sections
MORE

താലിബാന് യുഎസ് വരവേൽപ്പ്

us-withdrawal-from-afghanistan-and-after-effects
SHARE

അഫ്ഗാനിസ്ഥാനിൽ പതിനേഴു വർഷമായി തുടരുന്ന യുദ്ധത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാൻ കാത്തുനിൽക്കുകയാണ് അമേരിക്ക. യുഎസ് സൈന്യം സ്ഥലം വിടുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ഒരുക്കമാണെന്നു താലിബാനും പറയുന്നു. 

ഇവർ തമ്മിലുള്ള ഒത്തുതീർപ്പിന്റെ ചട്ടക്കൂട് തയ്യാറായിക്കഴിഞ്ഞുവത്രേ. ഉദ്ദേശിക്കുന്നതുപോലെ എല്ലാം നടക്കുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ടാകാൻ വഴിതെളിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

പക്ഷേ, ഇൗ പ്രതീക്ഷ അഫ്ഗാൻ യുദ്ധവുമായി ബന്ധപ്പെട്ട എല്ലാവർക്കുമില്ല. യുഎസ് ഭരണകൂടം ചെന്നു ചാടുന്നതു ഭീമമായ അബദ്ധത്തിലേക്കാണെന്ന വിമർശനവും അമേരിക്കയിലെതന്നെ ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. കാബൂളിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തുമെന്നും യുദ്ധത്തിനിടയാക്കിയ സാഹചര്യങ്ങൾ അതോടെ വീണ്ടും സംജാതമാകുമെന്നും അവർ ഭയപ്പെടുന്നു. ഗൾഫ് രാജ്യമായ ഖത്തറിലെ ദോഹയിൽ, കഴിഞ്ഞ ശനിയാഴ്ച (ജനുവരി 26) അവസാനിച്ച ആറു ദിവസങ്ങളിൽ അമേരിക്കയുടെയും താലിബാന്റെയും പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചകളിലാണ് ഒത്തുതീർപ്പിന്റെ ചർച്ചക്കൂട് തയാറായത്. ഇരുകൂട്ടരും തമ്മിൽ ഇതിനുമുൻപും  ചർച്ചകൾ നടന്നിരുന്നുവെങ്കിലും അതൊന്നും ഇത്രയും നാളുകൾ നീണ്ടുനിന്നിരുന്നില്ല. തീരുമാനങ്ങളിലൊന്നും എത്തിച്ചേർന്നിരുന്നുമില്ല.

അഫ്ഗാൻ കാര്യങ്ങൾക്കുവേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ച പ്രത്യേക ദൂതനായ സൽമായ് ഖലീൽസാദ് മുൻകൈയെടുത്തു സംഘടിപ്പിച്ച ദോഹചർച്ചയിലെ തീരുമാനം അദ്ദേഹത്തിന്റെ നയതന്ത്രചാതുരിയുടെ വിജയമായും കൊണ്ടാടപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ ജനിച്ച ഇൗ അറുപത്തേഴുകാരൻ മുൻപ്  കാബൂളിലും ബഗ്ദാദിലും (ഇറാഖ്) യുഎസ്് അമ്പാസ്സഡറായിരുന്നു. അഫ്ഗാൻ ഭാഷകളായ പഷ്തോ, ദാരി എന്നിവയ്ക്കു പുറമെ അറബിക്കും ഉർദുവും നന്നായി അറിയാം.  

അൽഖായിദയെപ്പോലുളള ഭീകരസംഘടനകളെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു താലിബാൻ ഉറപ്പുനൽകുന്നുവെന്നതാണ് ഒത്തുതീർപ്പ് ചട്ടക്കൂടിലെ പ്രധാന വ്യവസ്ഥ. 2001 ഒക്ടോബറിൽ അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും രണ്ടുമാസത്തിനകം കാബൂളിലെ അധികാരത്തിൽനിന്നു താലിബാനെ പുറത്താക്കുകയും ചെയ്തത് അൽഖായിദയ്ക്കും അവരുടെ നേതാവ് ഉസാമ ബിൻ ലാദനും താലിബാൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ അഭയം നൽകിയതിന്റെ പേരിലായിരുന്നു. 

taliban-attack-afghanistan

ആ വർഷം സെപ്റ്റംബറിൽ അൽഖായിദ ഭീകരർ ന്യൂയോർക്കിലും വാഷിങ്ടണിലും നടത്തിയ ഭീകരാക്രമണത്തെ തുടർന്നായിരുന്നു അത്്. ബിൻ ലാദനെയും കൂട്ടരെയും പുറത്താക്കണമെന്ന യുഎസ് ആവശ്യം താലിബാൻ തള്ളിക്കളഞ്ഞു. ഏതാനും ആഴ്ചകൾക്കകം യുഎസ് ആക്രമണം തുടങ്ങുകയും ചെയ്തു. 

കാബൂളിൽനിന്നു പുറംതള്ളപ്പെട്ടതു മുതൽക്കേ അവിടേക്കു തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് താലിബാൻ. അതിനുവേണ്ടി ഗവൺമെന്റ് സേനയുമായും അവരെ സഹായിക്കുന്ന യുഎസ്-നാറ്റോ സൈന്യവുമായും നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. 

രണ്ടായിരത്തിനാനൂറിലേറെ അമേരിക്കൻ ഭടന്മാരും 62,000ൽപ്പരം അഫ്ഗാൻ സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. അഞ്ചുവർഷം മുൻപ് താൻ അധികാരം ഏറ്റതിനുശേഷം ഇതുവരെ അഫ്ഗാൻ ഭടന്മാർ മാത്രം 45,000 പേർ മരിച്ചുവെന്നാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഇൗയിടെ ഡാവോസിലെ (സ്വിറ്റ്സർലൻഡ്) ലോക സാമ്പത്തിക ഫോറത്തിൽ അറിയിച്ചത്. താലിബാൻ അഴിച്ചുവിട്ട ഭീകരാക്രമണങ്ങളുടെ ഫലമായി ജീവൻ നഷ്ടപ്പട്ട സാധാരണ ജനങ്ങളും ഏറെയാണ്.     

ദോഹ ചർച്ച ഇൗ മാസം 25നു പുനരാരംഭിക്കും. തുടർന്നുള്ള ചർച്ചകൾ പൂർണമായ ഒത്തുതീർപ്പിനു വഴിയൊരുക്കുകയാണെങ്കിൽ ഒന്നര വർഷത്തിനിടയിൽ അമേരിക്ക സൈന്യത്തെ അഫ്ഗാനിസ്ഥാനിൽനിന്നു പിൻവലിക്കുമെന്നും ചട്ടക്കൂടിൽ വ്യവസ്ഥയുണ്ട്. തങ്ങൾ യുദ്ധം നിർത്തണമെങ്കിൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിടണമെന്നതു താലിബാന്റെ ദീർഘകാലത്തെ ആവശ്യമാണ്. 

യുദ്ധത്തിന്റെ മൂർധന്യത്തിൽ ഒരു ലക്ഷത്തിൽപ്പരം യുഎസ്-നാറ്റോ ഭടന്മാർ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. ഇപ്പോൾ അവശേഷിക്കുന്നതു 14,000 പേർ. യുദ്ധത്തിൽ നേരിട്ടുപങ്കെടുക്കാതെ, അഫ്ഗാൻ സൈന്യത്തിനു പരിശീലനവും ഉപദേശവും നൽകുകയാണ് അവരുടെ ജോലി. എത്രയും വേഗം അവരെയും പിൻവലിക്കാനാണ് ട്രംപിന്റെ ഉദ്ദേശ്യം. 

താലിബാൻ വെടിനിർത്തുകയും കാബൂളിലെ ഗവൺമെന്റുമായി നേരിട്ടു ചർച്ചനടത്തുകയും ചെയ്യണമെന്നും ഒത്തുതീർപ്പ് ചട്ടക്കൂടിൽ പറയുന്നു. എന്നാൽ താലിബാൻ ഇതുവരെ അതിനു സമ്മതിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തെ അമേരിക്കയുടെ പാവയായിട്ടാണ് അവർ കരുതുന്നത്.  

ദോഹ ചർച്ചയിൽ ഗവൺമെന്റിനു പേരിനുപോലും പ്രാതിനിധ്യമുണ്ടായിരുന്നുമില്ല. അതിനുമുൻപ് നടന്ന ചർച്ചയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഗനി തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മുഹീബിനെ അയച്ചിരുന്നുവെങ്കിലും താലിബാന്റെ കടുംപിടിത്തംകാരണം അദ്ദേഹത്തിന് അതിൽ പങ്കെടുക്കാനാവാതെ മടങ്ങേണ്ടിവന്നു. 

തൽക്കാലം അമേരിക്കയുമായി മാത്രമേ ചർച്ചയ്ക്കു തയാറുള്ളൂവെന്നതാണ് താലിബാന്റെ നിലപാട്. അമേരിക്കയുടെ മുൻനിലപാടുകൾക്കു വിരുദ്ധമായി ഖലീൽസാദ് അതിനു വഴങ്ങി. 

അതേസമയം, താലിബാന്റെ സാന്നിധ്യത്തിനു ശക്തി പകരാനായി അവരുടെ ഒരു പ്രമുഖ നേതാവിനെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുക്കുകയും ചെയ്തു. താലിബാന്റെ സ്ഥാപകരിൽ ഒരാളായ ഇൗ നേതാവ്, മുല്ല  അബ്ദുൽ ഗനി ബറാദാർ 2010 മുതൽ പാക്കിസ്ഥാനിൽ ജയിലിലായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് മോചിതനായത്. അതിനു വഴിയൊരുക്കിയതും യുഎസ് ദൂതനായിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് എത്രയും വേഗം തങ്ങളുടെ സൈന്യത്തെ തിരിച്ചുകൊണ്ടുവരാൻ അമേരിക്ക തിരക്കുകൂട്ടുകയാണെന്ന വസ്തുതയ്ക്ക് അടിവരയിടുകയാണ് ഇൗ സംഭവങ്ങൾ. വിദേശ രാജ്യങ്ങളിൽ യുദ്ധം ചെയ്യുന്ന യുഎസ് പട്ടാളക്കാരെ താൻ തിരിച്ചുകൊണ്ടുവരുമെന്നതു പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 

സിറിയയിൽ അവശേഷിക്കുന്ന രണ്ടായിരം യുഎസ് ഭടന്മാരെ ഉടൻ പിൻവലിക്കുമെന്ന പ്രഖ്യാപനത്തോടെ ഇക്കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം അതു നടപ്പാക്കാൻ തീരുമാനിച്ചത്. അഫ്ഗാനിസ്ഥാനിലെ യുഎസ് ഭടന്മാരുടെ എണ്ണം ഉടൻ പകുതിയായി കുറക്കുമെന്ന പ്രഖ്യാപനം അതിനു ശേഷമായിരുന്നു. 

അതോടെ താലിബാനുമായി ഒത്തുതീർപ്പിലെത്തേണ്ടത് അമേരിക്കയുടെ അടിയന്തരാവശ്യമായിത്തീർന്നു. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ ഗവൺമെന്റിനെ അതിനുവേണ്ടി അവഗണിക്കാൻ അമേരിക്കയ്ക്കു മടിയുണ്ടായതുമില്ല.

യുഎസ് സൈനിക പിന്മാറ്റത്തിനുശേഷം എന്തു സംഭവിക്കുമെന്നത് അഫ്ഗാനിസ്ഥാനിലെ ജനങ്ങളിൽ വലിയൊരു വിഭാഗത്തെ അലട്ടാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാബൂളിലെ ഭരണത്തിൽ താലിബാൻ തിരിച്ചെത്തിയേക്കാം. ഇപ്പോൾതന്നെ അഫ്ഗാനിസ്ഥാന്റെ പകുതിയിലേറെ  അവരുടെ നിയന്ത്രണത്തിലാണ്. 

താലിബാൻ ആദ്യമായി കാബൂളിൽ അധികാരത്തിൽ എത്തിയതു 1996ലായിരുന്നു. അഫ്ഗാനിസ്ഥാനിൽനിന്നു സോവിയറ്റ് സൈന്യത്തെ പുറത്താക്കാൻ പോരാടിയ ഗറിലാ സംഘടനകൾ പരസ്പരം ഘോരയുദ്ധത്തിൽ ഏർപ്പെട്ടിരുന്ന കാലമായിരുന്നു അത്. 

donaldtrump

ആ യുദ്ധം അവസാനിപ്പിക്കാൻ താലിബാനു കഴിഞ്ഞുവെങ്കിലും അവരുടെ അഞ്ചുവർഷത്തെ ഭരണം നിഷ്ഠുരതയുടെ ഇരുണ്ട അധ്യായമാണ് അഫ്ഗാൻ ചരിത്രത്തിൽ എഴുതിച്ചേർത്തത്. അന്നത്തെപ്പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമോയെന്നു പലരും ഭയപ്പെടുന്നതു സ്വാഭാവികം.

ഖലീൽസാദിനെപ്പോലെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിർണായക ഘട്ടങ്ങളിൽ അമേരിക്കയുടെ അമ്പാസ്സഡറായിരുന്നു റയാൻ ക്രോക്കർ. പാക്കിസ്ഥാൻ, സിറിയ, കുവൈത്ത്, ലെബനൻ എന്നീ രാജ്യങ്ങളിലും അതേനിലയിൽ സേവനം ചെയ്യുകയുണ്ടായി. താലിബാനോടൊപ്പം ചേർന്നു ഖലീൽസാദ് തയാറാക്കിയ ഒത്തുതീർപ്പ് ചട്ടക്കൂടിനെ "കീഴടങ്ങൽ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാബൂളിലെ ഭരണത്തിൽ താലിബാന്റെ തിരിച്ചെത്തലായിരിക്കും ഇതിന്റെ ആത്യന്തിക ഫലമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.   

               

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA