാഭാവികം

ഇനിയെന്ത് എന്ന ചോദ്യത്തിനുളള ഉത്തരത്തിനുവേണ്ടി എല്ലാവരും വീണ്ടും സായുധസേനകളിലേക്കുതന്നെ ഉറ്റുനോക്കുകയാണ്. തുടർന്നുള്ള നാളുകളിലെ പ്രക്ഷോഭത്തിന്റെ സ്വഭാവവും വെനസ്വേലയുടെ ഭാവി നിർണയിക്കുന്നതിൽ പങ്കു വഹിക്കാനിടയുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA